ജെറുശലേമും സിദെക്കീയാവും പിടിക്കപ്പെടുന്നു; യിരെമ്യാവ് മോചിതനാകുന്നു

ക്രി.മു. 588

Biblica® Open Malayalam Contemporary Version™ (OMCV)

യിരെമ്യാവ് 52:5–6

5 അങ്ങനെ സിദെക്കീയാരാജാവിന്റെ പതിനൊന്നാമാണ്ടുവരെയും നഗരം ഉപരോധത്തിലായിരുന്നു.

6 നാലാംമാസം ഒൻപതാംതീയതി ആയപ്പോഴേക്കും പട്ടണത്തിലെ ജനങ്ങൾക്കു ഭക്ഷിക്കാൻ യാതൊന്നും ഇല്ലാത്തതരത്തിൽ ക്ഷാമം അതികഠിനമായി.

യിരെമ്യാവ് 39:3

3 അതിനുശേഷം ബാബേൽരാജാവിന്റെ എല്ലാ പ്രഭുക്കന്മാരും അകത്തുകടന്ന്, നടുവിലത്തെ കവാടത്തിൽ ഇരുന്നു. സംഗാരിലെ നേർഗൽ-ശരേസരും നെബോ-സർസെഖീം എന്ന ഷണ്ഡന്മാരുടെ തലവനും നേർഗൽ-ശരേസർ എന്ന മന്ത്രവാദികളുടെ തലവനും ബാബേൽരാജാവിന്റെ മറ്റ് എല്ലാ പ്രഭുക്കന്മാരുംതന്നെ.

യിരെമ്യാവ് 52:7–11

7 ബാബേല്യർ നഗരം വളഞ്ഞിരിക്കെ, യെഹൂദ്യയിലെ സൈന്യം നഗരമതിൽ ഒരിടം പൊളിച്ചു. രാജാവും മുഴുവൻ സൈന്യവും രാത്രിയിൽത്തന്നെ രാജാവിന്റെ ഉദ്യാനത്തിനരികെ രണ്ടു മതിലുകൾക്കിടയിലുള്ള കവാടത്തിലൂടെ ഓടിപ്പോയി. അവർ അരാബയുടെ നേർക്കാണു പലായനംചെയ്തത്. 8 എന്നാൽ ബാബേൽസൈന്യം സിദെക്കീയാരാജാവിനെ പിൻതുടർന്നുചെന്ന് യെരീഹോസമതലത്തിൽവെച്ച് അദ്ദേഹത്തോടൊപ്പം എത്തി. പടയാളികൾ മുഴുവനും അദ്ദേഹത്തിൽനിന്നു വേർപെട്ട് ചിതറിപ്പോയിരുന്നു.

9 അങ്ങനെ അദ്ദേഹം പിടിക്കപ്പെട്ടു. അദ്ദേഹത്തെ ഹമാത്തുദേശത്തിലെ രിബ്ലയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. അവിടെവെച്ച് അദ്ദേഹം സിദെക്കീയാവിന് വിധി കൽപ്പിച്ചു. 10 ബാബേൽരാജാവ് സിദെക്കീയാവിന്റെ പുത്രന്മാരെ അദ്ദേഹത്തിന്റെ കൺമുമ്പിൽവെച്ചു കൊന്നു. യെഹൂദ്യയിലെ സകലപ്രഭുക്കന്മാരെയും അയാൾ രിബ്ലയിൽവെച്ചു കൊന്നുകളഞ്ഞു. 11 അതിനുശേഷം ബാബേൽരാജാവ് സിദെക്കീയാവിന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചു. അദ്ദേഹത്തെ വെങ്കലംകൊണ്ടുള്ള ചങ്ങലയിൽ ബന്ധിച്ച് ബാബേലിലേക്കു കൊണ്ടുപോയി. മരണപര്യന്തം അദ്ദേഹത്തെ കാരാഗൃഹത്തിൽ പാർപ്പിച്ചു.

യിരെമ്യാവ് 39:11–14

11 ബാബേൽരാജാവായ നെബൂഖദ്നേസർ അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാന് യിരെമ്യാവിനെക്കുറിച്ച് ഇപ്രകാരം കൽപ്പന കൊടുത്തിരുന്നു: 12 “നീ അദ്ദേഹത്തെ കൊണ്ടുപോയി സംരക്ഷിക്കണം; അദ്ദേഹത്തിന് ഒരു ദോഷവും ചെയ്യരുത്. അദ്ദേഹം ആവശ്യപ്പെടുന്നതൊക്കെ ചെയ്തുകൊടുക്കുകയും വേണം.” 13 അങ്ങനെ അംഗരക്ഷകസേനയുടെ നായകനായ നെബൂസരദാൻ, നെബൂശസ്ബാൻ എന്ന ഷണ്ഡന്മാരുടെ തലവനോടും നേർഗൽ-ശരേസർ എന്ന മന്ത്രവാദികളുടെ തലവനോടും ബാബേൽരാജാവിന്റെ എല്ലാ പ്രധാന പ്രഭുക്കന്മാരോടുംകൂടെ ആളയച്ച് 14 യിരെമ്യാവിനെ കാവൽപ്പുരമുറ്റത്തുനിന്ന് വരുത്തി. അദ്ദേഹത്തെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുന്നതിനായി ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ ഏൽപ്പിച്ചു. അങ്ങനെ അദ്ദേഹം സ്വന്തം ജനത്തിന്റെ മധ്യേ താമസിച്ചു.

യിരെമ്യാവ് 52:24–27

24 അംഗരക്ഷകസേനയുടെ നായകൻ മഹാപുരോഹിതനായ സെരായാവെയും തൊട്ടടുത്ത പദവിയിലുള്ള പുരോഹിതനായ സെഫന്യാവിനെയും മൂന്നു വാതിൽകാവൽക്കാരെയും തടവുകാരായി പിടിച്ചുകൊണ്ടുപോയി. 25 നഗരത്തിൽ അപ്പോഴും ഉണ്ടായിരുന്നവരിൽനിന്നു യോദ്ധാക്കളുടെ മേൽവിചാരകനെയും രാജാവിന്റെ ഉപദേശകന്മാരായ ഏഴുപേരെയുംകൂടെ അദ്ദേഹം പിടിച്ചുകൊണ്ടുപോയി. ദേശത്തെ ജനങ്ങളെക്കൊണ്ട് നിർബന്ധിതസൈനികസേവനം ചെയ്യിക്കുന്നതിന്റെ മുഖ്യചുമതലക്കാരനായ ലേഖകനെയും നഗരത്തിൽ കാണപ്പെട്ട അറുപതു ഗ്രാമീണരെയുംകൂടെ പിടിച്ചുകൊണ്ടുപോയി. 26 സൈന്യാധിപനായ നെബൂസരദാൻ അവരെയെല്ലാം പിടിച്ച് രിബ്ലയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. 27 അവിടെ, ഹമാത്തുദേശത്തിലെ രിബ്ലയിൽവെച്ച് ബാബേൽരാജാവ് അവരുടെയെല്ലാം വധശിക്ഷ നടപ്പിലാക്കി.

അങ്ങനെ യെഹൂദാ, തന്റെ ദേശത്തുനിന്നും അടിമത്തത്തിലേക്കു പോയി.

ജെറുശലേമിലെ ദൈവാലയം കത്തിക്കപ്പെടുന്നു

യിരെമ്യാവ് 52:12–14

12 ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ പത്തൊൻപതാം ആണ്ട്, അഞ്ചാംമാസം പത്താംതീയതി ബാബേൽരാജാവിന്റെ അംഗരക്ഷകസേനയുടെ അധിപതിയായി സേവനം അനുഷ്ഠിക്കുന്ന നെബൂസരദാൻ ജെറുശലേമിലേക്കു വന്നു. 13 അദ്ദേഹം യഹോവയുടെ ആലയത്തിനും രാജകൊട്ടാരത്തിനും ജെറുശലേമിലെ സകലവീടുകൾക്കും തീവെച്ചു. പ്രധാനപ്പെട്ട സകലകെട്ടിടങ്ങളും അദ്ദേഹം ചുട്ടുകളഞ്ഞു. 14 അംഗരക്ഷകസേനയുടെ അധിപതിയായ അദ്ദേഹത്തിന്റെ കീഴിലുണ്ടായിരുന്ന ബാബേൽസൈന്യമെല്ലാംചേർന്ന് ജെറുശലേമിന്റെ ചുറ്റുമതിലെല്ലാം ഇടിച്ചുനിരത്തി.

യിരെമ്യാവ് 52:17–23

17 യഹോവയുടെ ആലയത്തിലുണ്ടായിരുന്ന വെങ്കലസ്തംഭങ്ങളും ചലിപ്പിക്കാവുന്ന പീഠങ്ങളും വെങ്കലംകൊണ്ടുള്ള വലിയ ജലസംഭരണിയും ബാബേല്യർ ഉടച്ചുകളഞ്ഞു. അതിന്റെ വെങ്കലം മുഴുവനും അവർ ബാബേലിലേക്കു കൊണ്ടുപോയി. 18 ദൈവാലയശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന കലങ്ങളും കോരികളും തിരികൾ വെടിപ്പാക്കുന്നതിനുള്ള കത്രികകളും കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങളും തളികകളും മറ്റെല്ലാ ഓട്ടുപകരണങ്ങളും അവർ കൊണ്ടുപോയി. 19 ക്ഷാളനപാത്രങ്ങളും ധൂപകലശങ്ങളും കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങളും കുടങ്ങളും വിളക്കുതണ്ടുകളും പാനീയയാഗത്തിന് ഉപയോഗിച്ചിരുന്ന പാത്രങ്ങളും കോപ്പകളും തങ്കംകൊണ്ടോ വെള്ളികൊണ്ടോ ഉണ്ടാക്കിയവയെല്ലാം അംഗരക്ഷകസേനയുടെ അധിപൻ എടുത്തുകൊണ്ടുപോയി.

20 യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻരാജാവ് ഉണ്ടാക്കിയിരുന്ന രണ്ടുസ്തംഭങ്ങളുടെയും ജലസംഭരണിയുടെയും അതിനടിയിലെ വെങ്കലംകൊണ്ടുള്ള പന്ത്രണ്ടു കാളകളുടെയും ചലിപ്പിക്കാവുന്ന പീഠങ്ങളുടെയും വെങ്കലം തൂക്കം തിട്ടപ്പെടുത്താൻ കഴിയാത്തതുപോലെ അത്ര അധികമായിരുന്നു. 21 ഓരോ സ്തംഭവും പതിനെട്ടുമുഴം ഉയരവും പന്ത്രണ്ടുമുഴം ചുറ്റളവും നാലു വിരൽപ്പാടു കനവും ഉള്ളതായിരുന്നു. അതു പൊള്ളയായിരുന്നു. 22 ഒരു വെങ്കലസ്തംഭത്തിന്റെ തലയ്ക്കലുള്ള മകുടം അഞ്ചുമുഴം ഉയരമുള്ളതും ചുറ്റും വെങ്കലംകൊണ്ടുള്ള വലമണികളും മാതളനാരകപ്പഴങ്ങളുംകൊണ്ട് അലങ്കൃതവും ആയിരുന്നു. വലമണികളോടുകൂടിയ മറ്റേ സ്തംഭവും മാതളപ്പഴങ്ങൾ ഉൾപ്പെടെ ഇതുപോലെതന്നെ ആയിരുന്നു. 23 നാലു വശത്തുമായി തൊണ്ണൂറ്റിയാറു മാതളപ്പഴം ഉണ്ടായിരുന്നു. ചുറ്റുമുള്ള വലപ്പണിയിൽ മാതളപ്പഴങ്ങൾ ആകെ നൂറ് ആയിരുന്നു.

യിരെമ്യാവ് 52:15–16

15 നഗരവാസികളിൽ ശേഷിച്ചിരുന്ന ജനത്തിൽ ഏറ്റവും ദരിദ്രരിൽ ചിലരെയും ശില്പവേലക്കാരിൽ ശേഷിച്ചവരെയും ബാബേൽരാജാവിന്റെ പക്ഷത്തേക്കു കൂറുമാറിയവരെയും അംഗരക്ഷകസേനയുടെ നായകനായ നെബൂസരദാൻ പ്രവാസികളാക്കി കൊണ്ടുപോയി. 16 എന്നാൽ നെബൂസരദാൻ, മുന്തിരിത്തോപ്പുകളിലും വയലുകളിലും പണിചെയ്യുന്നതിനായി ദേശത്തിലെ ഏറ്റവും ദരിദ്രരിൽ ചിലരെ വിട്ടിട്ടുപോയി.

യിരെമ്യാവ് 39:10

10 എന്നാൽ സ്വന്തമായി ഒന്നുമില്ലാത്ത ഏറ്റവും എളിയവരായ ചിലരെ അംഗരക്ഷകസേനയുടെ നായകനായ നെബൂസരദാൻ യെഹൂദാദേശത്തു താമസിപ്പിച്ചു. അദ്ദേഹം അവർക്കു മുന്തിരിത്തോപ്പുകളും നിലങ്ങളും അക്കാലത്ത് അനുവദിച്ചുകൊടുത്തു.

സങ്കീർത്തനങ്ങൾ 79

ആസാഫിന്റെ ഒരു സങ്കീർത്തനം.

1 ദൈവമേ, ഇതര ജനതകൾ അവിടത്തെ ഓഹരി പിടിച്ചടക്കിയിരിക്കുന്നു;

അവർ അങ്ങയുടെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കിയിരിക്കുന്നു

ജെറുശലേമിനെ അവർ ഒരു കൽക്കൂമ്പാരമായി മാറ്റിയിരിക്കുന്നു.

2 അങ്ങയുടെ സേവകരുടെ ശവശരീരങ്ങൾ

ആകാശത്തിലെ പക്ഷികൾക്ക് ഇരയായി നൽകിയിരിക്കുന്നു,

അവിടത്തെ വിശുദ്ധജനത്തിന്റെ മാംസം ഭൂമിയിലെ വന്യമൃഗങ്ങൾക്കും.

3 ജെറുശലേമിനുചുറ്റും

അവർ വെള്ളംപോലെ രക്തപ്പുഴ ഒഴുക്കി,

മരിച്ചവരെ സംസ്കരിക്കാൻ ആരും അവശേഷിക്കുന്നില്ല.

4 ഞങ്ങളുടെ അയൽവാസികൾക്ക് ഞങ്ങൾ അധിക്ഷേപത്തിന്റെ ഇരയായി,

ചുറ്റുപാടുമുള്ളവർക്ക് ഞങ്ങൾ അവജ്ഞയും അപഹാസവും ആയിരിക്കുന്നു.

5 ഇനിയും എത്രനാൾ, യഹോവേ? അങ്ങ് എന്നേക്കും ക്രോധാകുലനായിരിക്കുമോ?

അങ്ങയുടെ അസഹിഷ്ണുത അഗ്നിപോലെ ഞങ്ങൾക്കെതിരായി എത്രകാലം ജ്വലിക്കും?

6 അവിടത്തെ അംഗീകരിക്കാത്ത ജനതകളുടെമേലും

അവിടത്തെ നാമം വിളിച്ചപേക്ഷിക്കാത്ത

രാജ്യങ്ങളുടെമേലും

അവിടത്തെ ക്രോധം ചൊരിയണമേ;

7 കാരണം അവർ യാക്കോബിനെ വിഴുങ്ങുകയും

അവന്റെ സ്വദേശത്തെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.

8 ഞങ്ങളുടെ പൂർവികരുടെ പാപം ഞങ്ങൾക്കെതിരേ കണക്കാക്കരുതേ;

അവിടത്തെ കരുണ അതിവേഗം ഞങ്ങളെ സന്ദർശിക്കണമേ,

ഞങ്ങൾ അതിതീക്ഷ്ണമായ ആവശ്യത്തിൽ ആയിരിക്കുന്നു.

9 ഞങ്ങളുടെ രക്ഷയായ ദൈവമേ,

അവിടത്തെ നാമമഹത്ത്വത്തിനായി ഞങ്ങളെ സഹായിക്കണമേ;

അവിടത്തെ നാമംനിമിത്തം

ഞങ്ങളെ വിടുവിക്കുകയും ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും ചെയ്യണമേ.

10 രാഷ്ട്രങ്ങളെക്കൊണ്ട് “അവരുടെ ദൈവം എവിടെ,”

എന്നു ചോദിപ്പിക്കുന്നതെന്തിന്?

അവിടത്തെ സേവകരുടെ രക്തംചൊരിഞ്ഞതിനുള്ള പ്രതികാരം

ഞങ്ങളുടെ കണ്ണുകൾക്കു മുമ്പിൽവെച്ചുതന്നെ രാഷ്ട്രങ്ങൾക്കിടയിൽ അവിടന്ന് നടപ്പിലാക്കണമേ.

11 ബന്ധിതരുടെ ഞരക്കം തിരുമുമ്പിൽ വരുമാറാകട്ടെ;

മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ അവിടത്തെ കൈകളുടെ ശക്തിയാൽ സ്വതന്ത്രരാക്കണമേ.

12 കർത്താവേ, ഞങ്ങളുടെ അയൽവാസികൾ അങ്ങേക്കെതിരായി നടത്തിയ അധിക്ഷേപങ്ങൾക്കുള്ള ശിക്ഷ

ഏഴിരട്ടിയായി അവരുടെ മാർവിടത്തിലേക്കുതന്നെ നൽകണമേ.

13 അപ്പോൾ അവിടത്തെ ജനമായ ഞങ്ങൾ—അങ്ങയുടെ മേച്ചിൽപ്പുറത്തെ ആട്ടിൻപറ്റം—

അങ്ങയെ നിത്യം സ്തുതിക്കും;

ഞങ്ങൾ അവിടത്തെ സ്തുതി

തലമുറതലമുറകളോളം പ്രസ്താവിക്കും.

സംഗീതസംവിധായകന്. “സാരസസാക്ഷ്യം” എന്ന രാഗത്തിൽ.