പൗലോസിനെതിരെയുള്ള കുറ്റാരോപണങ്ങളെക്കുറിച്ച് ഫെസ്തൊസ് അഗ്രിപ്പായോടു പറയുന്നു

പൗലോസിനെതിരെയുള്ള കുറ്റാരോപണങ്ങളെക്കുറിച്ച് ഫെസ്തൊസ് അഗ്രിപ്പായ്ക്ക് വിചിത്രമായ ഒരു വിവരണം നൽകുന്നു.

ക്രി.പി. 60

Biblica® Open Malayalam Contemporary Version™ (OMCV)

അപ്പൊ.പ്രവൃത്തികൾ 25:13–22

13 ഏതാനും ദിവസം കഴിഞ്ഞപ്പോൾ അഗ്രിപ്പാരാജാവും ബർന്നീക്കയുംകൂടി ഫെസ്തൊസിന് അഭിവാദനം അർപ്പിക്കാൻ കൈസര്യയിൽ എത്തി. 14 അവർ കുറെയധികം ദിവസങ്ങൾ അവിടെ ചെലവഴിച്ചതിനാൽ ഫെസ്തൊസ് പൗലോസിന്റെ കേസ് അഗ്രിപ്പാരാജാവുമായി ചർച്ചചെയ്തു. ഫെസ്തൊസ് ഇങ്ങനെ പറഞ്ഞു: “ഫേലിക്സ് വിചാരണത്തടവുകാരനായി വിട്ടിട്ടുപോയ ഒരു മനുഷ്യൻ ഇവിടെയുണ്ട്. 15 ഞാൻ ജെറുശലേമിൽ ചെന്നപ്പോൾ, പുരോഹിതമുഖ്യന്മാരും യെഹൂദാമതത്തിലെ നേതാക്കന്മാരും അയാൾക്കെതിരേ ആരോപണങ്ങൾ ഉന്നയിക്കുകയും അയാളെ ശിക്ഷയ്ക്കു വിധിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.

16 “എന്നാൽ, തനിക്കെതിരേ ആരോപണം നടത്തുന്നവരെ മുഖാമുഖം കണ്ട് അവരുടെ ആരോപണങ്ങൾക്കു പ്രതിവാദം നടത്താൻ അവസരം ലഭിക്കുന്നതിനുമുമ്പ് ഒരു മനുഷ്യനെ ശിക്ഷിക്കാൻ ഏൽപ്പിച്ചുകൊടുക്കുന്നത് റോമാക്കാരുടെ സമ്പ്രദായമല്ലെന്നു ഞാൻ അവരോടു പറഞ്ഞു. 17 അവർ എന്നോടുകൂടെ ഇവിടെയെത്തിയപ്പോൾ ഞാൻ കേസ് വൈകിക്കാതെ പിറ്റേന്നുതന്നെ കോടതി വിളിച്ചുകൂട്ടുകയും ആ മനുഷ്യനെ കൊണ്ടുവരാൻ കൽപ്പിക്കുകയും ചെയ്തു. 18 എന്നാൽ വാദികൾ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ, ഞാൻ കരുതിയിരുന്നതുപോലുള്ള ഒരു കുറ്റവും അവർ അയാളുടെമേൽ ആരോപിച്ചില്ല. 19 പകരം അവരുടെ മതത്തെയും മരിച്ചുപോയവനെങ്കിലും ജീവിച്ചിരിക്കുന്നെന്ന് പൗലോസ് അവകാശപ്പെടുന്ന യേശു എന്ന മനുഷ്യനെയും സംബന്ധിച്ചുള്ള ചില തർക്കങ്ങൾമാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. 20 ഇത്തരം കാര്യങ്ങളെപ്പറ്റി അന്വേഷണം നടത്തേണ്ടതെങ്ങനെയെന്ന് എനിക്കറിവില്ലായിരുന്നതിനാൽ ഞാൻ അയാളോടു ജെറുശലേമിലേക്കു പോകാനും അവിടെ ഈ ആരോപണങ്ങൾ സംബന്ധിച്ച് വിസ്തരിക്കപ്പെടാനും ഒരുക്കമാണോ എന്നു ചോദിച്ചു. 21 എന്നാൽ ചക്രവർത്തിയുടെ വിധിനിർണയത്തിനായി തന്നെ തടവിൽ സൂക്ഷിക്കണമെന്ന് പൗലോസ് അപേക്ഷിക്കയാൽ, കൈസറുടെ അടുത്തേക്കയയ്ക്കാൻ കഴിയുന്നതുവരെ, അയാളെ തടവിൽ വെക്കാൻ ഞാൻ ആജ്ഞ കൊടുത്തു.”

22 പിന്നീട് അഗ്രിപ്പാ ഫെസ്തൊസിനോട്, “എനിക്ക് ആ മനുഷ്യന്റെ വാക്കുകൾ നേരിട്ടു കേൾക്കാൻ താത്പര്യമുണ്ട്.” എന്നു പറഞ്ഞു.

“അയാൾക്കു പറയാനുള്ളത് നാളെ അങ്ങേക്കു കേൾക്കാം,” ഫെസ്തൊസ് മറുപടി പറഞ്ഞു.

ഫെസ്തൊസിന്റെയും അഗ്രിപ്പായുടെയും മുമ്പിൽ പൗലോസ് സ്വയം പ്രതിവാദിക്കുന്നു

ഫെസ്തൊസിന്റെയും അഗ്രിപ്പായുടെയും മുമ്പിൽ പൗലോസ് തന്റെ പക്ഷം വാദിക്കുന്നതും അതു കേട്ടിട്ട് അവർ ചെയ്യുന്നതും.

അപ്പൊ.പ്രവൃത്തികൾ 25:23–26:32

23 പിറ്റേന്ന് അഗ്രിപ്പാവും ബർന്നീക്കയും സൈന്യാധിപന്മാരോടും നഗരത്തിലെ പ്രമുഖന്മാരോടുംകൂടെ, ആഡംബരപൂർവം സമ്മേളനമുറിയിലേക്കു പ്രവേശിച്ചു. ഫെസ്തൊസിന്റെ ആജ്ഞപ്രകാരം പൗലോസിനെ അകത്തേക്കു കൊണ്ടുവന്നു. 24 തുടർന്ന് ഫെസ്തൊസ് ഇങ്ങനെ പ്രസ്താവിച്ചു: “അഗ്രിപ്പാരാജാവേ, ഞങ്ങളോടൊപ്പം സന്നിഹിതരായിരിക്കുന്നവരേ, നിങ്ങൾ ഈ മനുഷ്യനെ കാണുന്നല്ലോ! യെഹൂദാസമൂഹം ഒന്നടങ്കം ജെറുശലേമിലും ഇവിടെ കൈസര്യയിലും ഇയാളെക്കുറിച്ചാണ് എന്നോടു പരാതിപ്പെടുകയും ഇയാൾ ഒരു നിമിഷംപോലും ജീവിച്ചിരുന്നുകൂടാ എന്ന് ഒച്ചപ്പാടുണ്ടാക്കുകയുംചെയ്തത്. 25 മരണത്തിന് അർഹമായതൊന്നും ഇയാൾ ചെയ്തിട്ടില്ല എന്നു ഞാൻ മനസ്സിലാക്കി; എന്നാൽ ഇയാൾ ചക്രവർത്തിക്കുമുമ്പിൽ മേൽവിചാരണയ്ക് അപേക്ഷിച്ചിരിക്കുകയാൽ ഇയാളെ റോമിലേക്കയയ്ക്കാൻ ഞാൻ തീരുമാനിച്ചു. 26 എങ്കിലും ഇയാളെക്കുറിച്ചു ചക്രവർത്തിതിരുമനസ്സിലേക്ക് എഴുതാൻ വ്യക്തമായ കാര്യമൊന്നും ഞാൻ കാണുന്നില്ല. അതുകൊണ്ട് ഞാൻ ഇയാളെ നിങ്ങളുടെ എല്ലാവരുടെയും മുമ്പാകെ, വിശിഷ്യ, അഗ്രിപ്പാരാജാവേ, അങ്ങയുടെമുമ്പാകെ കൊണ്ടുവന്നിരിക്കുകയാണ്; ഈ വിചാരണയുടെ ഫലമായി എഴുതാനുള്ള വക ലഭിക്കുമെന്നാണെന്റെ പ്രതീക്ഷ. 27 ആരോപണങ്ങൾ വ്യക്തമാക്കാതെ തടവുകാരനെ അയയ്ക്കുന്നതു യുക്തമല്ല എന്നു ഞാൻ കരുതുന്നു.”

26:1 അഗ്രിപ്പാ പൗലോസിനോട്, “നിന്റെപക്ഷം വിശദീകരിക്കാൻ നിനക്ക് അനുവാദമുണ്ട്” എന്നു പറഞ്ഞു.

അപ്പോൾ പൗലോസ് കൈ നീട്ടിക്കൊണ്ട് എതിർവാദം ആരംഭിച്ചു: 2 “അഗ്രിപ്പാരാജാവേ, യെഹൂദരുടെ എല്ലാ ആരോപണങ്ങൾക്കുമെതിരായി, അങ്ങയുടെമുമ്പിൽ നിന്നുകൊണ്ട് പ്രതിവാദം നടത്താൻ ഇന്ന് എനിക്ക് അവസരം ലഭിച്ചതിൽ, ഞാൻ എന്നെത്തന്നെ ഭാഗ്യവാൻ എന്നു കരുതുന്നു. 3 പ്രത്യേകിച്ചു യെഹൂദരുടെ ആചാരങ്ങളെക്കുറിച്ചും അവരുടെ മധ്യേയുള്ള തർക്കവിതർക്കങ്ങളെക്കുറിച്ചും അങ്ങ് വളരെ പരിചിതനാണല്ലോ. ആകയാൽ എനിക്കു പറയാനുള്ളതു ക്ഷമയോടെ കേൾക്കണമെന്നു ഞാൻ താഴ്മയായി അപേക്ഷിക്കുന്നു.

4 “ജീവിതാരംഭംമുതൽ, ബാല്യത്തിൽ സ്വദേശത്തിലും തുടർന്ന് ജെറുശലേമിലും ഞാൻ ഏതുവിധമാണ് ജീവിച്ചുപോന്നിട്ടുള്ളത് എന്ന് എല്ലാ യെഹൂദർക്കും അറിവുള്ളതാണ്. 5 ഒരു പരീശനായി, ഞങ്ങളുടെ മതത്തിൽ ഏറ്റവുമധികം നിഷ്ഠ പുലർത്തുന്ന വിഭാഗത്തിലാണ് ഞാൻ ജീവിച്ചത്. ദീർഘകാലമായി എന്നെ അറിയുന്ന യെഹൂദർ മനസ്സുവെച്ചാൽ എന്നെക്കുറിച്ചു സാക്ഷ്യം പറയാൻകഴിയും. 6 ദൈവം ഞങ്ങളുടെ പിതാക്കന്മാർക്കു നൽകിയ വാഗ്ദാനത്തിലുള്ള എന്റെ പ്രത്യാശയാണ് ഞാൻ ഇന്നു വിസ്തരിക്കപ്പെടാനുള്ള കാരണം. 7 ഞങ്ങളുടെ പന്ത്രണ്ട് ഗോത്രങ്ങളും രാപകൽ ശ്രദ്ധയോടെ ദൈവത്തെ ആരാധിച്ചുപോരുന്നത് ഈ വാഗ്ദാനം പ്രാപിക്കാമെന്ന പ്രത്യാശയോടെയാണ്. അല്ലയോ രാജാവേ, ഈ പ്രത്യാശനിമിത്തമാണ് യെഹൂദർ എന്റെമേൽ കുറ്റം ചുമത്തുന്നത്. 8 ദൈവം മരിച്ചവരെ ഉയിർപ്പിക്കുന്നു എന്നതു വിശ്വാസയോഗ്യമല്ല എന്നു നിങ്ങൾക്കു തോന്നാൻ കാരണം എന്ത്?

9 “നസറായനായ യേശുവിന്റെ നാമത്തിനു വിരോധമായി എന്നാൽ കഴിവതെല്ലാം ചെയ്യണമെന്ന് ഞാനും ചിന്തിച്ചിരുന്നു; 10 ജെറുശലേമിൽ ഞാൻ ചെയ്തതും അതുതന്നെ. പുരോഹിതമുഖ്യന്മാരുടെ അധികാരപത്രം വാങ്ങി ഞാൻ അനേകം വിശുദ്ധരെ തടവിലാക്കുകയും, അവരെ നിഗ്രഹിക്കുന്നതിന് എന്റെ സമ്മതം നൽകുകയും ചെയ്തിട്ടുണ്ട്. 11 ഞാൻ പലതവണ യെഹൂദപ്പള്ളികൾതോറും ചെന്ന് അവരെ ശിക്ഷിക്കുകയും ദൈവദൂഷണം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു. അവർക്കെതിരേയുള്ള കോപം തലയ്ക്കു പിടിച്ചിട്ട്, അവരെ പീഡിപ്പിക്കാനായി ഞാൻ വിദേശനഗരങ്ങളിലും പോയിരുന്നു.

12 “അങ്ങനെയുള്ള ഒരു യാത്രയിൽ, ഞാൻ പുരോഹിതമുഖ്യന്മാരിൽനിന്ന് അധികാരവും ആജ്ഞയും വാങ്ങി ദമസ്കോസിലേക്കു പോകുകയായിരുന്നു. 13 അല്ലയോ രാജാവേ, ഉച്ചയോടടുത്ത സമയം, ഞാൻ വഴിയിലൂടെ പോകുമ്പോൾ ആകാശത്തുനിന്നു സൂര്യനെക്കാൾ ഉജ്ജ്വലമായ ഒരു പ്രകാശം എന്റെയും എന്റെ സഹയാത്രികരുടെയും ചുറ്റും മിന്നുന്നതുകണ്ടു. 14 ഞങ്ങളെല്ലാവരും നിലത്തു വീണുപോയി; ‘ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്ത്? ആണിയിൽ തൊഴിക്കുന്നതു നിനക്കു ഹാനികരമാണ്,’ എന്ന് എബ്രായഭാഷയിൽ പറയുന്ന ഒരു അശരീരി ഞാൻ കേട്ടു.

15 “അപ്പോൾ ഞാൻ, ‘അങ്ങ് ആരാകുന്നു, കർത്താവേ?’ എന്നു ചോദിച്ചു.

“ ‘നീ ഉപദ്രവിക്കുന്ന യേശുവാണു ഞാൻ,’ കർത്താവ് ഉത്തരം പറഞ്ഞു. 16 ‘നീ എഴുന്നേറ്റു നിവർന്നുനിൽക്കുക; നീ എന്നെക്കുറിച്ചു കണ്ടതിനും ഇനി നിനക്കു കാണിച്ചുതരാനുള്ളതിനും നിന്നെ ഒരു ശുശ്രൂഷകനും സാക്ഷിയുമാക്കേണ്ടതിനാണു ഞാൻ പ്രത്യക്ഷനായത്. 17 നിന്റെ സ്വജനത്തിൽനിന്നും സ്വജനം അല്ലാത്തവരിൽനിന്നും ഞാൻ നിന്നെ രക്ഷിക്കും. 18 അവരുടെ കണ്ണുകൾ തുറക്കാനും അവരെ ഇരുട്ടിൽനിന്ന് പ്രകാശത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്ന് ദൈവത്തിലേക്കും തിരിക്കാനും, അങ്ങനെ എന്നിലുള്ള വിശ്വാസത്താൽ അവർക്കു പാപക്ഷമയും വിശുദ്ധീകരിക്കപ്പെടുന്നവരുടെ ഇടയിൽ സ്ഥാനവും ലഭിക്കാനും ഞാൻ നിന്നെ അവരുടെ അടുത്തേക്കയയ്ക്കുന്നു.’

19 “അതുകൊണ്ട് അഗ്രിപ്പാരാജാവേ, ഞാൻ സ്വർഗീയദർശനത്തോട് അനുസരണക്കേടുകാണിച്ചില്ല. 20 ഒന്നാമത് ദമസ്കോസിലുള്ളവരോടും പിന്നെ ജെറുശലേംനഗരത്തിലും യെഹൂദ്യപ്രദേശത്തെങ്ങുമുള്ളവരോടും തുടർന്ന് യെഹൂദേതരരോടും അവർ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയണമെന്നും, അവരുടെ മാനസാന്തരം പ്രവൃത്തികളിലൂടെ തെളിയിക്കണമെന്നും ഞാൻ പ്രസംഗിച്ചു. 21 ഇതാണ് യെഹൂദന്മാർ ദൈവാലയാങ്കണത്തിൽവെച്ച് എന്നെ പിടിച്ചു കൊല്ലാൻ ശ്രമിച്ചതിന് കാരണമായത്. 22 ഈ ദിവസംവരെ ദൈവത്തിൽനിന്ന് സഹായം ലഭിച്ചതിനാൽ ഇവിടെ നിന്നുകൊണ്ട് ചെറിയവരോടും വലിയവരോടും ഒരുപോലെ സാക്ഷ്യം പറയുന്നു. 23 ക്രിസ്തു കഷ്ടമനുഭവിക്കുമെന്നും മരിച്ചവരിൽനിന്ന് ആദ്യനായി ഉയിർത്തെഴുന്നേറ്റ് സ്വന്തം ജനമായ യെഹൂദർക്കും ഇതരർക്കും പ്രകാശം വിളംബരംചെയ്യുമെന്നും ആണ് ഈ സന്ദേശം. ഭാവിയിൽ സംഭവിക്കുമെന്ന് മോശയും മറ്റു പ്രവാചകന്മാരും പറഞ്ഞതിനപ്പുറമായി ഒന്നുംതന്നെ ഞാൻ പറയുന്നില്ല.”

24 പൗലോസ് ഇങ്ങനെ പ്രതിവാദിച്ചുകൊണ്ടിരിക്കുമ്പോൾ ഫെസ്തൊസ് ഉച്ചത്തിൽ പറഞ്ഞു, “പൗലോസേ, നിനക്കു ഭ്രാന്താണ്. നിന്റെ വിദ്യാബഹുത്വം നിന്നെ ഭ്രാന്തനാക്കിയിരിക്കുന്നു.”

25 അതിനു പൗലോസ്: “ബഹുമാന്യനായ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല; ഞാൻ പറയുന്നത് സത്യവും യുക്തിസഹവുമാണ്. 26 രാജാവിന് ഈ കാര്യങ്ങൾ നന്നായി അറിയാവുന്നതുകൊണ്ട്, എനിക്ക് അദ്ദേഹത്തോടു സ്വതന്ത്രമായി സംസാരിക്കാം. ഇത് ഏതോ ഒരു കോണിൽ നടന്ന കാര്യമല്ല. അതുകൊണ്ട് ഇത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടാതെ പോയിട്ടില്ല എന്ന് എനിക്കുറപ്പുണ്ട്. 27 അഗ്രിപ്പാരാജാവേ, അങ്ങു പ്രവാചകന്മാരെ വിശ്വസിക്കുന്നോ? വിശ്വസിക്കുന്നെന്ന് എനിക്കറിയാം.”

28 അപ്പോൾ അഗ്രിപ്പാ പൗലോസിനോട്, “ഈ അൽപ്പസമയത്തിനുള്ളിൽ എന്നെ ഒരു ക്രിസ്ത്യാനിയാക്കാമെന്നാണോ നീ ചിന്തിക്കുന്നത്?” എന്നു ചോദിച്ചു.

29 അതിനു പൗലോസ്, “അൽപ്പസമയത്തിനുള്ളിലോ അധികസമയത്തിനുള്ളിലോ, എങ്ങനെയായാലും, അങ്ങുമാത്രമല്ല, ഇന്ന് എന്റെ വാക്കു കേൾക്കുന്ന എല്ലാവരും, ഈ ചങ്ങലയൊഴികെ, മറ്റെല്ലാറ്റിലും എന്നെപ്പോലെയായിത്തീരണം എന്നു ഞാൻ ദൈവത്തോടു പ്രാർഥിക്കുന്നു” എന്നു മറുപടി പറഞ്ഞു.

30 രാജാവും ഭരണാധികാരിയും ബർന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു. 31 അവർ മുറി വിട്ടുപോകുമ്പോൾ, “ഈ മനുഷ്യൻ മരണത്തിനോ തടവിനോ അർഹമായതൊന്നും ചെയ്തിട്ടില്ല” എന്നു പരസ്പരം പറഞ്ഞു.

32 അഗ്രിപ്പാ ഫെസ്തൊസിനോട്, “ഇയാൾ കൈസറുടെമുമ്പാകെ മേൽവിചാരണയ്ക് അപേക്ഷിച്ചിട്ടില്ലായിരുന്നെങ്കിൽ ഇയാളെ വിട്ടയയ്ക്കാമായിരുന്നു” എന്നു പറഞ്ഞു.

പൗലോസിനെ ഒരു ശതാധിപന് കൈമാറുന്നു

പൗലോസിനെ തടവുകാരനായി ശതാധിപന് കൈമാറുന്നു; അതിനാൽ പതിവുപോലെ അന്ത്യോക്യയിലേക്കു മടങ്ങി ഈ യാത്ര പൂർത്തിയാക്കാൻ അദ്ദേഹത്തിനു കഴിയാതെ വരുന്നു.

അപ്പൊ.പ്രവൃത്തികൾ 27:1

1 കടൽമാർഗം യാത്രചെയ്താണ് ഞങ്ങൾ ഇറ്റലിയിലേക്കു പോകേണ്ടത് എന്നു തീരുമാനമായപ്പോൾ അവർ പൗലോസിനെയും മറ്റുചില തടവുകാരെയും ചക്രവർത്തിയുടെ സേനാവിഭാഗത്തിൽപ്പെട്ട, യൂലിയൊസ് എന്ന ശതാധിപനെ ഏൽപ്പിച്ചു.