ശുശ്രൂഷകരെച്ചൊല്ലിയുള്ള ഭിന്നതകൾ ആത്മികത നശിപ്പിക്കുന്നു
ശുശ്രൂഷകരുടെ വ്യത്യസ്ത കൃപാവരങ്ങളെക്കുറിച്ച് ജനങ്ങൾക്കുള്ള അഭിപ്രായങ്ങളിൽനിന്ന് സഭയിൽ ഉണ്ടാകുന്ന ഭിന്നതകൾ ആത്മികത നശിപ്പിക്കുന്നുവെന്ന് പൗലോസ് കാണിക്കുന്നു.
ക്രി.പി. 57
Biblica® Open Malayalam Contemporary Version™ (OMCV)
1 സഹോദരങ്ങളേ, എനിക്കു നിങ്ങളോടു സംസാരിക്കാൻ സാധിച്ചത് ആത്മികരോട് എന്നപോലെയല്ല, പിന്നെയോ ജഡികരോട്, ക്രിസ്തുവിൽ ശിശുതുല്യരോട് എന്നപോലെമാത്രമായിരുന്നു. 2 ഞാൻ നിങ്ങൾക്കു പാലാണ് തന്നത്, കട്ടിയായ ഭക്ഷണമല്ല. കട്ടിയുള്ളതു കഴിക്കാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു, ഇപ്പോഴും ഇല്ല. 3 നിങ്ങൾ ഇപ്പോഴും ജഡികരാണ്. നിങ്ങളുടെ ഇടയിൽ അസൂയയും ശണ്ഠയും നിലനിൽക്കെ നിങ്ങൾ ജഡികരല്ലേ? സാമാന്യജനത്തെപ്പോലെതന്നെയല്ലേ നിങ്ങൾ പെരുമാറുന്നത്? 4 “ഞാൻ പൗലോസിന്റെ പക്ഷക്കാരൻ,” എന്ന് ഒരാളും “ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ,” എന്നു മറ്റൊരാളും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലേ?
5 ആരാണ് അപ്പൊല്ലോസ്? ആരാണ് പൗലോസ്? നിങ്ങൾ സുവിശേഷത്തിൽ വിശ്വസിക്കുന്നതിന് ഉപകരണങ്ങളായി കർത്താവു നിയോഗിച്ച ശുശ്രൂഷക്കാർമാത്രമല്ലേ? 6 ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു; വളർത്തിയതോ ദൈവമാണ്. 7 അതുകൊണ്ട്, നടുന്നവനൊ നനയ്ക്കുന്നവനൊ അല്ല മഹത്ത്വം, വളർച്ച നൽകുന്ന ദൈവത്തിന്നത്രേ. 8 നടുന്നവനും നനയ്ക്കുന്നവനും തുല്യരത്രേ. ഓരോരുത്തർക്കും അവരവരുടെ പ്രയത്നം അനുസരിച്ചു പ്രതിഫലം ലഭിക്കും. 9 ഞങ്ങൾ ദൈവത്തിന്റെ സഹപ്രവർത്തകർ; നിങ്ങൾ ദൈവത്തിന്റെ കൃഷിയിടം, ദൈവത്തിന്റെ ഗൃഹനിർമാണം.
10 ദൈവം എനിക്കു കൃപ നൽകിയതുകൊണ്ട് ജ്ഞാനിയായ ഒരു മുഖ്യശില്പിയെപ്പോലെ ഞാൻ അടിസ്ഥാനം ഇട്ടു. അതിന്മേൽ വേറൊരാൾ പണിയുന്നു; എന്നാൽ, പണിയുന്നവർ ഓരോരുത്തരും ശ്രദ്ധയോടെ വേണം പണിയാൻ.
ക്രിസ്തു ഏക അടിസ്ഥാനം
യേശുക്രിസ്തുവാണ് ക്രിസ്തീയവിശ്വാസത്തിന്റെ ഏക അടിസ്ഥാനം. ഈ അടിസ്ഥാനത്തിന്മേൽ പണിയുന്നവർ കഠിനമായ ഒരു പരിശോധനയിലൂടെ കടന്നുപോകേണ്ടതിനാൽ ശ്രദ്ധിക്കണമെന്ന് അവർക്കു മുന്നറിയിപ്പു നൽകുന്നു. ദുരുപദേശങ്ങൾ കൊണ്ടുവന്ന ഉപദേഷ്ടാവ്, തീയിൽ വിറകും പുല്ലും വൈക്കോലുംപോലെ, താൻ വിശ്വാസത്തിലേക്കു കൊണ്ടുവന്നവർ പീഡനകാലത്ത് വീണുപോകുന്നത് കാണുകയും താൻതന്നെ പ്രയാസത്തോടെ രക്ഷപ്പെടുകയും ചെയ്യും. മറുവശത്ത്, ഈ അടിസ്ഥാനത്തിന്മേൽ ഭദ്രവും നല്ലതുമായ ഉപദേശം പണിതവർ, തങ്ങൾ വിശ്വാസത്തിലേക്കു കൊണ്ടുവന്നവർ വെള്ളിയും പൊന്നുംപോലെ അഗ്നിപരിശോധനയിലൂടെ കടന്നുപോകുന്നത് കാണുകയും ഉപദേഷ്ടാവിനുതന്നെ തന്റെ അധ്വാനത്തിനുള്ള പ്രതിഫലം ലഭിക്കുകയും ചെയ്യും.
11 യേശുക്രിസ്തു എന്ന അടിസ്ഥാനം ഇട്ടുകഴിഞ്ഞിരിക്കുന്നു; മറ്റൊന്നിടാൻ ആർക്കും സാധ്യമല്ല. 12 ഈ അടിസ്ഥാനത്തിന്മേൽ വിവിധതരം നിർമാണ സാമഗ്രികളായ സ്വർണം, വെള്ളി, രത്നം ഇവയും തടി, പുല്ല്, വൈക്കോൽ എന്നിവയും ഉപയോഗിച്ചു പണിയുന്നു എങ്കിൽ 13 അയാളുടെ പണി എന്തെന്ന് ഒരിക്കൽ വ്യക്തമാകും. ആ ദിവസം അതു വെളിപ്പെടുത്തുന്നത് അഗ്നികൊണ്ടായിരിക്കും; അഗ്നി തന്നെ ഓരോരുത്തരുടെയും പ്രവൃത്തിയുടെ ശ്രേഷ്ഠത പരിശോധിക്കും. 14 ഒരാൾ പണിയുന്ന നിർമിതി അഗ്നിയെ അതിജീവിച്ചാൽ അയാൾക്കു പ്രതിഫലം ലഭിക്കും. 15 അതു ദഹിച്ചു പോകുന്നെങ്കിലോ അയാൾക്കു നഷ്ടം വരും; അയാളോ രക്ഷപ്പെടും എന്നാൽ അഗ്നിജ്വാലയിലൂടെ കടന്നുവന്ന ഒരാളെപ്പോലെമാത്രം!
ഈ ലോകത്തിന്റെ ജ്ഞാനം ഭോഷത്തമാണ്
ബോധപൂർവം സഭയിലേക്കു വ്യാജോപദേശം കൊണ്ടുവരുന്ന ഉപദേഷ്ടാവ്, എത്ര വിജയിയായിരുന്നാലും, നശിപ്പിക്കപ്പെടുമെന്ന് പൗലോസ് പ്രഖ്യാപിക്കുന്നു. ഈ ലോകത്തിന്റെ ജ്ഞാനം ദൈവദൃഷ്ടിയിൽ ഭോഷത്തമാണ്. അതുകൊണ്ട്, സഭയിൽ ഭിന്നതകൾ ഉണ്ടാക്കിക്കൊണ്ട്, തങ്ങളുടെ ഉപദേഷ്ടാക്കളിലോ കൊട്ടിഘോഷിക്കപ്പെടുന്ന തങ്ങളുടെ തത്ത്വചിന്തയിലോ അവർ പ്രശംസിക്കരുത്. ഒരു ക്രിസ്ത്യാനിയുടെ യഥാർഥ മഹത്ത്വം ദൈവത്തിനുള്ളവനായ ക്രിസ്തുവിലാണ്; സുവിശേഷപ്രസംഗകർക്കു നൽകാൻ കഴിയാത്ത രക്ഷയുടെ വാഗ്ദാനങ്ങൾ അദ്ദേഹത്തിലൂടെമാത്രമാണ് നമുക്കു ലഭിക്കുന്നത്.
16 നിങ്ങൾ ദൈവത്തിന്റെ ആലയമെന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലേ? 17 ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നത് ആരായാലും അയാളെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ ആലയം വിശുദ്ധം; നിങ്ങൾ തന്നെയാണ് ആ ദൈവാലയം.
18 ആരും സ്വയം വഞ്ചിതരാകരുത്. ഈ കാലഘട്ടത്തിന്റെ മാനദണ്ഡം അനുസരിച്ച്, നിങ്ങളിലാരെങ്കിലും ജ്ഞാനിയെന്ന് സ്വയം ചിന്തിക്കുന്നു എങ്കിൽ അയാൾ യഥാർഥജ്ഞാനിയാകേണ്ടതിന് സ്വയം “ഭോഷൻ” ആയിത്തീരട്ടെ. 19 ഈ ലോകത്തിന്റെ ജ്ഞാനം ദൈവത്തിന്റെ ദൃഷ്ടിയിൽ ഭോഷത്തമാണ്. “അവിടന്ന് ജ്ഞാനികളെ അവരുടെ കൗശലങ്ങളിൽ കുടുക്കുന്നു” എന്നും 20 “ജ്ഞാനികളുടെ ചിന്തകൾ വ്യർഥമെന്ന് കർത്താവ് അറിയുന്നു” എന്നും എഴുതിയിരിക്കുന്നല്ലോ. 21 അതുകൊണ്ട് ഇനിമേൽ മാനുഷികനേതാക്കന്മാരെക്കുറിച്ച് അഭിമാനംകൊള്ളാൻ പാടില്ല! സകലതും നിങ്ങൾക്കുള്ളതാണ്, 22 പൗലോസോ അപ്പൊല്ലോസോ കേഫാവോ ലോകമോ ജീവനോ മരണമോ ഇപ്പോഴുള്ളതോ വരാനുള്ളതോ—എല്ലാം നിങ്ങളുടേത്; 23 നിങ്ങളോ ക്രിസ്തുവിനുള്ളവർ, ക്രിസ്തു ദൈവത്തിനുള്ളവൻ.
ദൈവം മാത്രമാണ് തന്റെ ദാസന്മാരെ വിധിക്കുന്നത്
ക്രിസ്തുവിന്റെ ദാസന്മാരായ അപ്പൊസ്തലന്മാർ, ആളുകൾ സ്വീകരിക്കാൻ തയ്യാറാകുന്നതനുസരിച്ച് സുവിശേഷത്തിന്റെ രഹസ്യങ്ങൾ അവർക്കു വെളിപ്പെടുത്തിക്കൊടുക്കേണ്ടവരാണ്. ക്രിസ്തീയവിശ്വാസത്തിന്റെ ആഴമേറിയ ഉപദേശങ്ങൾ കൊരിന്ത്യരെ പഠിപ്പിക്കാത്തതിനെച്ചൊല്ലി വ്യാജോപദേഷ്ടാക്കൾ ഉന്നയിച്ച വിമർശനത്തിനു മറുപടിയായി, മനുഷ്യരുടെ വിധിയാൽ കുറ്റം വിധിക്കപ്പെടുന്നത് തനിക്കു കാര്യമായ ഒന്നല്ലെന്നു പൗലോസ് പ്രഖ്യാപിക്കുന്നു. കാരണം, ദൈവത്തിനു മാത്രമേ ശരിയായി വിധിക്കാൻ കഴിയൂ; അവിടുത്തേക്കു മാത്രമേ ഹൃദയത്തിന്റെ രഹസ്യങ്ങൾ അറിയൂ. അതിനാൽ തങ്ങളുടെ ആത്മീയ ഉപദേഷ്ടാക്കളെ വിധിക്കരുതെന്ന് അദ്ദേഹം അവരെ ഉദ്ബോധിപ്പിക്കുന്നു.
1 അതുകൊണ്ട് ക്രിസ്തുവിന്റെ ശുശ്രൂഷകരും ദൈവികരഹസ്യങ്ങളുടെ കാര്യസ്ഥന്മാരും എന്നനിലയിലാണ് എല്ലാവരും ഞങ്ങളെ പരിഗണിക്കേണ്ടത്. 2 വിശ്വാസ്യതയാണ് കാര്യസ്ഥരിൽ അവശ്യം കാണേണ്ട സദ്ഗുണം. 3 നിങ്ങളോ ഏതെങ്കിലും മാനുഷികകോടതിയൊ എന്നെ വിസ്തരിച്ചാൽ അതെനിക്ക് ഒരു നിസ്സാരകാര്യം. വാസ്തവത്തിൽ ഞാൻതന്നെയും എന്നെ വിധിക്കുന്നില്ല. 4 എനിക്കു യാതൊന്നിനെപ്പറ്റിയും കുറ്റബോധമില്ല, എന്നാൽ അതുകൊണ്ടു ഞാൻ കുറ്റമില്ലാത്തവൻ എന്നു വരുന്നില്ല. എന്നെ വിധിക്കുന്നത് കർത്താവാണ്. 5 ആകയാൽ, സമയത്തിനുമുമ്പേ, കർത്താവ് വരുന്നതുവരെ, ഒന്നിനെയും വിധിക്കരുത്; അവിടന്ന് ഇരുളിൽ മറഞ്ഞിരിക്കുന്നത് വെളിച്ചത്തിലാക്കുകയും മനുഷ്യഹൃദയങ്ങളിലെ ഉദ്ദേശ്യങ്ങൾ തുറന്നുകാട്ടുകയും ചെയ്യും. അപ്പോൾ ഓരോരുത്തർക്കും ദൈവത്തിൽനിന്നുള്ള അഭിനന്ദനം ലഭിക്കും.
അപ്പൊസ്തലന്മാർ തുച്ഛീകരിക്കപ്പെടുന്നു, വ്യാജോപദേഷ്ടാക്കൾ ആദരിക്കപ്പെടുന്നു
തങ്ങളുടെ വെവ്വേറെ നേതാക്കളെക്കുറിച്ച് അമിതമായി ചിന്തിക്കാതിരിക്കാനും അങ്ങനെ പരസ്പരമുള്ള കോപവും അവജ്ഞയുംകൊണ്ട് ചീർക്കാതിരിക്കാനും അവർ പഠിക്കേണ്ടതിനാണ് താൻ തന്റെയും അപ്പൊല്ലോസിന്റെയും പേര് ഉപയോഗിച്ചതെന്ന് പൗലോസ് പ്രഖ്യാപിക്കുന്നു. പൗലോസും അപ്പൊല്ലോസും ക്രിസ്തുവിന്റെ ദാസന്മാർമാത്രമായിരുന്നു; അവരുടെ ശുശ്രൂഷയിലൂടെയാണ് ക്രിസ്ത്യാനികൾ വിശ്വസിച്ചത്. തങ്ങളുടെ മാതൃകയാൽ, ഉപദേഷ്ടാക്കളെ അദ്ദേഹം എഴുതിയിരിക്കുന്നതിനുമപ്പുറം വിലമതിക്കാതിരിക്കാൻ കൊരിന്ത്യർ പഠിക്കേണ്ടതിന്, അവർ തങ്ങൾക്കിടയിലെ എല്ലാ സ്ഥാനപ്പേരുകളും വേർതിരിവുകളും നിരസിച്ചു. തുടർന്ന് പൗലോസ് വ്യാജോപദേഷ്ടാക്കളിലേക്കു തിരിയുന്നു. ക്രൈസ്തവവിശ്വാസത്തിന്റെ ഒന്നാമത്തെ പ്രമാണം പ്രസംഗിക്കുന്നതിനാൽ അപ്പൊസ്തലന്മാർ അജ്ഞരും ഭോഷരും എന്നു വിളിക്കപ്പെടുന്നു; എന്നാൽ വ്യാജോപദേഷ്ടാക്കൾ തങ്ങളുടെ ഊഹാപോഹങ്ങളും പാരമ്പര്യങ്ങളും നിമിത്തം ജ്ഞാനികളും തത്ത്വചിന്തകരുമായി കരുതപ്പെടുന്നു. അപ്പൊസ്തലന്മാർ നിന്ദിക്കപ്പെടുന്നു; വ്യാജോപദേഷ്ടാക്കൾ ബഹുമാനിക്കപ്പെടുന്നു. അപ്പൊസ്തലന്മാർ എല്ലാവിധ അപകടങ്ങൾക്കും വിധേയരാകുന്നു; എന്നാൽ വ്യാജോപദേഷ്ടാക്കൾ സമ്പത്തും എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കുന്നു.
6 സഹോദരങ്ങളേ, ഇവയെല്ലാം എന്നെയും അപ്പൊല്ലോസിനെയും ഉദാഹരണമാക്കി ഞാൻ പറഞ്ഞത്, അതു നിങ്ങളുടെ പ്രയോജനത്തിനുവേണ്ടിയാണ്; “എഴുതിയിരിക്കുന്നതിനപ്പുറം പോകരുത്” എന്നു പറയുന്നതിന്റെ സാരം നിങ്ങൾ ഞങ്ങളിൽനിന്ന് പഠിക്കേണ്ടതിനുതന്നെ. അപ്പോൾ നിങ്ങൾ ഒരാൾക്കെതിരേ വേറൊരാളിന്റെ അനുയായി ആയിരിക്കുന്നതെപ്പറ്റി അഹങ്കരിക്കുകയില്ല. 7 നിങ്ങളെ മറ്റുള്ളവരിൽനിന്ന് വിശിഷ്ടരാക്കുന്നത് ആര്? മറ്റൊരാൾ നൽകിയതല്ലാതെ നിങ്ങൾക്ക് എന്താണുള്ളത്? നൽകപ്പെട്ടവയെങ്കിൽ, അങ്ങനെ അല്ല എന്ന ഭാവത്തിൽ അഹങ്കരിക്കുന്നത് എന്തിന്?
8 ഇപ്പോൾത്തന്നെ നിങ്ങൾ എല്ലാം തികഞ്ഞവരായിരിക്കുന്നു! നിങ്ങൾ സമ്പന്നരായിക്കഴിഞ്ഞിരിക്കുന്നു! നിങ്ങൾ വാഴുന്നവരായി, അതും ഞങ്ങളുടെ സഹായംകൂടാതെ! നിങ്ങൾ യഥാർഥത്തിൽ രാജാക്കന്മാർ ആയിരുന്നെങ്കിൽ ഞങ്ങൾക്കും നിങ്ങളോടുകൂടെ വാഴാൻ കഴിയുമായിരുന്നല്ലോ! 9 അപ്പൊസ്തലന്മാരായ ഞങ്ങളെ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെയെന്നപോലെ ഘോഷയാത്രയുടെ ഒടുവിലത്തെ നിരയിൽ ദൈവം പ്രദർശനത്തിനു നിർത്തിയിരിക്കുകയാണെന്ന് എനിക്കു തോന്നിപ്പോകുന്നു. ലോകത്തിനുമുഴുവൻ; ദൈവദൂതർക്കും മനുഷ്യർക്കും ഒരുപോലെ ഞങ്ങൾ തമാശക്കാഴ്ചയായിത്തീർന്നിരിക്കുന്നു. 10 ഞങ്ങൾ ക്രിസ്തുവിനുവേണ്ടി ഭോഷന്മാർ; നിങ്ങളോ ക്രിസ്തുവിൽ ജ്ഞാനികൾ! ഞങ്ങൾ ബലഹീനർ, നിങ്ങളോ ബലശാലികൾ! നിങ്ങൾക്കു ബഹുമാനം, ഞങ്ങൾക്കോ അപമാനം! 11 ഈ നിമിഷംവരെയും ഞങ്ങൾ വിശന്നും ദാഹിച്ചും വസ്ത്രമില്ലാതെയും മൃഗീയമായ പീഡനമേറ്റും പാർപ്പിടമില്ലാതെയും കഴിയുന്നു. 12 ഞങ്ങൾ സ്വന്തം കൈയാൽ അധ്വാനിക്കുന്നു. ശാപമേൽക്കുമ്പോഴും ആശീർവദിക്കുന്നു; ഉപദ്രവമേറ്റിട്ട് സഹിക്കുന്നു; 13 ദുഷിക്കപ്പെടുമ്പോഴും ദയാപൂർവം മറുപടി പറയുന്നു. ഈ നിമിഷംവരെയും ഞങ്ങൾ ഭൂമിയുടെ ചവറും ലോകത്തിന്റെ മാലിന്യവും ആയിരിക്കുന്നു.
പൗലോസ് അവരുടെ പിതാവെന്ന നിലയിൽ അവർക്കു മുന്നറിയിപ്പു നൽകുന്നു
അവരെ ലജ്ജിപ്പിക്കാനല്ല, അവരെ പഠിപ്പിക്കാനും വ്യാജോപദേഷ്ടാക്കളെക്കുറിച്ച് അവർക്കു മുന്നറിയിപ്പു നൽകാനുമാണ് താൻ ഈ കാര്യങ്ങൾ എഴുതുന്നതെന്ന് പൗലോസ് വ്യക്തമാക്കുന്നു. താൻ അവർക്കായിരുന്നതുപോലെ അവരുടെ ആത്മീയപിതാവായിരിക്കാൻ ആ വ്യാജോപദേഷ്ടാക്കൾക്കു കഴിയുകയില്ല. അതിനാൽ തന്നെ അനുകരിക്കാൻ അദ്ദേഹം അവരെ പ്രേരിപ്പിക്കുകയും തന്റെ ഉപദേശം അവരെ ഓർമിപ്പിക്കാൻ തിമോത്തിയോസിനെ അവരുടെ അടുക്കലേക്ക് അയയ്ക്കുകയും ചെയ്യുന്നു.
14 നിങ്ങളെ ലജ്ജിപ്പിക്കാനല്ല ഞാൻ ഇതു നിങ്ങൾക്കെഴുതുന്നത്, എന്റെ പ്രിയമക്കളെന്നപോലെ മുന്നറിയിപ്പു നൽകാനാണ്. 15 നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം രക്ഷാകർത്താക്കൾ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; സുവിശേഷംമുഖേന ക്രിസ്തുയേശുവിൽ ഞാൻ നിങ്ങൾക്കു പിതാവായിരിക്കുന്നു. 16 ആകയാൽ എന്നെ അനുകരിക്കണം എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. 17 ഇതിനായിട്ടാണ് കർത്താവിൽ വിശ്വസ്തനും എന്റെ പ്രിയമകനുമായ തിമോത്തിയോസിനെ നിങ്ങളുടെ അടുത്തേക്കയയ്ക്കുന്നത്. ഞാൻ എല്ലായിടത്തും എല്ലാ സഭകളിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുയേശുവിലുള്ള എന്റെ വഴികൾ അദ്ദേഹം നിങ്ങളുടെ ഓർമയിൽ കൊണ്ടുവരും.
പൗലോസ് ശിക്ഷയോടെയോ സ്നേഹത്തോടെയോ വരും
ഇത്രയും പാണ്ഡിത്യവും വാക്ചാതുര്യവുമുള്ള എതിരാളികളെ നേരിടാൻ പൗലോസിനു ഭയമാണെന്ന് ആ വ്യാജോപദേഷ്ടാവ് അവകാശപ്പെട്ടിരുന്നു. താൻ ഉടൻ അവരെ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നുവെന്നും അപ്പോൾ തന്റെ എതിരാളികളുടെ വാക്കുകളെയല്ല, അവരുടെ അമാനുഷികശക്തികളെയാണു പരിശോധിക്കുകയെന്നും പൗലോസ് വ്യക്തമാക്കുന്നു. കാരണം, സുവിശേഷം സ്ഥാപിക്കപ്പെടുന്നത് അതിന്റെ പ്രസംഗകർ കൊട്ടിഘോഷിക്കുന്ന ജ്ഞാനത്താലല്ല, അതിനെ സ്ഥിരീകരിക്കാൻ അവർക്കു നൽകപ്പെട്ട അത്ഭുതശക്തികളാലാണ്. തുടർന്ന്, അവരെ ശിക്ഷിക്കാൻ തന്റെ അമാനുഷികശക്തികൾ അവർക്കെതിരേ പ്രയോഗിക്കണമോ, അതോ അവർ തങ്ങളുടെ തെറ്റുകൾ തിരുത്തിയതിനാൽ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മനോഭാവത്തോടെ അവരുടെ അടുക്കൽ വരണമോ എന്ന് അദ്ദേഹം അവരോടു ചോദിക്കുന്നു.
18 ഞാൻ നിങ്ങളുടെ അടുക്കൽ വരികയില്ല എന്നുകരുതി നിങ്ങളിൽ ചിലർ അഹങ്കരിച്ചിരിക്കുന്നു. 19 എന്നാൽ കർത്താവിനു ഹിതമായാൽ ഞാൻ എത്രയുംവേഗം നിങ്ങളുടെ അടുക്കൽവരും. അപ്പോൾ, ഈ ഗർവിഷ്ഠന്മാരുടെ വാക്കുകൾമാത്രമല്ല, അവർക്ക് എത്ര ശക്തിയുണ്ടെന്നും ഞാൻ നേരിട്ടു കണ്ട് മനസ്സിലാക്കും! 20 ദൈവരാജ്യം കേവലം വാക്കുകളിലല്ല, ശക്തിയിലാണ് അധിഷ്ഠിതമായിരിക്കുന്നത്. 21 നിങ്ങൾക്ക് എന്താണ് അഭികാമ്യം? ഒരു വടിയുമായിട്ടു വേണമോ ഞാൻ നിങ്ങളുടെ അടുക്കൽ വരേണ്ടത്, അതോ സ്നേഹത്തിലും സൗമ്യതയുടെ ആത്മാവിലുമോ?