ശൗലിന്റെ കുടുംബത്തോടുള്ള ദാവീദിന്റെ ദയ

ശൗലിന്റെ കുടുംബത്തോടുള്ള ദാവീദിന്റെ ദയ. അമ്മോന്യരുമായുള്ള യുദ്ധം.

ക്രി.മു. 1040

Biblica® Open Malayalam Contemporary Version™ (OMCV)

2 ശമുവേൽ 9–10

1 ഞാൻ യോനാഥാനെപ്രതി ദയകാണിക്കേണ്ടതിന്, “ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും അവശേഷിച്ചിട്ടുണ്ടോ” എന്നു ദാവീദ് അന്വേഷിച്ചു.

2 ശൗലിന്റെ ഗൃഹത്തിൽ സീബാ എന്നു പേരായ ഒരു ഭൃത്യൻ ഉണ്ടായിരുന്നു. ദാവീദിന്റെ സേവകർ അയാളെ ദാവീദിന്റെ മുമ്പാകെ ഹാജരാകാൻ കൊണ്ടുവന്നു. “നീയാണോ സീബാ,” എന്നു ദാവീദ് അയാളോടു ചോദിച്ചു.

“അതേ അടിയൻതന്നെ,” എന്ന് അയാൾ മറുപടി പറഞ്ഞു.

3 “ഞാൻ ദൈവത്തിന്റെ കാരുണ്യം കാണിക്കേണ്ടതിന് ശൗലിന്റെ കുടുംബത്തിൽ ഇനി ആരെങ്കിലും ഉണ്ടോ?” എന്ന് രാജാവ് അയാളോടു ചോദിച്ചു.

“യോനാഥാന്റെ ഒരു മകൻ, ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്; അയാൾക്കു രണ്ടുകാലിലും മുടന്താണ്,” എന്ന് സീബാ മറുപടി പറഞ്ഞു.

4 “അവൻ എവിടെ?” എന്നു രാജാവ് ചോദിച്ചു.

“ലോ-ദേബാരിൽ, അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിലുണ്ട്,” എന്നു സീബാ മറുപടി പറഞ്ഞു.

5 അപ്പോൾ ദാവീദ് രാജാവ് ആളയച്ച് ലോ-ദേബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിൽനിന്നും അയാളെ വരുത്തി.

6 ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ മുമ്പാകെ എത്തിയപ്പോൾ അദ്ദേഹത്തെ ആദരപൂർവം താണുവണങ്ങി.

“മെഫീബോശെത്തേ!” എന്നു ദാവീദ് വിളിച്ചപ്പോൾ, “അടിയൻ ഇതാ,” എന്ന് അയാൾ വിളികേട്ടു.

7 ദാവീദ് അയാളോട്: “ഭയപ്പെടേണ്ട, നിന്റെ പിതാവായ യോനാഥാനെപ്രതി ഞാൻ തീർച്ചയായും നിന്നോടു കരുണകാണിക്കും. നിന്റെ വലിയപ്പനായ ശൗലിന്റെ ഭൂമിയെല്ലാം ഞാൻ നിനക്കു മടക്കിത്തരും. നീ എന്റെ മേശയിങ്കൽനിന്നു നിത്യവും ഭക്ഷണം കഴിച്ചുകൊള്ളണം” എന്നു പറഞ്ഞു.

8 മെഫീബോശെത്ത് നമസ്കരിച്ചുകൊണ്ട്: “എന്നെപ്പോലെ ഒരു ചത്ത നായെ കടാക്ഷിക്കാൻ അടിയൻ എന്തുള്ളൂ?” എന്നു പറഞ്ഞു.

9 ഇതിനുശേഷം രാജാവ് സീബായെ വിളിച്ചുവരുത്തി, ശൗലിന്റെ കാര്യസ്ഥൻ അയാളോടു പറഞ്ഞു: “ശൗലിനും കുടുംബത്തിനും ഉണ്ടായിരുന്നതെല്ലാം ഞാൻ നിന്റെ യജമാനന്റെ പൗത്രനായ മെഫീബോശെത്തിനു തിരിച്ചു നൽകിയിരിക്കുന്നു. 10 നീയും നിന്റെ പുത്രന്മാരും സേവകരും അവനുവേണ്ടി അവന്റെ നിലങ്ങൾ കൃഷി ചെയ്യണം. നിന്റെ യജമാനന്റെ പൗത്രനായ അവന് ഉപജീവനത്തിനുള്ള വക ലഭിക്കത്തക്കവിധം നിങ്ങൾ നിലത്തിലെ വിളവുകൾ ശേഖരിച്ചുകൊടുക്കണം. നിന്റെ യജമാനന്റെ പൗത്രനായ മെഫീബോശെത്ത് എപ്പോഴും എന്റെ മേശയിങ്കൽ ഭക്ഷണം കഴിക്കും.” (സീബായ്ക്ക് പതിനഞ്ചു പുത്രന്മാരും ഇരുപതു ദാസന്മാരും ഉണ്ടായിരുന്നു).

11 അപ്പോൾ സീബാ രാജാവിനോടു മറുപടി പറഞ്ഞു: “എന്റെ യജമാനനായ രാജാവു കൽപ്പിക്കുന്നതെല്ലാം അവിടത്തെ ദാസനായ, അടിയൻ ചെയ്തുകൊള്ളാം.” അപ്രകാരം മെഫീബോശെത്ത് രാജകുമാരന്മാരിൽ ഒരാളെപ്പോലെ ദാവീദുരാജാവിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു.

12 മെഫീബോശെത്തിന്, മീഖാ എന്നു പേരുള്ള ഒരു ചെറിയ മകനുണ്ടായിരുന്നു. സീബായുടെ ഭവനത്തിലുണ്ടായിരുന്നവരെല്ലാം മെഫീബോശെത്തിനു ഭൃത്യന്മാരായിത്തീർന്നു. 13 ഇങ്ങനെ മെഫീബോശെത്ത് ജെറുശലേമിൽത്തന്നെ താമസിച്ചു. അദ്ദേഹം നിത്യവും രാജാവിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു. അദ്ദേഹത്തിന്റെ രണ്ടുകാലിലും മുടന്തായിരുന്നു.

10:1 പിന്നീട് അമ്മോന്യരുടെ രാജാവു മരിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ മകനായ ഹാനൂൻ അനന്തരാവകാശിയായി രാജ്യഭാരമേറ്റു. 2 അപ്പോൾ ദാവീദ് വിചാരിച്ചു: “ഹാനൂന്റെ പിതാവായ നാഹാശ് എന്നോടു ദയ കാണിച്ചതുപോലെ ഞാനും ഹാനൂനോടു ദയ കാണിക്കേണ്ടതാണ്.” അതിനാൽ പിതാവിന്റെ നിര്യാണത്തിൽ ഹാനൂനോടുള്ള അനുശോചനം പ്രകടിപ്പിക്കുന്നതിന് ദാവീദ് ഒരു പ്രതിനിധിസംഘത്തെ അവിടേക്ക് അയച്ചു.

ദാവീദ് അയച്ച ആളുകൾ അമ്മോന്യരുടെ ദേശത്ത് എത്തി. 3 അപ്പോൾ അമ്മോന്യപ്രഭുക്കന്മാർ അവരുടെ രാജാവായ ഹാനൂനോടു പറഞ്ഞു: “സഹതാപം പ്രകടിപ്പിക്കുന്നതിന് അങ്ങയുടെ അടുത്തേക്ക് പ്രതിനിധികളെ അയയ്ക്കുകവഴി ദാവീദ് അങ്ങയുടെ പിതാവിനോടുള്ള ബഹുമാനം കാണിക്കുകയാണ് എന്ന് അങ്ങു വിചാരിക്കുന്നുണ്ടോ? നഗരത്തെ പര്യവേക്ഷണംചെയ്യുന്നതിനും അതിനെതിരേ ചാരപ്രവർത്തനം നടത്തുന്നതിനും അതിനെ അട്ടിമറിക്കുന്നതിനുമല്ലോ അയാൾ ആളുകളെ അയച്ചിരിക്കുന്നത്?” 4 അതിനാൽ ഹാനൂൻ ദാവീദിന്റെ സ്ഥാനപതികളെ പിടിച്ച് അവരുടെ താടി പകുതി ക്ഷൗരംചെയ്യിപ്പിച്ച് വസ്ത്രം നിതംബമധ്യത്തിൽവെച്ചു മുറിപ്പിച്ച് വിട്ടയച്ചു.

5 ദാവീദ് ഇക്കാര്യം അറിഞ്ഞു. ആ മനുഷ്യർ അത്യന്തം അപമാനിതരായിരുന്നതിനാൽ അവരുടെ അടുത്തേക്ക് അദ്ദേഹം ദൂതന്മാരെ അയച്ച് ഇങ്ങനെ പറയിച്ചു: “നിങ്ങൾ യെരീഹോവിൽ പാർക്കുക. നിങ്ങളുടെ താടിവളർന്ന് പഴയതുപോലെ ആകുമ്പോൾ മടങ്ങിവരികയും ചെയ്യുക.”

6 തങ്ങൾ ദാവീദിന്റെ വെറുപ്പിനു പാത്രമായിത്തീർന്നു എന്ന് അമ്മോന്യർക്കു ബോധ്യമായി. അവർ ബേത്ത്-രാഹോബിൽനിന്നും സോബയിൽനിന്നുമായി ഇരുപതിനായിരം അരാമ്യ കാലാളുകളെയും മയഖാ രാജാവിനോട് ആയിരം പടയാളികളെയും തോബിൽനിന്നു പന്തീരായിരം പടയാളികളെയും വാടകയ്ക്കു വരുത്തി.

7 ഇതു കേട്ടിട്ട്, ദാവീദ് യോദ്ധാക്കളുടെ സർവസൈന്യത്തോടുംകൂടി യോവാബിനെ അയച്ചു. 8 അമ്മോന്യർ വെളിയിൽവന്ന് നഗരകവാടത്തിൽ, യുദ്ധമുറയനുസരിച്ച് അണിനിരന്നു. എന്നാൽ സോബയിൽനിന്നും രെഹോബിൽനിന്നുമുള്ള അരാമ്യരും തോബിൽനിന്നും മയഖായിൽനിന്നുമുള്ള പടയാളികൾ—അവർമാത്രമായി—വെളിമ്പ്രദേശത്ത് നിലയുറപ്പിച്ചു.

9 തന്റെ മുന്നിലും പിന്നിലും പടയാളികൾ അണിനിരന്നിരിക്കുന്നതായി യോവാബു കണ്ടു. അതിനാൽ അദ്ദേഹം ഇസ്രായേല്യരിൽ ഏറ്റവും ശൂരന്മാരായ കുറെ പടയാളികളെ തെരഞ്ഞെടുത്ത് അവരെ അരാമ്യർക്കെതിരേ അണിനിരത്തി. 10 ശേഷം പടയാളികളെ അദ്ദേഹം തന്റെ സഹോദരനായ അബീശായിയുടെ ആധിപത്യത്തിലാക്കി, അമ്മോന്യർക്കെതിരേയും അണിനിരത്തി. 11 എന്നിട്ടു യോവാബു പറഞ്ഞു: “എനിക്കു നേരിടാൻ കഴിയാത്തവിധം അരാമ്യർ പ്രാബല്യം പ്രാപിച്ചാൽ നീ എന്റെ രക്ഷയ്ക്കായി വന്നെത്തണം. മറിച്ച് അമ്മോന്യർ, നിനക്കു നേരിടാൻ കഴിയാത്തവിധം, പ്രാബല്യം പ്രാപിച്ചാൽ ഞാൻ നിന്റെ രക്ഷയ്ക്കായി വന്നെത്തും. 12 ശക്തനായിരിക്കുക! നമ്മുടെ ജനങ്ങൾക്കും നമ്മുടെ ദൈവത്തിന്റെ നഗരങ്ങൾക്കുംവേണ്ടി നമുക്കു ധീരമായി പൊരുതാം. അവിടത്തെ ദൃഷ്ടിയിൽ നന്മയായുള്ളത് യഹോവ ചെയ്യട്ടെ!”

13 അതിനെത്തുടർന്ന് യോവാബും അദ്ദേഹത്തോടൊപ്പമുള്ള പടയാളികളും അരാമ്യരോടു പൊരുതാൻ മുന്നേറി. അരാമ്യർ അവരുടെമുമ്പിൽനിന്ന് തോറ്റോടി. 14 അരാമ്യർ പലായനം ചെയ്യുന്നതായി കണ്ടപ്പോൾ അമ്മോന്യരും അബീശായിയുടെ മുമ്പിൽനിന്നോടി പട്ടണത്തിനുള്ളിൽ പ്രവേശിച്ചു. അതിനാൽ യോവാബ് അമ്മോന്യരുമായുള്ള പോരിൽനിന്നും പിൻവാങ്ങി ജെറുശലേമിലേക്കു മടങ്ങിപ്പോന്നു.

15 ഇസ്രായേല്യർ തങ്ങളെ തോൽപ്പിച്ചോടിച്ചെന്നു കണ്ടിട്ട് അരാമ്യർ വീണ്ടും സംഘംചേർന്നു. 16 യൂഫ്രട്ടീസ് നദിക്ക് അപ്പുറമുള്ള അരാമ്യരെയും ഹദദേസർ വരുത്തിയിരുന്നു. ഹദദേസറിന്റെ സൈന്യാധിപനായ ശോബക്ക് അവരെ നയിച്ചു; അവർ ഹേലാമിലേക്കു ചെന്നു.

17 ഇതേപ്പറ്റി ദാവീദിന് അറിവുകിട്ടിയപ്പോൾ അദ്ദേഹം ഇസ്രായേൽസൈന്യത്തെയെല്ലാം വിളിച്ചുകൂട്ടി. അവർ യോർദാൻനദികടന്ന് ഹേലാമിൽ എത്തി. ദാവീദിനെ നേരിടുന്നതിനായി അരാമ്യർ സൈന്യത്തെ അണിനിരത്തി അദ്ദേഹത്തോടു പൊരുതി. 18 എന്നാൽ അവർ ഇസ്രായേലിന്റെ മുമ്പിൽനിന്ന് തോറ്റോടി. അവരുടെ തേരാളികളിൽ എഴുനൂറു പേരെയും കാലാളുകളിൽ നാൽപ്പതിനായിരം പേരെയും ദാവീദ് സംഹരിച്ചു. അദ്ദേഹം അവരുടെ സൈന്യാധിപനായ ശോബക്കിനെയും അദ്ദേഹം വധിച്ചു. 19 ഇസ്രായേല്യർ തങ്ങളെ പരാജയപ്പെടുത്തി എന്നുകണ്ടപ്പോൾ, ഹദദേസരിനു കീഴ്പ്പെട്ടിരുന്ന രാജാക്കന്മാരെല്ലാം ഇസ്രായേലുമായി സമാധാനസന്ധിചെയ്തു. അവർ ഇസ്രായേലിനു കീഴ്പ്പെട്ടു ജീവിച്ചു.

അതിനുശേഷം അമ്മോന്യരെ തുടർന്നും സഹായിക്കാൻ അരാമ്യർ ഭയപ്പെട്ടു.

സങ്കീർത്തനങ്ങൾ 20

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 കഷ്ടകാലത്തിൽ, യഹോവ നിങ്ങൾക്ക് ഉത്തരമരുളുമാറാകട്ടെ;

യാക്കോബിൻ ദൈവത്തിന്റെ നാമം നിങ്ങളെ സംരക്ഷിക്കട്ടെ.

2 അവിടന്ന് തിരുസന്നിധാനത്തിൽനിന്ന് നിങ്ങൾക്കു സഹായം അയയ്ക്കട്ടെ

സീയോനിൽനിന്ന് അവിടന്ന് പിൻതുണയേകട്ടെ.

3 നിങ്ങളുടെ യാഗാർപ്പണങ്ങൾ അവിടന്ന് ഓർക്കുമാറാകട്ടെ

നിങ്ങളുടെ ഹോമയാഗങ്ങൾ അവിടത്തേക്ക് സ്വീകാര്യമായിരിക്കട്ടെ. സേലാ.

4 അവിടന്ന് നിങ്ങളുടെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റട്ടെ

നിങ്ങളുടെ ഉദ്യമങ്ങളെല്ലാം സഫലമാക്കട്ടെ.

5 താങ്കളുടെ വിജയംനേടുമ്പോൾ ഞങ്ങൾ ആനന്ദഘോഷം മുഴക്കും

ഞങ്ങളുടെ ദൈവത്തിൻ നാമത്തിൽ ഞങ്ങൾ വിജയക്കൊടികൾ പാറിക്കും.

യഹോവ നിങ്ങളുടെ അപേക്ഷകളെല്ലാം സാധിപ്പിച്ചുനൽകട്ടെ.

6 യഹോവ തന്റെ അഭിഷിക്തനെ മോചിപ്പിക്കുന്നുവെന്ന്

ഞാൻ ഇപ്പോൾ അറിയുന്നു.

അവിടത്തെ വലതുകരത്തിന്റെ രക്ഷാകരമായ ശക്തിയാൽ

വിശുദ്ധ സ്വർഗത്തിൽനിന്ന് അവിടന്ന് അവന് ഉത്തരമരുളുന്നു.

7 ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയംവെക്കുന്നു,

എന്നാൽ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തിൽ ആശ്രയിക്കുന്നു.

8 അവർ ശക്തിക്ഷയിച്ച് നിലംപൊത്തും,

ഞങ്ങളോ, എഴുന്നേറ്റ് ഉറച്ചുനിൽക്കും.

9 യഹോവേ, രാജാവിനു വിജയം നൽകണമേ!

ഞങ്ങൾ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ!

സംഗീതസംവിധായകന്.