ഏലിയാവ് സ്വർഗത്തിലേക്ക് എടുക്കപ്പെടുന്നു
ക്രി.മു. 896
Biblica® Open Malayalam Contemporary Version™ (OMCV)
1 യഹോവ ഏലിയാവിനെ ഒരു ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്ക് എടുക്കുന്നതിനു തൊട്ടുമുമ്പേ ഏലിയാവും എലീശയും ഗിൽഗാലിൽനിന്ന് യാത്രചെയ്യുകയായിരുന്നു. 2 “നീ ഇവിടെത്തന്നെ താമസിക്കുക; യഹോവ എന്നെ ബേഥേലിലേക്ക് അയച്ചിരിക്കുന്നു,” എന്ന് ഏലിയാവ് എലീശയോടു പറഞ്ഞു.
എന്നാൽ, എലീശാ അദ്ദേഹത്തോട്: “ജീവനുള്ള യഹോവയാണെ, അങ്ങയുടെ ജീവനാണെ, ഞാൻ അങ്ങയെ വിട്ടുപിരിയുകയില്ല” എന്നു മറുപടി പറഞ്ഞു. അങ്ങനെ, അവർ ഇരുവരും ബേഥേലിലേക്കു യാത്രപുറപ്പെട്ടു.
3 ബേഥേലിലെ പ്രവാചകഗണം എലീശയുടെ അടുക്കൽവന്നു: “യഹോവ ഇന്ന് അങ്ങയുടെ യജമാനനെ അങ്ങയുടെ അടുക്കൽനിന്ന് എടുത്തുകൊള്ളാൻ പോകുന്നു എന്ന് അങ്ങേക്കറിയാമോ?” എന്നു ചോദിച്ചു.
“അതേ! എനിക്കറിയാം; നിങ്ങൾ നിശ്ശബ്ദരായിരുന്നാലും!” എന്ന് എലീശാ മറുപടി പറഞ്ഞു.
4 പിന്നെ, ഏലിയാവ് എലീശയോട്: “എലീശേ, നീ ഇവിടെ താമസിക്കുക; യഹോവ എന്നെ യെരീഹോവിലേക്ക് അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.
അപ്പോൾ എലീശാ പറഞ്ഞു: “ജീവനുള്ള യഹോവയാണെ, അങ്ങയുടെ ജീവനാണെ, ഞാൻ അങ്ങയെ വിട്ടുപിരിയുകയില്ല.” അങ്ങനെ, അവർ യെരീഹോവിലേക്കു യാത്രതുടർന്നു.
5 യെരീഹോവിലെ പ്രവാചകഗണം എലീശയെ സമീപിച്ചു: “യഹോവ ഇന്ന് അങ്ങയുടെ യജമാനനെ അങ്ങയുടെ അടുക്കൽനിന്ന് എടുത്തുകൊള്ളാൻ പോകുന്നു എന്ന് അങ്ങേക്കറിയാമോ?” എന്നു ചോദിച്ചു.
“അതേ! എനിക്കറിയാം. നിങ്ങൾ നിശ്ശബ്ദരായിരുന്നാലും!” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
6 അതിനുശേഷം, ഏലിയാവ് എലീശായോട്: “ഇവിടെ താമസിക്കുക; യഹോവ എന്നെ യോർദാനിലേക്ക് അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.
“ജീവനുള്ള യഹോവയാണെ, അങ്ങയുടെ ജീവനാണെ, ഞാൻ അങ്ങയെ വിട്ടുപിരിയുകയില്ല,” എന്ന് എലീശാ മറുപടി പറഞ്ഞു. അങ്ങനെ, അവരിരുവരും വീണ്ടും യാത്രയായി.
7 ഏലിയാവും എലീശയും യോർദാന്നരികെ ചെന്നുനിന്ന സ്ഥലത്തിനഭിമുഖമായി അൽപ്പം ദൂരത്തിൽ പ്രവാചകഗണത്തിൽപ്പെട്ട അൻപതുപേർ നിന്നിരുന്നു. 8 ഏലിയാവ് തന്റെ മേലങ്കിയെടുത്തു നദിയിലെ വെള്ളത്തിന്മേൽ അടിച്ചു. വെള്ളം ഇരുവശത്തേക്കും മാറി; അവരിരുവരും ഉണങ്ങിയ നിലത്തുകൂടി മറുകര കടന്നു.
9 അവർ മറുകരയിലെത്തിയശേഷം ഏലിയാവ് എലീശയോട്: “നിന്റെ അടുക്കൽനിന്ന് എടുത്തുകൊള്ളപ്പെടുന്നതിനുമുമ്പ് നിനക്കുവേണ്ടി ഞാൻ എന്തു ചെയ്യണം? ചോദിച്ചുകൊൾക” എന്നു പറഞ്ഞു.
“അങ്ങയുടെ ആത്മാവിന്റെ ഇരട്ടിപ്പങ്ക് എനിക്ക് അവകാശമായി നൽകിയാലും” എന്ന് എലീശ മറുപടി നൽകി.
10 “വളരെ ദുഷ്കരമായ കാര്യമാണ് നീ ചോദിച്ചത്; എങ്കിലും ഞാൻ നിന്നിൽനിന്ന് എടുത്തുകൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുമെങ്കിൽ നിനക്കതു ലഭിക്കും; അല്ലാത്തപക്ഷം ലഭിക്കുകയില്ല,” ഏലിയാവ് പറഞ്ഞു.
11 അവർ സംസാരിച്ചുകൊണ്ടു നടന്നുപോകുമ്പോൾ, പെട്ടെന്ന്, ഒരു അഗ്നിരഥവും അവയെ തെളിക്കുന്ന അഗ്നിയശ്വങ്ങളും പ്രത്യക്ഷപ്പെട്ട് അവരെത്തമ്മിൽ വേർപെടുത്തി; ഏലിയാവ് ഒരു ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു. 12 എലീശ അതുകണ്ട്: “എന്റെ പിതാവേ! എന്റെ പിതാവേ; ഇസ്രായേലിന്റെ തേരും തേരാളികളുമേ” എന്നു നിലവിളിച്ചു. എലീശാ പിന്നെ ഏലിയാവിനെ കണ്ടില്ല. എലീശാ തന്റെ വസ്ത്രം ദുഃഖസൂചകമായി രണ്ടു കഷണമായി കീറിക്കളഞ്ഞു.
13 പിന്നെ, ഏലിയാവിൽനിന്നു വീണ മേലങ്കിയുമായി എലീശാ മടങ്ങിവന്ന് യോർദാൻനദിയുടെ കരയിൽ നിന്നു. 14 അദ്ദേഹം ഏലിയാവിൽനിന്നു വീണ ആ മേലങ്കിയെടുത്തു വെള്ളത്തിന്മേൽ അടിച്ചു. “ഏലിയാവിന്റെ ദൈവമായ യഹോവ എവിടെ?” എന്നു ചോദിച്ചു. അപ്പോൾ, വെള്ളം രണ്ടുവശത്തേക്കും വേർപിരിഞ്ഞു; അദ്ദേഹം മറുകര കടക്കുകയും ചെയ്തു.
15 യെരീഹോവിൽ അദ്ദേഹത്തിനെതിരേ നിന്നിരുന്ന പ്രവാചകശിഷ്യന്മാർ അദ്ദേഹത്തെ കണ്ട് ആശ്ചര്യഭരിതരായി: “ഏലിയാവിന്റെ ആത്മാവ് എലീശയിൽ ആവസിക്കുന്നു” എന്നു പറഞ്ഞ് എതിരേറ്റുചെന്ന് അദ്ദേഹത്തിന്റെമുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചു. 16 അവർ അദ്ദേഹത്തോട്: “ഇതാ, അങ്ങയുടെ സേവകന്മാരായ ഞങ്ങളോടുകൂടെ കരുത്തരായ അൻപതു പുരുഷന്മാരുണ്ട്; അവർ ചെന്ന് അങ്ങയുടെ യജമാനനെ മരുഭൂമിയിൽ അന്വേഷിക്കട്ടെ! ഒരുപക്ഷേ, യഹോവയുടെ ആത്മാവ് അദ്ദേഹത്തെ എടുത്തു വല്ല പർവതത്തിലോ താഴ്വരയിലോ ഇട്ടിട്ടുണ്ടായിരിക്കും” എന്നു പറഞ്ഞു.
“അരുത്! അവരെ അയയ്ക്കരുത്,” എന്ന് എലീശാ മറുപടി പറഞ്ഞു.
17 അദ്ദേഹത്തിനു മുഷിവ് തോന്നുന്നതുവരെയും അവർ നിർബന്ധിച്ചു. അപ്പോൾ അദ്ദേഹം, “അവരെ അയച്ചുകൊള്ളൂ” എന്നു പറഞ്ഞു. അവർ അൻപതുപേരെ അയച്ചു. അവർ മൂന്നുദിവസം തെരഞ്ഞെങ്കിലും ഏലിയാവിനെ കണ്ടെത്തിയില്ല. 18 അവർ യെരീഹോവിൽ താമസിച്ചിരുന്ന എലീശയുടെ അടുക്കൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹം അവരോട്: “പോകരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞതല്ലേ?” എന്നു ചോദിച്ചു.
19 ആ നഗരത്തിലെ ആളുകൾ എലീശയോട്: “നോക്കൂ, അങ്ങു കാണുന്നതുപോലെ ഈ നഗരത്തിന്റെ സ്ഥാനം മനോഹരംതന്നെ; എന്നാൽ, ഇതിലെ വെള്ളം മലിനവും ആ പ്രദേശം കൃഷിക്ക് ഉപയുക്തമല്ലാത്തതുമാണ്” എന്നു പറഞ്ഞു.
20 “ഒരു പുതിയ പാത്രം കൊണ്ടുവന്ന് അതിൽ ഉപ്പ് ഇടുക,” എന്ന് അദ്ദേഹം കൽപ്പിച്ചു. അവർ അപ്രകാരംതന്നെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു.
21 അദ്ദേഹം, നീരുറവിന്റെ അടുത്തുചെന്ന് അതിൽ ഉപ്പ് വിതറിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: “ ‘ഇതാ, ഈ ജലം ഞാൻ ശുദ്ധമാക്കിയിരിക്കുന്നു; ഇനിമേൽ ഇതു മരണത്തിനോ മണ്ണിന്റെ ഫലശൂന്യതയ്ക്കോ കാരണമാകുകയില്ല,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.” 22 എലീശാ പറഞ്ഞ വചനംപോലെ ആ ജലം ഇന്നും ശുദ്ധമായിത്തന്നെയിരിക്കുന്നു.
23 യെരീഹോവിൽനിന്ന് എലീശ ബേഥേലിലേക്കുപോയി. അദ്ദേഹം വഴിയിലൂടെ നടന്നുപോകുമ്പോൾ ഒരുകൂട്ടം ആൺകുട്ടികൾ പട്ടണത്തിന് പുറത്തുവന്ന് അദ്ദേഹത്തെ പരിഹസിച്ചുതുടങ്ങി. “കടന്നുപോ മൊട്ടത്തലയാ! കടന്നുപോ മൊട്ടത്തലയാ!” എന്ന് അവർ വിളിച്ചുകൂവി. 24 അദ്ദേഹം തിരിഞ്ഞ് അവരെ നോക്കി; യഹോവയുടെ നാമത്തിൽ അവർക്കെതിരേ ചില ശാപവാക്കുകൾ ഉച്ചരിച്ചു. അപ്പോൾ, രണ്ടു കരടികൾ വനത്തിൽനിന്ന് ഇറങ്ങിവന്ന് ആ ആൺകുട്ടികളിൽ നാൽപ്പത്തിരണ്ടുപേരെ കീറിക്കളഞ്ഞു. 25 പിന്നീട്, അദ്ദേഹം കർമേൽമലയിലേക്കും അവിടെനിന്നു ശമര്യയിലേക്കും മടങ്ങിപ്പോയി.
യോരാം മോവാബ്യരെ തോൽപ്പിക്കുന്നു ക്രി.മു. 895
6 ആ സമയം യെഹോരാംരാജാവ് ശമര്യയിൽനിന്നു പുറപ്പെട്ട് ഇസ്രായേൽസൈന്യത്തെ മുഴുവനും ശേഖരിച്ച് മോവാബ്യർക്കെതിരേ അണിനിരത്തി. 7 അദ്ദേഹം, യെഹൂദാരാജാവായ യെഹോശാഫാത്തിന് ഇപ്രകാരം ഒരു സന്ദേശവും കൊടുത്തയച്ചു: “മോവാബ് രാജാവ് എനിക്കെതിരേ മത്സരിച്ചിരിക്കുന്നു; മോവാബിനോടു യുദ്ധത്തിനായി അങ്ങ് എന്നോടൊപ്പം വരുമോ?”
യെഹോശാഫാത്ത് മറുപടികൊടുത്തു: “ഞാൻ അങ്ങയുടെകൂടെ വരാം; ഞാൻ അങ്ങയെപ്പോലെ; എന്റെ സൈന്യം അങ്ങയുടെ സൈന്യത്തെപ്പോലെ; എന്റെ കുതിരകളും അങ്ങയുടെ കുതിരകളെപ്പോലെതന്നെ.”
8 “എന്നാൽ, ഏതു മാർഗത്തിലൂടെയാണ് നാം ആക്രമിക്കേണ്ടത്?” എന്നു യെഹോശാഫാത്ത് ചോദിച്ചു.
“ഏദോം മരുഭൂമിയിലൂടെ,” എന്നു യെഹോരാം മറുപടി നൽകി.
9 അങ്ങനെ, യെഹൂദാരാജാവിനോടും ഏദോംരാജാവിനോടും സഖ്യംചേർന്ന് ഇസ്രായേൽരാജാവ് മോവാബിനെതിരേ യുദ്ധത്തിനു പുറപ്പെട്ടു. അവരുടെ യാത്ര ഏഴുദിവസത്തോളം തുടർന്നു. എന്നാൽ, അപ്പോഴേക്കും സൈന്യത്തിനും അവരുടെ മൃഗങ്ങൾക്കും വെള്ളം ലഭിക്കാതെയായി.
10 “എന്ത്! യഹോവ, ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കൈയിൽ ഏൽപ്പിക്കേണ്ടതിനാണോ കൂട്ടിവരുത്തിയത്?” എന്ന് ഇസ്രായേൽരാജാവ് ആശ്ചര്യത്തോടെ ചോദിച്ചു.
11 അപ്പോൾ, യെഹോശാഫാത്ത്: “നാം യഹോവയോട് അരുളപ്പാടു ചോദിച്ചറിയുന്നതിന് യഹോവയുടെ ഒരു പ്രവാചകൻ ഇവിടെ ഇല്ലേ?” എന്നു ചോദിച്ചു.
അതിന് ഇസ്രായേൽരാജാവിന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരാൾ: “ഏലിയാവിന്റെ സഹായിയായിരുന്ന ശാഫാത്തിന്റെ മകനായ എലീശാ എന്നൊരാൾ ഇവിടെയുണ്ട്” എന്നു മറുപടി പറഞ്ഞു.
12 “യഹോവയുടെ വചനം അദ്ദേഹത്തിന്റെ പക്കലുണ്ട്,” എന്ന് യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ, ഇസ്രായേൽരാജാവും യെഹോശാഫാത്തും ഏദോംരാജാവും ചേർന്ന് എലീശയുടെ അടുക്കലേക്കുപോയി.
13 എലീശ ഇസ്രായേൽരാജാവിനോട്: “നമുക്കുതമ്മിൽ പൊതുവായിട്ടു കാര്യമൊന്നുമില്ലല്ലോ. നിങ്ങളുടെ പിതാവിന്റെയും മാതാവിന്റെയും പ്രവാചകന്മാരുടെ അടുക്കലേക്കു പൊയ്ക്കൊള്ളൂ” എന്നു പറഞ്ഞു.
ഇസ്രായേൽരാജാവ് മറുപടി പറഞ്ഞു: “അങ്ങനെയല്ല; ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കൈയിൽ ഏൽപ്പിക്കുന്നതിനു യഹോവ ഞങ്ങളെ ഒരുമിച്ചുകൂട്ടിയിരിക്കുന്നു.”
14 അപ്പോൾ എലീശാ: “ഞാൻ സേവിക്കുന്ന സർവശക്തനായ യഹോവയാണെ, യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ സാന്നിധ്യം നിന്നോടുകൂടെ ഇല്ലായിരുന്നെങ്കിൽ, ഞാൻ നിങ്ങളെ ശ്രദ്ധിക്കുകയോ പരിഗണിക്കുകയോ ചെയ്യുമായിരുന്നില്ല. 15 എന്നാൽ, ഇപ്പോൾ ഒരു വീണവാദകനെ എന്റെ അടുക്കൽ കൊണ്ടുവരിക” എന്നു പറഞ്ഞു.
വീണക്കാരൻ വായിച്ചുകൊണ്ടിരുന്നപ്പോൾ യഹോവയുടെ ശക്തി എലീശയുടെമേൽ വന്നു. 16 അദ്ദേഹം പറഞ്ഞു: “ഇതാ, യഹോവ അരുളിച്ചെയ്യുന്നു: ഈ താഴ്വര നിറയെ ജലസംഭരണികൾ നിർമിക്കുക. 17 യഹോവ അരുളിച്ചെയ്യുന്നു: നിങ്ങൾ കാറ്റോ മഴയോ കാണുകയില്ല. എങ്കിലും, ഈ താഴ്വര വെള്ളംകൊണ്ട് നിറയും. നിങ്ങളും നിങ്ങളുടെ കന്നുകാലികളും മറ്റു മൃഗങ്ങളും അതു കുടിക്കും. 18 യഹോവയുടെ ദൃഷ്ടിയിൽ ഇതൊരു നിസ്സാരകാര്യം; അതിലുപരി, അവിടന്നു മോവാബ്യരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചുതരികയും ചെയ്യും. 19 കോട്ടകെട്ടി ബലപ്പെടുത്തിയ എല്ലാ നഗരവും പ്രധാനപ്പെട്ട എല്ലാ പട്ടണവും നിങ്ങൾ കീഴടക്കും. നിങ്ങൾ എല്ലാ ഫലവൃക്ഷങ്ങളും വെട്ടിക്കളയും, സകല ഉറവുകളും മലിനമാക്കും, എല്ലാ നല്ലനിലവും കല്ലുകൾവിതറി ഉപയോഗശൂന്യമാക്കും.”
20 പിറ്റേന്നു പ്രഭാതത്തിൽ, യാഗത്തിന്റെ സമയത്ത്, ഏദോംവഴിയായി വെള്ളം ഒഴുകിവരുന്നതു കണ്ടു! ദേശം വെള്ളംകൊണ്ടുനിറഞ്ഞു.
21 ഇതിനിടയിൽ, രാജാക്കന്മാർ തങ്ങളോടു യുദ്ധംചെയ്യാൻ വന്നെത്തിയ വിവരം മോവാബ്യരെല്ലാം കേട്ടു. അപ്പോൾ അവർ പ്രായഭേദമെന്യേ, ആയുധമേന്താൻ കഴിവുള്ള സകലരെയും കൂട്ടിവരുത്തി അതിർത്തിയിൽ അണിനിരത്തി. 22 മോവാബ്യസൈന്യം രാവിലെ എഴുന്നേറ്റുനോക്കിയപ്പോൾ, സൂര്യപ്രകാശം വെള്ളത്തിന്മേൽ പതിച്ചിരുന്നു; അവരുടെനേരേയുള്ള വെള്ളം, രക്തംപോലെ ചെമന്നിരിക്കുന്നത് അവർ കണ്ടു. 23 “ഹൊ! അതു രക്തമാണ്, ആ രാജാക്കന്മാരുടെ സൈന്യം പരസ്പരം പൊരുതി കൊന്നിട്ടുണ്ടായിരിക്കണം; അതിനാൽ, കൊള്ളയ്ക്കുവരിക,” എന്ന് അവർ വിളിച്ചുപറഞ്ഞു.
24 എന്നാൽ, മോവാബ്യർ ഇസ്രായേൽ പാളയത്തിലെത്തിയപ്പോൾ അവർ മോവാബ്യരെ ആക്രമിച്ചു. അവർ പിൻചെന്നു മോവാബ്യദേശവും കടന്നാക്രമിച്ചു കൂട്ടക്കൊല നടത്തി. 25 അവർ നഗരങ്ങൾ നശിപ്പിച്ചു. ഓരോ നല്ല വയലും അവർ കല്ലിട്ടു നികത്തി. അവർ എല്ലാ നീരുറവകളും മലിനമാക്കി; ഫലമുള്ള വൃക്ഷങ്ങളെല്ലാം വെട്ടിക്കളഞ്ഞു. ഒടുവിൽ, കീർ-ഹരേശേത്തിലെ കന്മതിലുകൾമാത്രം ശേഷിച്ചു. എന്നാൽ, കവിണക്കാർ അതിനെ വളഞ്ഞുനിന്ന് ആക്രമിച്ചു.
26 യുദ്ധഗതി തനിക്കെതിരായി തിരിയുന്നതു കണ്ടപ്പോൾ, മോവാബ് രാജാവ് എഴുനൂറ് വാൾക്കാരെയും കൂട്ടി യുദ്ധമുന്നണി ഭേദിച്ച് ഏദോംരാജാവിനെതിരേ മുന്നേറുന്നതിനുള്ള ഒരു ശ്രമംനടത്തി; പക്ഷേ, അവർ പരാജയപ്പെട്ടു. 27 അപ്പോൾ, അദ്ദേഹം തനിക്കുശേഷം രാജാവാകേണ്ടിയിരുന്ന തന്റെ ആദ്യജാതനെ പിടിച്ച് നഗരത്തിന്റെ മതിലിന്മേൽ ബലികഴിച്ചു. അങ്ങനെ, ഇസ്രായേലിനെതിരേ ഉഗ്രകോപം ജ്വലിച്ചതിനാൽ അവർ യുദ്ധത്തിൽനിന്നു പിൻവാങ്ങി സ്വന്തനാട്ടിലേക്കു മടങ്ങി.