കഷ്ടത ദൈവത്തിൽനിന്ന് വരുന്നതാണെന്ന് എലീഹൂ പറയുന്നു (continued)

ഇതുവരെ നിശ്ശബ്ദനായിരുന്ന എലീഹൂ വാദം ഏറ്റെടുക്കുന്നു. നമുക്ക് കണ്ടെത്താൻ കഴിയാത്ത ജ്ഞാനപൂർവമായ ഉദ്ദേശ്യങ്ങൾക്കായാണ് ദൈവം കഷ്ടത അയയ്ക്കുന്നതെന്നും കീഴടങ്ങുകയാണ് മനുഷ്യന്റെ കടമയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ക്രി.മു. 2130

Biblica® Open Malayalam Contemporary Version™ (OMCV)

ഇയ്യോബ് 36–37

1 എലീഹൂ പിന്നെയും ഇപ്രകാരം പറഞ്ഞു:

2 “എന്നോടൊരൽപ്പംകൂടി ക്ഷമിക്കുക;

ദൈവത്തിനുവേണ്ടി ഇനിയും സംസാരിക്കാനുണ്ടെന്നു ഞാൻ നിനക്കു കാട്ടിത്തരാം.

3 ഞാൻ ദൂരത്തുനിന്ന് എന്റെ അറിവു കൊണ്ടുവരും;

എന്റെ സ്രഷ്ടാവ് നീതിമാൻ എന്നു തെളിയിക്കും.

4 വാസ്തവമായും എന്റെ വാക്കുകൾ വ്യാജമല്ല;

ജ്ഞാനത്തിൽ പരിപൂർണനായവനാണ് നിങ്ങളോടുകൂടെ നിൽക്കുന്നത്.

5 “ദൈവം ശക്തനാണ്, എന്നാൽ അവിടന്ന് ആരെയും നിന്ദിക്കുകയില്ല;

തന്റെ നിർണയത്തിൽ അവിടന്ന് ശക്തനും അചഞ്ചലനുമാണ്.

6 അവിടന്നു ദുഷ്ടരെ ജീവിക്കാൻ അനുവദിക്കുകയില്ല

എന്നാൽ പീഡിതർക്ക് അവരുടെ അവകാശങ്ങൾ നൽകുന്നു.

7 നീതിനിഷ്ഠരിൽനിന്ന് അവിടന്ന് തന്റെ ദൃഷ്ടി പിൻവലിക്കുന്നില്ല;

അവിടന്ന് അവരെ രാജാക്കന്മാരോടൊപ്പം സിംഹാസനാരൂഢരാക്കുകയും

എന്നെന്നേക്കുമായി ഉയർത്തുകയും ചെയ്യുന്നു.

8 എന്നാൽ മനുഷ്യർ ചങ്ങലകളാൽ ബന്ധിതരായി

ദുരിതങ്ങളുടെ ചരടുകളാൽ പിടിക്കപ്പെട്ടാൽ

9 അവിടന്ന് അവരുടെ പ്രവൃത്തിയും

അവർ അഹങ്കാരംനിമിത്തം ചെയ്തുപോയ പാപങ്ങളും അവർക്കു കാണിച്ചുകൊടുക്കുന്നു.

10 തെറ്റുകൾ തിരുത്തുന്നതിനായി അവിടന്ന് അവരുടെ കാതുകൾ തുറക്കുന്നു;

തിന്മയിൽനിന്ന് മടങ്ങിവരാൻ അവരോട് ആജ്ഞാപിക്കുന്നു.

11 അവർ അതുകേട്ട് അവിടത്തെ സേവിച്ചാൽ

തങ്ങളുടെ ശിഷ്ടകാലം ഐശ്വര്യത്തിൽ ജീവിക്കും

അവരുടെ സംവത്സരങ്ങൾ സംതൃപ്തിയോടെ പൂർത്തിയാക്കും.

12 ശ്രദ്ധിക്കുന്നില്ലെങ്കിലോ,

അവർ വാളാൽ നശിച്ചുപോകും,

പരിജ്ഞാനംകൂടാതെ മരണമടയും.

13 “അഭക്തർ തങ്ങളുടെ ഹൃദയത്തിൽ കോപം സംഗ്രഹിച്ചുവെക്കുന്നു;

അവിടന്ന് അവരെ ചങ്ങലയ്ക്കിടുമ്പോഴും അവർ സഹായത്തിനായി നിലവിളിക്കുന്നില്ല.

14 ക്ഷേത്രങ്ങളിലെ പുരുഷവേശ്യകളോടൊപ്പം

അവരും യൗവനത്തിൽത്തന്നെ മരിക്കുന്നു.

15 അവിടന്നു പീഡിതരെ തങ്ങളുടെ പീഡയിൽനിന്ന് വിടുവിക്കുന്നു;

അവിടന്ന് അവരുടെ കഷ്ടതയിൽ അവരോടു സംസാരിക്കുന്നു.

16 “അങ്ങനെതന്നെ താങ്കളെയും അവിടന്ന്

ഞെരുക്കത്തിന്റെ വായിൽനിന്ന് വിശാലതയിലേക്ക്;

വിശിഷ്ടഭോജ്യത്താൽ സമൃദ്ധമായ മേശയിലേക്കുതന്നെ ആഹ്വാനംചെയ്യുന്നു.

17 താങ്കളോ, ദുഷ്ടരെ വിധിക്കുന്നതിൽ മുഴുകിയിരിക്കുന്നു;

വിധികൽപ്പനയും ന്യായവാദവും താങ്കളെ പിടിച്ചടക്കിയിരിക്കുന്നു.

18 ആരും താങ്കളെ സമ്പത്തുകൊണ്ട് പ്രലോഭിപ്പിക്കാതിരിക്കാൻ ജാഗ്രതപുലർത്തുക;

കൈക്കൂലിയുടെ വലുപ്പം താങ്കളെ വഴിതെറ്റിക്കാതിരിക്കട്ടെ.

19 താങ്കൾ ദുരിതത്തിൽ അകപ്പെടാതെ പരിപാലിക്കുന്നതിന്

താങ്കളുടെ സമ്പത്തിനോ അതിശയകരമായ പ്രയത്നങ്ങൾക്കോ കഴിയുമോ?

20 ജനങ്ങളെ തങ്ങളുടെ ഭവനങ്ങളിൽനിന്നു

വലിച്ചിഴയ്ക്കുന്ന രാത്രിക്കായി താങ്കൾ മോഹിക്കരുത്.

21 അനീതിയിലേക്കു തിരിയാതിരിക്കാൻ സൂക്ഷിക്കുക,

പീഡനത്തെക്കാൾ അതിനോടാണല്ലോ താങ്കൾക്ക് ആഭിമുഖ്യം.

22 “നോക്കൂ, ദൈവം ശക്തിയിൽ എത്ര ഉന്നതനാകുന്നു;

അവിടത്തെപ്പോലെ ഒരു ഗുരു ആരാണ്?

23 അവിടത്തേക്ക് മാർഗനിർദേശം നൽകിയവൻ ആരാണ്?

‘അങ്ങു തെറ്റ് ചെയ്തു,’ എന്ന് ആർക്ക് അവിടത്തോട് പറയാൻകഴിയും?

24 മനുഷ്യർ പാടി പ്രകീർത്തിച്ചിട്ടുള്ള അവിടത്തെ പ്രവൃത്തി,

മഹിമപ്പെടുത്താൻ മറക്കാതിരിക്കുക.

25 സകലമനുഷ്യരും അതു കണ്ടിട്ടുണ്ട്;

മനുഷ്യർ ദൂരത്തുനിന്ന് അത് ഉറ്റുനോക്കും.

26 ദൈവം എത്രയോ ഉന്നതൻ—നമ്മുടെ സകലവിവേകത്തിനും അതീതൻ!

അവിടത്തെ സംവത്സരങ്ങൾ നമ്മുടെ ഗണനയിൽ ഒതുങ്ങുന്നുമില്ല.

27 “അവിടന്നു നീർത്തുള്ളികളെ സംഭരിക്കുന്നു;

അവ നീരാവിയായി മഴപൊഴിക്കുന്നു.

28 മേഘങ്ങൾ ഘനീഭവിച്ച് മഴപൊഴിക്കുന്നു;

മനുഷ്യന്റെമേൽ അതു സമൃദ്ധമായി വർഷിക്കുന്നു.

29 അവിടന്ന് മേഘങ്ങളെ എങ്ങനെ വിന്യസിക്കുന്നു എന്നും

അവിടത്തെ കൂടാരത്തിൽനിന്ന് എങ്ങനെ ഇടിമുഴക്കുന്നു എന്നും ആർക്കു ഗ്രഹിക്കാൻ കഴിയും?

30 അവിടന്നു മിന്നൽപ്പിണർ തനിക്കുചുറ്റും എങ്ങനെ ചിതറിക്കുന്നു എന്നും

സമുദ്രത്തിന്റെ അടിത്തട്ടുകൾ എങ്ങനെ മൂടുന്നു എന്നും കാണുക.

31 ഇപ്രകാരം അവിടന്നു ജനതകളെ ഭരിക്കുന്നു;

ഭക്ഷണവും സമൃദ്ധമായി ദാനംചെയ്യുന്നു.

32 തന്റെ കൈകൾ അവിടന്നു മിന്നൽപ്പിണർകൊണ്ടു പൊതിയുന്നു;

നിർദിഷ്ടലക്ഷ്യത്തിൽ പതിക്കാൻ അവിടന്ന് അതിനെ നിയോഗിക്കുന്നു.

33 അവിടത്തെ ഗർജനം കൊടുങ്കാറ്റിന്റെ ആഗമനം വിളിച്ചറിയിക്കുന്നു;

കന്നുകാലികളും അതിന്റെ വരവിനെപ്പറ്റി അറിവു കൊടുക്കുന്നു.

37:1 “ഇതിങ്കൽ എന്റെ ഹൃദയം വിറയ്ക്കുന്നു;

അതു സ്വസ്ഥാനത്തു കുതിച്ചുചാടുന്നു.

2 അവിടത്തെ ശബ്ദത്തിന്റെ ഗർജനവും

അവിടത്തെ വായിൽനിന്നുള്ള മുഴക്കവും ശ്രദ്ധിക്കുക.

3 അവിടത്തെ മിന്നൽപ്പിണരുകളെ ആകാശത്തിൻകീഴിലെല്ലാം അഴിച്ചുവിടുന്നു,

അതിനെയും ഭൂമിയുടെ അറുതിയോളം അയയ്ക്കുകയും ചെയ്യുന്നു.

4 അവയ്ക്കു പിന്നാലെ ഒരു ഗർജനശബ്ദം ഉയരുന്നു;

തന്റെ മഹത്തായ നാദത്തോടെ അവിടന്ന് ഇടിമുഴക്കുന്നു;

തന്റെ ശബ്ദം മുഴങ്ങുമ്പോഴും

അവിടന്നു മിന്നൽപ്പിണരിനെ തടഞ്ഞുവെക്കുന്നില്ല.

5 ദൈവത്തിന്റെ നാദം അത്ഭുതകരമായി ഇടിമുഴക്കും സൃഷ്ടിക്കുന്നു;

നമുക്കു ഗ്രഹിക്കാനാകാത്ത വൻകാര്യങ്ങൾ അവിടന്നു പ്രവർത്തിക്കുന്നു.

6 മഞ്ഞിനോട്, ‘ഭൂമിയിൽ പതിക്കുക’ എന്നും

മഴയോട്, ‘അതിശക്തമായ പേമാരി പൊഴിക്കുക’ എന്നും അവിടന്നു കൽപ്പിക്കുന്നു.

7 സകലമനുഷ്യരും അവിടത്തെ പ്രവൃത്തി ഗ്രഹിക്കേണ്ടതിന്,

അവിടന്ന് ഓരോ മനുഷ്യന്റെയും പ്രവൃത്തികൾ നിർത്തിവെപ്പിക്കുന്നു.

8 മൃഗങ്ങളെല്ലാം അവയുടെ ഒളിവിടങ്ങളിലേക്കു മടങ്ങുന്നു;

ഓരോന്നും അതിന്റെ ഗുഹയിൽ കിടക്കുന്നു.

9 കൊടുങ്കാറ്റ് അതിന്റെ പള്ളിയറയിൽനിന്നു വരുന്നു;

വടക്കൻകാറ്റിൽനിന്നു ശൈത്യവും.

10 ദൈവത്തിന്റെ നിശ്വാസത്താൽ മഞ്ഞുകട്ട ഉളവാകുന്നു;

ആഴിയുടെ പരപ്പ് ദ്രവിച്ചുറഞ്ഞു കട്ടിയാകുന്നു.

11 ഈർപ്പത്താൽ അവിടന്നു മേഘത്തെ സാന്ദ്രമാക്കുന്നു;

അവയിലൂടെ അവിടന്നു മിന്നൽപ്പിണർ ചിതറിക്കുന്നു.

12 ഭൂമുഖത്തെങ്ങും

അവിടന്നു കൽപ്പിക്കുന്നതൊക്കെയും നിറവേറ്റുന്നതിന്

അവിടത്തെ നിർദേശപ്രകാരം അവ ചുറ്റിസഞ്ചരിക്കുന്നു.

13 അവിടന്നു മേഘങ്ങളെ അയച്ച് മനുഷ്യരെ ശിക്ഷിക്കുന്നു,

അല്ലായെങ്കിൽ ഭൂമിയെ നനയ്ക്കുകയും അവിടത്തെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

14 “ഇയ്യോബേ, ഇതു ശ്രദ്ധിക്കുക;

ഒന്നു നിൽക്കുക, ദൈവത്തിന്റെ അത്ഭുതങ്ങളെപ്പറ്റി ചിന്തിക്കുക.

15 ദൈവം മേഘജാലങ്ങളെ എങ്ങനെ നിയന്ത്രിക്കുന്നു എന്നും

തന്റെ മിന്നൽപ്പിണരിനെ എങ്ങനെ പ്രകാശിപ്പിക്കുന്നു എന്നും താങ്കൾക്കറിയാമോ?

16 മേഘപാളികൾ സന്തുലിതാവസ്ഥയിൽ തങ്ങിനിൽക്കുന്നത് എങ്ങനെ എന്നും

ജ്ഞാനപൂർണനായവന്റെ അത്ഭുതങ്ങളെപ്പറ്റിയും നീ അറിയുന്നുണ്ടോ?

17 തെക്കൻകാറ്റിനാൽ ഭൂമി ശാന്തമായിരിക്കുമ്പോൾപ്പോലും

വസ്ത്രത്തിനുള്ളിൽ വിയർത്തൊലിക്കുന്ന നിനക്കു

18 വെങ്കലക്കണ്ണാടി വാർത്തെടുക്കുമ്പോലെ

ആകാശത്തെ വിരിക്കുന്നവന്റെ പങ്കാളിയാകാൻ നിനക്കു കഴിയുമോ?

19 “അവിടത്തോട് എന്തു പറയണമെന്നു ഞങ്ങളെ ഉപദേശിക്കുക,

ഞങ്ങളിൽ ബാധിച്ചിരിക്കുന്ന അന്ധകാരംനിമിത്തം പരാതി തയ്യാറാക്കാൻപോലും ഞങ്ങൾക്കു കഴിയുന്നില്ല.

20 എനിക്കു സംസാരിക്കണം എന്ന് അവിടത്തോടു ബോധിപ്പിക്കണമോ?

അങ്ങനെ സ്വയം വിഴുങ്ങപ്പെടാൻ ആഗ്രഹിക്കുന്നവരുണ്ടോ?

21 കാറ്റടിച്ച് മേഘമൊഴിഞ്ഞ സ്വച്ഛമായ ആകാശത്തിൽ

ജ്വലിച്ചുകൊണ്ടിരിക്കുന്ന സൂര്യനെ

നോക്കാൻ ആർക്കും കഴിയുകയില്ല.

22 ഉത്തരദിക്കിൽനിന്നും സൗവർണശോഭയിൽ അവിടന്ന് ആഗമിക്കുന്നു;

ദൈവം ഭയജനകമായ തേജസ്സിലേറി വരുന്നു.

23 സർവശക്തൻ നമുക്ക് അപ്രാപ്യൻ, അവിടന്നു ശക്തിയിൽ അത്യുന്നതൻ;

അവിടന്നു ന്യായവും മഹത്തായ നീതിയും ഉള്ളവൻ ആയതിനാൽ ആരെയും അടിച്ചമർത്തുന്നില്ല.

24 അതിനാൽ മനുഷ്യർ അവിടത്തെ ഭയപ്പെടുന്നു;

ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവിടന്ന് ആദരിക്കുന്നില്ല.”