യെഹെസ്കേൽ: ഈജിപ്റ്റ് കുഴിയിലേക്ക് ഇറങ്ങുന്നു
ഈജിപ്റ്റിനെതിരായ ഒരു പ്രവചനം.
ക്രി.മു. 587
Biblica® Open Malayalam Contemporary Version™ (OMCV)
17 പന്ത്രണ്ടാംവർഷം ആ മാസം, പതിനഞ്ചാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 18 “മനുഷ്യപുത്രാ, ഈജിപ്റ്റിലെ കവർച്ചസംഘത്തെപ്പറ്റി വിലപിച്ച് അവരെയും ശക്തരായ രാഷ്ട്രങ്ങളുടെ പുത്രിമാരെയും കുഴിയിൽ ഇറങ്ങുന്നവരോടൊപ്പം ഭൂമിയുടെ അധോഭാഗങ്ങളിലേക്കു തള്ളിയിടുക. 19 അവരോടു പറയുക: ‘നിങ്ങൾ മറ്റാരെക്കാൾ ആകർഷണീയരായിരിക്കുന്നു? ഇറങ്ങിച്ചെന്ന് പരിച്ഛേദനം ഏൽക്കാത്തവരുടെ കൂട്ടത്തിൽ കിടക്കുക.’ 20 വാളാൽ കൊല്ലപ്പെട്ടവരുടെ നടുവിൽ അവർ വീഴും. വാൾ അവൾക്കെതിരേ ഊരപ്പെട്ടിരിക്കുന്നു; അവളെയും അവളുടെ കവർച്ചസംഘങ്ങളെയും അതിലേക്കു വലിച്ചിഴച്ചുകൊണ്ടുപോകുക. 21 പാതാളത്തിന്റെ മധ്യത്തിൽനിന്ന് അവരുടെ ശക്തരായ നേതാക്കന്മാർ ഈജിപ്റ്റിനെയും അവളുടെ സഹായികളെയുംപറ്റി ഇപ്രകാരം പറയും: ‘അവർ ഇറങ്ങിവന്ന് വാളാൽ കൊല്ലപ്പെട്ട, പരിച്ഛേദനം ഏൽക്കാത്തവരോടൊപ്പം ഇവിടെ കിടക്കുന്നു.’
22 “അശ്ശൂർ അവളുടെ സർവസൈന്യത്തോടുംകൂടെ അവിടെയുണ്ട്; അവളുടെ സകലനിഹതന്മാരും അവൾക്കുചുറ്റും കല്ലറകളിലുണ്ട്; വാളേറ്റുവീണ എല്ലാവരുംതന്നെ. 23 അവരുടെ ശവക്കുഴികൾ പാതാളത്തിന്റെ അഗാധതയിലാണ്; അവളുടെ സൈന്യം ആ ശവക്കുഴിക്കു ചുറ്റുമായിക്കിടക്കുന്നു. ജീവനുള്ളവരുടെ ദേശത്ത് ഭീതിപരത്തിയവരെല്ലാം വാളാൽ വധിക്കപ്പെട്ട് വീണിരിക്കുന്നു.
24 “ഏലാം അവിടെയുണ്ട്; അവളുടെ കവർച്ചസംഘങ്ങളും അവൾക്കുചുറ്റുമായി കാണാം. അവരെല്ലാം വാളാൽ കൊന്നുവീഴ്ത്തപ്പെട്ടിരിക്കുന്നു. ജീവനുള്ളവരുടെ ദേശത്തു ഭീതിപരത്തിയവരെല്ലാം പരിച്ഛേദനം ഏൽക്കാത്തവരായി അധോലോകത്തിലേക്ക് ഇറങ്ങിച്ചെന്നിരിക്കുന്നു. കുഴിയിൽ ഇറങ്ങുന്നവരോടൊപ്പം അവർ തങ്ങളുടെ ലജ്ജ വഹിക്കുന്നു. 25 നിഹതന്മാരുടെ മധ്യേ അവൾക്കായി ഒരു കിടക്ക ഒരുക്കിയിരിക്കുന്നു; അവളുടെ കവർച്ചസംഘമെല്ലാം അവളുടെ ശവക്കുഴിക്കുചുറ്റുമുണ്ട്; അവരെല്ലാം അപരിച്ഛേദിതരും വാളാൽ കൊല്ലപ്പെട്ടവരുമത്രേ. അവരെക്കുറിച്ചുള്ള ഭീതി ജീവനുള്ളവരുടെ ദേശത്തു പരന്നതിനാൽ കുഴിയിൽ ഇറങ്ങുന്നവരോടൊപ്പം അവർ ലജ്ജ വഹിക്കുന്നു. നിഹതന്മാർക്കിടയിൽ അവരെ കിടത്തിയിരിക്കുന്നു.
26 “മേശെക്കും തൂബാലും അവിടെയുണ്ട്. അവരുടെ കവർച്ചസംഘമെല്ലാം അവരുടെ ശവക്കുഴിക്കുചുറ്റുമുണ്ട്. അവരെല്ലാം അപരിച്ഛേദിതരാണ്. ജീവനുള്ളവരുടെ ദേശത്ത് ഭീതി പരത്തുകയാൽ കൊല്ലപ്പെട്ടവരാണ് അവർ. 27 വീണുപോയവരും തങ്ങളുടെ ആയുധങ്ങളുമായി പാതാളത്തിലേക്ക് ഇറങ്ങിച്ചെന്നവരും തങ്ങളുടെ വാളുകൾ സ്വന്തം തലയ്ക്കുകീഴേയും പരിചകൾ അവരുടെ അസ്ഥിക്കുമീതേയും വെച്ചിട്ടുള്ളവരുമായ പുരാതന യോദ്ധാക്കൾക്കൊപ്പം ഇവരും അവിടെ കിടക്കേണ്ടതല്ലേ? ഈ യുദ്ധവീരന്മാരെക്കുറിച്ചുള്ള ഭീതി ജീവനുള്ളവരുടെ ദേശത്തു വ്യാപിച്ചിരിക്കുന്നു.
28 “ഫറവോനേ, നീയും പരിച്ഛേദനം ഏൽക്കാത്തവരോടൊപ്പം തകർന്നുപോകുകയും വാളാൽ കൊല്ലപ്പെട്ടവരുടെ ഇടയിൽ കിടക്കുകയും ചെയ്യും.
29 “ഏദോം അവിടെയുണ്ട്; അവളുടെ രാജാക്കന്മാരും പ്രഭുക്കന്മാരുംതന്നെ. അവർ ശക്തരായിരുന്നിട്ടും വാളാൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ കിടക്കുന്ന; അപരിച്ഛേദിതരും കുഴിയിൽ ഇറങ്ങുന്നവരുമായവരോടുകൂടെ അവർ കിടക്കുന്നു.
30 “ഉത്തരദേശത്തെ സകലപ്രഭുക്കന്മാരും എല്ലാ സീദോന്യരും അവിടെയുണ്ട്; അവരുടെ ശക്തിമൂലം അവർ ഭീതി പരത്തിയെങ്കിലും അവർ ലജ്ജിതരായി നിഹതന്മാരോടൊപ്പം ഇറങ്ങിപ്പോയി. വാളാൽ നിഹതന്മാരായവരോടൊപ്പം അപരിച്ഛേദിതരായി അവർ കിടക്കുന്നു. കുഴിയിലേക്കിറങ്ങുന്നവരോടുകൂടെ തങ്ങളുടെ ലജ്ജയെ അവർ വഹിക്കുകയുംചെയ്യുന്നു.
31 “ഫറവോനും അവന്റെ സകലസൈന്യവും അവരെ കാണും. വാൾകൊണ്ടു കൊല്ലപ്പെട്ട തന്റെ കവർച്ചസംഘത്തെപ്പറ്റി അവന് ആശ്വാസം ലഭിക്കുമെന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. 32 ജീവനുള്ളവരുടെ ദേശത്ത് ഞാനാണല്ലോ ഭീതിപരത്തിയത്. അങ്ങനെ ഫറവോനും അവന്റെ കവർച്ചസംഘംമുഴുവനും വാളാൽ കൊല്ലപ്പെട്ട അപരിച്ഛേദിതരുടെ മധ്യത്തിൽ കിടക്കുമെന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.”
ബാബേലിലെ പ്രവാസികളോടുള്ള അഭ്യർഥന
1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 2 “മനുഷ്യപുത്രാ, നിന്റെ ദേശക്കാരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ ഒരു ദേശത്തിനെതിരേ വാൾ വരുത്തുമ്പോൾ ആ ദേശവാസികൾ അവരുടെ കൂട്ടത്തിൽനിന്ന് ഒരാളെ തെരഞ്ഞെടുത്തു കാവൽക്കാരനാക്കിവെക്കുന്നപക്ഷം, 3 ദേശത്തിനെതിരേ വാൾ വരുന്നതുകണ്ടിട്ട് ജനത്തിനു മുന്നറിയിപ്പു നൽകാൻ അവൻ കാഹളം ഊതുമ്പോൾ, 4 അവർ കാഹളശബ്ദം കേട്ടിട്ടും മുന്നറിയിപ്പ് ഗൗനിക്കാതിരിക്കുകയുംചെയ്തിട്ടു വാൾ വന്ന് അവരുടെ ജീവൻ എടുക്കുകയും ചെയ്യുമെങ്കിൽ, അവരുടെ രക്തം അവരുടെ തലമേൽത്തന്നെ ഇരിക്കും. 5 അവർ കാഹളശബ്ദം കേട്ടിട്ട് അതു ഗൗനിക്കാതിരിക്കുകയാൽ അവരുടെ രക്തം അവരുടെ തലമേൽത്തന്നെ ഇരിക്കും; അവർ അതു ഗൗനിച്ചിരുന്നെങ്കിൽ സ്വന്തം ജീവൻ രക്ഷിക്കുമായിരുന്നു. 6 എന്നാൽ കാവൽക്കാരൻ വാൾ വരുന്നതുകണ്ടിട്ട് ജനത്തിനു മുന്നറിയിപ്പു നൽകുന്നതിനു കാഹളം ധ്വനിപ്പിക്കാതെയിരുന്നാൽ വാൾ വന്ന് അവരിൽ ഒരുവന്റെ ജീവൻ നഷ്ടപ്പെടുന്നപക്ഷം, ആ മനുഷ്യൻ തന്റെ പാപംനിമിത്തം മരണമടയുന്നുവെങ്കിലും ഞാൻ കാവൽക്കാരനെ അവന്റെ രക്തത്തിന് ഉത്തരവാദിയായി പരിഗണിക്കും.’
7 “മനുഷ്യപുത്രാ, ഞാൻ നിന്നെ ഇസ്രായേൽജനത്തിന് ഒരു കാവൽക്കാരനായി നിയമിച്ചിരിക്കുന്നു; അതിനാൽ ഞാൻ അരുളിച്ചെയ്യുന്ന വചനം കേട്ട് അവർക്ക് എന്റെ നാമത്തിൽ മുന്നറിയിപ്പു നൽകുക. 8 ദുഷ്ടരോട്: ‘ദുഷ്ടരേ, നിങ്ങൾ നിശ്ചയമായും മരിക്കും,’ എന്നു ഞാൻ കൽപ്പിക്കുമ്പോൾ അവരുടെ ദുഷ്ടജീവിതരീതിയിൽനിന്ന് അവരെ പിന്തിരിപ്പിക്കാനായി നീ അവരെ പ്രബോധിപ്പിക്കാതെയിരുന്നാൽ, ദുഷ്ടർ തങ്ങളുടെ പാപംനിമിത്തം മരിക്കും; അവരുടെ രക്തത്തിന് ഉത്തരവാദി നീ ആയിരിക്കും. 9 എന്നാൽ, നീ ദുഷ്ടരോട് അവരുടെ ദുഷ്ടവഴികൾ വിട്ടുതിരിയാൻ താക്കീതു നൽകുകയും അവർ അതനുസരിച്ച് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അവർ തങ്ങളുടെ പാപത്തിൽ മരിക്കും, നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കും.
10 “മനുഷ്യപുത്രാ, ഇസ്രായേൽജനത്തോടു നീ ഇപ്രകാരം പറയണം: ‘ “ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും ഞങ്ങളുടെമേൽ ഇരിക്കുന്നു; അവനിമിത്തം ഞങ്ങൾ ക്ഷയിച്ചുപോകുന്നു. ഞങ്ങൾക്ക് എങ്ങനെ ജീവിക്കാൻ കഴിയും?” എന്നു നിങ്ങൾ പറയുന്നുവല്ലോ. 11 ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ദുഷ്ടരുടെ മരണം ഞാൻ ഇഷ്ടപ്പെടുന്നില്ല; അവർ തങ്ങളുടെ വഴികൾ വിട്ടുതിരിഞ്ഞ് ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം. തിരിയുക, നിങ്ങളുടെ ദുഷ്ടവഴികൾ വിട്ടുതിരിയുക. ഇസ്രായേൽഗൃഹമേ, നിങ്ങൾ എന്തിനു മരിക്കുന്നു? എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു,’ എന്ന് അവരോടു പറയുക.
12 “അതുകൊണ്ട് മനുഷ്യപുത്രാ, നിന്റെ സ്വന്തം ദേശക്കാരോട് ഇപ്രകാരം പറയുക: ‘നീതിനിഷ്ഠർ അനുസരിക്കാതെ തെറ്റുചെയ്യുമ്പോൾ അവരുടെ മുൻകാല നീതിപ്രവൃത്തികൾ അവരെ രക്ഷിക്കുകയില്ല. ദുഷ്ടർ തങ്ങളുടെ ദുഷ്ടവഴികൾ വിട്ടുതിരിയുമ്പോൾ അവരുടെ മുൻകാല ദുഷ്ടതകൾ അവരെ വീഴ്ത്തിക്കളയുകയില്ല. നീതിനിഷ്ഠർ പാപംചെയ്യുന്നെങ്കിൽ അവരുടെ മുമ്പിലത്തെ നീതിനിമിത്തം അവർ ജീവിക്കാൻ ഇടയാകുകയില്ല.’ 13 നീതിനിഷ്ഠരോട് നീ തീർച്ചയായും ജീവിക്കും എന്നു ഞാൻ പറയുമ്പോൾ അവർ തങ്ങളുടെ നീതിയിൽ ആശ്രയംവെച്ച് ദുഷ്ടത പ്രവർത്തിക്കുന്നെങ്കിൽ അവർ മുമ്പുചെയ്തിട്ടുള്ള നീതിപ്രവൃത്തികളൊന്നും സ്മരിക്കപ്പെടുകയില്ല; തങ്ങൾചെയ്ത തിന്മനിമിത്തം അവർ മരിക്കും. 14 ഞാൻ ദുഷ്ടരോട്, ‘നിങ്ങൾ തീർച്ചയായും മരിക്കും’ എന്നു പറയുമ്പോൾ, അവർ തങ്ങളുടെ പാപം വിട്ടുതിരിഞ്ഞ് നീതിയും ന്യായവും പ്രവർത്തിക്കുമെങ്കിൽ— 15 തങ്ങൾ പണയമായി വാങ്ങിയതു തിരിച്ചുകൊടുക്കുകയും മോഷ്ടിച്ച വസ്തു തിരിച്ചേൽപ്പിക്കുകയും ജീവൻ നൽകുന്ന നിയമങ്ങൾ അനുസരിക്കുകയും ദോഷം പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം, അവർ തീർച്ചയായും ജീവിക്കും; അങ്ങനെയുള്ളവർ മരിക്കുകയില്ല. 16 അവർ ചെയ്തുപോയ പാപങ്ങളൊന്നും അവർക്കെതിരേ ഓർക്കപ്പെടുകയില്ല. അവർ നീതിയും ന്യായവുമായുള്ളതു ചെയ്തിരിക്കുന്നു; അവൻ തീർച്ചയായും ജീവിക്കും.
17 “എന്നിട്ടും നിന്റെ സ്വദേശികൾ: ‘കർത്താവിന്റെ വഴി നീതിയുക്തമല്ല’ എന്നു പറയുന്നു. എന്നാൽ അവരുടെ വഴിയാണ് നീതിയുക്തമല്ലാത്തതായി ഇരിക്കുന്നത്. 18 നീതിനിഷ്ഠർ തങ്ങളുടെ നീതിനിഷ്ഠ വിട്ടുമാറി ദുഷ്ടത പ്രവർത്തിക്കുന്നെങ്കിൽ അവർ അതുനിമിത്തം മരിക്കും. 19 എന്നാൽ ഒരു ദുഷ്ടൻ തന്റെ ദുഷ്ടത വിട്ടുതിരിഞ്ഞ് ന്യായവും നീതിയും പ്രവർത്തിക്കുന്നെങ്കിൽ, അതു ചെയ്യുകമൂലം അവൻ ജീവിക്കും. 20 എന്നിട്ടും ഇസ്രായേൽജനമേ, ‘കർത്താവിന്റെ വഴി നീതിയുക്തമല്ല,’ എന്നു നിങ്ങൾ പറയുന്നു. എങ്കിലും ഞാൻ നിങ്ങളിൽ ഓരോരുത്തരെയും അവരുടെ സ്വന്തവഴികൾ അനുസരിച്ച് ന്യായംവിധിക്കും.”