ദാവീദ് ഗൊല്യാത്തിനെ പരാജയപ്പെടുത്തുന്നു (continued)

ക്രി.മു. 1063

Biblica® Open Malayalam Contemporary Version™ (OMCV)

1 ശമുവേൽ 18:1–4

1 ദാവീദ് ശൗലിനോടു സംസാരിച്ചുതീർന്നപ്പോൾ യോനാഥാന്റെ ഹൃദയം ദാവീദിന്റെ ഹൃദയത്തോട് ഇഴുകിച്ചേർന്നു. യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു. 2 അന്നുമുതൽ ശൗൽ ദാവീദിനെ തന്റെകൂടെ ചേർത്തു; അദ്ദേഹത്തിന്റെ പിതൃഭവനത്തിലേക്കു പോകാൻ പിന്നെ അനുവദിച്ചതുമില്ല. 3 യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചിരുന്നതിനാൽ ഇരുവരുംതമ്മിൽ ഒരു ഉടമ്പടിചെയ്തു. 4 യോനാഥാൻ താനണിഞ്ഞിരുന്ന സ്ഥാനവസ്ത്രങ്ങൾ അഴിച്ച് പടച്ചട്ടസഹിതം ദാവീദിനെ അണിയിച്ചു. തന്റെ വാളും വില്ലും അരപ്പട്ടയും അരക്കച്ചയും ദാവീദിനു കൊടുത്തു.

ഗൊല്യാത്തിനെതിരായ വിജയത്തെക്കുറിച്ചുള്ള ഒരു സങ്കീർത്തനം

സങ്കീർത്തനങ്ങൾ 9

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവേ, ഞാൻ പൂർണഹൃദയത്തോടെ, അങ്ങയെ സ്തുതിക്കും;

അവിടത്തെ അത്ഭുതങ്ങളൊക്കെയും ഞാൻ വർണിക്കും.

2 ഞാൻ അങ്ങയിൽ ആനന്ദിച്ചുല്ലസിക്കും;

അത്യുന്നതനേ, തിരുനാമത്തിനു ഞാൻ സ്തുതിപാടും.

3 എന്റെ ശത്രുക്കൾ പിന്തിരിഞ്ഞോടുന്നു;

അവർ തിരുമുമ്പാകെ കാലിടറിവീണു നശിക്കുന്നു.

4 കാരണം അവിടന്ന് എനിക്കുവേണ്ടി ന്യായവും വ്യവഹാരവും നടത്തിയിരിക്കുന്നു,

അവിടന്ന് സിംഹാസനസ്ഥനായി നീതിയോടെ ന്യായംവിധിക്കുന്നു.

5 അവിടന്ന് ജനതകളെ ശകാരിക്കുകയും ദുഷ്ടരെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു;

അവിടന്ന് അവരുടെ നാമം എന്നെന്നേക്കുമായി മായിച്ചുകളഞ്ഞിരിക്കുന്നു.

6 അന്തമില്ലാത്ത അനർഥങ്ങൾനിമിത്തം ശത്രുക്കൾ തകർക്കപ്പെട്ടിരിക്കുന്നു,

അവരുടെ നഗരങ്ങളെ അങ്ങ് ഉന്മൂലനംചെയ്തിരിക്കുന്നു;

അവരുടെ ഓർമകൾപോലും മാഞ്ഞുപോയിരിക്കുന്നു.

7 യഹോവ എന്നേക്കും വാഴുന്നു;

അവിടന്ന് ന്യായവിധിക്കായി തന്റെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നു.

8 അവിടന്ന് ലോകത്തെ നീതിയോടെ ന്യായംവിധിക്കും;

ജനതകളെ നേരോടെ ന്യായപാലനംചെയ്യും.

9 യഹോവ പീഡിതർക്കൊരു അഭയസ്ഥാനം,

ദുർഘടസമയങ്ങളിൽ ഉറപ്പുള്ള ഒരു കോട്ട.

10 അവിടത്തെ നാമം അറിയുന്നവർ അങ്ങയിൽ ആശ്രയംവെക്കുന്നു,

യഹോവേ, അവിടത്തെ അന്വേഷിക്കുന്നവരെ ഒരുനാളും അങ്ങ് ഉപേക്ഷിക്കുകയില്ലല്ലോ.

11 സീയോനിൽ വാഴുന്ന യഹോവയ്ക്കു സ്തുതിപാടുക;

അവിടത്തെ പ്രവൃത്തികൾ ജനതകൾക്കിടയിൽ ഘോഷിക്കുക.

12 കാരണം, രക്തത്തിനു പ്രതികാരംചെയ്യുന്ന അവിടന്ന് പീഡിതരെ ഓർക്കുന്നു;

അവരുടെ നിലവിളി അവിടന്ന് അവഗണിക്കുന്നതുമില്ല.

13 യഹോവേ, എന്റെ ശത്രുക്കൾ എന്നെ ദ്രോഹിക്കുന്നത് എങ്ങനെയെന്ന് കാണണമേ!

എന്നോട് കരുണതോന്നി, മരണകവാടത്തിൽനിന്ന് എന്നെ ഉദ്ധരിക്കണമേ,

14 സീയോൻപുത്രിയുടെ കവാടത്തിൽ

ഞാൻ അവിടത്തെ സ്തുതി ഘോഷിക്കും;

ഞാൻ അങ്ങയുടെ രക്ഷയിൽ ആനന്ദിക്കും.

15 രാഷ്ട്രങ്ങൾ അവർ കുഴിച്ച കുഴിയിൽത്തന്നെ വീണിരിക്കുന്നു;

അവരുടെ കാൽപ്പാദങ്ങൾ അവർ വിരിച്ച വലയിൽത്തന്നെ കുടുങ്ങിയിരിക്കുന്നു.

16 യഹോവ അവിടത്തെ നീതിനിർവഹണത്തിൽ പ്രസിദ്ധനായിരിക്കുന്നു;

ദുഷ്ടർ അവരുടെ കൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിപ്പോയിരിക്കുന്നു. തന്ത്രിനാദം. സേലാ.

17 ദുഷ്ടർ പാതാളത്തിലേക്കു തിരിയുന്നു,

ദൈവത്തെ മറക്കുന്ന രാഷ്ട്രങ്ങളുടെ അന്ത്യവും അങ്ങനെതന്നെ.

18 എന്നാൽ ദരിദ്രർ എക്കാലവും വിസ്മരിക്കപ്പെടുകയില്ല;

പീഡിതരുടെ പ്രത്യാശ എന്നേക്കും നശിച്ചുപോകുകയില്ല.

19 യഹോവേ, എഴുന്നേൽക്കണമേ, മർത്യർ വിജയഭേരി മുഴക്കാതിരിക്കട്ടെ;

ജനതകൾ തിരുമുമ്പാകെ ന്യായവിധിക്കു വിധേയരാകട്ടെ.

20 യഹോവേ, ഭീതിയാൽ അവരെ തകർക്കണമേ,

തങ്ങൾ വെറും മനുഷ്യരെന്ന് രാഷ്ട്രങ്ങൾ മനസ്സിലാക്കട്ടെ. സേലാ.