ദൈവം അബ്രാഹാമിനെ പരീക്ഷിക്കുന്നു

അബ്രാഹാമിന്റെ പരീക്ഷണം.

ക്രി.മു. 1871

Biblica® Open Malayalam Contemporary Version™ (OMCV)

ഉൽപ്പത്തി 22:1–19

1 കുറെക്കാലം കഴിഞ്ഞു ദൈവം അബ്രാഹാമിനെ പരീക്ഷിച്ചു. അവിടന്ന് അദ്ദേഹത്തെ, “അബ്രാഹാമേ” എന്നു വിളിച്ചു.

“ഞാൻ ഇതാ” അദ്ദേഹം ഉത്തരം പറഞ്ഞു.

2 അപ്പോൾ ദൈവം “നിന്റെ മകനെ, നീ സ്നേഹിക്കുന്ന, നിന്റെ ഏകപുത്രനായ യിസ്ഹാക്കിനെ കൂട്ടിക്കൊണ്ട് മോരിയാദേശത്തേക്കു പോകുക. അവിടെ ഞാൻ നിന്നോടു കൽപ്പിക്കുന്ന മലയിൽ അവനെ ഹോമയാഗമായി അർപ്പിക്കുക” എന്ന് അരുളിച്ചെയ്തു.

3 അബ്രാഹാം പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് കഴുതയ്ക്കു കോപ്പിട്ടു. ദാസന്മാരിൽ രണ്ടുപേരെയും തന്റെ മകനായ യിസ്ഹാക്കിനെയുംകൂട്ടി ഹോമയാഗത്തിനുവേണ്ട വിറകും കീറിയെടുത്ത്, ദൈവം തന്നോടു നിർദേശിച്ച സ്ഥലത്തേക്കു യാത്രയായി. 4 മൂന്നാംദിവസം അബ്രാഹാം തലയുയർത്തിനോക്കിയപ്പോൾ ആ സ്ഥലം ദൂരെയായി കണ്ടു. 5 അദ്ദേഹം വേലക്കാരോട്: “ഞാനും ബാലനും ആ സ്ഥലത്തുചെന്ന് ആരാധന നടത്തി തിരിച്ചെത്തുന്നതുവരെ നിങ്ങൾ കഴുതയുമായി ഇവിടെ താമസിക്കുക” എന്നു പറഞ്ഞു.

6 അബ്രാഹാം ഹോമയാഗത്തിനുള്ള വിറക് എടുത്ത് തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലിൽവെച്ചു; താൻതന്നെ തീയും കത്തിയും എടുത്തു. ഇരുവരും ഒരുമിച്ചു നടന്നു. 7 യിസ്ഹാക്ക് തന്റെ പിതാവായ അബ്രാഹാമിനെ “അപ്പാ” എന്നു വിളിച്ചു.

“എന്താകുന്നു, മകനേ,” അബ്രാഹാം ചോദിച്ചു.

“തീയും വിറകും ഉണ്ട്; എന്നാൽ ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടി എവിടെ?” യിസ്ഹാക്ക് ചോദിച്ചു.

8 അതിന് അബ്രാഹാം: “ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടിയെ ദൈവംതന്നെ കരുതും, മകനേ” എന്ന് ഉത്തരം പറഞ്ഞു. ഇരുവരും ഒരുമിച്ചു മുന്നോട്ടുപോയി.

9 ദൈവം നിർദേശിച്ച സ്ഥലത്തെത്തിയപ്പോൾ അബ്രാഹാം അവിടെ ഒരു യാഗപീഠം ഉണ്ടാക്കി; അതിന്മേൽ വിറകടുക്കി. തന്റെ മകനായ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിനുമീതേ കിടത്തി. 10 പിന്നെ അബ്രാഹാം കൈനീട്ടി തന്റെ മകനെ അറക്കാൻ കത്തിയെടുത്തു. 11 എന്നാൽ യഹോവയുടെ ദൂതൻ ആകാശത്തുനിന്ന്, “അബ്രാഹാമേ, അബ്രാഹാമേ,” എന്നു വിളിച്ചു.

“ഞാൻ ഇതാ.” അദ്ദേഹം വിളികേട്ടു.

12 ദൂതൻ അരുളിച്ചെയ്തു: “ബാലന്റെമേൽ കൈവെക്കരുത്. അവന് ഒരു ദോഷവും ചെയ്യരുത്. നിന്റെ മകനെ, നിനക്കുള്ള ഒരേയൊരു മകനെ എനിക്കു തരാൻ മടിക്കാതിരുന്നതുകൊണ്ടു, നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു.”

13 അബ്രാഹാം തലയുയർത്തിനോക്കി; തന്റെ പിന്നിൽ കൊമ്പ് കുറ്റിക്കാട്ടിൽ ഉടക്കിക്കിടക്കുന്ന ഒരു ആട്ടുകൊറ്റനെ കണ്ടു. അബ്രാഹാം ചെന്ന് ആട്ടുകൊറ്റനെ എടുത്ത്, തന്റെ പുത്രനു പകരം ഹോമയാഗം അർപ്പിച്ചു. 14 അബ്രാഹാം ആ സ്ഥലത്തിന് “യഹോവയിരേ” എന്നു പേരിട്ടു. ജനം “യഹോവയുടെ പർവതത്തിൽ അവിടന്ന് കരുതിക്കൊള്ളും” എന്നത് ഒരു പഴഞ്ചൊല്ലായി ഇന്നുവരെയും പറഞ്ഞുപോരുന്നു.

15 യഹോവയുടെ ദൂതൻ ആകാശത്തുനിന്ന് അബ്രാഹാമിനെ രണ്ടാമതും വിളിച്ച്, ഇപ്രകാരം അരുളിച്ചെയ്തു: 16 “നീ ഇക്കാര്യം ചെയ്യുകയും നിന്റെ പുത്രനെ, നിന്റെ ഒരേയൊരു പുത്രനെത്തന്നെ, തരാൻ മടിക്കാതിരിക്കുകയും ചെയ്തതുകൊണ്ട്, 17 ഞാൻ നിശ്ചയമായും നിന്നെ അത്യന്തം അനുഗ്രഹിക്കും. നിന്റെ സന്തതിപരമ്പരകളെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അസംഖ്യമാക്കിത്തീർക്കും; നിന്റെ സന്തതി അവരുടെ ശത്രുക്കളുടെ നഗരങ്ങൾ കൈവശമാക്കും; 18 നീ എന്നെ അനുസരിച്ചതുകൊണ്ട് നിന്റെ സന്തതിയിലൂടെ ഭൂമിയിലെ സകലരാഷ്ട്രങ്ങളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥം ചെയ്യുന്നെന്ന് യഹോവ അരുളിച്ചെയ്യുന്നു.”

19 ഇതിനുശേഷം അബ്രാഹാം തന്റെ ദാസന്മാരുടെ അടുക്കൽ തിരിച്ചെത്തി; അവർ എല്ലാവരും ബേർ-ശേബയിലേക്കു മടങ്ങി. അബ്രാഹാം ബേർ-ശേബയിൽ താമസിച്ചു.

സാറായുടെ മരണവും സംസ്കാരവും ക്രി.മു. 1859

ഉൽപ്പത്തി 23

1 സാറ നൂറ്റിഇരുപത്തിയേഴു വയസ്സുവരെ ജീവിച്ചിരുന്നു. 2 അവൾ കനാൻദേശത്തെ ഹെബ്രോൻ എന്ന കിര്യത്ത്-അർബയിൽവെച്ചു മരിച്ചു. അബ്രാഹാം സാറായെക്കുറിച്ചു വിലപിക്കാനും കരയാനും പോയി.

3 പിന്നെ അബ്രാഹാം ഭാര്യയുടെ മൃതദേഹത്തിന്റെ അടുക്കൽനിന്ന് എഴുന്നേറ്റ് ഹിത്യരോടു സംസാരിച്ചു. 4 അദ്ദേഹം അവരോട്: “ഞാൻ നിങ്ങളുടെ ഇടയിൽ അന്യനും പ്രവാസിയും ആകുന്നു. എന്റെ മരിച്ചവളെ അടക്കേണ്ടതിന് എനിക്കിവിടെ ശ്മശാനത്തിനുള്ള കുറെ സ്ഥലം വിലയ്ക്കു തരണം” എന്നു പറഞ്ഞു.

5 ഹിത്യർ അബ്രാഹാമിനോട്, 6 “പ്രഭോ, ഞങ്ങളുടെ വാക്കു ശ്രദ്ധിച്ചാലും. അങ്ങു ഞങ്ങളുടെ ഇടയിൽ ദൈവത്തിന്റെ ഒരു പ്രഭുവാണ്; ഞങ്ങളുടെ ഏറ്റവും നല്ല കല്ലറകളിൽ ഒന്നിൽ അങ്ങയുടെ മരിച്ചവളെ അടക്കംചെയ്യുക; മരിച്ചവളെ സംസ്കരിക്കാൻ ഞങ്ങളിൽ ആരും കല്ലറ തരാതിരിക്കുകയില്ല” എന്ന് ഉത്തരം പറഞ്ഞു.

7 അപ്പോൾ അബ്രാഹാം എഴുന്നേറ്റ്, ദേശവാസികളായ ഹിത്യരെ വണങ്ങി. 8 അവരോടു പറഞ്ഞു: “എന്റെ മരിച്ചവളെ അടക്കാൻ നിങ്ങൾ എന്നെ അനുവദിക്കുന്നെങ്കിൽ, എന്റെ വാക്കുകേട്ട് എനിക്കുവേണ്ടി സോഹരിന്റെ മകനായ എഫ്രോനോട്, 9 അദ്ദേഹത്തിന്റെ വയലിന്റെ അരികിലുള്ളതും അദ്ദേഹത്തിന്റെ സ്വന്തവുമായ മക്പേലാ ഗുഹ എനിക്കു വിലയ്ക്കു തരേണമെന്നു പറയണം. നിങ്ങളുടെ ഇടയിൽ, എനിക്ക് സ്വന്തമായി ഒരു ശ്മശാനഭൂമി ലഭിക്കാൻ, അതിന്റെ മുഴുവൻ വിലയും വാങ്ങിക്കൊണ്ട് എനിക്കു തരണമെന്ന് അപേക്ഷിക്കണം.”

10 ഹിത്യനായ എഫ്രോൻ സ്വജനങ്ങൾക്കിടയിൽ ഇരിക്കുകയായിരുന്നു. അദ്ദേഹം തന്റെ നഗരത്തിന്റെ കവാടത്തിൽ എത്തിയിരുന്ന സകലഹിത്യരും കേൾക്കെ അബ്രാഹാമിനോട്: 11 “പ്രഭോ, അങ്ങനെയല്ല, എന്റെ വാക്കു കേട്ടാലും; ഞാൻ ആ പുരയിടം അങ്ങേക്കു തരുന്നു; അതിലുള്ള ഗുഹയും തരുന്നു. എന്റെ ജനങ്ങളുടെ മുന്നിൽവെച്ചു ഞാൻ അത് അങ്ങേക്കു തരികയാണ്. താങ്കളുടെ മരിച്ചവളെ അടക്കിക്കൊള്ളുക” എന്നു പറഞ്ഞു.

12 അബ്രാഹാം വീണ്ടും ആ ദേശവാസികളെ വണങ്ങിയിട്ട് 13 അവർ കേൾക്കെ എഫ്രോനോട്, “ദയവുചെയ്ത് എന്റെ വാക്കു ശ്രദ്ധിക്കുക, ഞാൻ വയലിന്റെ വില തീർത്തുതരും. അത് എന്റെ പക്കൽനിന്ന് സ്വീകരിക്കണം; അപ്പോൾ എനിക്ക് എന്റെ മരിച്ചവളെ അവിടെ അടക്കുകയും ചെയ്യാം” എന്നു പറഞ്ഞു.

14 എഫ്രോൻ അബ്രാഹാമിനോട്: 15 “പ്രഭോ, ഞാൻ പറയുന്നതു ശ്രദ്ധിച്ചാലും; ആ സ്ഥലത്തിനു നാനൂറു ശേക്കേൽ വെള്ളി വിലയുണ്ട്, എന്നാൽ എനിക്കും താങ്കൾക്കും മധ്യേ അതെന്തുള്ളൂ? അങ്ങയുടെ മരിച്ചവളെ അടക്കിക്കൊണ്ടാലും” എന്ന് ഉത്തരം പറഞ്ഞു.

16 എഫ്രോന്റെ നിർദേശങ്ങൾ അബ്രാഹാം അംഗീകരിച്ചു. ഹിത്യർ കേൾക്കെ എഫ്രോൻ പറഞ്ഞ വിലയായ നാനൂറു ശേക്കേൽ വെള്ളി—കച്ചവടക്കാരുടെ ഇടയിൽ നിലവിലുള്ള തൂക്കം അനുസരിച്ച്—അബ്രാഹാം അദ്ദേഹത്തിനു തൂക്കിക്കൊടുത്തു.

17 അങ്ങനെ മമ്രേക്കടുത്തു മക്പേലയിൽ സ്ഥിതിചെയ്യുന്ന എഫ്രോന്റെ പുരയിടം—പുരയിടവും അതിലുള്ള ഗുഹയും പുരയിടത്തിന്റെ അതിരിനകത്തുള്ള സകലവൃക്ഷങ്ങളും— 18 നഗരകവാടത്തിൽ എത്തിയിരുന്ന എല്ലാ ഹിത്യരുടെയും മുമ്പാകെ, നിയമപ്രകാരം അബ്രാഹാമിന് അവകാശപ്പെട്ട സ്വത്തായി നൽകപ്പെട്ടു. 19 അതിനുശേഷം അബ്രാഹാം തന്റെ ഭാര്യയായ സാറയെ, കനാൻദേശത്ത് ഹെബ്രോനിലെ മമ്രേയ്ക്കു സമീപം മക്പേലായിലുള്ള ഗുഹയിൽ അടക്കംചെയ്തു. 20 ഇങ്ങനെ ഹിത്യർ ആ പുരയിടവും അതിലെ ഗുഹയും ഒരു ശ്മശാനസ്ഥലമെന്നനിലയിൽ, അബ്രാഹാമിനു നിയമപ്രകാരം കൈമാറ്റംചെയ്തു.

റിബേക്കായുടെ കുടുംബം

ഉൽപ്പത്തി 22:20–24

20 “കുറച്ചുനാളുകൾക്കുശേഷം മിൽക്കാ, തന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മക്കളെ പ്രസവിച്ചിരിക്കുന്നു എന്നവിവരം അബ്രാഹാമിനു ലഭിച്ചു.

21 അവർ: ആദ്യജാതനായ ഊസ്, അവന്റെ അനുജനായ ബൂസ്,

കെമൂവേൽ (അരാമിന്റെ പിതാവ്),

22 കേശെദ്, ഹസോ, പിൽദാശ്, യിദലാഫ്, ബെഥൂവേൽ എന്നിവരാണ്.”

23 ബെഥൂവേൽ റിബേക്കയുടെ പിതാവായിരുന്നു.

അബ്രാഹാമിന്റെ സഹോദരനായ നാഹോരിന് മിൽക്കാ ഈ എട്ടുപുത്രന്മാരെ പ്രസവിച്ചു.

24 രെയൂമാ എന്നു പേരുള്ള അവന്റെ വെപ്പാട്ടിക്കും പുത്രന്മാർ ജനിച്ചു;

അവർ തേബഹ്, ഗഹാം, തഹശ്, മയഖാ എന്നിവരാണ്.