യെഹെസ്കേൽ ഫറവോനും ഈജിപ്റ്റിനും എതിരായി പ്രവചിക്കുന്നു
ഈജിപ്റ്റിനെതിരായ ഒരു പ്രവചനം.
ക്രി.മു. 589
Biblica® Open Malayalam Contemporary Version™ (OMCV)
1 പത്താംവർഷം പത്താംമാസം പന്ത്രണ്ടാംതീയതി, യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 2 “മനുഷ്യപുത്രാ, നിന്റെ മുഖം ഈജിപ്റ്റുരാജാവായ ഫറവോനെതിരേ തിരിച്ച് അദ്ദേഹത്തിനും മുഴുവൻ ഈജിപ്റ്റിനും എതിരായി പ്രവചിക്കുക. 3 അവനോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘ഈജിപ്റ്റുരാജാവായ ഫറവോനേ, ഞാൻ നിനക്ക് എതിരാകുന്നു.
നദികളുടെ മധ്യത്തിൽ കിടക്കുന്ന മഹാഭീകരസത്വമേ,
“നൈൽനദി എനിക്കുള്ളത്;
ഞാൻ അതിനെ എനിക്കായി നിർമിച്ചു,” എന്നു നീ പറയുന്നല്ലോ.
4 എന്നാൽ ഞാൻ നിന്റെ താടിയെല്ലിൽ ചൂണ്ടൽ കൊളുത്തും;
നിന്റെ പ്രവാഹങ്ങളിലെ മത്സ്യങ്ങൾ നിന്റെ ചെതുമ്പലിൽ പറ്റിയിരിക്കാൻ ഇടയാക്കും.
നിന്റെ ചെതുമ്പലിൽ പറ്റിയിരിക്കുന്ന എല്ലാ മത്സ്യങ്ങളോടുംകൂടെ
ഞാൻ നിന്നെ നദിയിൽനിന്ന് വലിച്ചുകയറ്റും.
5 ഞാൻ നിന്നെ മരുഭൂമിയിൽ എറിഞ്ഞുകളയും,
നിന്നെയും നിന്റെ നദിയിലെ സകലമത്സ്യങ്ങളെയുംതന്നെ.
നീ തുറസ്സായസ്ഥലത്തു വീണുപോകും,
ആരും നിന്നെ ശേഖരിക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യുകയില്ല.
ഞാൻ നിന്നെ ഭൂമിയിലെ മൃഗങ്ങൾക്കും
ആകാശത്തിലെ പറവകൾക്കും ആഹാരമാക്കിത്തീർക്കും.
6 അപ്പോൾ ഈജിപ്റ്റിൽ വസിക്കുന്നവരെല്ലാം ഞാൻ യഹോവ ആകുന്നു എന്ന് അറിയും.
“ ‘ഇസ്രായേൽജനത്തിന് നീ ഒരു ഓടക്കോലായിട്ടാണല്ലോ ഇരുന്നത്. 7 അവർ കൈകൊണ്ടു നിന്നെ പിടിച്ചപ്പോൾ നീ പിളർത്തി അവരുടെ തോൾ കീറിക്കളഞ്ഞു. അവർ നിന്റെമേൽ ചാരിയപ്പോൾ നീ ഒടിയുകയും അവരുടെ നടുവെല്ലാം തകർന്നുപോകുകയും ചെയ്തു.
8 “ ‘അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെനേരേ വാൾ അയച്ച് നിന്നിലുള്ള മനുഷ്യരെയും ജന്തുക്കളെയും കൊന്നുകളയും. 9 ഈജിപ്റ്റ് ഒരു ശൂന്യമരുഭൂമിയായിത്തീരും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.
“ ‘കാരണം നീ പറഞ്ഞു, “നൈൽനദി എനിക്കുള്ളത്, ഞാൻ അതിനെ ഉണ്ടാക്കി,” 10 അതിനാൽ ഞാൻ നിനക്കും നിന്റെ നദികൾക്കും എതിരായിരിക്കും. ഞാൻ ഈജിപ്റ്റുദേശത്തെ മിഗ്ദോൽമുതൽ അസ്വാൻവരെയും കൂശിന്റെ അതിരുവരെയും ഒരു കുപ്പക്കുന്നും ശൂന്യഭൂമിയുമാക്കിത്തീർക്കും. 11 മനുഷ്യന്റെയോ മൃഗത്തിന്റെയോ കാൽ അതിൽ ചവിട്ടുകയില്ല. നാൽപ്പതുവർഷത്തേക്ക് അതിൽ ആരും പാർക്കുകയുമില്ല. 12 ഞാൻ ഈജിപ്റ്റുദേശത്തെ ശൂന്യദേശങ്ങളുടെ മധ്യേ ഒരു ശൂന്യദേശമാക്കിത്തീർക്കും; അവിടത്തെ പട്ടണങ്ങൾ നാൽപ്പതുവർഷത്തേക്ക് ശൂന്യനഗരങ്ങളുടെ മധ്യേ ശൂന്യമായിക്കിടക്കും; ഈജിപ്റ്റ് ദേശവാസികളെ ഞാൻ ദേശാന്തരങ്ങളിലായി വിവിധ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിക്കും.
13 “ ‘എങ്കിലും കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആ നാൽപ്പതുവർഷങ്ങൾക്കുശേഷം ഞാൻ ഈജിപ്റ്റുനിവാസികളെ അവർ ചിതറിക്കപ്പെട്ടിരുന്ന ദേശങ്ങളിൽനിന്ന് ശേഖരിക്കും. 14 ഞാൻ അവരെ പ്രവാസത്തിൽനിന്ന് അവരുടെ ജന്മദേശമായ പത്രോസിലേക്കു തിരികെവരുത്തും. അവിടെ അവർ ഒരു എളിയ രാജ്യമായിരിക്കും. 15 അതു രാജ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും എളിയ രാജ്യമായിരിക്കും; ഇനിയൊരിക്കലും അവർ മറ്റുരാജ്യങ്ങൾക്കുമേൽ തങ്ങളെത്തന്നെ ഉയർത്തുകയില്ല. 16 ഈജിപ്റ്റ് ഇനിയൊരിക്കലും ഇസ്രായേൽജനത്തിന് ആത്മവിശ്വാസം നൽകുന്ന ഒരു സമൂഹം ആകുകയില്ല; പ്രത്യുത തിരിഞ്ഞ് അവരെ നോക്കുമ്പോൾ തങ്ങളുടെ അകൃത്യത്തിന്റെ അനുസ്മരണമായി അവർ മാറും; അങ്ങനെ ഞാൻ കർത്താവായ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ”
യെഹെസ്കേൽ: അശ്ശൂരിനെപ്പോലെ ഈജിപ്റ്റും വീഴും ക്രി.മു. 588
ഈജിപ്റ്റിനെതിരായ ഒരു പ്രവചനം.
20 പതിനൊന്നാംവർഷം ഒന്നാംമാസം ഏഴാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 21 “മനുഷ്യപുത്രാ, ഞാൻ ഈജിപ്റ്റുരാജാവായ ഫറവോന്റെ ഭുജം ഒടിച്ചിരിക്കുന്നു; അതിനെ ഭേദമാക്കാൻ വെച്ചുകെട്ടുകയോ ഒരു വാൾ പിടിക്കാൻ തക്കവണ്ണം ശക്തിലഭിക്കേണ്ടതിന് ചികിത്സിക്കുകയോ ചെയ്യുകയില്ല. 22 അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈജിപ്റ്റുരാജാവായ ഫറവോന് ഞാൻ എതിരായിരിക്കുന്നു. ഞാൻ അവന്റെ രണ്ടു ഭുജങ്ങളെയും—സൗഖ്യമുള്ള ഭുജത്തെയും ഒടിഞ്ഞതിനെയും തന്നെ—ഒടിച്ചുകളയും; അവന്റെ കൈയിലെ വാൾ ഞാൻ വീഴിച്ചുകളയും. 23 ഈജിപ്റ്റുകാരെ ഞാൻ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ച് അവരെ രാജ്യങ്ങളിലൂടെ ഛിന്നിച്ചുകളയും. 24 ഞാൻ ബാബേൽരാജാവിന്റെ കരങ്ങളെ ബലപ്പെടുത്തി എന്റെ വാൾ അവന്റെ കൈയിൽ കൊടുക്കും; ഫറവോന്റെ ഭുജങ്ങളെ ഞാൻ ഒടിച്ചുകളയും; മാരകമായി മുറിവേറ്റ ഒരുത്തനെപ്പോലെ അവൻ അയാളുടെമുമ്പിൽ ഞരങ്ങും. 25 ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ശക്തിപ്പെടുത്തും; എന്നാൽ ഫറവോന്റെ ഭുജങ്ങൾ തളർന്നുവീഴും. ഞാൻ എന്റെ വാൾ ബാബേൽരാജാവിന്റെ കൈയിൽ കൊടുക്കുകയും അവൻ അതിനെ ഈജിപ്റ്റിന്റെ നേരേ നീട്ടുകയും ചെയ്യുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും. 26 ഞാൻ ഈജിപ്റ്റുകാരെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിക്കുകയും രാജ്യങ്ങളിൽ ഛിന്നിച്ചുകളയും ചെയ്യും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.”
31:1 പതിനൊന്നാംവർഷം മൂന്നാംമാസം ഒന്നാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 2 “മനുഷ്യപുത്രാ, ഈജിപ്റ്റുരാജാവായ ഫറവോനോടും അവന്റെ കവർച്ചസംഘത്തോടും നീ ഇപ്രകാരം പറയുക:
“ ‘പ്രതാപത്തിൽ ആരോടാണ് നിന്നെ തുലനംചെയ്യാൻ കഴിയുക?
3 ലെബാനോനിലെ ദേവദാരുവെപ്പോലെ ആയിരുന്ന അശ്ശൂരിനെപ്പറ്റി ചിന്തിക്കുക,
അതിന്റെ മനോഹരമായ ശാഖകൾ വനത്തിനുമീതേ പടർന്നുപന്തലിച്ചു തണലായിനിന്നു;
അതിന്റെ തിങ്ങിനിറഞ്ഞ പച്ചിലച്ചാർത്ത്
മുകളിൽ ആകാശചുംബികളായിരുന്നു.
4 വെള്ളം അതിനെ സമ്പുഷ്ടമാക്കി,
ആഴമുള്ള ഉറവുകൾ അതിനെ വളർന്നുയരാൻ സഹായിച്ചു;
അരുവികൾ അതിന്റെ
തടത്തിനു ചുറ്റും ഒഴുകി,
അവയുടെ ചാലുകൾ വയലിലെ
എല്ലാ വൃക്ഷങ്ങളുടെയും അടുക്കൽ വന്നുചേർന്നു.
5 അങ്ങനെ വയലിലെ എല്ലാ വൃക്ഷങ്ങൾക്കും
മകുടമാകുമാറ് അതു പൊക്കത്തിൽ തഴച്ചുവളർന്നു;
അതിന്റെ ശിഖരങ്ങൾ വർധിച്ചു,
ശാഖകൾ നീണ്ടുവളർന്നു,
ജലസമൃദ്ധിനിമിത്തം അവ പന്തലിച്ചു.
6 ആകാശത്തിലെ സകലപറവകളും
അതിന്റെ ശാഖകളിൽ കൂടുവെച്ചു;
വയലിലെ എല്ലാ മൃഗങ്ങളും
അതിന്റെ ശാഖകൾക്കു കീഴിൽ പെറ്റുപെരുകി,
വലിയ ജനതകളെല്ലാം
അതിന്റെ തണലിൽ ജീവിച്ചു.
7 പടർന്നുപന്തലിച്ച ശാഖകളോടെ
സമൃദ്ധമായ ജലധാരകളിലേക്ക്
അതിന്റെ വേരുകൾ ഇറങ്ങിച്ചെന്നതിനാൽ
അതു സൗന്ദര്യപ്രതാപിയായിത്തീർന്നു.
8 ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കൾ
അതിനു തുല്യമായിരുന്നില്ല,
സരളമരങ്ങൾ അതിന്റെ
ശാഖകൾക്കു തുല്യമായിരുന്നില്ല,
അരിഞ്ഞിൽമരങ്ങളും
അതിന്റെ ചില്ലകളോടു കിടപിടിച്ചില്ല.
ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷത്തിനും
അതിനോളം ഭംഗി ഉണ്ടായിരുന്നില്ല.
9 സമൃദ്ധമായ ശാഖാപടലത്തോടുകൂടി
ഞാൻ അതിനെ മനോഹരമാക്കിത്തീർത്തു,
ദൈവത്തിന്റെ തോട്ടമായ ഏദെനിലെ എല്ലാവൃക്ഷങ്ങളും
അതിനോട് അസൂയപ്പെട്ടിരുന്നു.
10 “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: പടർന്ന് തിങ്ങിനിറഞ്ഞ പച്ചിലച്ചാർത്തിനുമീതേ അത് ഉയർന്നിരുന്നതുകൊണ്ടും തന്റെ ഉയരത്തെപ്പറ്റി അതു നിഗളിച്ചിരുന്നതുകൊണ്ടും, 11 ജനതകളുടെ ഭരണാധിപൻ തന്റെ ദുഷ്ടതയ്ക്ക് അനുസൃതമായി കൈകാര്യംചെയ്യാൻ ഞാൻ അതിനെ ഏൽപ്പിച്ചുകൊടുത്തു. ഞാൻ അതിനെ ഉപേക്ഷിച്ചുകളഞ്ഞു. 12 വൈദേശിക ജനതകളിൽ ഏറ്റവും ക്രൂരരായവർ അതിനെ വെട്ടിമറിച്ചിട്ടു. അതിന്റെ ശാഖകൾ പർവതങ്ങൾക്കും താഴ്വരകൾക്കും മുകളിൽ വീണുകിടന്നു. അതിന്റെ ശിഖരങ്ങൾ ദേശത്തുള്ള എല്ലാ മലയിടുക്കുകളിലും ഒടിഞ്ഞുകിടന്നു. ലോകത്തിലെ ജനതകളെല്ലാം അതിന്റെ തണലിൽനിന്നു വിട്ടുപോയി. 13 ആകാശത്തിലെ പറവകളെല്ലാം വീണുകിടന്ന വൃക്ഷശാഖകളിൽ താമസമുറപ്പിച്ചു. എല്ലാ വന്യമൃഗങ്ങളും ശാഖകൾക്കിടയിൽ വന്നുചേർന്നു. 14 അതിനാൽ വെള്ളത്തിനരികെയുള്ള മറ്റൊരുവൃക്ഷവും ആകാശത്തിലേക്ക് അതിന്റെ അഗ്രം നീട്ടുകയില്ല; ഇലച്ചാർത്തിനുപരി ഉയരുകയില്ല. മതിയായി വെള്ളംകിട്ടിയ മറ്റൊരു വൃക്ഷത്തിനും ഇനി ഇത്രയും ഉയരം ഉണ്ടാകുകയില്ല. അവയെല്ലാം മനുഷ്യരുടെ ഇടയിൽ പാതാളത്തിലേക്ക് ഇറങ്ങുന്നവരോടൊപ്പംതന്നെ ഭൂമിയുടെ അധോഭാഗത്ത് മരണത്തിനേൽപ്പിക്കപ്പെട്ടിരിക്കുന്നു.
15 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അത് പാതാളത്തിലേക്ക് ഇറങ്ങിപ്പോയ ദിവസത്തിൽ അതിനുവേണ്ടി വിലപിച്ചുകൊണ്ട് ആഴത്തിലുള്ള ഉറവുകൾ അടച്ചുകളഞ്ഞു, ഞാൻ അതിന്റെ അരുവികളെ തടഞ്ഞുനിർത്തി; അതിന്റെ സമൃദ്ധമായ ജലത്തിനു നിയന്ത്രണംവന്നു. അതുകൊണ്ട് ലെബാനോനെ ഞാൻ ഇരുട്ട് ഉടുപ്പിച്ചു, വയലിലെ സകലവൃക്ഷങ്ങളും വാടുകയും ചെയ്തു. 16 കുഴിയിൽ ഇറങ്ങുന്നവരോടൊപ്പം ഞാൻ അതിനെ പാതാളത്തിൽ തള്ളിയിട്ടപ്പോൾ അതിന്റെ വീഴ്ചയുടെ ശബ്ദത്താൽ ജനതകൾ ഭയന്നുവിറയ്ക്കാൻ ഞാൻ ഇടയാക്കി. ആ സമയത്ത് ഏദെനിലെ സകലവൃക്ഷങ്ങളും, ലെബാനോനിലെ അതിശ്രേഷ്ഠവും അത്യുത്തമവുമായ വൃക്ഷങ്ങളെല്ലാംതന്നെയും, മതിയായി വെള്ളംകിട്ടിയിരുന്ന സകലവൃക്ഷങ്ങളും താഴേ ഭൂമിയിൽ ആശ്വാസം പ്രാപിച്ചു. 17 അവരും ആ മഹാ ദേവതാരുവൃക്ഷത്തെപ്പോലെ പാതാളത്തിലേക്ക്, വാളാൽ നിഹതന്മാരായവരുടെ അടുത്തേക്ക്, അതിന്റെ തണലിൽ ജനതകളുടെ മധ്യേ ആയുധധാരികളോടൊപ്പം വസിച്ചിരുന്നവരുടെ അടുത്തേക്കുതന്നെ ഇറങ്ങിപ്പോയി.
18 “ ‘ഏദെനിലെ ഏതു വൃക്ഷങ്ങളാണ് ശോഭയിലും പ്രതാപത്തിലും നിന്നോടു തുലനംചെയ്യാൻ കഴിയുമായിരുന്നത്? എങ്കിലും നീയും ഏദെനിലെ വൃക്ഷങ്ങളോടുകൂടെ ഭൂമിയുടെ അധോഭാഗത്തേക്ക് ഇറങ്ങിപ്പോകും. വാളാൽ കൊല്ലപ്പെട്ട, പരിച്ഛേദനം ഏൽക്കാത്തവരോടൊപ്പം നീയും നിപതിക്കും.
“ ‘ഇതു ഫറവോനും അവന്റെ കവർച്ചസംഘവുംതന്നെ എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’ ”