ബാരൂക്കിന്റെ ആദ്യ ചുരുൾവായന

ക്രി.മു. 606

Biblica® Open Malayalam Contemporary Version™ (OMCV)

യിരെമ്യാവ് 36:1–8

1 യോശിയാവിന്റെ മകനും യെഹൂദാരാജാവുമായ യെഹോയാക്കീമിന്റെ നാലാമാണ്ടിൽ യഹോവയിൽനിന്നു യിരെമ്യാവിന് ഇപ്രകാരം അരുളപ്പാടുണ്ടായി: 2 “നീ ഒരു തുകൽച്ചുരുൾ എടുത്ത് യോശിയാവിന്റെ കാലത്തു ഞാൻ നിന്നോടു സംസാരിക്കാൻ തുടങ്ങിയ കാലംമുതൽ ഇന്നുവരെ ഇസ്രായേലിനെക്കുറിച്ചും യെഹൂദയെക്കുറിച്ചും മറ്റ് എല്ലാ രാഷ്ട്രങ്ങളെക്കുറിച്ചും നിന്നോട് അരുളിച്ചെയ്ത സകലവചനങ്ങളും അതിൽ എഴുതുക. 3 ഒരുപക്ഷേ യെഹൂദ്യയിലെ ജനത്തിന്മേൽ ഞാൻ വരുത്താൻപോകുന്ന എല്ലാ അനർഥങ്ങളെക്കുറിച്ചും അവർ കേൾക്കുമ്പോൾ അവരിൽ ഓരോരുത്തരും താന്താങ്ങളുടെ ദുഷ്ടവഴികളിൽനിന്നു പിന്തിരിയാൻ ഇടയാകും; അങ്ങനെയെങ്കിൽ ഞാൻ അവരുടെ ദുഷ്ടതയും പാപവും അവരോടു ക്ഷമിക്കും.”

4 അതനുസരിച്ച് യിരെമ്യാവ് നേര്യാവിന്റെ മകനായ ബാരൂക്കിനെ വിളിച്ചു; യിരെമ്യാവ് പറഞ്ഞുകൊടുത്തതനുസരിച്ച് യഹോവ യിരെമ്യാവിനോട് അരുളിച്ചെയ്തിരുന്ന എല്ലാ വചനങ്ങളും ബാരൂക്ക് ഒരു തുകൽച്ചുരുളിൽ എഴുതി. 5 പിന്നീട് യിരെമ്യാവ് ബാരൂക്കിനോട് ഇപ്രകാരം പറഞ്ഞു: “ഞാൻ തടവിൽ അടയ്ക്കപ്പെട്ടിരിക്കുന്നു; എനിക്ക് യഹോവയുടെ ആലയത്തിലേക്കു പോകാൻ കഴിയുകയില്ല. 6 അതിനാൽ നീ യഹോവയുടെ ആലയത്തിലേക്കു പോയി എന്റെ നിർദേശപ്രകാരം നീ എഴുതിയ വചനങ്ങളെല്ലാം ജനം കേൾക്കെ ഒരു ഉപവാസദിവസത്തിൽ വായിക്കുക. താന്താങ്ങളുടെ പട്ടണത്തിൽനിന്നും വരുന്ന സകല യെഹൂദാജനവും കേൾക്കെ നീ അതു വായിച്ചു കേൾപ്പിക്കണം. 7 ഒരുപക്ഷേ അവർ യഹോവയുടെമുമ്പാകെ വീണ് അപേക്ഷിക്കയും ഓരോരുത്തരും തങ്ങളുടെ ദുഷ്ടവഴികൾ വിട്ടു തിരിയുകയും ചെയ്യും; യഹോവ ഈ ജനത്തിനു വിധിച്ചിരിക്കുന്ന കോപവും ക്രോധവും വലുതാണല്ലോ.”

8 നേര്യാവിന്റെ മകനായ ബാരൂക്ക് യിരെമ്യാപ്രവാചകൻ തന്നോടു കൽപ്പിച്ചതുപോലെയെല്ലാം ചെയ്തു. യഹോവയുടെ ആലയത്തിൽവെച്ച് അദ്ദേഹം യഹോവയുടെ എല്ലാ വചനങ്ങളും വായിച്ചുകേൾപ്പിച്ചു.

ചുരുൾ വായിച്ചതിനുശേഷം ബാരൂക്കിന് ആശ്വാസം ലഭിക്കുന്നു

യിരെമ്യാവ് 45

1 യെഹൂദാരാജാവും യോശിയാവിന്റെ മകനുമായ യെഹോയാക്കീമിന്റെ നാലാമാണ്ടിൽ നേര്യാവിന്റെ മകനായ ബാരൂക്ക് യിരെമ്യാപ്രവാചകൻ പറഞ്ഞുകൊടുത്തതനുസരിച്ച് അദ്ദേഹത്തിന്റെ വചനങ്ങൾ എല്ലാം ഒരു പുസ്തകത്തിൽ എഴുതി. പിന്നീട് ഈ വചനങ്ങൾ യിരെമ്യാവ് ബാരൂക്കിന് പറഞ്ഞുകൊടുക്കുകയുണ്ടായി: 2 “ബാരൂക്കേ, ഇസ്രായേലിന്റെ ദൈവമായ യഹോവ നിന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: 3 ‘എനിക്ക് അയ്യോ കഷ്ടം! എന്റെ വേദനയോടൊപ്പം യഹോവ എനിക്കു ദുഃഖവും കൂട്ടിയിരിക്കുന്നു; ഞരക്കംകൊണ്ടു ഞാൻ തളർന്നിരിക്കുന്നു; എനിക്ക് ഒരു ആശ്വാസം ലഭിക്കുന്നില്ല,’ എന്നു നീ പറഞ്ഞുവല്ലോ. 4 എന്നാൽ നിന്നോടു പറയുന്നതിനായി യഹോവ എന്നോട് കൽപ്പിച്ചത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ‘ഭൂമിയിലെങ്ങും ഞാൻ പണിതതിനെ ഇടിച്ചുകളയും; ഞാൻ നട്ടതിനെ ഞാൻ പറിച്ചുകളയും. 5 അങ്ങനെയെങ്കിൽ നീ നിനക്കായിത്തന്നെ വലിയ കാര്യങ്ങൾ അന്വേഷിക്കണമോ? അന്വേഷിക്കരുത്. കാരണം ഞാൻ സകലജനത്തിന്മേലും വിനാശംവരുത്തും, എന്ന് യഹോവയുടെ അരുളപ്പാട്. എന്നാൽ നീ പോകുന്നിടത്തെല്ലാം നിന്റെ ജീവൻ കഷ്ടിച്ച് ഞാൻ രക്ഷപ്പെടുത്തും,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.”

പ്രവാസം ആരംഭിക്കുന്നു

2 രാജാക്കന്മാർ 24:1

1 യെഹോയാക്കീമിന്റെ ഭരണകാലത്ത് ബാബേൽരാജാവായ നെബൂഖദ്നേസർ രാജ്യത്തെ ആക്രമിച്ചു; യെഹോയാക്കീം മൂന്നു വർഷത്തേക്ക് അദ്ദേഹത്തിന് കീഴ്പ്പെട്ടിരുന്നു. അതിനുശേഷം അദ്ദേഹം മനസ്സുമാറ്റി നെബൂഖദ്നേസരിന്റെ അധികാരത്തോടു മത്സരിച്ചു.

2 ദിനവൃത്താന്തം 36:6–7

6 ബാബേൽരാജാവായ നെബൂഖദ്നേസർ അദ്ദേഹത്തെ ആക്രമിക്കുകയും ഓട്ടുചങ്ങലയിട്ടുകെട്ടി ബാബേലിലേക്കു കൊണ്ടുപോകുകയും ചെയ്തു. 7 യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും നെബൂഖദ്നേസർ ബാബേലിലേക്ക് എടുത്തുകൊണ്ടുപോയി തന്റെ ദേവന്റെ ക്ഷേത്രത്തിൽ സൂക്ഷിച്ചു.

ദാനീയേൽ 1:1–7

1 യെഹൂദാരാജാവായ യെഹോയാക്കീമിന്റെ ഭരണത്തിന്റെ മൂന്നാംവർഷത്തിൽ ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സൈന്യവുമായി ജെറുശലേമിലേക്ക് വന്ന് അതിനെ ഉപരോധിച്ചു. 2 കർത്താവ് യെഹൂദാരാജാവായ യെഹോയാക്കീമിനെ ദൈവാലയത്തിലെ ചില ഉപകരണങ്ങളോടൊപ്പം അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചു. അദ്ദേഹം അവ ബാബേലിൽ തന്റെ ദേവന്റെ ക്ഷേത്രത്തിൽ കൊണ്ടുവന്ന്, തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തിൽ വെച്ചു.

3 അതിനുശേഷം രാജാവ് തന്റെ ഉദ്യോഗസ്ഥമേധാവിയായ അശ്പെനാസിനോട് ഇസ്രായേൽമക്കളിൽ രാജകുടുംബത്തിലും പ്രഭുകുടുംബത്തിലും ഉൾപ്പെട്ടവരും— 4 അംഗവൈകല്യമില്ലാത്തവരും സുന്ദരന്മാരും സർവവിജ്ഞാനശാഖകളിലും സമർഥരും വിവേകശാലികളും ദ്രുതഗ്രഹണശേഷിയുള്ളവരും രാജാവിന്റെ കൊട്ടാരത്തിൽ പരിചരിക്കാൻ യോഗ്യരുമായ ചില യുവാക്കളെ ഹാജരാക്കാൻ ആജ്ഞാപിച്ചു. അവരെ ബാബേല്യരുടെ ഭാഷയും സാഹിത്യവും അഭ്യസിപ്പിക്കാൻ നിർദേശംനൽകി. 5 രാജാവിന്റെ മേശയിലെ ഭക്ഷണത്തിൽനിന്നും വീഞ്ഞിൽനിന്നും അവർക്ക് ഓരോ ദിവസത്തെ ഓഹരി നൽകണമെന്നും മൂന്നു വർഷത്തെ പരിശീലനത്തിനുശേഷം അവർ രാജസേവനത്തിൽ പ്രവേശിക്കണമെന്നും രാജാവു കൽപ്പിച്ചു.

6 അവരുടെ കൂട്ടത്തിൽ യെഹൂദാഗോത്രത്തിൽപ്പെട്ടവരായ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നീ യുവാക്കന്മാർ ഉണ്ടായിരുന്നു. 7 ഉദ്യോഗസ്ഥമേധാവി അവർക്കു പുതിയ പേരുകൾ നൽകി. അദ്ദേഹം ദാനീയേലിന് ബേൽത്ത്ശസ്സർ എന്നും ഹനന്യാവിന് ശദ്രക്ക് എന്നും മീശായേലിന് മേശക്ക് എന്നും അസര്യാവിന് അബേദ്നെഗോ എന്നും പേരുകൾ നൽകി.

2 രാജാക്കന്മാർ 24:3–4

3 മനശ്ശെയുടെ പാപങ്ങളും അയാളുടെ സകലപ്രവൃത്തികളുംനിമിത്തം യഹോവയുടെ സന്നിധിയിൽനിന്ന് അവരെ നീക്കംചെയ്യേണ്ടതിനായി അവിടത്തെ കൽപ്പനപ്രകാരം യെഹൂദയ്ക്ക് ഇതെല്ലാം സംഭവിച്ചു. 4 മനശ്ശെയുടെ പ്രവൃത്തികളിൽ അദ്ദേഹം കുറ്റമില്ലാത്ത രക്തം ചിന്തിയതും ഉൾപ്പെട്ടിരുന്നു. അദ്ദേഹം കുറ്റമില്ലാത്ത രക്തംചൊരിഞ്ഞ് ജെറുശലേമിനെ നിറച്ചിരുന്നു: അതു ക്ഷമിക്കാൻ യഹോവയ്ക്കു മനസ്സായില്ല.