യിഫ്താഹ് ഇസ്രായേലിനെ ന്യായംപാലിക്കുന്നു
ഫെലിസ്ത്യരും അമ്മോന്യരും ഇസ്രായേലിനെ പീഡിപ്പിക്കുന്നു; യിഫ്താഹ് ന്യായാധിപനാകുന്നു.
ക്രി.മു. 1206
Biblica® Open Malayalam Contemporary Version™ (OMCV)
6 ഇസ്രായേൽജനം പിന്നെയും യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു. ബാൽവിഗ്രഹങ്ങളെയും അസ്തരോത്തിനെയും അരാമ്യദേവന്മാരെയും സീദോന്യദേവന്മാരെയും മോവാബ്യദേവന്മാരെയും അമ്മോന്യദേവന്മാരെയും ഫെലിസ്ത്യദേവന്മാരെയും സേവിച്ചു. ഇസ്രായേൽജനം യഹോവയെ ഉപേക്ഷിച്ചു; അവിടത്തെ സേവിച്ചതേയില്ല. 7 യഹോവയുടെ കോപം ഇസ്രായേലിന്റെനേരേ ജ്വലിച്ചു. അവിടന്ന് അവരെ ഫെലിസ്ത്യർക്കും അമ്മോന്യർക്കും ഏൽപ്പിച്ചു. 8 ആ വർഷം അവർ ഇസ്രായേൽമക്കളെ ചിതറിക്കുകയും തകർക്കുകയും ചെയ്തു. യോർദാനു കിഴക്ക് ഗിലെയാദ് എന്ന അമോര്യദേശത്തുള്ള എല്ലാ ഇസ്രായേൽമക്കളെയും പതിനെട്ട് വർഷത്തോളം അവർ പീഡിപ്പിച്ചു. 9 അമ്മോന്യർ യെഹൂദയോടും ബെന്യാമീനോടും എഫ്രയീം ഗൃഹത്തോടും യുദ്ധംചെയ്യാൻ യോർദാൻ കടന്നു; തന്മൂലം ഇസ്രായേൽജനം വലിയ കഷ്ടത്തിലായി. 10 അപ്പോൾ ഇസ്രായേൽജനം യഹോവയോട് നിലവിളിച്ചു: “ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിച്ച് ബാൽവിഗ്രഹങ്ങളെ സേവിക്കുകയാൽ അങ്ങയോട് പാപംചെയ്തിരിക്കുന്നു” എന്നു പറഞ്ഞു.
11 യഹോവ ഇസ്രായേൽജനത്തോട് ഇപ്രകാരം അരുളിച്ചെയ്തു: “ഈജിപ്റ്റുകാർ, അമോര്യർ, അമ്മോന്യർ, ഫെലിസ്ത്യർ എന്നിവരുടെ കൈയിൽനിന്നു ഞാൻ നിങ്ങളെ രക്ഷിച്ചില്ലയോ? 12 സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ പീഡിപ്പിച്ചു; നിങ്ങൾ സഹായത്തിനായി എന്നോട് നിലവിളിച്ചു; ഞാൻ നിങ്ങളെ അവരുടെ കൈയിൽനിന്നു മോചിപ്പിച്ചില്ലയോ? 13 എന്നിട്ടും നിങ്ങൾ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാരെ സേവിച്ചു; അതുകൊണ്ട് ഇനി ഞാൻ നിങ്ങളെ രക്ഷിക്കുകയില്ല. 14 നിങ്ങൾ തെരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോട് നിലവിളിക്കുക; നിങ്ങളുടെ കഷ്ടകാലത്ത് അവർ നിങ്ങളെ രക്ഷിക്കട്ടെ!”
15 എന്നാൽ ഇസ്രായേൽമക്കൾ യഹോവയോട്: “ഞങ്ങൾ പാപംചെയ്തിരിക്കുന്നു; അങ്ങയുടെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോട് ചെയ്തുകൊൾക; ഇപ്പോൾമാത്രം ഞങ്ങളെ വിടുവിക്കണമേ” എന്നപേക്ഷിച്ചു. 16 അവർ തങ്ങളുടെ ഇടയിൽനിന്ന് അന്യദേവന്മാരെ നീക്കിക്കളഞ്ഞു; യഹോവയെ സേവിച്ചു; ഇസ്രായേലിന്റെ കഷ്ടത യഹോവയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായി.
17 അമ്മോന്യർ യുദ്ധത്തിനൊരുങ്ങി ഗിലെയാദിൽ പാളയമടിച്ചു; ഇസ്രായേൽമക്കൾ ഒരുമിച്ചുചേർന്ന് മിസ്പായിൽ പാളയമിറങ്ങി. 18 ഗിലെയാദിലെ പ്രഭുക്കന്മാരും ജനവും പരസ്പരം പറഞ്ഞു: “അമ്മോന്യരോട് യുദ്ധം ആരംഭിക്കുന്നയാൾ ആരോ അദ്ദേഹം ഗിലെയാദിലെ സകലനിവാസികൾക്കും തലവനായിരിക്കും.”
11:1 ഗിലെയാദ്യനായ യിഫ്താഹ് ധീരനായ ഒരു യോദ്ധാവായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഗിലെയാദും അമ്മ ഒരു വേശ്യയുമായിരുന്നു. 2 ഗിലെയാദിന് സ്വന്തം ഭാര്യയിലും പുത്രന്മാരുണ്ടായിരുന്നു. അവൻ വളർന്നപ്പോൾ, “ഞങ്ങളുടെ പിതൃഭവനത്തിലെ ഓഹരി നിനക്കു ലഭിക്കുകയില്ല, നീ പരസ്ത്രീയുടെ മകനാകുന്നു” എന്നു പറഞ്ഞ് യിഫ്താഹിനെ ഓടിച്ചുകളഞ്ഞു. 3 അങ്ങനെ യിഫ്താഹ് തന്റെ സഹോദരന്മാരെവിട്ട് തോബ് ദേശത്തു ചെന്നുപാർത്തു; ആഭാസന്മാരായ ചിലർ യിഫ്താഹിന്റെ ചുറ്റുംകൂടി അദ്ദേഹത്തെ അനുഗമിച്ചു.
4 കുറെക്കാലം കഴിഞ്ഞ് അമ്മോന്യർ ഇസ്രായേലിനോട് യുദ്ധം തുടങ്ങി. 5 ഗിലെയാദിലെ നേതാക്കന്മാർ യിഫ്താഹിനെ തോബ് ദേശത്തുനിന്ന് കൊണ്ടുവരാൻ ചെന്നു. 6 അവർ യിഫ്താഹിനോട് പറഞ്ഞു: “വരിക, അമ്മോന്യരോട് യുദ്ധംചെയ്യാൻ നീ ഞങ്ങളുടെ സൈന്യാധിപനായിരിക്കുക.”
7 യിഫ്താഹ് അവരോട്: “നിങ്ങൾ എന്നെ വെറുത്ത് എന്റെ പിതൃഭവനത്തിൽനിന്നും ഓടിച്ചുകളഞ്ഞില്ലയോ? ഇപ്പോൾ നിങ്ങൾ കഷ്ടത്തിലായപ്പോൾ എന്തിനെന്റെ അടുക്കൽ വരുന്നു” എന്നു ചോദിച്ചു.
8 ഗിലെയാദിലെ നേതാക്കന്മാർ യിഫ്താഹിനോട്: “നീ ഞങ്ങളോടുകൂടെവന്ന് അമ്മോന്യരോടു യുദ്ധംചെയ്യുകയും ഗിലെയാദിലെ സകലനിവാസികൾക്കും തലവനായിരിക്കുകയും ചെയ്യുക. അതിനുവേണ്ടിത്തന്നെയാണ് ഞങ്ങൾ ഇപ്പോൾ നിന്റെ അടുക്കൽ ഇങ്ങോട്ട് വന്നിരിക്കുന്നത്” എന്നു പറഞ്ഞു.
9 “അമ്മോന്യരോടു യുദ്ധംചെയ്യാൻ നിങ്ങൾ എന്നെ കൂട്ടിക്കൊണ്ടു പോയിട്ട് യഹോവ അവരെ എന്റെ കൈയിൽ ഏൽപ്പിക്കുന്നു എങ്കിൽ നിങ്ങൾ നിശ്ചയമായും എന്നെ തലവനാക്കുമോ?” എന്ന് യിഫ്താഹ് ചോദിച്ചു.
10 ഗിലെയാദിലെ നേതാക്കന്മാർ യിഫ്താഹിനോടു പറഞ്ഞു: “യഹോവ നമുക്കു സാക്ഷിയായിരിക്കട്ടെ! നീ പറഞ്ഞതുപോലെതന്നെ ഞങ്ങൾ ചെയ്യും.” 11 അങ്ങനെ യിഫ്താഹ് ഗിലെയാദിലെ നേതാക്കന്മാരോടുകൂടെ പോയി; ജനം അദ്ദേഹത്തെ തലവനും സൈന്യാധിപനും ആക്കി; യിഫ്താഹ് മിസ്പായിൽ യഹോവയുടെമുമ്പാകെ, താൻ പറഞ്ഞതെല്ലാം വീണ്ടും പ്രസ്താവിച്ചു.
12 അതിനുശേഷം യിഫ്താഹ് അമ്മോന്യരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: “എന്നോട് എന്തു വിരോധംകൊണ്ടാണ് എന്റെ രാജ്യത്തിനെതിരേ യുദ്ധംചെയ്യാൻ താങ്കൾ വരുന്നത്?” എന്നു ചോദിച്ചു.
13 അമ്മോന്യരാജാവ് യിഫ്താഹിന്റെ ദൂതന്മാരോട് ഇപ്രകാരം പറഞ്ഞയച്ചു: “ഇസ്രായേൽ ഈജിപ്റ്റിൽനിന്നു വന്നപ്പോൾ അർന്നോൻമുതൽ യാബ്ബോക്കും യോർദാനുംവരെയുള്ള എന്റെ ദേശം കൈവശപ്പെടുത്തി, ഇപ്പോൾ ആ ദേശം സമാധാനത്തോടെ മടക്കിത്തരിക.”
14 അമ്മോന്യരാജാവിനോട് ഇപ്രകാരം പറയാൻ യിഫ്താഹ് പിന്നെയും ദൂതന്മാരെ പറഞ്ഞയച്ചു.
15 “യിഫ്താഹ് ഇപ്രകാരം പറയുന്നു: ഇസ്രായേൽ മോവാബുദേശമോ അമ്മോന്യദേശമോ കൈവശപ്പെടുത്തിയിട്ടില്ല. 16 എന്നാൽ ഇസ്രായേൽ ഈജിപ്റ്റിൽനിന്നു പുറപ്പെട്ട് മരുഭൂമിയിൽക്കൂടി ചെങ്കടൽവരെയും അവിടെനിന്നു കാദേശിലും എത്തി. 17 അപ്പോൾ ഇസ്രായേൽ ഏദോംരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു, ‘താങ്കളുടെ ദേശത്തുകൂടി കടന്നുപോകാൻ ഞങ്ങൾക്ക് അനുവാദം തരണം’ എന്നു പറയിച്ചു. എങ്കിലും ഏദോം രാജാവ് ചെവിക്കൊണ്ടില്ല. മോവാബുരാജാവിന്റെ അടുക്കലേക്കും അവർ ദൂതന്മാരെ അയച്ചു, അദ്ദേഹവും സമ്മതിച്ചില്ല; അങ്ങനെ ഇസ്രായേൽ കാദേശിൽ താമസിച്ചു.
18 “അവസാനം, അവർ മരുഭൂമിയിൽക്കൂടെ സഞ്ചരിച്ചു. ഏദോം, മോവാബ് എന്നീ ദേശങ്ങൾ ചുറ്റി മോവാബ് ദേശത്തിനു കിഴക്ക് അർന്നോൻനദിക്കക്കരെ പാളയമിറങ്ങി. മോവാബിന്റെ അതിരിനകത്ത് അവർ കടന്നില്ല. കാരണം അർന്നോൻ മോവാബിന്റെ അതിരായിരുന്നു.
19 “പിന്നെ ഇസ്രായേൽ ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ‘താങ്കളുടെ ദേശത്തുകൂടി എന്റെ സ്ഥലത്തേക്ക് കടന്നുപോകാൻ അനുവാദം തരണമേ’ എന്നു പറയിച്ചു. 20 എങ്കിലും സീഹോൻ തന്റെ ദേശത്തുകൂടെ ഇസ്രായേലിനെ കടത്തിവിടാൻ തക്കവണ്ണം അവരെ വിശ്വസിച്ചില്ല. അദ്ദേഹം തന്റെ ജനത്തെയെല്ലാം വിളിച്ചുകൂട്ടി, യാഹാസിൽ പാളയമടിച്ച് ഇസ്രായേലിനോട് പൊരുതി.
21 “ഇസ്രായേലിന്റെ ദൈവമായ യഹോവ സീഹോനെയും അയാളുടെ സകലജനത്തെയും ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു; അവർ അവരെ തോൽപ്പിച്ചു; ഇങ്ങനെ ഇസ്രായേൽ ആ ദേശവാസികളായ അമോര്യരുടെ ദേശം പിടിച്ചെടുത്തു. 22 അർന്നോൻമുതൽ യാബ്ബോക്കുവരെയും മരുഭൂമിമുതൽ യോർദാൻവരെയുമുള്ള അമോര്യരുടെ ദേശംമുഴുവൻ അവർ കൈവശപ്പെടുത്തി.
23 “ഇസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനമായ ഇസ്രായേലിന്റെ മുമ്പിൽനിന്ന് അമോര്യരെ നീക്കിക്കളഞ്ഞിരിക്കെ, നിനക്ക് അവ തിരികെ നൽകേണ്ടതിന്റെ ആവശ്യമെന്ത്? 24 താങ്കളുടെ ദേവനായ കെമോശ് താങ്കൾക്കു തരുന്നത് താങ്കൾ കൈവശം വെക്കുകയില്ലേ? അങ്ങനെതന്നെ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്കു തരുന്നതൊക്കെ ഞങ്ങളും അവകാശമാക്കും. 25 സിപ്പോരിന്റെ മകനായ ബാലാക്ക് എന്ന മോവാബുരാജാവിനെക്കാൾ താങ്കൾ ശ്രേഷ്ഠനോ? അദ്ദേഹം എപ്പോഴെങ്കിലും ഇസ്രായേലിനോട് കലഹിക്കുകയോ യുദ്ധംചെയ്യുകയോ ചെയ്തിട്ടുണ്ടോ? 26 ഇസ്രായേൽ ഹെശ്ബോനിലും അതിന്റെ ഗ്രാമങ്ങളിലും അരോവേരിലും അതിന്റെ ഗ്രാമങ്ങളിലും അർന്നോൻതീരത്തുള്ള എല്ലാ പട്ടണങ്ങളിലും മുന്നൂറു വർഷക്കാലം താമസിച്ച ആ കാലത്തിനിടയിൽ നിങ്ങൾ എന്തുകൊണ്ട് അതു തിരിച്ചു വാങ്ങിയില്ല? 27 ആകയാൽ ഞാൻ താങ്കളോട് അന്യായമൊന്നുംചെയ്തിട്ടില്ല. എനിക്കെതിരേ യുദ്ധത്തിനൊരുങ്ങുന്നതിനാൽ താങ്കൾ എന്നോടാകുന്നു അന്യായംചെയ്യുന്നത്; ന്യായാധിപനായ യഹോവ ഇന്ന് ഇസ്രായേൽമക്കളുടെയും അമ്മോന്യരുടെയും മധ്യേ ന്യായംവിധിക്കട്ടെ.”
28 എന്നാൽ യിഫ്താഹ് പറഞ്ഞയച്ച സന്ദേശം അമ്മോന്യരുടെ രാജാവ് അശ്ശേഷം വകവെച്ചില്ല.
29 അപ്പോൾ യഹോവയുടെ ആത്മാവ് യിഫ്താഹിന്റെമേൽ വന്നു; അദ്ദേഹം ഗിലെയാദും മനശ്ശെയും കടന്ന് ഗിലെയാദിലെ മിസ്പായിൽ എത്തി. അവിടെനിന്ന് അമ്മോന്യരുടെനേരേ ചെന്നു. 30 യിഫ്താഹ് യഹോവയ്ക്ക് ഒരു നേർച്ച നേർന്നു: “അങ്ങ് അമ്മോന്യരെ എന്റെ കൈയിൽ ഏൽപ്പിക്കുമെങ്കിൽ, 31 ഞാൻ അമ്മോന്യരെ ജയിച്ച് സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്റെ വീട്ടുവാതിൽക്കൽ എന്നെ എതിരേറ്റുവരുന്നത് യഹോവയ്ക്കുള്ളതായിരിക്കും; അത് ഞാൻ ഹോമയാഗമായി അർപ്പിക്കും.”
32 പിന്നെ യിഫ്താഹ് അമ്മോന്യരുടെനേരേ ചെന്നു; യഹോവ അവരെ അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചു. 33 അരോയേർമുതൽ മിന്നീത്തുവരെയും ആബേൽ-കെരാമീംവരെയുമുള്ള ഇരുപതു പട്ടണങ്ങളെ അദ്ദേഹം നശിപ്പിച്ചു. ഇങ്ങനെ ഇസ്രായേൽ അമ്മോനെ കീഴടക്കി.
34 യിഫ്താഹ് മിസ്പായിൽ തന്റെ വീട്ടിലേക്കു വന്നപ്പോൾ ഇതാ, അദ്ദേഹത്തിന്റെ മകൾ തപ്പുകൊട്ടി നൃത്തംവെച്ച് അദ്ദേഹത്തെ എതിരേൽക്കാൻ വരുന്നു! അവൾ അദ്ദേഹത്തിന് ഏകമകൾ ആയിരുന്നു. അവൾ അല്ലാതെ അദ്ദേഹത്തിന് മകനോ മകളോ വേറെ ഇല്ലായിരുന്നു. 35 അവളെ കണ്ടയുടനെ അദ്ദേഹം തന്റെ വസ്ത്രംകീറി: “അയ്യോ, എന്റെ മോളേ! നീ എന്നെ വ്യസനത്തിൽ ആഴ്ത്തി എന്നെ ദുഃഖിതനാക്കിയല്ലോ; യഹോവയോടു ഞാൻ ശപഥംചെയ്തുപോയി; എനിക്കതു ലംഘിച്ചുകൂടാ” എന്നു പറഞ്ഞു.
36 “അപ്പാ, അങ്ങ് യഹോവയോട് ശപഥംചെയ്തിരിക്കുന്നു. അങ്ങ് ശപഥംചെയ്തതുപോലെ എന്നോടു ചെയ്തുകൊൾക. യഹോവ അങ്ങേക്കുവേണ്ടി അങ്ങയുടെ ശത്രുക്കളായ അമ്മോന്യരോട് പ്രതികാരംചെയ്തല്ലോ. 37 എന്നാൽ ഈ ഒരു കാര്യം എനിക്കു നൽകണമേ. ഞാൻ ഒരിക്കലും വിവാഹംകഴിക്കുകയില്ല എന്നതിനാൽ പർവതങ്ങളിൽചെന്ന് എന്റെ സഖിമാരുമായി ദുഃഖാചരണം നടത്തേണ്ടതിന് എനിക്കു രണ്ടുമാസത്തെ അവധിതരണം” എന്ന് അവൾ തന്റെ പിതാവിനോട് പറഞ്ഞു.
38 “പൊയ്ക്കൊൾക,” എന്ന് അദ്ദേഹം പറഞ്ഞു. അവളെ രണ്ടുമാസത്തേക്കയച്ചു; അവൾ സഖിമാരുമായി ചെന്ന് തന്റെ കന്യാത്വത്തെക്കുറിച്ച് പർവതങ്ങളിൽ ദുഃഖാചരണം നടത്തി. 39 രണ്ടുമാസം കഴിഞ്ഞ് അവൾ തന്റെ പിതാവിന്റെ അടുക്കൽ മടങ്ങിവന്നു; അദ്ദേഹം ശപഥംചെയ്തിരുന്നതുപോലെ അവളോടുചെയ്തു; അവൾ കന്യകയായിരുന്നു.
40 ഇസ്രായേൽ കന്യകമാർ പിന്നീട് വർഷംതോറും നാലുദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ സ്മരിക്കാൻ പോകുന്നത് ഇസ്രായേലിൽ ഒരു ആചാരമായിത്തീർന്നു.
12:1 ഇതിനുശേഷം എഫ്രയീമ്യർ തങ്ങളുടെ സൈന്യത്തെ ഒന്നിച്ചുകൂട്ടി സാഫോണിയിലേക്കു ചെന്നു. അവർ യിഫ്താഹിനോട് ചോദിച്ചു: “താങ്കൾ അമ്മോന്യരോട് യുദ്ധത്തിനു പോയപ്പോൾ താങ്കളോടൊപ്പം പോരേണ്ടതിന് ഞങ്ങളെ വിളിക്കാഞ്ഞത് എന്ത്? താങ്കളെ ഞങ്ങൾ വീടിനകത്തിട്ട് വീടിനു തീവെച്ച് ചുട്ടുകളയാൻ പോകുന്നു.”
2 യിഫ്താഹ് അവരോടു പറഞ്ഞു: “എനിക്കും എന്റെ ജനത്തിനും അമ്മോന്യരോട് വലിയ പോരാട്ടം ഉണ്ടായി ഞാൻ നിങ്ങളെ വിളിച്ചു. എന്നാൽ നിങ്ങൾ അവരുടെ കൈയിൽനിന്ന് എന്നെ രക്ഷിച്ചില്ല. 3 നിങ്ങൾ എന്നെ സഹായിക്കുകയില്ല എന്നുകണ്ടപ്പോൾ ഞാൻ എന്റെ ജീവൻ കൈയിൽ എടുത്തുകൊണ്ട് അമ്മോന്യരോട് യുദ്ധംചെയ്തു; യഹോവ അവരുടെമേൽ എനിക്കു വിജയം നൽകി. ഇങ്ങനെയിരിക്കേ, നിങ്ങൾ ഇന്ന് എന്നോട് യുദ്ധംചെയ്യാൻ വരുന്നത് എന്ത്?”
4 പിന്നീട് യിഫ്താഹ് ഗിലെയാദ്യരെ ഒക്കെയും വിളിച്ചുകൂട്ടി, എഫ്രയീമ്യരോട് യുദ്ധംചെയ്ത് അവരെ തോൽപ്പിച്ചു. “ഗിലെയാദുകാരായ നിങ്ങൾ എഫ്രയീമിൽനിന്നും മനശ്ശെയിൽനിന്നുമുള്ള പലായിതന്മാർ ആകുന്നു,” എന്ന് എഫ്രയീമ്യർ പറഞ്ഞതുകൊണ്ട് ഗിലെയാദ്യർ അവരെ സംഹരിച്ചു. 5 ഗിലെയാദ്യർ എഫ്രയീം ഭാഗത്തുള്ള യോർദാന്റെ കടവുകൾ കൈവശപ്പെടുത്തി; എഫ്രയീമ്യരിൽ ശേഷിച്ച ഒരാൾ വന്ന്, “ഞാൻ അക്കരയ്ക്കു കടക്കട്ടെ” എന്നു പറയുമ്പോഴെല്ലാം ഗിലെയാദ്യർ അവനോട്, “നീ എഫ്രയീമ്യനോ?” എന്നു ചോദിക്കും: “അല്ല” എന്ന് അയാൾ പറഞ്ഞാൽ, 6 അവർ അയാളോട്, “ശിബ്ബോലെത്ത്” എന്നു പറയാൻ ആവശ്യപ്പെടും. അത് അയാൾക്ക് ശരിയായി ഉച്ചരിക്കാൻ കഴിയാത്തതുകൊണ്ട് അയാൾ, “സിബ്ബോലെത്ത്” എന്നു പറയും. അപ്പോൾ അവർ അയാളെ പിടിച്ച് യോർദാന്റെ കടവുകളിൽവെച്ച് കൊല്ലും; അങ്ങനെ നാൽപ്പത്തീരായിരം എഫ്രയീമ്യർ ആ ദിവസങ്ങളിൽ വധിക്കപ്പെട്ടു.
7 യിഫ്താഹ് ആറുവർഷം ഇസ്രായേലിനെ നയിച്ചു. പിന്നെ ഗിലെയാദ്യനായ യിഫ്താഹ് മരിച്ചു. അദ്ദേഹത്തെ ഗിലെയാദിലെ ഒരു പട്ടണത്തിൽ അടക്കംചെയ്തു.