ഭാഗം 3: ആസായുടെ ഭരണകാലം
യെഹൂദാരാജ്യം
ആസായുടെ ദൈവഭക്തി
ക്രി.മു. 955
Biblica® Open Malayalam Contemporary Version™ (OMCV)
1 അബീയാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ ആസാ അനന്തരാവകാശിയായി രാജ്യഭാരമേറ്റു. ആസായുടെകാലത്ത് പത്തുവർഷത്തേക്ക് ദേശത്തു സമാധാനം നിലനിന്നു.
9 ഇസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപതാംവർഷം ആസാ യെഹൂദ്യയിൽ രാജഭരണമേറ്റു. 10 അദ്ദേഹം ജെറുശലേമിൽ നാൽപ്പത്തിയൊന്നുവർഷം വാണരുളി. അദ്ദേഹത്തിന്റെ വലിയമ്മയുടെ പേര് മയഖാ എന്നായിരുന്നു. അവൾ അബീശാലോമിന്റെ മകളായിരുന്നു.
11 തന്റെ പൂർവപിതാവായ ദാവീദിനെപ്പോലെ ആസാ യഹോവയുടെ ദൃഷ്ടിയിൽ പ്രസാദകരമായതു പ്രവർത്തിച്ചു.
2 ആസാ തന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ പ്രസാദകരമായതും നീതിയായുള്ളതും പ്രവർത്തിച്ചു. 3 അദ്ദേഹം അന്യദേവന്മാരുടെ ബലിപീഠങ്ങളും ക്ഷേത്രങ്ങളും നീക്കിക്കളഞ്ഞു; ആചാരസ്തൂപങ്ങൾ ഇടിച്ചുതകർത്തു; അശേരാപ്രതിഷ്ഠകൾ വെട്ടിവീഴ്ത്തുകയും ചെയ്തു.
12 ക്ഷേത്രങ്ങളെ ആസ്ഥാനമാക്കി നിലനിന്നിരുന്ന പുരുഷവേശ്യകളെ അദ്ദേഹം ദേശത്തുനിന്നു നിഷ്കാസനംചെയ്തു; തന്റെ പൂർവികർ നിർമിച്ച സകലവിഗ്രഹങ്ങളെയും അദ്ദേഹം നിർമാർജനംചെയ്തു. 13 തന്റെ വലിയമ്മയായ മയഖാ അശേരാദേവിക്ക് ഒരു മ്ലേച്ഛവിഗ്രഹം നിർമിച്ചതിനാൽ ആസാ അവരെ രാജമാതാവിന്റെ പദവിയിൽനിന്നു നീക്കിക്കളഞ്ഞു. അദ്ദേഹം ആ പ്രതിമ വെട്ടിവീഴ്ത്തി, കിദ്രോൻതാഴ്വരയിൽ ഇട്ടു ചുട്ടുകളഞ്ഞു. 14 ആസാരാജാവിന്റെ ജീവിതകാലംമുഴുവനും അദ്ദേഹത്തിന്റെ ഹൃദയം യഹോവയോടുള്ള ഭക്തിയിൽ ഏകാഗ്രമായിരുന്നെങ്കിലും, അദ്ദേഹം ക്ഷേത്രങ്ങൾ നശിപ്പിച്ചില്ല. 15 താനും തന്റെ പിതാവും സമർപ്പിച്ചിരുന്ന സ്വർണവും വെള്ളിയും മറ്റുപകരണങ്ങളും അദ്ദേഹം യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു.
4 തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിക്കാനും അവിടത്തെ നിയമങ്ങളും കൽപ്പനകളും അനുസരിക്കാനും അദ്ദേഹം യെഹൂദയോട് ആജ്ഞാപിച്ചു. 5 എല്ലാ യെഹൂദാനഗരങ്ങളിൽനിന്നും ക്ഷേത്രങ്ങളും ധൂപബലിപീഠങ്ങളും അദ്ദേഹം നീക്കംചെയ്തു. അദ്ദേഹത്തിന്റെ ഭരണത്തിൽ ദേശം സമാധാനപൂർണമായിരുന്നു. 6 ദേശത്തു സമാധാനം നിലനിന്നിരുന്നകാലത്ത് യെഹൂദ്യയിൽ കോട്ടകെട്ടി ബലപ്പെടുത്തിയ നഗരങ്ങൾ അദ്ദേഹം നിർമിച്ചു. യഹോവ അദ്ദേഹത്തിനു സ്വസ്ഥത നൽകിയിരുന്നു. അതിനാൽ ആ വർഷങ്ങളിൽ ആരും അദ്ദേഹവുമായി യുദ്ധത്തിലേർപ്പെട്ടില്ല.
7 ആസാ യെഹൂദാജനതയോടു പറഞ്ഞു: “നമുക്ക് ഈ നഗരങ്ങൾ പണിയാം; അവയ്ക്കുചുറ്റും മതിലുകൾ തീർത്ത് ഗോപുരങ്ങളും കവാടങ്ങളും ഓടാമ്പലുകളും സ്ഥാപിച്ച് അവയെ ബലപ്പെടുത്താം. നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ട് നാട് ഇപ്പോഴും നമ്മുടെ അധീനതയിൽത്തന്നെ. നാം അവിടത്തെ അന്വേഷിച്ചു; അവിടന്ന് ചുറ്റുപാടും നമുക്കു സമാധാനം നൽകിയിരിക്കുന്നു.” അങ്ങനെ അവർ നിർമാണപ്രവർത്തനങ്ങൾ നടത്തി അഭിവൃദ്ധിപ്രാപിച്ചു.
8 യെഹൂദ്യയിൽനിന്ന് വൻപരിചയും കുന്തവുമേന്തിയ മൂന്നുലക്ഷംപേരും ബെന്യാമീനിൽനിന്ന് ചെറുപരിചയും വില്ലും ധരിച്ച രണ്ടുലക്ഷത്തി എൺപതിനായിരംപേരും ഉൾക്കൊള്ളുന്ന ഒരു മഹാസൈന്യം ആസായ്ക്ക് ഉണ്ടായിരുന്നു. ഇവരെല്ലാം ധൈര്യശാലികളായ യോദ്ധാക്കളായിരുന്നു.
9 ഒരിക്കൽ കൂശ്യനായ സേരഹ് പത്തുലക്ഷം ഭടന്മാരും മുന്നൂറു രഥങ്ങളുമായി യെഹൂദയ്ക്കെതിരേ പുറപ്പെട്ട് മാരേശാവരെ വന്നു. 10 ആസാ അദ്ദേഹത്തെ നേരിടാൻ പുറപ്പെട്ടുചെന്നു; മാരേശായ്ക്കു സമീപം സെഫാഥാ താഴ്വരയിൽ അവർ സൈന്യത്തെ അണിനിരത്തി.
11 അതിനുശേഷം ആസാ തന്റെ ദൈവമായ യഹോവയോടു നിലവിളിച്ചു പറഞ്ഞു: “യഹോവേ, ബലവാനെതിരേ ബലഹീനനെ തുണയ്ക്കാൻ അങ്ങയെപ്പോലെ മറ്റൊരുത്തനും ഇല്ല. ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു; ഞങ്ങളെ സഹായിക്കണേ. അങ്ങയുടെ നാമത്തിൽ ഞങ്ങൾ ഈ മഹാസൈന്യത്തിനെതിരേ വന്നിരിക്കുന്നു. യഹോവേ, അങ്ങുതന്നെ ഞങ്ങളുടെ ദൈവം. മനുഷ്യൻ അങ്ങേക്കെതിരേ പ്രബലപ്പെടാൻ ഇടയാക്കരുതേ!”
12 അപ്പോൾ ആസായുടെയും യെഹൂദയുടെയും മുമ്പാകെ യഹോവ കൂശ്യർക്കു പരാജയം വരുത്തി. അവർ പലായനംചെയ്തു. 13 ആസായും അദ്ദേഹത്തിന്റെ സൈന്യവും ഗെരാർവരെ അവരെ പിൻതുടർന്നു. ഒരിക്കലും നികത്താനാകാത്തവിധം അനേകം കൂശ്യർ വധിക്കപ്പെട്ടവരായി. യഹോവയുടെയും അവിടത്തെ സൈന്യത്തിന്റെയും മുമ്പിൽ അവർ തകർക്കപ്പെട്ടു. യെഹൂദാജനത വലിയൊരു കൊള്ളയുമായി മടങ്ങിപ്പോന്നു. 14 ഗെരാറിനു ചുറ്റുമുള്ള സകലപട്ടണങ്ങളും അവർ നശിപ്പിച്ചു. യഹോവയെപ്പറ്റിയുള്ള ഭീതി ആ ദേശവാസികളിന്മേൽ വീണിരുന്നു. അവിടെ ധാരാളം കൊള്ളമുതലുണ്ടായിരുന്നതിനാൽ അവർ ആ നഗരങ്ങളെല്ലാം കൊള്ളയടിച്ചു. 15 അവർ കന്നുകാലികളുടെ ഇടയന്മാരുടെ കൂടാരങ്ങളെയും ആക്രമിച്ചു. ധാരാളം ചെമ്മരിയാടുകളെയും കോലാടുകളെയും ഒട്ടകങ്ങളെയും അപഹരിച്ചുകൊണ്ട് അവർ ജെറുശലേമിലേക്കു മടങ്ങി.
ആസാ ദൈവവുമായി ഉടമ്പടി ചെയ്യുന്നു
1 ദൈവത്തിന്റെ ആത്മാവ് ഓദേദിന്റെ മകനായ അസര്യാവിന്റെമേൽ വന്നു. 2 അദ്ദേഹം ആസയെ കാണുന്നതിനായി ചെന്ന് അദ്ദേഹത്തോടു പറഞ്ഞു: “ആസാരാജാവേ, സകല യെഹൂദാ-ബെന്യാമീൻഗോത്രക്കാരേ, എന്റെ വാക്കു ശ്രദ്ധയോടെ കേൾക്കുക! നിങ്ങൾ യഹോവയോടുകൂടെ ആയിരിക്കുമ്പോൾ അവിടന്നു നിങ്ങളോടുകൂടെയുണ്ടായിരിക്കും. നിങ്ങൾ അവിടത്തെ അന്വേഷിക്കുമെങ്കിൽ, കണ്ടെത്തും. എന്നാൽ നിങ്ങൾ അവിടത്തെ ഉപേക്ഷിച്ചാൽ അവിടന്നു നിങ്ങളെയും ഉപേക്ഷിക്കും. 3 വളരെക്കാലമായി ഇസ്രായേലിന് സത്യദൈവമോ പ്രബോധിപ്പിക്കാൻ ഒരു പുരോഹിതനോ ന്യായപ്രമാണമോ ഇല്ലാതിരുന്നു. 4 എന്നാൽ അവർ തങ്ങളുടെ കഷ്ടതയിൽ ഇസ്രായേലിന്റെ ദൈവമായ യഹോവയിലേക്കു തിരിഞ്ഞു; അവിടത്തെ അന്വേഷിച്ചു; കണ്ടെത്തുകയും ചെയ്തു. 5 അക്കാലത്ത് ദേശവാസികളെല്ലാം കലാപങ്ങളിൽ അകപ്പെട്ടിരുന്നതിനാൽ നാട്ടിൽ ഇറങ്ങി സഞ്ചരിക്കുന്നത് സുരക്ഷിതമായിരുന്നില്ല. 6 ദൈവം സകലവിധമായ കഷ്ടതകൾകൊണ്ടും അവരെ പീഡിപ്പിച്ചുകൊണ്ടിരുന്നതിനാൽ ഒരു രാജ്യം മറ്റൊരു രാജ്യത്താലും ഒരു നഗരം മറ്റൊരു നഗരത്താലും തകർക്കപ്പെട്ടുകൊണ്ടിരുന്നു. 7 എന്നാൽ നിങ്ങൾ ശക്തി സമാഹരിക്കുക! പരിശ്രമം ഉപേക്ഷിക്കരുത്; നിങ്ങളുടെ പ്രവൃത്തികൾക്കു പ്രതിഫലം ലഭിക്കും.”
8 ഓദേദിന്റെ മകനും പ്രവാചകനുമായ അസര്യാവിന്റെ വാക്കുകളും പ്രവചനവും കേട്ടപ്പോൾ ആസാ ധൈര്യമുള്ളവനായി, യെഹൂദ്യയിലെയും ബെന്യാമീനിലെയും സകലദേശങ്ങളിലും, താൻ എഫ്രയീം മലനാട്ടിൽ പിടിച്ചടക്കിയ പട്ടണങ്ങളിലും ഉണ്ടായിരുന്ന സകലമ്ലേച്ഛവിഗ്രഹങ്ങളെയും അദ്ദേഹം നീക്കംചെയ്തു. യഹോവയുടെ ആലയത്തിന്റെ പൂമുഖത്തിനു മുമ്പിലുണ്ടായിരുന്ന യാഗപീഠം അദ്ദേഹം പുനരുദ്ധരിച്ചു.
9 പിന്നെ അദ്ദേഹം സകല യെഹൂദരെയും ബെന്യാമീന്യരെയും എഫ്രയീം, മനശ്ശെ, ശിമെയോൻ എന്നീ ഗോത്രങ്ങളിൽനിന്ന് അവരുടെയിടയിൽ വന്നുപാർക്കുന്നവരെയും കൂട്ടിവരുത്തി. ദൈവമായ യഹോവ ആസാ രാജാവിനോടുകൂടെയുണ്ട് എന്നു കണ്ടിട്ട് ഇസ്രായേല്യരിൽനിന്ന് വളരെയധികം ആളുകൾ അദ്ദേഹത്തിന്റെ കൂട്ടത്തിൽ വന്നുചേർന്നിരുന്നു.
10 ആസായുടെ ഭരണത്തിന്റെ പതിനഞ്ചാംവർഷം മൂന്നാംമാസത്തിൽ അവർ ജെറുശലേമിൽ സമ്മേളിച്ചു. 11 അവർ കൊണ്ടുവന്നിരുന്ന കൊള്ളമുതലിൽനിന്ന് എഴുനൂറു കന്നുകാലികളെയും ഏഴായിരം ചെമ്മരിയാടുകളെയും കോലാടുകളെയും അന്ന് അവർ യഹോവയ്ക്കു യാഗമർപ്പിച്ചു. 12 തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടി അന്വേഷിക്കും എന്നൊരു ഉടമ്പടിയിൽ അവർ ഏർപ്പെട്ടു. 13 ഇസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കാത്തവർ—ചെറിയവരോ വലിയവരോ സ്ത്രീയോ പുരുഷനോ ആകട്ടെ ആരായാലും—വധശിക്ഷ അനുഭവിക്കണം എന്നും ഉടമ്പടിയിൽ വ്യവസ്ഥ ചെയ്തു. 14 കൊമ്പും കാഹളവും ഊതി, ഉച്ചത്തിൽ ആർത്തുവിളിച്ച്, ജയഘോഷം മുഴക്കി അവർ യഹോവയോടു ശപഥംചെയ്തു. 15 അവർ ശപഥംചെയ്തത് പൂർണഹൃദയത്തോടെ ആയിരുന്നതിനാൽ യെഹൂദാമുഴുവനും ഈ ശപഥത്തിൽ ആഹ്ലാദിച്ചു. അവർ ആത്മാർഥതയോടെ യഹോവയെ അന്വേഷിച്ചു കണ്ടെത്തുകയും ചെയ്തു. അതിനാൽ യഹോവ അവർക്ക് എങ്ങും സ്വസ്ഥതനൽകി.
18 താനും തന്റെ പിതാവും സമർപ്പിച്ചിരുന്ന സ്വർണവും വെള്ളിയും മറ്റുപകരണങ്ങളും അദ്ദേഹം ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടുവന്നു.
19 പിന്നീട് ആസായുടെ ഭരണത്തിന്റെ മുപ്പത്തഞ്ചാമാണ്ടുവരെ യുദ്ധം ഉണ്ടായില്ല.