ഹിസ്കിയാവിന്റെ രോഗം
ഹിസ്കിയാവിന്റെ രോഗം: ആമുഖം.
ക്രി.മു. 713
Biblica® Open Malayalam Contemporary Version™ (OMCV)
24 അക്കാലത്ത് ഹിസ്കിയാവ് രോഗംബാധിച്ച് മരണാസന്നനായിത്തീർന്നു. അദ്ദേഹം യഹോവയോടു പ്രാർഥിച്ചു; യഹോവ അദ്ദേഹത്തിന്റെ പ്രാർഥനയ്ക്കുത്തരമരുളുകയും അത്ഭുതകരമായ ചിഹ്നം അദ്ദേഹത്തിനു നൽകുകയും ചെയ്തു. 25 എന്നാൽ ഹിസ്കിയാവിന്റെ ഹൃദയം നിഗളിച്ചു; അദ്ദേഹം തനിക്കു ലഭിച്ച കാരുണ്യത്തിന് ദൈവത്തോടു നന്ദിയുള്ളവനായിരുന്നില്ല. അതിനാൽ യഹോവയുടെ ക്രോധം അദ്ദേഹത്തിനും യെഹൂദയ്ക്കും ജെറുശലേമിനുംനേരേയുണ്ടായി. 26 അപ്പോൾ ഹിസ്കിയാവ് തന്റെ ഹൃദയത്തിലെ നിഗളത്തെപ്പറ്റി അനുതപിച്ചു. ജെറുശലേംനിവാസികളും അനുതപിച്ചു. അതിനാൽ ഹിസ്കിയാവിന്റെകാലത്ത് യഹോവയുടെ ക്രോധം അവരുടെമേൽ പതിച്ചില്ല.
1 അക്കാലത്ത് ഹിസ്കിയാവ് രോഗംബാധിച്ച് മരണാസന്നനായിത്തീർന്നു. ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് ഇപ്രകാരം പറഞ്ഞു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ മരിച്ചുപോകും; രക്ഷപ്പെടുകയില്ല. അതിനാൽ നിന്റെ കുടുംബകാര്യങ്ങളെല്ലാം ക്രമീകരിച്ചുകൊള്ളുക.”
2 ഹിസ്കിയാവ് ഭിത്തിയിലേക്കു മുഖംതിരിച്ച് യഹോവയോടു പ്രാർഥിച്ചു: 3 “യഹോവേ, ദയ തോന്നണമേ, അടിയൻ എപ്രകാരം തിരുമുമ്പിൽ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ ജീവിച്ചെന്നും അവിടത്തെ ദൃഷ്ടിയിൽ നന്മയായുള്ളതു പ്രവർത്തിച്ചെന്നും ഓർക്കണമേ!” എന്നു പറഞ്ഞുകൊണ്ട് ഹിസ്കിയാവ് പൊട്ടിക്കരഞ്ഞു.
4 യെശയ്യാവ് അങ്കണത്തിന്റെ പകുതിഭാഗം കടക്കുന്നതിനു മുമ്പായിത്തന്നെ അദ്ദേഹത്തിന് യഹോവയുടെ അരുളപ്പാടുണ്ടായി. 5 “മടങ്ങിച്ചെന്ന് എന്റെ ജനത്തിന്റെ നായകനായ ഹിസ്കിയാവിനോടു പറയുക; ‘നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു; നിന്റെ കണ്ണുനീർ കണ്ടുമിരിക്കുന്നു; ഞാൻ നിന്നെ സൗഖ്യമാക്കും. ഇന്നേക്കു മൂന്നാംദിവസം നീ യഹോവയുടെ ആലയത്തിൽ പോകും. 6 ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചുവർഷം കൂട്ടും. ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കും. എന്നെ ഓർത്തും എന്റെ ദാസനായ ദാവീദിനെ ഓർത്തും ഈ നഗരത്തെ ഞാൻ സംരക്ഷിക്കും.’ ”
7 അതിനുശേഷം യെശയ്യാവ്, “ലേപനൗഷധമായി അത്തിപ്പഴംകൊണ്ട് ഒരു കുഴമ്പുണ്ടാക്കുക,” എന്നു പറഞ്ഞു; അവർ അതുണ്ടാക്കി. അദ്ദേഹം അതു വ്രണത്തിന്മേൽ പുരട്ടി; ഹിസ്കിയാവു സുഖംപ്രാപിച്ചു.
8 “യഹോവ എന്നെ സൗഖ്യമാക്കുമെന്നും ഇന്നേക്കു മൂന്നാംദിവസം ഞാൻ യഹോവയുടെ ആലയത്തിൽ പോകും എന്നതിനുള്ള ചിഹ്നം എന്തായിരിക്കും?” എന്നു ഹിസ്കിയാവ് യെശയ്യാവിനോടു ചോദിച്ചു.
9 യെശയ്യാവു മറുപടികൊടുത്തു: “യഹോവ വാഗ്ദാനംചെയ്തത് അവിടന്നു നിറവേറ്റും. ഇതുതന്നെയാണ് യഹോവ അങ്ങേക്കു നൽകുന്ന ചിഹ്നം: പറയൂ, നിഴൽ പത്തുചുവടു മുമ്പോട്ടു പോകണമോ അഥവാ, പത്തുചുവടു പിമ്പോട്ടു പോകണമോ?”
10 ഹിസ്കിയാവു പറഞ്ഞു: “നിഴൽ പത്തുചുവടു മുമ്പോട്ടു പോകുന്നത് പ്രയാസമില്ലാത്ത കാര്യം. അതുകൊണ്ട് നിഴൽ പത്തുചുവടു പിമ്പോട്ടു പോകട്ടെ.”
11 പിന്നെ യെശയ്യാപ്രവാചകൻ യഹോവയെ വിളിച്ചപേക്ഷിച്ചു. യഹോവ ആഹാസിന്റെ സൂര്യഘടികാരത്തിൽ മുമ്പോട്ടുപോയിരുന്ന നിഴലിനെ പത്തുചുവട് പിന്നോട്ടു നയിച്ചു.
1 ഇതാ, ഒരു രാജാവ് നീതിപൂർവം ഭരിക്കും,
ഭരണാധിപന്മാർ ന്യായത്തോടെ അധികാരം നടപ്പിലാക്കും.
2 ഓരോരുത്തനും കാറ്റിൽനിന്നുള്ള ഒരഭയസ്ഥാനവും
കൊടുങ്കാറ്റിൽനിന്നുള്ള രക്ഷാസങ്കേതവും ആയിത്തീരും,
അവർ മരുഭൂമിയിൽ നീർത്തോടുകൾപോലെയും
വരണ്ടുണങ്ങിയ ദേശത്ത് വൻപാറയുടെ നിഴൽപോലെയും ആയിരിക്കും.
3 കാണുന്നവരുടെ കണ്ണുകൾ അന്ന് അന്ധമാകുകയില്ല;
ചെവിയുള്ളവർക്കെല്ലാം അതു കേൾക്കാൻ കഴിയും.
4 തിടുക്കമുള്ള ഹൃദയം പരിജ്ഞാനം ഗ്രഹിക്കും;
വിക്കുള്ള നാവ് തെളിവായി സംസാരിക്കും.
5 ഭോഷരെ ഇനിയൊരിക്കലും ശ്രേഷ്ഠരെന്നു വിളിക്കുകയോ
ആഭാസരെ മാന്യരെന്നവണ്ണം ആദരിക്കുകയോ ഇല്ല.
6 ഭോഷർ ഭോഷത്തം സംസാരിക്കും,
അവരുടെ ഹൃദയം ദുഷ്ടത ആസൂത്രണംചെയ്യുന്നു:
അവർ ഭക്തർക്കു ചേരാത്ത പ്രവൃത്തികൾചെയ്യുന്നു;
യഹോവയെ ദുഷിച്ചു സംസാരിക്കുകയും
വിശപ്പുള്ളവരെ പട്ടിണിയിടുകയും
ദാഹമുള്ളവർക്കു പാനീയം നിഷേധിക്കുകയും ചെയ്യുന്നു.
7 ആഭാസരുടെ ആയുധങ്ങൾ ദുഷ്ടതനിറഞ്ഞതാണ്;
ദരിദ്രരുടെ അപേക്ഷ ന്യായമായത് ആണെങ്കിൽത്തന്നെയും
പീഡിതരെ വഞ്ചനയിലൂടെ നശിപ്പിക്കുന്നതിന്
അവർ ദുരുപായങ്ങൾ ആലോചിക്കുന്നു.
8 എന്നാൽ കുലീനൻ ഉത്തമകാര്യങ്ങൾ ആസൂത്രണം ചെയ്യുകയും
വിശിഷ്ടമായ പ്രവൃത്തികളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു.
9 അലംഭാവമുള്ള സ്ത്രീകളേ,
എഴുന്നേറ്റ് എന്റെ വാക്കു കേൾക്കുക;
സുരക്ഷിതർ എന്നു കരുതുന്ന പുത്രിമാരേ,
എന്റെ വചനം ശ്രദ്ധിക്കുക.
10 ഒരു വർഷവും ഏതാനും ദിവസവും കഴിയുമ്പോഴേക്കും
സുരക്ഷിതർ എന്നു കരുതുന്ന നിങ്ങൾ ഭയന്നുവിറയ്ക്കും.
മുന്തിരിയുടെ വിളവു മുടങ്ങും,
ഫലശേഖരണം ഉണ്ടാകുകയുമില്ല.
11 അലംഭാവമുള്ള സ്ത്രീകളേ, ഞെട്ടിവിറയ്ക്കുക;
സുരക്ഷിതരെന്നു കരുതുന്ന പുത്രിമാരേ, നടുങ്ങുക!
മൃദുലവസ്ത്രങ്ങൾ ഉരിഞ്ഞെറിയുക,
പരുപരുത്തവസ്ത്രങ്ങൾ ഉടുക്കുക.
12 സന്തുഷ്ടമായ വയലുകളും
ഫലപുഷ്ടിയുള്ള മുന്തിരിവള്ളികളും ഓർത്ത് മാറത്തടിച്ചു വിലപിക്കുക.
13 മുള്ളും പറക്കാരയും അമിതമായി വളർന്നുനിൽക്കുന്ന
എന്റെ ജനത്തിന്റെ വയലിനെച്ചൊല്ലി,
അതേ, ഉല്ലാസഭവനങ്ങളെ ഓർത്തു വിലപിക്കുക,
അഴിഞ്ഞാടുന്ന നഗരങ്ങളെച്ചൊല്ലിത്തന്നെ.
14 കെട്ടിയുറപ്പിക്കപ്പെട്ട കോട്ടകൾ ഉപേക്ഷിക്കപ്പെടും,
ജനനിബിഡമായ നഗരം വിജനമാക്കപ്പെടും;
രാജധാനിയും കാവൽഗോപുരവും എന്നേക്കുമായി തരിശുനിലമായി മാറും,
കാട്ടുകഴുതകളുടെ വിലാസരംഗവും ആടുകളുടെ മേച്ചിൽസ്ഥലവുമായി മാറും.
15 ഉയരത്തിൽനിന്ന് നമ്മുടെമേൽ ആത്മാവിനെ പകരുകയും
മരുഭൂമി ഫലപുഷ്ടിയുള്ള വയലായും
വയൽ വനമായും മാറുകയും ചെയ്യുന്നതുവരെത്തന്നെ.
16 അപ്പോൾ മരുഭൂമിയിൽ ദൈവത്തിന്റെ ന്യായം വസിക്കും,
ഫലപുഷ്ടിയുള്ള ഉദ്യാനത്തിൽ നീതി കുടിപാർക്കും.
17 നീതിയുടെ ഫലം സമാധാനവും
അതിന്റെ പരിണതഫലം ശാശ്വതമായ ശാന്തതയും സുരക്ഷിതത്വവും ആയിരിക്കും.
18 അന്ന് എന്റെ ജനം സമാധാനഭവനത്തിലും
സുരക്ഷിതമായ വസതികളിലും
പ്രശാന്തമായ വിശ്രമസങ്കേതങ്ങളിലും പാർക്കും.
19 കന്മഴ ചൊരിഞ്ഞ് വനം നശിക്കുകയും
നഗരം നിശ്ശേഷം നിലംപരിചാകുകയും ചെയ്താലും,
20 എല്ലാ നീരുറവകൾക്കുമരികെ വിത്തുവിതയ്ക്കാൻ കഴിയുകയും
കന്നുകാലികളെയും കഴുതകളെയും തൊഴുത്തിൽനിന്ന് അഴിച്ചുവിടാൻ കഴിയുകയുംചെയ്യുന്ന
നിങ്ങൾ എത്ര അനുഗൃഹീതർ!
33:1 സ്വയം നശിപ്പിക്കപ്പെടാതെ
വിനാശം വിതയ്ക്കുന്നവനേ, നിനക്കു ഹാ കഷ്ടം
സ്വയം വഞ്ചിക്കപ്പെടാതെ
വിശ്വാസവഞ്ചനചെയ്യുന്നവനേ, നിനക്കു ഹാ കഷ്ടം!
നീ നശിപ്പിക്കുന്നതു നിർത്തുമ്പോൾ,
നീയും നശിപ്പിക്കപ്പെടും;
നീ വഞ്ചിക്കുന്നതു നിർത്തുമ്പോൾ,
നീയും വഞ്ചിക്കപ്പെടും.
2 യഹോവേ, ഞങ്ങളോടു കനിവുണ്ടാകണമേ,
ഞങ്ങൾ അങ്ങേക്കായി കാത്തിരിക്കുന്നു.
ഓരോ പ്രഭാതത്തിലും അങ്ങ് ഞങ്ങളുടെ ബലവും
കഷ്ടതയിൽ ഞങ്ങളുടെ രക്ഷയും ആയിരിക്കണമേ.
3 അങ്ങയുടെ സൈന്യത്തിന്റെ ആരവത്താൽ ജനതകൾ പലായനംചെയ്യുന്നു;
അങ്ങ് എഴുന്നേൽക്കുമ്പോൾ രാഷ്ട്രങ്ങൾ ചിതറിപ്പോകുന്നു.
4 വെട്ടുക്കിളി തിന്നുന്നതുപോലെ നിന്റെ കവർച്ച ശേഖരിക്കപ്പെടുന്നു;
വെട്ടുക്കിളിക്കൂട്ടം പറന്നിറങ്ങുന്നതുപോലെ മനുഷ്യർ അതിന്മേൽ ചാടിവീഴുന്നു.
5 യഹോവ ഉന്നതൻ, അവിടന്ന് ഉയരത്തിൽ വസിക്കുന്നു;
അവിടന്ന് സീയോനെ ന്യായത്താലും നീതിയാലും നിറയ്ക്കും.
6 അവിടന്ന് നിന്റെ കാലത്തിന്റെ സുസ്ഥിരമായ അടിസ്ഥാനമായിരിക്കും,
അന്ന് ജ്ഞാനം, പരിജ്ഞാനം, ബലം, രക്ഷ ഇവയുടെ സമൃദ്ധമായ നിക്ഷേപം ആയിരിക്കും;
യഹോവാഭക്തി ഈ നിക്ഷേപത്തിന്റെ താക്കോലായിരിക്കും.
7 ഇതാ, അവരുടെ ധീരന്മാർ വീഥികളിൽ നിലവിളിക്കുന്നു;
സമാധാനദൂതന്മാർ പൊട്ടിക്കരയുന്നു.
8 രാജവീഥികൾ വിജനമായിത്തീർന്നു,
യാത്രക്കാർ ആരുംതന്നെ വഴിയിൽ കാണുന്നില്ല.
ഉടമ്പടി ലംഘിക്കപ്പെട്ടിരിക്കുന്നു,
അതിന്റെ സാക്ഷികൾ നിന്ദിക്കപ്പെട്ടിരിക്കുന്നു,
ആരുംതന്നെ ആദരിക്കപ്പെടുന്നില്ല.
9 ദേശം ഉണങ്ങിവരണ്ടിരിക്കുന്നു,
ലെബാനോൻ ലജ്ജിച്ചു വാടിപ്പോകുന്നു;
ശാരോൻ മരുഭൂമിപോലെ ആയിരിക്കുന്നു,
ബാശാനും കർമേലും ഇലപൊഴിക്കുന്നു.
10 “ഇപ്പോൾ ഞാൻ എഴുന്നേൽക്കും,” യഹോവ അരുളിച്ചെയ്യുന്നു.
“ഇപ്പോൾ ഞാൻ മഹത്ത്വീകരിക്കപ്പെടും;
ഇപ്പോൾ ഞാൻ ഉയർത്തപ്പെടും.
11 നിങ്ങൾ പതിർ ഗർഭംധരിച്ച്
വൈക്കോൽ പ്രസവിക്കുന്നു;
നിങ്ങളുടെ ശ്വാസംതന്നെ നിങ്ങളെ ദഹിപ്പിക്കുന്ന അഗ്നിയായി മാറും.
12 കുമ്മായം നീറ്റപ്പെടുന്നതുപോലെ ജനതകൾ നീറി ദഹിക്കും;
വെട്ടിക്കളഞ്ഞ മുൾപ്പടർപ്പുപോലെ അവർ തീയിടപ്പെടും.”
13 ദൂരസ്ഥരേ, ഞാൻ ചെയ്തതു കേൾക്കുക;
സമീപസ്ഥരേ, എന്റെ ശക്തി അംഗീകരിക്കുക!
14 സീയോനിലെ പാപികൾ ഭയപ്പെടുന്നു;
അഭക്തർക്കു വിറയൽ ബാധിച്ചിരിക്കുന്നു:
“നമ്മിൽ ആർക്ക്, ദഹിപ്പിക്കുന്ന അഗ്നിയോടൊപ്പം പാർക്കാൻ കഴിയും?
നമ്മിൽ ആർക്ക് നിത്യജ്വാലയോടൊപ്പം വസിക്കാൻ കഴിയും?”
15 നീതിയോടെ ജീവിക്കുകയും
സത്യം സംസാരിക്കുകയും ചെയ്യുന്നവർ,
കൊള്ളപ്പണത്തിലുള്ള നേട്ടം വെറുക്കുന്നവർ,
കോഴവാങ്ങാതെ കൈകൾ സൂക്ഷിക്കുന്നവർ,
രക്തപാതകത്തെപ്പറ്റി കേൾക്കുകപോലും ചെയ്യാതെ ചെവിപൊത്തുന്നവർ,
ദോഷത്തെ നോക്കാതെ തന്റെ കണ്ണ് അടച്ചുകളയുന്നവർ—
16 അവരാണ് ഉയരങ്ങളിൽ വസിക്കുന്നത്,
അവരുടെ അഭയസ്ഥാനം പാറയിൽ തീർത്ത കോട്ടകൾ ആയിരിക്കും.
അവരുടെ അപ്പം അവർക്കു ലഭിക്കും,
അവരുടെ വെള്ളം മുടങ്ങിപ്പോകുകയുമില്ല.
17 നിന്റെ കണ്ണ് രാജാവിനെ തന്റെ സൗന്ദര്യത്തിൽ ദർശിക്കും,
വിദൂരസ്ഥമായൊരു ദേശം നീ കാണുകയും ചെയ്യും.
18 “പണം എണ്ണിനോക്കിയവർ എവിടെ?
കപ്പം തൂക്കിനോക്കിയവർ എവിടെ?
ഗോപുരങ്ങൾക്ക് അധികാരി ആയിരുന്നവർ എവിടെ?”
എന്നിങ്ങനെ നിങ്ങളുടെ ഹൃദയം ഭീതിവിഷയങ്ങളെപ്പറ്റി ചിന്തിക്കും.
19 ആരും ഗ്രഹിക്കാത്ത സംഭാഷണവും
അപരിചിതവും മനസ്സിലാക്കാൻ പ്രയാസമുള്ള ഭാഷയുമുള്ള
ക്രൂരജനത്തെ നീ ഇനി കാണുകയില്ല.
20 നമ്മുടെ ഉത്സവനഗരമായ സീയോനെ നോക്കുക;
നിന്റെ കണ്ണുകൾ ജെറുശലേമിനെ ശാന്തനിവാസസ്ഥാനമായിക്കാണും,
അതിലെ കൂടാരങ്ങൾ മാറ്റപ്പെടുകയില്ല;
അതിന്റെ അതിരിലെ കുറ്റികൾ ഊരിമാറ്റപ്പെടുകയോ
അതിന്റെ കയറുകൾ പൊട്ടിപ്പോകുകയോ ഇല്ല.
21 അവിടെ യഹോവ നമ്മുടെ ശക്തി ആയിരിക്കും.
വിശാലമായ നദികളും അരുവികളുമുള്ള ഒരു സ്ഥലമായിരിക്കും അത്.
തുഴകൾവെച്ച പടക്കപ്പൽ അതിലൂടെ പോകുകയില്ല;
കൂറ്റൻ കപ്പലുകൾ അതിലൂടെ കടക്കുകയില്ല.
22 കാരണം യഹോവ നമ്മുടെ ന്യായാധിപൻ,
യഹോവ നമ്മുടെ നിയമദാതാവ്,
യഹോവ നമ്മുടെ രാജാവ്,
അവിടന്ന് നമ്മെ രക്ഷിക്കും.
23 നിന്റെ കയർ അയഞ്ഞുകിടക്കുന്നു;
അതിനു പാമരത്തെ അതിന്റെ സ്ഥാനത്ത് ഉറപ്പിച്ചു നിർത്തുന്നതിനോ
പായ് നിവർത്തുന്നതിനോ കഴിവില്ല.
അന്ന് പിടിച്ചെടുത്ത സമൃദ്ധമായ കൊള്ള പങ്കുവെക്കപ്പെടും,
മുടന്തർപോലും അവരുടെ കൊള്ളമുതൽ കൊണ്ടുപോകും.
24 അവിടത്തെ നിവാസികളാരും “ഞാൻ രോഗി,” എന്നു പറയുകയില്ല;
അവിടെ വസിക്കുന്ന ജനത്തിന് തങ്ങളുടെ പാപമെല്ലാം ക്ഷമിക്കപ്പെട്ടിരിക്കും.