ദാവീദ് മിസ്പായിൽ (continued)

ക്രി.മു. 1060

Biblica® Open Malayalam Contemporary Version™ (OMCV)

സങ്കീർത്തനങ്ങൾ 140

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവേ, അധർമം പ്രവർത്തിക്കുന്നവരിൽനിന്ന് എന്നെ മോചിപ്പിക്കണമേ;

അക്രമികളിൽനിന്ന് എന്നെ സംരക്ഷിക്കണമേ,

2 അവർ ഹൃദയത്തിൽ ദുഷ്ടതന്ത്രങ്ങൾ ആവിഷ്കരിക്കുകയും

നിരന്തരം കലഹം ഇളക്കിവിടുകയുംചെയ്യുന്നു.

3 അവർ തങ്ങളുടെ നാവ് സർപ്പത്തിന്റേതുപോലെ മൂർച്ചയുള്ളതാക്കുന്നു.

അവരുടെ അധരങ്ങളിൽ അണലിവിഷമുണ്ട്. സേലാ.

4 യഹോവേ, ദുഷ്ടരുടെ കൈകളിൽനിന്ന് എന്നെ സൂക്ഷിക്കണമേ;

എന്റെ കാലുകൾ കുരുക്കിൽപ്പെടുത്താൻ പദ്ധതിയിടുന്ന

അക്രമികളിൽനിന്ന് എന്നെ സംരക്ഷിക്കണമേ.

5 അഹങ്കാരികൾ എനിക്കൊരു കെണി ഒരുക്കിയിരിക്കുന്നു;

അവർ ഒരു വല വിരിച്ചിരിക്കുന്നു

എന്റെ പാതയോരത്ത് എനിക്കായി ഒരു കുടുക്ക് ഒരുക്കിയിരിക്കുന്നു. സേലാ.

6 “അവിടന്ന് ആകുന്നു എന്റെ ദൈവം,” എന്നു ഞാൻ യഹോവയോട് പറഞ്ഞു.

യഹോവേ, കരുണയ്ക്കായുള്ള എന്റെ നിലവിളി കേൾക്കണമേ.

7 കർത്താവായ യഹോവേ, ശക്തനായ രക്ഷകാ,

യുദ്ധദിവസത്തിൽ അങ്ങ് എന്റെ ശിരസ്സിൽ ഒരു കവചം അണിയിക്കുന്നു.

8 യഹോവേ, ദുഷ്ടരുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കരുതേ,

അവരുടെ ആഗ്രഹങ്ങൾ സഫലമാക്കരുതേ. സേലാ.

9 എന്നെ വലയംചെയ്തിരിക്കുന്നവർ അഹങ്കാരത്തോടെ അവരുടെ ശിരസ്സുകൾ ഉയർത്തുന്നു;

അവരുടെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന തിന്മയാൽത്തന്നെ അവരെ മൂടിക്കളയണമേ.

10 അവരുടെമേൽ ജ്വലിക്കുന്ന കനലുകൾ പതിക്കട്ടെ;

അഗ്നികൂപങ്ങളിലേക്ക് അവർ എറിയപ്പെടട്ടെ,

ഒരിക്കലും കരകയറാനാകാത്തവിധം ചേറ്റുകുഴിയിലവർ നിപതിക്കട്ടെ.

11 പരദൂഷണം പറയുന്നവർ ദേശത്ത് പ്രബലപ്പെടാതിരിക്കട്ടെ;

അക്രമികളെ ദുരന്തങ്ങൾ വേട്ടയാടി നശിപ്പിക്കട്ടെ.

12 യഹോവ പീഡിതർക്ക് ന്യായവും

അഗതികൾക്ക് നീതിയും പരിപാലിക്കുമെന്ന് ഞാൻ അറിയുന്നു.

13 നീതിനിഷ്ഠർ അവിടത്തെ നാമത്തെ വാഴ്ത്തുകയും

ഹൃദയപരമാർഥികൾ തിരുസന്നിധിയിൽ വസിക്കുകയും ചെയ്യും, നിശ്ചയം.

സങ്കീർത്തനങ്ങൾ 35

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവേ, എന്നോട് മത്സരിക്കുന്നവരോട് അങ്ങ് മത്സരിക്കണമേ;

എന്നോടു യുദ്ധംചെയ്യുന്നവരോട് അങ്ങ് യുദ്ധംചെയ്യണമേ.

2 പരിചയും പലകയും എടുക്കണമേ;

അങ്ങ് എഴുന്നേറ്റ് എന്റെ സഹായത്തിനായി വരണമേ.

3 എന്നെ പിൻതുടരുന്നവർക്കെതിരേ

കുന്തവും വേലും വീശണമേ.

“അങ്ങാണ് എന്റെ രക്ഷയെന്ന്,”

എന്നോട് അരുളിച്ചെയ്യണമേ.

4 എന്റെ ജീവൻ അപായപ്പെടുത്താൻ നോക്കുന്നവർ

ലജ്ജിച്ച് അപമാനിതരായിത്തീരട്ടെ;

എന്റെ നാശത്തിനായി പദ്ധതിയാവിഷ്കരിക്കുന്നവർ

നിരാശരായി പിന്തിരിയട്ടെ.

5 യഹോവയുടെ ദൂതൻ അവരെ തുരത്തിയോടിക്കുന്നതിനാൽ

അവർ കാറ്റിൽ പാറിപ്പോകുന്ന പതിരുപോലെയാകട്ടെ.

6 യഹോവയുടെ ദൂതൻ അവരെ പിൻതുടരുന്നതിനാൽ

അവരുടെ പാതകൾ അന്ധകാരവും വഴുവഴുപ്പും ഉള്ളതാകട്ടെ.

7 അകാരണമായി അവരെനിക്കു വല വിരിക്കുകയും

ഒരു ചതിക്കുഴി കുഴിക്കുകയും ചെയ്യുകയാണല്ലോ,

8 അവർക്കു ശീഘ്രനാശം വന്നുഭവിക്കട്ടെ—

അവർ ഒരുക്കിവെച്ച വലയിൽ അവർതന്നെ കുടുങ്ങട്ടെ,

അവർ എനിക്കുവേണ്ടി കുഴിച്ച കുഴിയിലേക്ക് അവർതന്നെ നിപതിക്കട്ടെ.

9 അപ്പോൾ എന്റെ പ്രാണൻ യഹോവയിൽ ആനന്ദിക്കട്ടെ

അവിടത്തെ രക്ഷയിൽ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ.

10 “യഹോവേ, അങ്ങയെപ്പോലെ ആരുള്ളൂ?

എന്ന് എന്റെ എല്ലാ അസ്ഥികളും പ്രസ്താവിക്കും.

അവിടന്നു സാധുക്കളെ അവരുടെ ശക്തിക്ക് അതീതരായവരിൽനിന്ന് മോചിപ്പിക്കുന്നു;

കൊള്ളചെയ്യുന്നവരുടെ കൈയിൽനിന്ന് എളിയവരെയും ദരിദ്രരെയും.”

11 നിഷ്കരുണരായ സാക്ഷികൾ എനിക്കെതിരേ മുന്നോട്ടുവരുന്നു;

എനിക്കൊരറിവുമില്ലാത്ത വസ്തുതകളെപ്പറ്റി എന്നെ ചോദ്യംചെയ്യുന്നു.

12 അവർ, ഞാൻ ചെയ്ത നന്മയ്ക്കു പകരമായി തിന്മചെയ്യുന്നു

എന്റെ പ്രാണനെ ഉറ്റവർ മരിച്ച ഒരുവനെപ്പോലെ ആക്കുന്നു.

13 എന്നിട്ടും അവർ രോഗാതുരരായിരുന്നപ്പോൾ ഞാൻ ചാക്കുശീല ധരിച്ചുകൊണ്ട്

നമ്രമാനസനായി അവർക്കുവേണ്ടി ഉപവസിച്ചു.

എന്റെ പ്രാർഥന ഉത്തരംനേടാതെ എന്റെ അടുത്തേക്കുതന്നെ മടങ്ങിവന്നപ്പോൾ,

14 എന്റെ സ്നേഹിതനോ സഹോദരനോവേണ്ടി എന്നതുപോലെ

ഞാൻ വിലപിച്ചുകൊണ്ടിരുന്നു.

എന്റെ മാതാവിനുവേണ്ടി വിലപിക്കുന്നതുപോലെ

ദുഃഖത്താൽ ഞാൻ എന്റെ ശിരസ്സു നമിച്ചു.

15 എന്നാൽ ഞാൻ ഇടറിവീണപ്പോൾ അവർ ഒത്തുചേർന്ന് ആഹ്ലാദിച്ചു;

എന്റെ പ്രതിയോഗികൾ ഞാൻ അറിയാതെ എനിക്കെതിരേ സംഘംചേർന്നു.

ഇടവേളകളില്ലാതെ അവർ എന്നെ ദുഷിച്ചു.

16 അഭക്തരെപ്പോലെ അവർ എന്നെ ക്രൂരമായി പരിഹസിച്ചു;

അവർ എനിക്കെതിരേ പല്ലുകടിച്ചു.

17 കർത്താവേ, എത്രനാൾ അങ്ങ് നോക്കിനിൽക്കും?

അവരുടെ ഭീകരതയാർന്ന ആക്രമണങ്ങളിൽനിന്ന് എന്നെ മോചിപ്പിക്കണമേ,

ഈ സിംഹക്കുട്ടികളിൽനിന്ന് എന്റെ ജീവനെയും.

18 ഞാൻ മഹാസഭയിൽ അങ്ങേക്ക് നന്ദിയർപ്പിക്കും;

ജനസാഗരമധ്യേ ഞാൻ അങ്ങയെ വാഴ്ത്തും.

19 അകാരണമായി എന്നോടു ശത്രുതപുലർത്തുന്നവർ

എന്റെ പേരിൽ ആനന്ദിക്കാതിരിക്കട്ടെ;

അകാരണമായി എന്നെ വെറുക്കുന്നവർക്ക്

എന്നെ ഉപഹസിക്കാൻ ഇടവരാതിരിക്കട്ടെ.

20 അവർ സമാധാനപരമായി സംസാരിക്കുന്നില്ല,

ദേശത്തു ശാന്തമായി ജീവിക്കുന്നവർക്കെതിരേ

അവർ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു.

21 അവർ എന്റെനേരേ, “ആഹാ! ആഹാ!” എന്നു പറഞ്ഞ് പരിഹസിക്കുന്നു

“ഞങ്ങളതു സ്വന്തം കണ്ണാൽ കണ്ടു,” എന്നും പറയുന്നു.

22 യഹോവേ, അങ്ങ് ഇതു കണ്ടല്ലോ; നിശ്ശബ്ദനായിരിക്കരുതേ.

കർത്താവേ, എന്നിൽനിന്ന് അകന്നിരിക്കുകയുമരുതേ.

23 ഉണരണമേ, എനിക്കു പ്രതിരോധം തീർക്കാൻ എഴുന്നേൽക്കണമേ!

എന്റെ ദൈവമായ കർത്താവേ, എനിക്കുവേണ്ടി വാദിക്കണമേ.

24 എന്റെ ദൈവമായ യഹോവേ, അവിടത്തെ നീതിക്കനുസൃതമായി എന്നെ കുറ്റവിമുക്തനാക്കണമേ;

അവർ എന്റെമേൽ ആനന്ദിക്കാതിരിക്കട്ടെ.

25 “ആഹാ, ഞങ്ങളുടെ ചിരകാലാഭിലാഷം നിറവേറി!” എന്ന് അവർ ചിന്തിക്കാതിരിക്കട്ടെ,

“ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു,” എന്നും അവർ വീമ്പിളക്കാതിരിക്കട്ടെ.

26 എന്റെ കഷ്ടതയിൽ ആർത്തട്ടഹസിക്കുന്ന എല്ലാവരും

ലജ്ജിതരും പരിഭ്രാന്തരും ആയിത്തീരട്ടെ;

എനിക്കെതിരേ തന്നെത്താൻ ഉയർത്തുന്നവർ

ലജ്ജയിലും അപമാനത്തിലും മുഴുകട്ടെ.

27 എനിക്കു ലഭ്യമാകുന്ന നീതിയിൽ ആനന്ദിക്കുന്നവർ

ആനന്ദത്തോടെ ആർത്തുഘോഷിക്കട്ടെ;

“തന്റെ ദാസന്റെ നന്മയിൽ ആഹ്ലാദിക്കുന്നവർ,

യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ,” എന്ന് എപ്പോഴും പറയട്ടെ.

28 എന്റെ നാവ് അവിടത്തെ നീതിയെപ്പറ്റി ഘോഷിക്കും,

ദിവസംമുഴുവനും അവിടത്തെ സ്തുതിയും.

സംഗീതസംവിധായകന്.

സങ്കീർത്തനങ്ങൾ 64

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 എന്റെ ദൈവമേ, എന്റെ ആവലാതി ശ്രദ്ധിക്കണമേ;

ശത്രുവിന്റെ ഭീഷണിയിൽനിന്നും എന്റെ ജീവനെ കാത്തുകൊള്ളണമേ.

2 ദുഷ്ടരുടെ ഗൂഢതന്ത്രങ്ങളിൽനിന്നും

അധർമികളുടെ ആരവാരങ്ങളിൽനിന്നും എന്നെ മറച്ചുകൊള്ളണമേ.

3 അവർ അവരുടെ നാവ് വാൾപോലെ മൂർച്ചയുള്ളതാക്കുന്നു

മാരകാസ്ത്രങ്ങൾപോലെ തങ്ങളുടെ വാക്കുകൾ തൊടുക്കുന്നു.

4 നിരപരാധിക്കുനേരേ അവർ ഒളിഞ്ഞുനിന്ന് അസ്ത്രം തൊടുക്കുന്നു;

ഭയംകൂടാതെ അതിവേഗം അവരെ ആക്രമിക്കുന്നു.

5 അധർമം പ്രവർത്തിക്കുന്നതിൽ അവർ പരസ്പരം പ്രോത്സാഹിപ്പിക്കുന്നു,

അവരുടെ കെണികൾ ഒളിപ്പിക്കുന്നതിനെപ്പറ്റിയവർ സംസാരിക്കുന്നു;

“ആരതു കണ്ടുപിടിക്കും?” എന്ന് അവർ വീമ്പിളക്കുന്നു.

6 അവർ അനീതി ആസൂത്രണംചെയ്തുകൊണ്ട് ഇപ്രകാരം പറയുന്നു:

“നല്ലൊരുപായം നാം തയ്യാറാക്കിയിരിക്കുന്നു!”

മാനവമനസ്സും ഹൃദയവും കുൽസിതംതന്നെ, നിശ്ചയം.

7 എന്നാൽ ദൈവം തന്റെ അസ്ത്രങ്ങൾകൊണ്ട് അവരെ എയ്തുവീഴ്ത്തും;

അതിവേഗത്തിലവർ നിലംപൊത്തും.

8 അവിടന്ന് അവരുടെ സ്വന്തം നാവുതന്നെ അവർക്കെതിരേ തിരിക്കും,

അങ്ങനെ അവർ നശിച്ചുപോകും;

അവരെ കാണുന്നവരെല്ലാം നിന്ദാസൂചകമായി തലകുലുക്കും.

9 സകലമനുഷ്യരും ഭയപ്പെട്ട്;

ദൈവത്തിന്റെ പ്രവൃത്തികൾ പ്രസ്താവിക്കുകയും

അവിടന്നു ചെയ്തതിനെക്കുറിച്ച് ആലോചനാനിമഗ്നരാകുകയും ചെയ്യും.

10 നീതിനിഷ്ഠർ യഹോവയിൽ ആനന്ദിക്കുകയും

അവർ അവിടത്തെ അഭയംപ്രാപിക്കുകയും ചെയ്യട്ടെ;

ഹൃദയപരമാർഥതയുള്ള എല്ലാവരും അവിടത്തെ പുകഴ്ത്തട്ടെ!

സംഗീതസംവിധായകന്.