കഷ്ടത ദൈവത്തിൽനിന്ന് വരുന്നതാണെന്ന് എലീഹൂ പറയുന്നു

ഇതുവരെ നിശ്ശബ്ദനായിരുന്ന എലീഹൂ വാദം ഏറ്റെടുക്കുന്നു. നമുക്ക് കണ്ടെത്താൻ കഴിയാത്ത ജ്ഞാനപൂർവമായ ഉദ്ദേശ്യങ്ങൾക്കായാണ് ദൈവം കഷ്ടത അയയ്ക്കുന്നതെന്നും കീഴടങ്ങുകയാണ് മനുഷ്യന്റെ കടമയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ക്രി.മു. 2130

Biblica® Open Malayalam Contemporary Version™ (OMCV)

ഇയ്യോബ് 32–33

1 അങ്ങനെ തന്റെ ദൃഷ്ടിയിൽ താൻ നീതിമാനാണെന്ന് ഇയ്യോബിനു തോന്നുകനിമിത്തം ഈ പുരുഷന്മാരും അദ്ദേഹത്തോടുള്ള പ്രതിവാദം മതിയാക്കി. 2 ഇയ്യോബ് ദൈവത്തെക്കാൾ നീതിമാനാണെന്ന് സ്വയം അവകാശപ്പെട്ടതുകൊണ്ട് അദ്ദേഹത്തിനെതിരേ രാംവംശത്തിൽ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂ കോപപരവശനായി. 3 ആ മൂന്നു പുരുഷന്മാർക്കും പ്രതിവാദം ഇല്ല്ലാതായിപ്പോയതുകൊണ്ടും അവർ ഇയ്യോബിനെ കുറ്റം വിധിച്ചിരുന്നതുകൊണ്ടും അവരുടെനേരേയും എലീഹൂ കോപിച്ചു. 4 അവർ എലീഹൂവിനെക്കാൾ പ്രായം കൂടിയവരായിരുന്നതിനാൽ അദ്ദേഹം ഇയ്യോബിനോടു സംസാരിക്കാൻ മുതിരാതെ കാത്തിരിക്കുകയായിരുന്നു. 5 ഈ മൂന്നു പുരുഷന്മാർക്കും ഉത്തരംമുട്ടിയതുകണ്ടപ്പോൾ എലീഹൂവിന്റെ കോപം അവരുടെനേരേ ജ്വലിച്ചു.

6 അപ്പോൾ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂ ഇപ്രകാരം സംസാരിച്ചു:

“ഞാൻ പ്രായത്തിൽ കുറഞ്ഞവനും

നിങ്ങൾ വയോധികരും;

അതിനാൽ എന്റെ അഭിപ്രായം നിങ്ങളോട് അറിയിക്കാൻ

എനിക്കു ഭയവും സങ്കോചവും തോന്നി.

7 ‘പ്രായം സംസാരിക്കട്ടെ,

പ്രായാധിക്യമാണ് ജ്ഞാനം ഉപദേശിക്കേണ്ടത്,’ എന്നു ഞാൻ ചിന്തിച്ചു.

8 എന്നാൽ മനുഷ്യനിൽ ഒരു ആത്മാവുണ്ട്;

സർവശക്തന്റെ ശ്വാസംതന്നെ, അതാണ് മനുഷ്യനു വിവേകം നൽകുന്നത്.

9 പ്രായം ഉള്ളതുകൊണ്ടുമാത്രം ജ്ഞാനികളാകണമെന്നില്ല,

വൃദ്ധർ ആയതുകൊണ്ടുമാത്രം ന്യായം ഗ്രഹിക്കണമെന്നുമില്ല.

10 “അതിനാൽ ഞാൻ പറയുന്നു: എന്റെ വാക്കുകൾ ശ്രദ്ധിക്കുക;

എനിക്ക് അറിവുള്ളത് ഞാനുംകൂടി നിങ്ങളോടു പറയട്ടെ.

11 നിങ്ങൾ സംസാരിച്ചപ്പോൾ ഞാൻ കേട്ടുകൊണ്ടിരുന്നു,

നിങ്ങൾ വാക്കുകൾക്കുവേണ്ടി പരതിക്കൊണ്ടിരുന്നപ്പോൾ,

നിങ്ങളുടെ യുക്തി ഞാൻ അവലോകനംചെയ്തു;

12 നിങ്ങളുടെ വാക്കുകൾ ഞാൻ ശ്രദ്ധിച്ചുകേട്ടു.

എന്നാൽ നിങ്ങൾ ആരും ഇയ്യോബിന്റെ വാദമുഖത്തെ ഖണ്ഡിച്ചിട്ടില്ല;

അദ്ദേഹത്തിന്റെ വാദഗതികൾക്കു നിങ്ങൾ മറുപടി നൽകിയിട്ടുമില്ല.

13 ‘ഞങ്ങൾ ജ്ഞാനം കണ്ടെത്തിയിരിക്കുന്നു;

മനുഷ്യനല്ല, ദൈവംതന്നെ അദ്ദേഹത്തെ ഖണ്ഡിക്കട്ടെ,’ എന്നു നിങ്ങൾ പറയരുത്.

14 ഇയ്യോബ് തന്റെ വാദമുഖങ്ങൾ എനിക്കെതിരേ അണിനിരത്തിയിട്ടില്ല,

നിങ്ങളുടെ വാദഗതികൾകൊണ്ട് ഞാൻ അദ്ദേഹത്തോട് ഉത്തരം പറയുകയുമില്ല.

15 “അവർ പരിഭ്രാന്തരായി; അവർക്ക് ഉത്തരമായി ഒന്നുംതന്നെ പറയാനില്ല;

അവർക്കു മൊഴിമുട്ടിയിരിക്കുന്നു.

16 ഞാനിനിയും കാത്തിരിക്കണമോ, അവർ നിശ്ശബ്ദരായിരിക്കുന്നല്ലോ,

ഉത്തരമൊന്നും പറയുന്നില്ലല്ലോ?

17 എനിക്കും ചിലതു പറയാനുണ്ട്;

എന്റെ അഭിപ്രായം ഞാനും പ്രസ്താവിക്കും.

18 ഞാൻ വാക്കുകൾകൊണ്ടു നിറഞ്ഞിരിക്കുന്നു;

എന്റെ ഉള്ളിലെ ആത്മാവ് എന്നെ നിർബന്ധിക്കുന്നു.

19 എന്റെ ഉള്ളം, ഭദ്രമായി അടച്ചിരിക്കുന്ന പാത്രത്തിനുള്ളിലെ വീഞ്ഞുപോലെ;

ഞാൻ പൊട്ടാറായ ഒരു പുതിയ തുകൽക്കുടംപോലെ ആയിരിക്കുന്നു.

20 ആശ്വാസം നേടുന്നതിനായി എനിക്കു സംസാരിക്കണം;

എന്റെ അധരങ്ങൾ തുറന്ന് എനിക്ക് ഉത്തരം പറയണം.

21 ആരോടും ഞാൻ പക്ഷഭേദം കാണിക്കുകയോ

മുഖസ്തുതി പറയുകയോ ഇല്ല.

22 മുഖസ്തുതി പറയുന്നതിൽ ഞാൻ പ്രഗല്ഭനായിരുന്നെങ്കിൽ,

എന്റെ സ്രഷ്ടാവ് എന്നെ ക്ഷണത്തിൽ നീക്കിക്കളയുമായിരുന്നു.

33:1 “എന്നാൽ ഇയ്യോബേ, ഇപ്പോൾ എന്റെ വാക്കുകൾ കേൾക്കുക;

എന്റെ എല്ലാ വാക്കുകളും ശ്രദ്ധിക്കുക.

2 ഇതാ, ഞാൻ എന്റെ വായ് തുറക്കുന്നു;

എന്റെ നാവിൻതുമ്പിൽ വാക്കുകൾ തയ്യാറായിരിക്കുന്നു.

3 എന്റെ ഹൃദയപരമാർഥതയിൽനിന്ന് ഉള്ളവയാണ് എന്റെ വാക്കുകൾ;

എന്റെ അധരങ്ങൾ ആത്മാർഥതയോടെ പരിജ്ഞാനം സംസാരിക്കുന്നു.

4 ദൈവത്തിന്റെ ആത്മാവ് എന്നെ സൃഷ്ടിച്ചു;

സർവശക്തന്റെ ശ്വാസം എനിക്കു ജീവൻ നൽകുന്നു.

5 നിനക്കു കഴിയുമെങ്കിൽ, എനിക്ക് ഉത്തരം നൽകുക;

എന്റെമുമ്പാകെ നിന്റെ വാദങ്ങൾ നിരത്തിവെക്കാൻ തയ്യാറായിക്കൊള്ളുക.

6 നോക്കൂ, ദൈവസന്നിധിയിൽ ഞാനും നിന്നെപ്പോലെതന്നെ;

ഞാനും ഒരു കളിമൺകഷണമല്ലേ.

7 എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല,

എന്റെ കൈ നിനക്കു ഭാരമായിരിക്കുകയുമില്ല.

8 “തീർച്ചയായും ഞാൻ കേൾക്കെയാണ് താങ്കൾ സംസാരിച്ചത്—

ഞാൻ ആ വാക്കുകളെല്ലാം കേട്ടിരിക്കുന്നു—

9 ‘ഞാൻ നിർമലൻ, ഒരുതെറ്റും ചെയ്തിട്ടില്ല;

ഞാൻ നിഷ്കളങ്കൻ, എന്നിൽ ഒരു കുറ്റവുമില്ല.

10 കണ്ടാലും! ദൈവം എന്നിൽ കുറ്റം കണ്ടുപിടിച്ചിരിക്കുന്നു;

എന്നെ അവിടത്തെ ശത്രുവായി പരിഗണിക്കുന്നു.

11 അവിടന്ന് ചങ്ങലകൊണ്ട് എന്റെ കാലുകൾ ബന്ധിക്കുന്നു;

എന്റെ വഴികളെല്ലാം അവിടന്ന് നിരീക്ഷിക്കുന്നു.’

12 “എന്നാൽ ഞാൻ താങ്കളോടു പറയുന്നു: ഇതിൽ താങ്കൾ നീതിമാനല്ല,

കാരണം ഏതു മനുഷ്യനെക്കാളും ദൈവം ശ്രേഷ്ഠനല്ലോ.

13 അവിടന്ന് ആരുടെയും വാക്കുകൾക്ക് പ്രതികരിക്കുന്നില്ല,

എന്നു താങ്കളെന്തിന് ദൈവത്തോടു പരാതിപ്പെടണം?

14 ദൈവം ഇപ്പോൾ ഒരുവിധത്തിലും പിന്നീട് മറ്റൊരുവിധത്തിലും സംസാരിക്കുന്നു;

മനുഷ്യർ അതു തിരിച്ചറിയുന്നില്ലതാനും.

15 സ്വപ്നത്തിൽ, രാത്രി ദർശനത്തിൽ

മനുഷ്യർ ഗാഢനിദ്രയിൽ ലയിച്ചിരിക്കെ,

അവർ തന്റെ കിടക്കയിൽ ഉറങ്ങിക്കിടക്കുമ്പോൾത്തന്നെ,

16 അവിടന്ന് അവരുടെ കാതുകളിൽ മന്ത്രിക്കുകയും

ഭീതിജനകമായ മുന്നറിയിപ്പുകൾ നൽകുകയുംചെയ്യുന്നു.

17 മനുഷ്യരെ അവരുടെ തെറ്റിൽനിന്നു പിന്തിരിപ്പിക്കുന്നതിനും

അവരെ തങ്ങളുടെ അഹന്തയിൽനിന്ന് അകറ്റിനിർത്തുന്നതിനും

18 അവരുടെ പ്രാണനെ കുഴിയിൽനിന്നു സംരക്ഷിക്കുന്നതിനും

അവരുടെ ജീവനെ വാളിന്റെ വായ്ത്തലയിൽ നശിക്കുന്നതിൽനിന്നുംതന്നെ.

19 “തങ്ങളുടെ കിടക്കമേൽ വേദനയാലും

തങ്ങളുടെ അസ്ഥികളുടെ നിരന്തരമായ വ്യഥയാലും മനുഷ്യർ നന്മയ്ക്കായി ശിക്ഷിക്കപ്പെടുന്നു.

20 അവരുടെ ശരീരം ആഹാരത്തെയും

പ്രാണൻ രുചികരമായ ഭക്ഷണത്തെയും വെറുക്കുന്നു.

21 അവരുടെ മാംസം ക്ഷയിച്ച് ഇല്ലാതാകുന്നു,

മറഞ്ഞിരുന്ന അസ്ഥികൾ ഇപ്പോൾ പുറത്തേക്കു തള്ളിവരുന്നു.

22 അവർ ശവക്കുഴിയിലേക്കും

അവരുടെ ജീവൻ മരണദൂതന്മാരോടും സമീപിക്കുന്നു.

23 അവരുടെ സമീപത്ത് ഒരു ദൂതൻ ഉണ്ടായിരുന്നെങ്കിൽ,

പരസഹസ്രം ദൂതന്മാരിൽ ഒരാളെ

മനുഷ്യർ പരമാർഥിയാകുന്നത് എങ്ങനെ എന്നറിയിക്കാൻ അയച്ചിരുന്നെങ്കിൽ,

24 ആ ദൂതൻ മനുഷ്യരോടു കരുണ തോന്നിയിട്ട്,

‘ഇതാ ഞാൻ ഒരു മറുവില കണ്ടെത്തിയിരിക്കുന്നു;

കുഴിയിലിറങ്ങാതെ അവനെ സംരക്ഷിക്കണമേ.

25 അവർ യൗവനത്തിലെപ്പോലെ വീണ്ടും ആയിത്തീരട്ടെ;

അവരുടെ ശരീരം ഒരു ശിശുവിന്റെ ശരീരംപോലെ നവ്യമായിത്തീരട്ടെ,’ എന്ന് അവൻ പറയട്ടെ.

26 അപ്പോൾ അവർ ദൈവത്തോടു പ്രാർഥിക്കുകയും അവിടന്ന് അവരെ സ്വീകരിക്കുകയും ചെയ്യും.

അവർ ദൈവത്തിന്റെ മുഖം കാണുകയും ആനന്ദത്താൽ ആർപ്പിടുകയും ചെയ്യും;

അവിടന്ന് അവരെ ആരോഗ്യപൂർണരായി പുനഃസ്ഥാപിക്കും.

27 അപ്പോൾ അവർ മറ്റുള്ളവരുടെമുമ്പിൽ പാട്ടുപാടിക്കൊണ്ട് ഇപ്രകാരം പറയും:

‘ഞാൻ പാപംചെയ്തു നീതിയെ തകിടംമറിച്ചു,

എന്നാൽ എനിക്ക് അർഹമായ ശിക്ഷ ലഭിച്ചില്ല.

28 ദൈവം എന്നെ ശവക്കുഴിയിലേക്കു പോകുന്നതിൽനിന്ന് വിടുവിച്ചു;

ജീവന്റെ പ്രകാശം ആസ്വദിക്കുന്നതിനു ഞാൻ ജീവിച്ചിരിക്കും.’

29-30 “മനുഷ്യരെ ശവക്കുഴിയിൽനിന്ന് മടക്കിവരുത്താനും

അവരിൽ ജീവന്റെ പ്രകാശം ശോഭിക്കുന്നതിനുംവേണ്ടി

ദൈവം രണ്ടോ മൂന്നോ പ്രാവശ്യം ഇതെല്ലാം

അവരോടു പ്രവർത്തിക്കുന്നു.

31 “ഇയ്യോബേ, ശ്രദ്ധിക്കുക, ഞാൻ പറയുന്നതു കേൾക്കുക,

മിണ്ടാതിരിക്കുക, ഞാൻ സംസാരിക്കട്ടെ.

32 താങ്കൾക്കെന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ എന്നോടു പറയുക.

താങ്കളെ നീതീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നതുകൊണ്ട്, സംസാരിക്കുക.

33 അല്ലാത്തപക്ഷം, ഞാൻ പറയുന്നതു കേൾക്കുക;

മിണ്ടാതിരിക്കുക; ഞാൻ താങ്കൾക്കു ജ്ഞാനം ഉപദേശിച്ചുതരാം.”