ജെറുശലേമിന്റെ നാശത്തിന് ഒരു ആമുഖം
ദൈവാലയത്തിന്റെയും ജെറുശലേമിന്റെയും നാശത്തെക്കുറിച്ചുള്ള വിവരണത്തിന് ഒരു പൊതു ആമുഖം.
ക്രി.മു. 595
Biblica® Open Malayalam Contemporary Version™ (OMCV)
11 സിദെക്കീയാവ് രാജാവായപ്പോൾ അദ്ദേഹത്തിന് ഇരുപത്തിയൊന്നു വയസ്സായിരുന്നു. അദ്ദേഹം പതിനൊന്നുവർഷം ജെറുശലേമിൽ വാണു. 12 അദ്ദേഹം തന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. യഹോവയുടെ വചനങ്ങൾ തന്നോടു പ്രസ്താവിച്ച യിരെമ്യാപ്രവാചകന്റെ മുമ്പിൽ അദ്ദേഹം തന്നെത്താൻ വിനയപ്പെട്ടുമില്ല. 13 തന്നെക്കൊണ്ട് ദൈവനാമത്തിൽ ശപഥംചെയ്യിച്ചിരുന്ന നെബൂഖദ്നേസർ രാജാവിനെതിരേ അദ്ദേഹം മത്സരിക്കുകയും ചെയ്തു. അദ്ദേഹം മർക്കടമുഷ്ടിക്കാരനായി സ്വന്തം ഹൃദയം കഠിനമാക്കി. ഇസ്രായേലിന്റെ ദൈവമായ യഹോവയിലേക്ക് അദ്ദേഹം തിരിഞ്ഞില്ല. 14 അതിനുംപുറമേ സകലപുരോഹിതമുഖ്യന്മാരും ജനങ്ങളും ഇതര രാഷ്ട്രങ്ങളിലെ സകലവിധമായ മ്ലേച്ഛാചാരങ്ങളും പിൻതുടർന്ന് വളരെയധികമായി അവിശ്വസ്തത കാട്ടി, ജെറുശലേമിൽ വിശുദ്ധീകരിക്കപ്പെട്ടിരുന്ന യഹോവയുടെ ആലയത്തെ അവർ അശുദ്ധമാക്കി.
15 അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്ക് തന്റെ ജനത്തോടും തന്റെ തിരുനിവാസത്തോടുമുള്ള കരുണനിമിത്തം അവരുടെ അടുത്തേക്കു വീണ്ടും വീണ്ടും തന്റെ ദൂതന്മാരെ അയച്ച് പ്രബോധിപ്പിച്ചുകൊണ്ടിരുന്നു. 16 എന്നാൽ യഹോവയുടെ ഉഗ്രകോപം തന്റെ ജനത്തിനുനേരേ ജ്വലിക്കുകയും അത് ഒഴിവാക്കുന്നതിനുള്ള എല്ലാ മാർഗങ്ങളും ഇല്ലാതാകുന്നതുവരെ അവർ ദൈവത്തിന്റെ ദൂതന്മാരെ അധിക്ഷേപിക്കുകയും അവിടത്തെ വാക്കുകളുടെനേരേ അവജ്ഞകാട്ടുകയും അവിടത്തെ പ്രവാചകന്മാരെ പരിഹസിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. 17 യഹോവ ബാബേൽ രാജാവിനെ അവർക്കെതിരേ വരുത്തി. അദ്ദേഹം അവരുടെ യുവാക്കളെ വിശുദ്ധമന്ദിരത്തിൽവെച്ച് വാളാൽ കൊന്നു. യുവാവിനെയോ യുവതിയെയോ വൃദ്ധനെയോ പടുകിഴവനെയോ ഒരുത്തരെയും അദ്ദേഹം വിട്ടുകളയാതെ സകലരെയും വാളിനിരയാക്കി. ദൈവം അവരെ എല്ലാവരെയും നെബൂഖദ്നേസരിന്റെ കൈയിൽ ഏൽപ്പിച്ചിരുന്നു. 18 ദൈവത്തിന്റെ ആലയത്തിലെ ചെറുതും വലുതുമായ സകല ഉപകരണങ്ങളും യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജാവിന്റെയും പ്രഭുക്കന്മാരുടെയും ഭണ്ഡാരങ്ങളും എല്ലാം അദ്ദേഹം ബാബേലിലേക്കു കൊണ്ടുപോയി. 19 അവർ ദൈവാലയം അഗ്നിക്കിരയാക്കി; ജെറുശലേമിന്റെ മതിലുകൾ ഇടിച്ചുതകർത്തു; സകലകൊട്ടാരങ്ങളും അവർ കത്തിച്ചു; വിലപിടിപ്പുള്ളതെല്ലാം അവർ നശിപ്പിച്ചു.
20 വാളിൽനിന്നു രക്ഷപ്പെട്ട ശേഷിപ്പിനെ അദ്ദേഹം ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയി. പാർസിരാജ്യത്തിന് ആധിപത്യം സിദ്ധിക്കുന്നതുവരെ അവർ അവിടെ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പിൻഗാമികൾക്കും അടിമകളായിരുന്നു. 21 ദേശം അതിന്റെ ശബ്ബത്തുവിശ്രമം ആസ്വദിച്ചു. യിരെമ്യാപ്രവാചകനിലൂടെ യഹോവ അരുളിച്ചെയ്ത വാക്കുകൾ നിവൃത്തിയാകുംവിധം എഴുപതുവർഷം പൂർത്തിയാകുന്നതുവരെ ദേശത്തിനു ശൂന്യകാലമായിരുന്നു.
1 അതിനാൽ സിദെക്കീയാവിന്റെ ഭരണത്തിന്റെ ഒൻപതാമാണ്ടിൽ പത്താംമാസം പത്താംതീയതി ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സകലസൈന്യവുമായി ജെറുശലേമിനെതിരേ വന്നു. അദ്ദേഹം നഗരത്തിനു വെളിയിൽ പാളയമടിച്ച് ചുറ്റും ഉപരോധം തീർത്തു. 2 അങ്ങനെ സിദെക്കീയാരാജാവിന്റെ പതിനൊന്നാമാണ്ടുവരെയും നഗരം ഉപരോധത്തിലായിരുന്നു.
ബാബേല്യർ അടുത്തുവരുന്നു; എബ്രായ അടിമകൾ മോചിതരാകുന്നു ക്രി.മു. 590
ബാബേല്യരുടെ സൈന്യം അടുത്തുവരുന്നു. സിദെക്കീയാവും നഗരവും പിടിക്കപ്പെടുമെന്ന് മുൻകൂട്ടി പ്രവചിക്കുന്നു. എബ്രായ അടിമകളെ സ്വതന്ത്രരാക്കുന്നു.
1 യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഭരണത്തിന്റെ ഒൻപതാമാണ്ടിൽ പത്താംമാസത്തിൽ ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സകലസൈന്യവുമായി ജെറുശലേമിനെതിരേ വന്ന് അതിന് ഉപരോധം ഏർപ്പെടുത്തി.
1 ബാബേൽരാജാവായ നെബൂഖദ്നേസർ, യോശിയാവിന്റെ പുത്രനായ സിദെക്കീയാവിനെ യെഹൂദാദേശത്തു രാജാവായി വാഴിച്ചു; അദ്ദേഹം യെഹോയാക്കീമിന്റെ മകനായ യെഹോയാഖീന്റെ സ്ഥാനത്ത് രാജ്യഭരണം നടത്തി. 2 എന്നാൽ അദ്ദേഹമോ അദ്ദേഹത്തിന്റെ ഭൃത്യരോ ദേശത്തിലെ ജനമോ യിരെമ്യാപ്രവാചകനിലൂടെ യഹോവ അരുളിച്ചെയ്ത വചനങ്ങൾ അനുസരിച്ചില്ല.
3 എങ്കിലും സിദെക്കീയാരാജാവ്, ശെലെമ്യാവിന്റെ മകനായ യെഹൂഖലിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാപ്രവാചകന്റെ അടുക്കൽ അയച്ച്, “അങ്ങ് ഞങ്ങൾക്കുവേണ്ടി ഞങ്ങളുടെ ദൈവമായ യഹോവയോടു പ്രാർഥിക്കണമേ,” എന്നു പറയിച്ചു.
4 യിരെമ്യാവ് അപ്പോഴും ജനങ്ങളുടെ അടുക്കൽ വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നു; അതുവരെ അദ്ദേഹം കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരുന്നില്ല.
1 ബാബേൽരാജാവായ നെബൂഖദ്നേസരും അദ്ദേഹത്തിന്റെ സകലസൈന്യവും അദ്ദേഹത്തിന്റെ അധികാരത്തിൻകീഴുള്ള ഭൂമിയിലെ സകലരാജ്യങ്ങളും സകലജനങ്ങളും ചേർന്ന് ജെറുശലേമിനും അതിലെ എല്ലാ പട്ടണങ്ങൾക്കുമെതിരേ യുദ്ധംചെയ്തുകൊണ്ടിരിക്കുമ്പോൾ യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട്: 2 “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ പോയി യെഹൂദാരാജാവായ സിദെക്കീയാവിനോട് ഇപ്രകാരം പറയുക: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാൻ ഈ നഗരം ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കുന്നു. അദ്ദേഹം അതിനെ തീവെച്ചു ചുട്ടുകളയും. 3 നീ അദ്ദേഹത്തിന്റെ കൈയിൽനിന്ന് രക്ഷപ്പെടുകയില്ല, എന്നാൽ നിന്നെ അവൻ പിടിച്ചടക്കും, നീ അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും. നീ ബാബേൽരാജാവിനെ കണ്മുമ്പിൽ കാണും; അദ്ദേഹം അഭിമുഖമായി നിന്നോടു സംസാരിക്കും. നീ ബാബേലിലേക്കു പോകേണ്ടിവരും.
4 “ ‘എന്നാലും യെഹൂദാരാജാവായ സിദെക്കീയാവേ, യഹോവയുടെ വാഗ്ദാനം കേൾക്കുക. നിന്നെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ വാളാൽ മരിക്കുകയില്ല; 5 നീ സമാധാനത്തോടെ മരിക്കും. നിനക്കുമുമ്പ് വാണിരുന്ന രാജാക്കന്മാരായ നിന്റെ മുൻഗാമികളുടെ ആദരസൂചകമായി ചിതയൊരുക്കിയതുപോലെ അവർ നിനക്കുവേണ്ടിയും ആദരസൂചകമായി ചിതയൊരുക്കി, “അയ്യോ തമ്പുരാനേ!” എന്നു പറഞ്ഞ് അവർ നിനക്കായും വിലപിക്കും. ഞാൻതന്നെയാണ് ഈ വാഗ്ദാനം നൽകുന്നത്, എന്നു യഹോവ പ്രഖ്യാപിക്കുന്നു.’ ”
6 അതിനുശേഷം യിരെമ്യാപ്രവാചകൻ ജെറുശലേമിൽവെച്ച് ഈ വചനങ്ങളെല്ലാം യെഹൂദാരാജാവായ സിദെക്കീയാവിനോട് സംസാരിച്ചു. 7 അന്ന് ബാബേൽരാജാവിന്റെ സൈന്യം ജെറുശലേമിനോടും യെഹൂദ്യയിലെ ശേഷിച്ച നഗരങ്ങളായ ലാഖീശ്, അസേക്കാ എന്നിവയോടും യുദ്ധംചെയ്തുകൊണ്ടിരുന്നു. യെഹൂദാനഗരങ്ങളിൽ ഇവമാത്രം കോട്ടകൾകെട്ടി ഉറപ്പിക്കപ്പെട്ട നഗരങ്ങളായി ശേഷിച്ചിരുന്നു.
8-9 ഒരു യെഹൂദൻ തന്റെ സഹോദരങ്ങളായ എബ്രായദാസീദാസന്മാരെ അടിമകളാക്കി വെക്കാതെ അവരെ സ്വതന്ത്രരാക്കാൻ ഒരു വിമോചനം പ്രസിദ്ധമാക്കണമെന്ന്, സിദെക്കീയാരാജാവ് ജെറുശലേമിലുണ്ടായിരുന്ന എല്ലാ ജനങ്ങളോടും ഒരു ഉടമ്പടി ചെയ്തശേഷം യഹോവയിൽനിന്നും യിരെമ്യാവിനുണ്ടായ അരുളപ്പാട്. 10 അതുകൊണ്ട് ഓരോരുത്തനും തന്റെ ദാസനെയും ദാസിയെയും അടിമകളായി വെച്ചുകൊണ്ടിരിക്കാതെ അവരെ സ്വതന്ത്രരാക്കണമെന്ന ഉടമ്പടിയിൽ പങ്കാളികളായിരുന്ന എല്ലാ പ്രഭുക്കന്മാരും ജനങ്ങളും അതനുസരിച്ച് അവരെ സ്വതന്ത്രരാക്കി വിട്ടയച്ചിരുന്നു.