ബിലെയാമും ബാലാക്കും (continued)

ക്രി.മു. 1451

Biblica® Open Malayalam Contemporary Version™ (OMCV)

സംഖ്യ 24

1 എന്നാൽ, ഇസ്രായേലിനെ അനുഗ്രഹിക്കുന്നത് യഹോവയ്ക്കു പ്രസാദമായി എന്നു ബിലെയാം കണ്ടപ്പോൾ, മുമ്പു ചെയ്തതുപോലെ പ്രശ്നംവെക്കാൻ പോകാതെ മരുഭൂമിക്കുനേരേ തന്റെ മുഖം തിരിച്ചു. 2 ഗോത്രംഗോത്രമായി ഇസ്രായേൽ പാളയമടിച്ചു പാർക്കുന്നത് ബിലെയാം നോക്കിക്കണ്ടപ്പോൾ ദൈവത്തിന്റെ ആത്മാവ് അദ്ദേഹത്തിന്റെമേൽ വന്നു, 3 അദ്ദേഹം തന്റെ അരുളപ്പാട് അറിയിച്ചു:

“ബെയോരിന്റെ പുത്രൻ ബിലെയാമിന്റെ അരുളപ്പാട്,

വ്യക്തമായിക്കാണുന്ന കണ്ണുള്ളവന്റെ അരുളപ്പാട്,

4 ദൈവത്തിന്റെ വചനങ്ങളെ കേൾക്കുന്നവന്റെ അരുളപ്പാട്,

സർവശക്തനിൽനിന്ന് ദർശനം കാണുന്നവനും,

സാഷ്ടാംഗം വീഴുന്നവനും കണ്ണുകൾ തുറക്കപ്പെട്ടവനുമായവന്റെ അരുളപ്പാട്:

5 “യാക്കോബേ, നിന്റെ കൂടാരങ്ങൾ,

ഇസ്രായേലേ, നിന്റെ നിവാസങ്ങൾ, എത്ര മനോഹരം!

6 “താഴ്വരപോലെ അവ പടർന്നുകിടക്കുന്നു.

നദീതീരത്തെ ഉദ്യാനങ്ങൾപോലെ,

യഹോവ നട്ട ചന്ദനവൃക്ഷങ്ങൾപോലെ,

ജലാന്തികേയുള്ള ദേവദാരുക്കൾപോലെതന്നെ.

7 അവരുടെ തൊട്ടികളിൽനിന്ന് വെള്ളം ഒഴുകും;

അവരുടെ വിത്തിനു ജലസമൃദ്ധി ലഭിക്കും.

“അവരുടെ രാജാവ് ആഗാഗിലും ശ്രേഷ്ഠനായിരിക്കും,

അവരുടെ രാജ്യം ഉന്നതമാകും.

8 “ദൈവം അവരെ ഈജിപ്റ്റിൽനിന്നും കൊണ്ടുവന്നു.

കാട്ടുകാളയുടെ കരുത്ത് അവർക്കുണ്ട്.

ശത്രുരാജ്യങ്ങളെ അവർ വിഴുങ്ങുന്നു.

അവരുടെ അസ്ഥികളെ തകർക്കുന്നു;

തങ്ങളുടെ അസ്ത്രങ്ങൾകൊണ്ട് അവരെ തുളയ്ക്കുന്നു.

9 ഒരു സിംഹത്തെപ്പോലെ, ഒരു സിംഹിയെപ്പോലെ, അവർ പതുങ്ങിക്കിടക്കുന്നു.

ആര് അവരെ ഉണർത്തും?

“നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെടട്ടെ,

നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെടട്ടെ!”

10 അപ്പോൾ ബിലെയാമിനെതിരേ ബാലാക്കിന്റെ കോപം ജ്വലിച്ചു. അദ്ദേഹം തന്റെ കൈകൾ അടിച്ചുകൊണ്ടു പറഞ്ഞു: “എന്റെ ശത്രുക്കളെ ശപിക്കാനാണു ഞാൻ താങ്കളെ വിളിച്ചുവരുത്തിയത്. എന്നാൽ താങ്കൾ അവരെ ഈ മൂന്നു തവണയും അനുഗ്രഹിച്ചിരിക്കുന്നു. 11 നിന്റെ സ്ഥലത്തേക്കു നീ ഓടിപ്പോകുക. മാന്യമായ പ്രതിഫലം താങ്കൾക്കു തരാമെന്നു ഞാൻ പറഞ്ഞു. എന്നാൽ യഹോവ നിനക്കു പ്രതിഫലം മുടക്കിയിരിക്കുന്നു.”

12 ബിലെയാം ബാലാക്കിനോട് മറുപടി പറഞ്ഞു: “താങ്കൾ എന്റെയടുക്കൽ അയച്ച ദൂതന്മാരോട്, 13 ‘ബാലാക്ക് തന്റെ കൊട്ടാരം നിറയെ സ്വർണവും വെള്ളിയും എനിക്കു തരുന്നെങ്കിലും, യഹോവയുടെ കൽപ്പനയെ മറികടന്ന്, നന്മയോ തിന്മയോ ആകട്ടെ, സ്വമേധയാ യാതൊന്നും എനിക്കു ചെയ്തുകൂടാ; മാത്രമല്ല, യഹോവ അരുളിച്ചെയ്യുന്നതുമാത്രമേ ഞാൻ പറയുകയുള്ളൂ’ എന്നു ഞാൻ പറഞ്ഞിരുന്നില്ലേ? 14 ഇപ്പോൾ ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകുന്നു. എന്നാൽ വരിക, വരുംനാളുകളിൽ ഈ ജനം താങ്കളുടെ ജനങ്ങളോട് ചെയ്യാൻ പോകുന്നതെന്തെന്ന് ഞാൻ താങ്കളെ അറിയിക്കാം.”

15 പിന്നെ ബിലെയാം തന്റെ അരുളപ്പാട് അറിയിച്ചു:

“ബെയോരിന്റെ പുത്രൻ ബിലെയാമിന്റെ അരുളപ്പാട്,

വ്യക്തമായിക്കാണുന്ന കണ്ണുള്ളവന്റെ അരുളപ്പാട്,

16 ദൈവത്തിന്റെ വചനങ്ങളെ കേൾക്കുന്നവന്റെ അരുളപ്പാട്.

പരമോന്നതനിൽനിന്ന് പരിജ്ഞാനം പ്രാപിച്ചവനും

സർവശക്തനിൽനിന്ന് ദർശനം കാണുന്നവനും

സാഷ്ടാംഗം വീഴുന്നവനും കണ്ണുകൾ തുറക്കപ്പെട്ടവനുമായവന്റെ അരുളപ്പാട്:

17 “ഞാൻ അവിടത്തെ കാണുന്നു, എന്നാൽ ഇപ്പോഴല്ല;

ഞാൻ അവിടത്തെ ദർശിക്കുന്നു, എന്നാൽ സമീപത്തല്ല.

യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും,

ഇസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും.

മോവാബിന്റെ നെറ്റിത്തടം അവിടന്ന് തകർക്കും,

ശേത്തിന്റെ സകലപുത്രന്മാരുടെയും തലയോട്ടികളെത്തന്നെ.

18 ഏദോം പിടിക്കപ്പെടും;

സേയീരും അവന്റെ ശത്രുക്കളുടെ കൈവശമാക്കപ്പെടും,

എന്നാൽ ഇസ്രായേലോ ശക്തിപ്പെടും,

19 യാക്കോബിൽനിന്ന് ഒരു ഭരണാധിപൻ വന്ന്

നഗരങ്ങളിൽ ശേഷിച്ചവരെ നശിപ്പിക്കും.”

20 പിന്നെ ബിലെയാം അമാലേക്കിനെ നോക്കി തന്റെ അരുളപ്പാട് അറിയിച്ചു:

“അമാലേക്ക് രാജ്യങ്ങളിൽ ഒന്നാമനായിരുന്നു.

എന്നാൽ അവരുടെ അവസാനം പരിപൂർണനാശമായിരിക്കും.”

21 പിന്നെ അയാൾ കേന്യരെ നോക്കി തന്റെ അരുളപ്പാട് അറിയിച്ചു:

“നിന്റെ വാസസ്ഥലം സുരക്ഷിതം;

നിന്റെ കൂട് പാറയിൽ വെച്ചിരിക്കുന്നു.

22 അശ്ശൂർ നിന്നെ ബന്ദിയായി കൊണ്ടുപോകുമ്പോൾ

കേന്യരായ നിങ്ങൾ നശിക്കും.”

23 പിന്നെ അദ്ദേഹം തന്റെ അരുളപ്പാട് അറിയിച്ചു:

“ഹാ! ദൈവം ഇതു ചെയ്യുമ്പോൾ ആര് ജീവനോടിരിക്കും?

24 കിത്തീം തീരങ്ങളിൽനിന്ന് കപ്പലുകൾ വരും;

അശ്ശൂരിനെയും ഏബെരിനെയും അവർ അധീനമാക്കും;

എന്നാൽ അവരും നശിക്കും.”

25 പിന്നെ ബിലെയാം എഴുന്നേറ്റ് സ്വദേശത്തേക്കു മടങ്ങി. ബാലാക്ക് തന്റെ വഴിക്കുപോയി.

നാൽപ്പത്തിരണ്ടാം യാത്ര: മോവാബിലെ സമതലങ്ങൾ

നാൽപ്പത്തിരണ്ടാം യാത്ര: മോവാബ് സമതലങ്ങൾ, പാളയം ബേത്-യെശീമോത്തിനും ആബേൽ-ശിത്തീമിനും അരികെ.

സംഖ്യ 33:49

49 അവിടെ മോവാബ് സമതലത്തിൽ യോർദാന്റെ തീരത്ത് ബേത്-യെശീമോത്ത്മുതൽ ആബേൽ-ശിത്തീംവരെ അവർ പാളയമടിച്ചു.

പെയോരിലെ ബാലിന്റെ വിഗ്രഹാരാധന

സംഖ്യ 25

1 ഇസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ അവരുടെ പുരുഷന്മാർ മോവാബ്യസ്ത്രീകളുമായി ലൈംഗിക അസാന്മാർഗികതയിലേർപ്പെട്ടു. 2 അവർ തങ്ങളുടെ ദേവന്മാർക്കുള്ള ബലികൾക്ക് അവരെ വിളിക്കുകയും. ജനം ഈ ദേവന്മാരുടെമുമ്പാകെ ഭക്ഷിക്കുകയും അവയെ വണങ്ങുകയും ചെയ്തു. 3 അങ്ങനെ പെയോരിലെ ബാലിന്റെ ആരാധനയിൽ ഇസ്രായേൽ കൂട്ടുചേർന്നു. യഹോവയുടെ കോപം അവർക്കെതിരേ ജ്വലിച്ചു.

4 യഹോവ മോശയോട്, “യഹോവയുടെ ഉഗ്രകോപം ഇസ്രായേലിനെ വിട്ടുമാറേണ്ടതിന്, ജനത്തിന്റെ നായകന്മാരെ സകലരെയും കൂട്ടി യഹോവയുടെമുമ്പാകെ അവരെ കൊന്ന് പകൽവെളിച്ചത്തിൽ പ്രദർശിപ്പിക്കുക” എന്നു പറഞ്ഞു.

5 മോശ ഇസ്രായേലിന്റെ ന്യായാധിപന്മാരോട്, “നിങ്ങളുടെ പുരുഷന്മാരിൽ പെയോരിലെ ബാലിന്റെ ആരാധനയിൽ കൂട്ടുചേർന്നവരെ നിങ്ങൾതന്നെ വധിക്കുക.”

6 ഈ വിധി വന്നതിനുശേഷം, മോശയും ഇസ്രായേൽസഭ മുഴുവനും സമാഗമകൂടാരവാതിൽക്കൽ വിലപിച്ചുകൊണ്ടിരിക്കുമ്പോൾ അവരുടെ കണ്മുമ്പിൽത്തന്നെ ഒരു ഇസ്രായേല്യപുരുഷൻ ഒരു മിദ്യാന്യസ്ത്രീയെ തന്റെ കൂടാരത്തിലേക്കു കൊണ്ടുവന്നു. 7 പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിന്റെ പുത്രൻ ഫീനെഹാസ് ഇതു കണ്ടപ്പോൾ, അദ്ദേഹം സഭയിൽനിന്ന് എഴുന്നേറ്റ് ഒരു കുന്തം കൈയിലെടുത്ത് 8 ആ ഇസ്രായേല്യന്റെ പിന്നാലെ കൂടാരത്തിലേക്കുചെന്നു. അവർ ഇരുവരെയും—ഇസ്രായേല്യനെയും ആ സ്ത്രീയെയും—അവരുടെ ഉദരം തുളയുമാറ് കുന്തംകൊണ്ട് കുത്തി. അപ്പോൾ ഇസ്രായേല്യർക്കെതിരായ ബാധ ശമിച്ചു. 9 എന്നാൽ ബാധയിൽ മരിച്ചവരുടെ എണ്ണം 24,000 ആയിരുന്നു.

10 യഹോവ മോശയോട്, 11 “പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരിന്റെ പുത്രൻ ഫീനെഹാസ് ഇസ്രായേല്യർക്കെതിരേയുള്ള എന്റെ കോപം വിട്ടുമാറാനിടയാക്കി. അവരുടെ ഇടയിൽ എന്റെ മാനത്തിനുവേണ്ടി എന്നെപ്പോലെതന്നെ അവനും തീക്ഷ്ണത കാട്ടിയിരിക്കുകയാൽ എന്റെ തീക്ഷ്ണതയിൽ ഞാൻ അവരെ ഇല്ലായ്മചെയ്യുന്നതിൽനിന്ന് പിന്തിരിഞ്ഞു. 12 അതുകൊണ്ട് ഞാൻ അവനുമായി എന്റെ സമാധാന ഉടമ്പടിചെയ്യുന്നു എന്ന് അവനോടു പറയുക. 13 അവൻ തന്റെ ദൈവത്തിനുവേണ്ടി തീക്ഷ്ണതയുള്ളവനായി ഇസ്രായേല്യർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്തതിനാൽ അത് അവനും അവന്റെ സന്തതിപരമ്പരകൾക്കും സുസ്ഥിരമായ ഒരു പൗരോഹിത്യത്തിന്റെ ഉടമ്പടി ആകുന്നു.”

14 മിദ്യാന്യസ്ത്രീയോടുകൂടി കൊല്ലപ്പെട്ട ഇസ്രായേല്യന്റെ പേര് സിമ്രി എന്നായിരുന്നു. അവൻ ശിമെയോൻ ഗോത്രത്തിലെ ഒരു കുടുംബത്തിന്റെ നായകനായിരുന്ന സാലുവിന്റെ മകനായിരുന്നു. 15 കൊല്ലപ്പെട്ട മിദ്യാന്യസ്ത്രീയുടെ പേര് കോസ്ബി എന്നായിരുന്നു; അവൾ മിദ്യാന്യവംശത്തിൽപ്പെട്ട ഒരു കുടുംബത്തിന്റെ ഗോത്രത്തലവനായ സൂരിന്റെ മകളായിരുന്നു.

16 യഹോവ മോശയോട്, 17-18 “പെയോരിലെ ബാലിന്റെ കാര്യത്തിലും, തൻനിമിത്തം ഉണ്ടായ ബാധയിൽ കൊല്ലപ്പെട്ട അവരുടെ സഹോദരിയും ഒരു മിദ്യാന്യപ്രഭുവിന്റെ മകളുമായ കോസ്ബിയുടെ കാര്യത്തിലും മിദ്യാന്യർ നിങ്ങളെ വഞ്ചിച്ച് നിങ്ങളോടു ശത്രുത കാട്ടിയതിനാൽ, നിങ്ങൾ അവരോടും ശത്രുത കാട്ടി അവരെ നിശ്ശേഷം നശിപ്പിക്കണം” എന്നു കൽപ്പിച്ചു.