ഇസ്രായേൽമക്കൾക്കിടയിൽ വിഗ്രഹാരാധന ആരംഭിക്കുന്നു

ക്രി.മു. 1413

Biblica® Open Malayalam Contemporary Version™ (OMCV)

ന്യായാധിപന്മാർ 2:6–13

6 യോശുവ ഇസ്രായേൽജനത്തെ പറഞ്ഞയച്ചശേഷം, ഓരോ ഗോത്രവും അവരവർക്ക് അവകാശമായി നൽകപ്പെട്ടിരുന്നു ദേശം കൈവശമാക്കാൻ പുറപ്പെട്ടു. 7 യോശുവയുടെ ജീവകാലംമുഴുവനും അദ്ദേഹത്തിനുശേഷം യഹോവ ഇസ്രായേലിനു ചെയ്ത മഹാപ്രവൃത്തികളൊക്കെയും നേരിട്ടു കണ്ടിട്ടുള്ള ഗോത്രത്തലവന്മാരുടെ ജീവകാലംമുഴുവനും ജനം യഹോവയെ സേവിച്ചു.

8 നൂന്റെ മകനും യഹോവയുടെ ദാസനുമായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. 9 അദ്ദേഹത്തെ എഫ്രയീംമലനാട്ടിലെ തിമ്നത്ത്-ഹേരസിൽ ഗായശുമലയുടെ വടക്കുവശത്ത് അദ്ദേഹത്തിന്റെ അവകാശഭൂമിയിൽ അടക്കംചെയ്തു.

10 ഇതിനുശേഷം ആ തലമുറ മുഴുവനും തങ്ങളുടെ പിതാക്കന്മാരോടുചേർന്നു; അവർക്കുശേഷം യഹോവയെയോ അവിടന്ന് ഇസ്രായേലിനു ചെയ്തിട്ടുള്ള മഹാപ്രവൃത്തികളെയോ അറിയാത്ത മറ്റൊരു തലമുറ വളർന്നുവന്നു. 11 ആ കാലഘട്ടത്തിൽ ഇസ്രായേൽജനം യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു; ബാൽവിഗ്രഹങ്ങളെ സേവിച്ചു. 12 തങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റുദേശത്തുനിന്ന് കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചു. അവർ തങ്ങൾക്കുചുറ്റുമുള്ള ജനതകളുടെ ദേവന്മാരായ വിവിധദേവന്മാരുടെ പിന്നാലെചെന്ന് അവയെ നമസ്കരിച്ച്, യഹോവയെ പ്രകോപിപ്പിച്ചു. 13 അവർ യഹോവയെ ഉപേക്ഷിച്ചു ബാലിനെയും അസ്തരോത്ത് പ്രതിഷ്ഠകളെയും സേവിച്ചു.

ന്യായാധിപന്മാർ 17–18

1 എഫ്രയീം മലനാട്ടിൽ മീഖായാവ് എന്നു പേരുള്ള ഒരാൾ 2 തന്റെ അമ്മയോടു പറഞ്ഞു: “ആയിരത്തി ഒരുനൂറു ശേക്കേൽ വെള്ളി നഷ്ടപ്പെട്ടതിനെപ്പറ്റി അമ്മ പറയുകയും ശപിക്കുകയും ചെയ്യുന്നത് ഞാൻ കേട്ടിരുന്നു—ഇതാ, ആ വെള്ളിനാണയങ്ങൾ; ഞാനാണ് അതെടുത്തത്.”

അദ്ദേഹത്തിന്റെ അമ്മ പറഞ്ഞു: “എന്റെ മകനേ, യഹോവ നിന്നെ അനുഗ്രഹിക്കട്ടെ!”

3 അദ്ദേഹം ആ ആയിരത്തി ഒരുനൂറു ശേക്കേൽ വെള്ളി തിരികെ കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ അമ്മ, “കൊത്തുപണിയായ ഒരു രൂപവും വാർപ്പുപണിയായ ഒരു വിഗ്രഹവും ഉണ്ടാക്കാൻ ഞാൻ ഈ വെള്ളി എന്റെ മകനുവേണ്ടി യഹോവയ്ക്കു നേർന്നിരിക്കുന്നു. ഞാൻ ഇതു നിനക്കു തിരികെത്തരാം” എന്നു പറഞ്ഞു.

4 അങ്ങനെ അദ്ദേഹം ആ വെള്ളി തന്റെ അമ്മയ്ക്കു മടക്കിക്കൊടുത്തപ്പോൾ, അവൾ ഇരുനൂറു ശേക്കേൽ വെള്ളി എടുത്ത് ആഭരണപ്പണിക്കാരനെ ഏൽപ്പിച്ചു; അയാൾ അതുകൊണ്ട് രൂപവും വിഗ്രഹവും ഉണ്ടാക്കി അവ മീഖായാവിന്റെ വീട്ടിൽവെച്ചു.

5 മീഖായാവിന് ഒരു പൂജാഗൃഹം ഉണ്ടായിരുന്നു. അദ്ദേഹം ഒരു ഏഫോദും ഗൃഹബിംബങ്ങളും ഉണ്ടാക്കി തന്റെ ഒരു പുത്രനെ പുരോഹിതനുമാക്കി. 6 ആ കാലത്ത് ഇസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തരും തങ്ങൾക്കു യുക്തമെന്നു തോന്നിയതുപോലെ പ്രവർത്തിച്ചു.

7 യെഹൂദയിലെ ബേത്ലഹേമിൽ വന്നുപാർത്തിരുന്ന ഒരു യുവ ലേവ്യൻ 8 ആ പട്ടണംവിട്ട് നിവാസയോഗ്യമായ മറ്റൊരിടം തേടി പുറപ്പെട്ടു. അങ്ങനെ അദ്ദേഹം എഫ്രയീം മലനാട്ടിൽ മീഖായാവിന്റെ വീട്ടിലെത്തിച്ചേർന്നു.

9 മീഖാവ് ചോദിച്ചു: “നീ എവിടെനിന്നു വരുന്നു?”

“ഞാൻ യെഹൂദയിലെ ബേത്ലഹേമിൽനിന്നുള്ള ഒരു ലേവ്യനാണ്, താമസിക്കാൻ ഒരു സ്ഥലം അന്വേഷിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.

10 മീഖാവ് അദ്ദേഹത്തോടു പറഞ്ഞു: “എന്നോടുകൂടെ താമസിക്കുക. താങ്കൾ എനിക്കു പിതാവും പുരോഹിതനും ആയിരിക്കുക. ഞാൻ താങ്കൾക്ക് ഒരുവർഷം പത്തുശേക്കേൽ വെള്ളിയും വസ്ത്രവും ഭക്ഷണവും തരാം.” 11 അങ്ങനെ ലേവ്യൻ അദ്ദേഹത്തോടുകൂടെ പാർക്കാൻ സമ്മതിച്ചു. ആ യുവാവ് അദ്ദേഹത്തിനു സ്വന്തം പുത്രന്മാരിൽ ഒരുവനെപ്പോലെ ആയിത്തീർന്നു. 12 മീഖാവ് ലേവ്യനെ പുരോഹിതനാക്കി. ആ യുവാവ് അദ്ദേഹത്തിന്റെ പുരോഹിതനായി ആ വീട്ടിൽ താമസിച്ചു. 13 “ഒരു ലേവ്യൻ എന്റെ പുരോഹിതനായിരിക്കുകയാൽ ഇപ്പോൾ യഹോവ എനിക്കു നന്മചെയ്യുമെന്നു ഞാൻ അറിയുന്നു,” എന്നു മീഖാവു പറഞ്ഞു.

18:1 ആ കാലത്ത് ഇസ്രായേലിൽ രാജാവില്ലായിരുന്നു.

ദാൻഗോത്രക്കാർ തങ്ങൾക്ക് അധിവസിക്കാൻ ഒരു അവകാശഭൂമി അന്വേഷിച്ചു. ഇസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവർക്ക് അന്നുവരെ ഒരു സ്ഥലം അവകാശമായി ലഭിച്ചിരുന്നില്ല. 2 ദാൻഗോത്രക്കാർ തങ്ങളുടെ കൂട്ടത്തിൽ യുദ്ധവീരന്മാരായ അഞ്ചുപേരെ ദേശം പര്യവേക്ഷണംചെയ്യാൻ സോരായിൽനിന്നും എസ്തായോലിൽനിന്നും അയച്ചു. ഇവർ ദാൻഗോത്രത്തിന്റെ പ്രതിനിധികൾ ആയിരുന്നു. അവരോടു പറഞ്ഞു: “നിങ്ങൾ പോയി ദേശം സൂക്ഷ്മമായി നിരീക്ഷിച്ചു വരിക.”

അവർ എഫ്രയീം മലനാട്ടിൽ മീഖായാവിന്റെ വീടുവരെ വന്നു. അവിടെ രാത്രി കഴിച്ചു. 3 മീഖായാവിന്റെ വീടിനു സമീപം എത്തിയപ്പോൾ അവർ ആ ലേവ്യയുവാവിന്റെ ഉച്ചാരണഭേദം തിരിച്ചറിഞ്ഞ് അവിടെ കയറി അവനോടു ചോദിച്ചു: “താങ്കളെ ഇവിടെ ആരാണ് കൊണ്ടുവന്നത്? ഇവിടെ എന്തുചെയ്യുന്നു? എന്തിനാണ് ഇവിടെ ആയിരിക്കുന്നത്?”

4 അയാൾ അവരോട്: “എനിക്ക് ഇതൊക്കെ ചെയ്തുതന്നിരിക്കുന്നത് മീഖാവാണ്; അദ്ദേഹം എന്നെ ശമ്പളത്തിനു നിർത്തിയിരിക്കുന്നു; ഞാൻ അദ്ദേഹത്തിന്റെ പുരോഹിതനാണ്” എന്നു പറഞ്ഞു.

5 അവർ അവനോട്, “ഞങ്ങളുടെ യാത്ര ശുഭകരമാകുമോ എന്നു ദൈവത്തോട് ചോദിച്ചറിഞ്ഞാലും” എന്നപേക്ഷിച്ചു.

6 പുരോഹിതൻ അവരോട്, “നിങ്ങൾ സമാധാനത്തോടെ പോകുക; ഈ യാത്ര യഹോവയ്ക്കു സമ്മതമായിരിക്കുന്നു” എന്നു പറഞ്ഞു.

7 അങ്ങനെ ആ അഞ്ചുപേരും അവിടംവിട്ട് ലയീശിൽ വന്നു. സീദോന്യരെപ്പോലെ സുരക്ഷിതരും സമാധാനത്തോടെ നിർഭയരായി ജീവിക്കുന്നവരുമായ അവിടത്തെ ജനത്തെ കണ്ടു. അവർക്ക് ഒന്നിനും കുറവില്ലായിരുന്നു, അവർ സമ്പന്നരായിരുന്നു. സീദോന്യരിൽനിന്ന് അകലെ താമസിച്ചിരുന്ന ഇവർക്ക് മറ്റാരുമായും സംസർഗവും ഇല്ലായിരുന്നു.

8 പര്യവേക്ഷണംചെയ്യാൻ പോയവർ മടങ്ങി സോരായിലും എസ്തായോലിലും ഉള്ള തങ്ങളുടെ സഹോദരന്മാരുടെ അടുക്കൽ എത്തിയപ്പോൾ അവർ ചോദിച്ചു: “നിങ്ങൾ കൊണ്ടുവരുന്ന വാർത്ത എന്താണ്?”

9 അതിന് അവർ: “വരിക, നമുക്കുചെന്ന് അവരെ ആക്രമിക്കാം! ആ ദേശം വളരെ നല്ലതെന്ന് ഞങ്ങൾ കണ്ടിരിക്കുന്നു. നാം എന്തെങ്കിലും ചെയ്യണം. പോയി ആ ദേശം കൈവശമാക്കാൻ മടിക്കരുത്. 10 നിങ്ങൾ ചെല്ലുമ്പോൾ അവിടെ നിർഭയരായിരിക്കുന്ന ഒരു സമൂഹത്തെ കാണും; ദേശം വിശാലമായതാണ്. ദൈവം അത് നിങ്ങളുടെ കൈകളിൽ ഏൽപ്പിച്ചിരിക്കുന്നു; അത് യാതൊന്നിനും കുറവില്ലാത്ത സ്ഥലംതന്നെ” എന്നു പറഞ്ഞു.

11 അതിനുശേഷം ദാൻഗോത്രക്കാരിൽ അറുനൂറുപേർ സോരായിൽനിന്നും എസ്തായോലിൽനിന്നും യുദ്ധസന്നദ്ധരായി പുറപ്പെട്ടു. 12 അവർ യെഹൂദയിലെ കിര്യത്ത്-യെയാരീമിന് പടിഞ്ഞാറുചെന്ന് പാളയമിറങ്ങി; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നും മഹനേ-ദാൻ എന്നു പേര്. 13 അവിടെനിന്നു അവർ എഫ്രയീം മലനാട്ടിലേക്കുപോയി അവിടെ മീഖായാവിന്റെ വീടിനു സമീപം എത്തി.

14 അപ്പോൾ ലയീശ് ദേശം പര്യവേക്ഷണംചെയ്യാൻ പോയിരുന്ന ആ അഞ്ചുപേർ തങ്ങളുടെ സഹോദരന്മാരോട് പറഞ്ഞു: “ഇവിടെ ഒരു വീട്ടിൽ ഒന്നിൽ ഒരു ഏഫോദും മറ്റു ഗൃഹബിംബങ്ങളും കൊത്തുപണിയും വാർപ്പുപണിയുമായ ഓരോ വിഗ്രഹവുമുണ്ട് എന്നതറിഞ്ഞുകൊൾക; ഇപ്പോൾ നിങ്ങൾ ചെയ്യേണ്ടതെന്തെന്ന് അറിയാമല്ലോ.” 15 അവർ മീഖായാവിന്റെ വീടിനോടു ചേർന്നുള്ള ലേവ്യയുവാവിന്റെ അടുക്കൽ ചെന്ന് അവരെ അഭിവാദനംചെയ്തു. 16 ദാൻഗോത്രത്തിൽനിന്ന് യുദ്ധസന്നദ്ധരായി വന്ന അറുനൂറുപേരും വാതിൽക്കൽ നിന്നിരുന്നു. 17 ദേശം പര്യവേക്ഷണംചെയ്യാൻ പോയിരുന്ന അഞ്ചുപേരും അകത്തുകടന്ന് കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബങ്ങളും വാർപ്പുപണിയായ വിഗ്രഹവും എടുത്തു; അപ്പോൾ ആ പുരോഹിതൻ യുദ്ധസന്നദ്ധരായ അറുനൂറുപേരോടൊപ്പം വാതിൽക്കൽ നിൽക്കുകയായിരുന്നു.

18 മീഖായാവിന്റെ വീട്ടിൽ കടന്ന് കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബങ്ങളും, വാർപ്പുപണിയായ വിഗ്രഹവും എടുത്തവരോട് പുരോഹിതൻ ചോദിച്ചു: “നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്?”

19 “ശബ്ദിക്കരുത്! ഒന്നും മിണ്ടിപ്പോകരുത്. ഞങ്ങളോടുകൂടി വരിക; വന്ന് ഞങ്ങൾക്കു പിതാവും പുരോഹിതനുമായിരിക്കുക. ഒരുവന്റെ കുടുംബത്തിനുമാത്രം പുരോഹിതനായിരിക്കുന്നതിനെക്കാൾ ഇസ്രായേലിലെ ഒരു ഗോത്രത്തിനും കുലത്തിനും പുരോഹിതനായിരിക്കുന്നതല്ലേ നിനക്കു നല്ലത്?” എന്ന് അവർ ചോദിച്ചു. 20 അപ്പോൾ പുരോഹിതൻ സന്തുഷ്ടനായി, അദ്ദേഹംതന്നെ ആ ഏഫോദും ഗൃഹബിംബവും കൊത്തുപണിയായ വിഗ്രഹവും എടുത്ത് അവരോടുകൂടെ പോയി. 21 ഇങ്ങനെ അവർ കുഞ്ഞ് കുട്ടികളെയും ആടുമാടുകളെയും തങ്ങളുടെ സർവസമ്പത്തും മുന്നിലാക്കി യാത്രതിരിച്ചു.

22 അവർ മീഖായാവിന്റെ വീട്ടിൽനിന്നും കുറെ അകലെ എത്തിയപ്പോൾ മീഖായാവിന്റെ അയൽവാസികൾ എല്ലാവരും ഒരുമിച്ചുകൂടി ദാൻഗോത്രക്കാരെ പിൻതുടർന്നു. 23 അവർ ദാന്യരെ കൂകിവിളിച്ചു; അവർ തിരിഞ്ഞുനിന്ന് മീഖായാവിനോട്, “താങ്കൾ ഇങ്ങനെ ആളുകളെ വിളിച്ചുകൂട്ടി യുദ്ധത്തിനു വരാൻ കാരണമെന്ത്?” എന്നു ചോദിച്ചു.

24 “ഞാൻ ഉണ്ടാക്കിയ എന്റെ ദേവന്മാരെയും എന്റെ പുരോഹിതനെയും നിങ്ങൾ അപഹരിച്ചുകൊണ്ടുപോകുന്നു ‘എനിക്ക് ഇനി എന്താണ് ഉള്ളത്?’ ” എന്ന് അദ്ദേഹം പറഞ്ഞു.

25 ദാന്യർ അയാളോട്, “താങ്കൾ വാദപ്രതിവാദത്തിനൊരുങ്ങിയാൽ ക്ഷിപ്രകോപികൾ ആരെങ്കിലും കയർത്ത് താങ്കളെയും വീട്ടുകാരെയും കൊന്നുകളയും” എന്നു പറഞ്ഞു. 26 അങ്ങനെ ദാന്യർ തങ്ങളുടെ വഴിക്കുപോയി; അവർ തന്നിലും ബലമേറിയവരെന്നു കണ്ടതുകൊണ്ട് മീഖാവും വീട്ടിലേക്കു മടങ്ങിപ്പോന്നു.

27 മീഖാവ് പണിയിച്ചിരുന്നവയും അദ്ദേഹത്തിന്റെ പുരോഹിതനെയും അവർ കൊണ്ടുപോയി, ലയീശിൽ സമാധാനത്തോടെ നിർഭയമായി ജീവിച്ചിരുന്ന ജനത്തിന്റെ അടുക്കൽ എത്തി. അവരെ വാൾകൊണ്ടാക്രമിച്ച് ആ പട്ടണം തീവെച്ചു നശിപ്പിച്ചു. 28 ആ പട്ടണം സീദോനിൽനിന്ന് അകലെ ആയിരുന്നതിനാലും മറ്റാരുമായും അവർക്കു സംസർഗം ഇല്ലാതിരുന്നതിനാലും അവരെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. ബേത്-രഹോബ് താഴ്വരയിലായിരുന്നു ആ പട്ടണം.

ദാന്യർ പട്ടണം വീണ്ടും പണിത് അവിടെ താമസമുറപ്പിച്ചു. 29 ഇസ്രായേലിനു ജനിച്ച തങ്ങളുടെ പൂർവപിതാവായ ദാന്റെ പേരുപോലെ അതിനു ദാൻ എന്നു പേരിട്ടു. നേരത്തേ അതിനു ലയീശ് എന്നു പേരായിരുന്നു. 30 ദാന്യർ കൊത്തുപണിയായ ആ വിഗ്രഹം പ്രതിഷ്ഠിച്ചു; ആ ദേശത്തിന്റെ പ്രവാസകാലംവരെ ദാൻഗോത്രക്കാർക്ക് മോശയുടെ മകനായ ഗെർശോമിന്റെ മകൻ യോനാഥാനും അദ്ദേഹത്തിന്റെ പുത്രന്മാരും പുരോഹിതന്മാർ ആയിരുന്നു. 31 ദൈവത്തിന്റെ ആലയം ശീലോവിൽ ആയിരുന്ന കാലത്തൊക്കെയും മീഖാവു തീർപ്പിച്ച വിഗ്രഹംവെച്ച് അവർ പൂജിച്ചുപോന്നു.