പത്താം യാത്ര: ആലൂശിൽനിന്ന് രെഫീദീമിലേക്ക്

വെള്ളത്തിനായുള്ള പിറുപിറുപ്പും അമാലേക്യരുമായുള്ള യുദ്ധവും

ജനം വെള്ളത്തിനായി പിറുപിറുക്കുന്നു; അമാലേക്യരുമായി യുദ്ധം നടക്കുന്നു.

ക്രി.മു. 1491

Biblica® Open Malayalam Contemporary Version™ (OMCV)

സംഖ്യ 33:14

14 അവർ ആലൂശിൽനിന്ന് പുറപ്പെട്ട് രെഫീദീമിൽ പാളയമടിച്ചു. അവിടെ ജനത്തിനു കുടിക്കാൻ വെള്ളമില്ലായിരുന്നു.

പുറപ്പാട് 17

1 യഹോവ കൽപ്പിച്ചതനുസരിച്ച് ഇസ്രായേല്യസമൂഹം ഒന്നാകെ സീൻമരുഭൂമിയിൽനിന്ന് യാത്രതിരിച്ചു. അവർ യഹോവയുടെ കൽപ്പനപ്രകാരം പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ചതിനുശേഷം രെഫീദീമിൽ എത്തി; താവളമടിച്ചു. എന്നാൽ അവിടെ ജനത്തിനു കുടിക്കാൻ വെള്ളം ഇല്ലായിരുന്നു. 2 “ഞങ്ങൾക്കു കുടിക്കാൻ വെള്ളം തരൂ,” എന്നു പറഞ്ഞ് അവർ മോശയോടു കലഹിച്ചു.

മോശ അവരോട്, “നിങ്ങൾ എന്തിനാണ് എന്നോടു കലഹിക്കുന്നത്? നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നതെന്ത്?” എന്നു ചോദിച്ചു.

3 എന്നാൽ അവിടെവെച്ചു ജനത്തിനു ദാഹിക്കുകയും അവർ മോശയോടു പിറുപിറുക്കുകയും ചെയ്തു. “ഞങ്ങളും ഞങ്ങളുടെ കുഞ്ഞുങ്ങളും കന്നുകാലികളും ദാഹിച്ചു മരിക്കേണ്ടതിന് നീ ഞങ്ങളെ ഈജിപ്റ്റിൽനിന്ന് കൂട്ടിക്കൊണ്ടുവന്നത് എന്തിന്?” അവർ ചോദിച്ചു.

4 അപ്പോൾ മോശ യഹോവയോട്, “ഞാൻ ഈ ജനത്തിന് എന്താണു ചെയ്യേണ്ടത്? അവർ എന്നെ കല്ലെറിയാൻ പോകുന്നു” എന്നു നിലവിളിച്ചു.

5 അതിനുത്തരമായി, “നീ ജനത്തിനുമുമ്പായി നടക്കുക. ഇസ്രായേലിലെ ഏതാനും ഗോത്രത്തലവന്മാരെയും കൂടെ കൊണ്ടുപോകണം. നീ നൈൽനദിയെ അടിച്ച വടി കൈയിൽ എടുത്തുകൊള്ളണം. 6 അവിടെ ഹോരേബിലെ പാറമേൽ ഞാൻ നിന്റെ മുമ്പിൽ നിൽക്കും. നീ പാറയെ അടിക്കണം, അതിൽനിന്നു, ജനത്തിനു കുടിക്കാൻ വെള്ളം പുറപ്പെടും” എന്ന് യഹോവ മോശയോട് അരുളിച്ചെയ്തു. മോശ ഇസ്രായേല്യ ഗോത്രത്തലവന്മാർ കാൺകെ അങ്ങനെ ചെയ്തു. 7 ഇസ്രായേല്യർ കലഹിക്കുകയും “യഹോവ ഞങ്ങളുടെ മധ്യേയുണ്ടോ ഇല്ലയോ?” എന്നു പറഞ്ഞുകൊണ്ട് യഹോവയെ പരീക്ഷിക്കുകയും ചെയ്തതുകൊണ്ട് അദ്ദേഹം ആ സ്ഥലത്തിന് മസ്സാ എന്നും മെരീബാ എന്നും പേരിട്ടു.

8 അമാലേക്യർ വന്ന് രെഫീദീമിൽവെച്ച് ഇസ്രായേല്യരെ ആക്രമിച്ചു. 9 മോശ യോശുവയോട്, “നമ്മുടെ പുരുഷന്മാരിൽ ചിലരെ തെരഞ്ഞെടുത്തുകൊണ്ട് അമാലേക്യരോടു പൊരുതാൻ പുറപ്പെടുക. ദൈവത്തിന്റെ വടി കൈയിൽ പിടിച്ചുകൊണ്ടു നാളെ ഞാൻ കുന്നിൻമുകളിൽ നിൽക്കും” എന്നു പറഞ്ഞു.

10 മോശ ആജ്ഞാപിച്ചതനുസരിച്ചു യോശുവ അമാലേക്യരോടു പോരാടി. മോശയും അഹരോനും ഹൂരും കുന്നിൻമുകളിലേക്കു പോയി. 11 മോശ തന്റെ കൈ ഉയർത്തിപ്പിടിക്കുമ്പോൾ ഇസ്രായേല്യർ ജയിക്കും; കൈ താഴ്ത്തുമ്പോൾ അമാലേക്യർ ജയിക്കും. 12 മോശയുടെ കൈകൾ കുഴഞ്ഞപ്പോൾ അവർ ഒരു കല്ല് അദ്ദേഹത്തിന്റെ അടുക്കൽ വെക്കുകയും അദ്ദേഹം അതിൽ ഇരിക്കുകയും ചെയ്തു. അഹരോനും ഹൂരും—ഒരാൾ ഒരുവശത്തും മറ്റേയാൾ മറ്റേവശത്തും നിന്ന്—അദ്ദേഹത്തിന്റെ കൈകളെ ഉയർത്തിപ്പിടിച്ചു; അങ്ങനെ, സൂര്യാസ്തമയംവരെ അദ്ദേഹത്തിന്റെ കൈകൾ നേരേ നിന്നു. 13 യോശുവ അമാലേക്യസൈന്യത്തെ വാൾകൊണ്ടു കീഴടക്കി.

14 ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു: “ഞാൻ അമാലേക്യരുടെ ഓർമ ആകാശത്തിൻകീഴിൽനിന്ന് നിശ്ശേഷം മായിച്ചുകളയും. അതുകൊണ്ടു നീ അവിസ്മരണീയമായ ഒരു കാര്യം എന്ന നിലയ്ക്ക് ഇത് ഒരു ചുരുളിൽ എഴുതിവെക്കണം; യോശുവ അതു നിശ്ചയമായും കേൾക്കുകയും വേണം.”

15 മോശ ഒരു യാഗപീഠം പണിത് അതിനു “യഹോവ നിസ്സി” എന്നു പേരിട്ടു. 16 “യഹോവയുടെ സിംഹാസനത്തിലേക്കു കൈകൾ ഉയർത്തപ്പെടുമെന്നും, യഹോവ അമാലേക്യരോടു തലമുറതലമുറയായി യുദ്ധംചെയ്യും” എന്നും അദ്ദേഹം പറഞ്ഞു.

പതിനൊന്നാം യാത്ര: രെഫീദീമിൽനിന്ന് സീനായിയിലേക്ക്

ന്യായപ്രമാണം നൽകൽ

സംഖ്യ 33:15

15 അവർ രെഫീദീമിൽനിന്ന് പുറപ്പെട്ട് സീനായിമരുഭൂമിയിൽ പാളയമടിച്ചു.

പുറപ്പാട് 19

1 ഇസ്രായേല്യർ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടതിന്റെ മൂന്നാംമാസത്തിൽ—അതേദിവസം—അവർ സീനായിമരുഭൂമിയിൽ എത്തി. 2 അവർ രെഫീദീമിൽനിന്ന് യാത്രതിരിച്ച് സീനായിമരുഭൂമിയിൽ പ്രവേശിച്ചു. അവിടെ പർവതത്തിനു മുന്നിലായി ഇസ്രായേൽ പാളയമടിച്ചു.

3 ഇതിനുശേഷം മോശ ദൈവത്തിന്റെ അടുത്തേക്കുചെന്നു; യഹോവ പർവതത്തിൽനിന്ന് അദ്ദേഹത്തോട് അരുളിച്ചെയ്തു: “നീ യാക്കോബ് ഗൃഹത്തോടു പറയേണ്ടതും ഇസ്രായേൽമക്കളോട് അറിയിക്കേണ്ടതും എന്തെന്നാൽ: 4 ‘ഞാൻ ഈജിപ്റ്റിനോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകുകളിന്മേൽ വഹിച്ച് എന്റെ അടുക്കലേക്കു കൊണ്ടുവന്നതും നിങ്ങൾ നേരിട്ടു കണ്ടിരിക്കുന്നു. 5 ഇനി, നിങ്ങൾ എന്റെ വാക്കുകേട്ട്, അനുസരിച്ച് എന്റെ ഉടമ്പടി പാലിച്ചാൽ എല്ലാ ജനതകളിലുംവെച്ച് എനിക്കുള്ള വിലപ്പെട്ട നിക്ഷേപം നിങ്ങളായിരിക്കും. കാരണം സർവഭൂമിയും എന്റേതാകുന്നു. 6 നിങ്ങൾ എനിക്കു പുരോഹിതരാജ്യവും വിശുദ്ധജനതയും ആയിരിക്കും.’ ഇസ്രായേല്യരോടു നീ പറയേണ്ടുന്ന വചനങ്ങൾ ഇവയാകുന്നു.”

7 മോശ ചെന്ന് സമുദായനേതാക്കന്മാരെ വിളിച്ചു, യഹോവ കൽപ്പിച്ച സകലവചനങ്ങളും അവരെ അറിയിച്ചു. 8 “യഹോവ കൽപ്പിച്ചതെല്ലാം ഞങ്ങൾ ചെയ്തുകൊള്ളാം,” എന്ന് ജനമെല്ലാം ഏകസ്വരത്തിൽ ഉത്തരം പറഞ്ഞു. ജനത്തിന്റെ വാക്കു മോശ ദൈവസന്നിധിയിലെത്തിച്ചു.

9 യഹോവ മോശയോട് അരുളിച്ചെയ്തു, “ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ജനംകേട്ട് നിന്നിൽ എപ്പോഴും വിശ്വസിക്കേണ്ടതിനു ഞാൻ ഇതാ മേഘതമസ്സിൽ നിന്റെ അടുക്കൽ വരുന്നു.” അപ്പോൾ മോശ ജനം പറഞ്ഞതു യഹോവയോട് അറിയിച്ചു.

10 യഹോവ മോശയോട് അരുളിച്ചെയ്തു, “ജനത്തിന്റെ അടുക്കൽച്ചെന്ന് അവരെ ഇന്നും നാളെയും വിശുദ്ധീകരിക്കുക. അവർ തങ്ങളുടെ വസ്ത്രങ്ങൾ അലക്കി, 11 മൂന്നാംദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ, അന്ന് യഹോവ സകലജനവും കാണുംവിധം സീനായിമലയിൽ ഇറങ്ങിവരും. 12 മലയുടെ ചുറ്റും ജനത്തിന് അതിരുതിരിച്ചിട്ട് അവരോടു പറയണം, ‘പർവതത്തിലേക്കു പോകുകയോ അതിന്റെ അടിവാരത്തിൽ തൊടുകയോ ചെയ്യാതിരിക്കാൻ സൂക്ഷിക്കുക. ആരെങ്കിലും പർവതത്തെ തൊട്ടാൽ അവൻ കൊല്ലപ്പെടും. 13 ആരും ആ മനുഷ്യനെ സ്പർശിക്കരുത്. അയാളെ നിശ്ചയമായും കല്ലെറിഞ്ഞോ അമ്പെയ്തോ കൊല്ലണം: മനുഷ്യനായാലും മൃഗമായാലും ജീവനോടിരിക്കരുത്.’ കോലാട്ടിൻകൊമ്പിനാൽ തീർത്ത കാഹളം ദീർഘമായി ഊതുമ്പോൾമാത്രം അവർക്ക് പർവതത്തിനടുത്തേക്കു പോകാം.”

14 മോശ പർവതത്തിൽനിന്ന് ഇറങ്ങിയതിനുശേഷം ജനത്തിന്റെ അടുക്കൽ ചെന്ന് അവരെ വിശുദ്ധീകരിച്ചു. അവർ തങ്ങളുടെ വസ്ത്രം അലക്കി. 15 പിന്നെ, അദ്ദേഹം അവരോട്, “മൂന്നാംദിവസത്തേക്ക് ഒരുങ്ങിക്കൊള്ളുക. ആരും ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്.”

16 മൂന്നാംദിവസം പ്രഭാതത്തിൽ പർവതത്തിനുമീതേ, കനത്ത മേഘത്തോടൊപ്പം ഇടിയും മിന്നലും തുടർന്ന് അത്യുച്ചത്തിലുള്ള കാഹളനാദവും ഉണ്ടായി. പാളയത്തിൽ ഉണ്ടായിരുന്നവർ എല്ലാവരും പേടിച്ചുവിറച്ചു. 17 ഇതിനുശേഷം ദൈവത്തെ എതിരേൽക്കാൻ മോശ ജനത്തെ പാളയത്തിനു പുറത്തുകൊണ്ടുവന്നു. അവർ പർവതത്തിന്റെ അടിവാരത്തു നിന്നു. 18 യഹോവ സീനായിപർവതത്തിൽ, തീയിൽ, ഇറങ്ങിവന്നതുകൊണ്ട് മല പുകകൊണ്ടു മൂടി. ചൂളയിൽനിന്ന് പൊങ്ങുന്നതുപോലെ പുക ഉയർന്നുപൊങ്ങി. പർവതം വല്ലാതെ വിറച്ചു. 19 കാഹളത്തിന്റെ മുഴക്കം ഒന്നിനൊന്നു വർധിച്ചുകൊണ്ടിരുന്നു. അപ്പോൾ മോശ സംസാരിക്കുകയും ദൈവം ഉച്ചത്തിൽ അദ്ദേഹത്തിന് ഉത്തരം നൽകുകയും ചെയ്തു.

20 യഹോവ സീനായിമലയുടെ മുകളിൽ ഇറങ്ങിവന്ന് മോശയെ പർവതാഗ്രത്തിലേക്കു വിളിച്ചു; മോശ കയറിച്ചെന്നു. 21 യഹോവ അദ്ദേഹത്തോട്, “നീ ഇറങ്ങിച്ചെന്ന്, ‘ജനം യഹോവയെ കാണാൻ തള്ളിക്കയറി, അനേകർ നശിക്കാൻ ഇടയാകരുത്,’ എന്ന് അവർക്കു മുന്നറിയിപ്പു കൊടുക്കണം. 22 യഹോവയെ സമീപിക്കുന്ന പുരോഹിതന്മാരും തങ്ങളെത്തന്നെ വിശുദ്ധീകരിക്കണം. അല്ലാത്തപക്ഷം യഹോവ അവർക്കു ജീവഹാനി വരുത്തും” എന്ന് അരുളിച്ചെയ്തു.

23 മോശ യഹോവയോട്, “ ‘പർവതത്തിനുചുറ്റും അതിരുതിരിച്ച് അതിനെ വിശുദ്ധീകരിച്ചു വേർതിരിക്കുക,’ എന്ന് അവിടന്നുതന്നെ ഞങ്ങൾക്കു മുന്നറിയിപ്പു തന്നതുകൊണ്ട് ജനത്തിനു സീനായിമലയിൽ പ്രവേശിക്കാൻ സാധ്യമല്ല” എന്ന് ഉത്തരം പറഞ്ഞു.

24 “ഇറങ്ങിച്ചെന്ന് അഹരോനെ കൂട്ടിക്കൊണ്ടുവരിക. പുരോഹിതന്മാരും ജനങ്ങളും യഹോവയുടെ അടുത്തേക്ക് അതിരുലംഘിച്ചു കടന്നുവരരുത്, വന്നാൽ യഹോവ അവർക്കു ഹാനി വരുത്തും,” അവിടന്നു മറുപടി നൽകി.

25 മോശ ഇറങ്ങിച്ചെന്ന് ജനത്തോടു സംസാരിച്ചു.