ആഖീശ് ദാവീദിന് സിക്ലാഗ് നൽകുന്നു

ദാവീദ് ഗത്തിലെ രാജാവായ ആഖീശിന്റെ അടുക്കലേക്ക് ഓടിപ്പോകുന്നു; ആഖീശ് അദ്ദേഹത്തിന് താമസിക്കാൻ സിക്ലാഗ് നൽകുന്നു. ശൗലിന്റെ മരണം.

ക്രി.മു. 1056

Biblica® Open Malayalam Contemporary Version™ (OMCV)

1 ശമുവേൽ 27:1

1 അതിനുശേഷം ദാവീദ് ഈ വിധം ചിന്തിച്ചു: “ഞാൻ ഒരു ദിവസം ശൗലിന്റെ കൈയാൽ നശിക്കുകയേയുള്ളൂ. ഫെലിസ്ത്യനാടുകളിലേക്ക് ഓടിപ്പോയി രക്ഷപ്പെടുന്നതായിരിക്കും എനിക്കേറ്റവും നല്ലത്. അപ്പോൾ ശൗൽ ഇസ്രായേൽദേശത്തെല്ലാം എന്നെ തെരയുന്നതു മതിയാക്കും. അങ്ങനെ എനിക്ക് അദ്ദേഹത്തിന്റെ കൈയിൽനിന്ന് തെറ്റിയൊഴിയുകയും ചെയ്യാം.”

സങ്കീർത്തനങ്ങൾ 141

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, എന്റെ അടുത്തേക്കു വേഗം വരണമേ.

ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ ശബ്ദം കേൾക്കണമേ.

2 എന്റെ പ്രാർഥന തിരുമുമ്പിൽ സുഗന്ധധൂപംപോലെ സ്വീകരിക്കണമേ;

ഉയർത്തപ്പെട്ട കൈകൾ സന്ധ്യായാഗംപോലെയും ആയിരിക്കട്ടെ.

3 യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽ ഏർപ്പെടുത്തി,

എന്റെ അധരകവാടം കാക്കണമേ.

4 അധർമം പ്രവർത്തിക്കുന്നവരോടുചേർന്ന്

അവരുടെ മൃഷ്ടാന്നഭോജനം ഭക്ഷിക്കാൻ എന്നെ അനുവദിക്കരുതേ.

എന്റെ ഹൃദയം തിന്മയിലേക്ക് ആകൃഷ്ടമായി,

ഞാൻ ദുഷ്‌പ്രവൃത്തികളിൽ പങ്കുപറ്റുന്നതിന് ഇടയാക്കരുതേ.

5 നീതിനിഷ്ഠർ എന്നെ അടിക്കട്ടെ—അത് എന്നോടു കാട്ടുന്ന കരുണയാണ്;

അവർ എന്നെ ശാസിക്കട്ടെ—അത് എന്റെ ശിരസ്സിലെ തൈലലേപനംപോലെയാണ്.

എന്റെ ശിരസ്സ് അത് നിരസിക്കുകയില്ല,

കാരണം എന്റെ പ്രാർഥന എപ്പോഴും അധർമികളുടെ ചെയ്തികൾക്കെതിരേ ആയിരിക്കും.

6 അവരുടെ ന്യായപാലകർ കിഴുക്കാംതൂക്കായ മലഞ്ചെരിവിൽനിന്ന് തൂക്കിയെറിയപ്പെടുമ്പോൾ,

എന്റെ വാക്കുകൾ വ്യർഥമല്ലായിരുന്നെന്ന് ദുഷ്ടർ മനസ്സിലാക്കും.

7 അപ്പോൾ അവർ പറയും: “ഉഴവുചാലുകളിൽനിന്നു പാറക്കഷണങ്ങൾ പൊന്തിവരുന്നതുപോലെ,

ദുഷ്ടരുടെ അസ്ഥികൾ പാതാളകവാടത്തിൽ ചിതറിക്കിടക്കുന്നു.”

8 എന്നാൽ കർത്താവായ യഹോവേ, എന്റെ ദൃഷ്ടികൾ അങ്ങയുടെമേൽ ഉറച്ചിരിക്കുന്നു;

ഞാൻ അങ്ങയിൽ അഭയംതേടുന്നു—എന്നെ മരണത്തിന് ഏൽപ്പിച്ചുകൊടുക്കരുതേ.

9 അധർമികൾ എനിക്കായി ഒരുക്കിവെച്ചിരിക്കുന്ന കെണികളിൽനിന്നും

അവർ എന്റെമുമ്പിൽ വിരിച്ചിരിക്കുന്ന കുടുക്കുകളിൽനിന്നും എന്നെ സംരക്ഷിക്കണമേ.

10 ഞാൻ സുരക്ഷിതമായി ഒഴിഞ്ഞുപോകുമ്പോൾ,

ദുഷ്ടർ, തങ്ങൾ വിരിച്ച വലകളിൽത്തന്നെ വീണുപോകട്ടെ.

1 ശമുവേൽ 27:2–7

2 അങ്ങനെ ദാവീദും കൂടെയുള്ള അറുനൂറ് അനുയായികളും അവിടംവിട്ട് ഗത്തിലെ രാജാവായ മാവോക്കിന്റെ മകൻ ആഖീശിന്റെ അടുത്ത് എത്തിച്ചേർന്നു. 3 ദാവീദും സംഘവും ഗത്തിൽ ആഖീശിനോടൊപ്പം താമസിച്ചു. ഓരോരുത്തരുടെയും കുടുംബവും അവരോടുകൂടെയുണ്ടായിരുന്നു. യെസ്രീൽക്കാരി അഹീനോവം, കർമേൽക്കാരിയും നാബാലിന്റെ വിധവയുമായ അബീഗയിലും—ഈ രണ്ടു ഭാര്യമാരും—ദാവീദിനോടൊപ്പം ഉണ്ടായിരുന്നു. 4 ദാവീദ് ഗത്തിലേക്ക് ഓടിപ്പോയി എന്നു ശൗൽ കേട്ടു. പിന്നെ അദ്ദേഹം ദാവീദിനെ തെരഞ്ഞതുമില്ല.

5 പിന്നെ ദാവീദ് ആഖീശിനോടു പറഞ്ഞു: “അങ്ങേക്ക് എന്നോടു കരുണയുണ്ടെങ്കിൽ നാട്ടിൻപുറത്തെ പട്ടണങ്ങളിലൊന്നിൽ എനിക്കൊരു ഇടം അനുവദിച്ചുതന്നാലും! ഞാനവിടെ താമസിച്ചുകൊള്ളാം. ഈ ദാസൻ എന്തിന് രാജനഗരത്തിൽ അങ്ങയോടൊപ്പം വസിക്കുന്നു?”

6 അതിനാൽ അന്നുതന്നെ ആഖീശ്, സിക്ലാഗുദേശം ദാവീദിനു കൽപ്പിച്ചുകൊടുത്തു. അതിനാൽ അത് ഇന്നുവരെയും യെഹൂദാരാജാക്കന്മാർക്ക് അവകാശപ്പെട്ടിരിക്കുന്നു. 7 ദാവീദ് ഫെലിസ്ത്യദേശത്ത് ഒരു വർഷവും നാലുമാസവും താമസിച്ചു.

1 ദിനവൃത്താന്തം 12:1–7

1 കീശിന്റെ മകനായ ശൗലിന്റെനിമിത്തം ദാവീദ് ഒളിച്ചുതാമസിച്ചിരുന്ന കാലത്ത് സിക്ലാഗിൽ അദ്ദേഹത്തിന്റെ അടുത്തുവന്ന ആളുകൾ ഇവരായിരുന്നു—അവർ ദാവീദിനെ യുദ്ധത്തിൽ സഹായിച്ച പടയാളികളിൽ ഉൾപ്പെട്ടവരായിരുന്നു; 2 അവർ അമ്പെയ്യുന്നതിൽ വിദഗ്ദ്ധരും വില്ലാളികളും ഇടങ്കൈകൊണ്ടും വലങ്കൈകൊണ്ടും കവിണയെറിയാൻ കഴിവുള്ളവരും ബെന്യാമീൻഗോത്രക്കാരും ശൗലിന്റെ ബന്ധുക്കളും ആയിരുന്നു:

3 ഗിബെയാത്യനായ ശെമായുടെ പുത്രൻ അഹീയേസെർ അവരുടെ നായകനും അദ്ദേഹത്തിന്റെ സഹോദരൻ യോവാശും

അസ്മാവെത്തിന്റെ പുത്രന്മാരായ യസീയേലും പേലെത്തും

ബെരാഖാ, അനാഥോത്യനായ യേഹു, 4 മുപ്പതു വീരയോദ്ധാക്കളിൽ ഒരുവനും ഗിബെയോന്യനുമായ യിശ്മയ്യാവ്—ഇദ്ദേഹം മുപ്പതുപേർക്കു നായകനായിരുന്നു—

യിരെമ്യാവ്, യഹസീയേൽ, യോഹാനാൻ, ഗെദേരാത്യനായ യോസാബാദ് 5 എലൂസായി, യെരീമോത്ത്, ബെയല്യാവ്, ശെമര്യാവ്, ഹരുഥ്യനായ ശെഫത്യാവ്,

6 എൽക്കാനാ, യിശ്ശീയാവ്, അസരെയേൽ, കോരഹ്യരായ യൊയേസേരും യാശോബ്യെരും,

7 ഗെദോരിൽനിന്നുള്ള യെരോഹാമിന്റെ പുത്രന്മാരായ യോയേലായും സെബദ്യാവും.

1 ശമുവേൽ 27:8–12

8 ദാവീദും അനുയായികളും ഗെശൂര്യരെയും ഗെസിയരെയും അമാലേക്യരെയും കടന്നാക്രമിച്ചു (ഈ ജനതകൾ പ്രാചീനകാലംമുതൽക്കേ ശൂർവരെയും ഈജിപ്റ്റുവരെയും ഉള്ളപ്രദേശങ്ങളിലെ നിവാസികളായിരുന്നു). 9 ദാവീദ് എപ്പോഴെങ്കിലും ഒരു പ്രദേശത്തെ ആക്രമിച്ചാൽ അവിടെ ഒരു പുരുഷനെയോ ഒരു സ്ത്രീയെയോപോലും ജീവനോടെ ശേഷിപ്പിച്ചിരുന്നില്ല. എന്നാൽ ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം അപഹരിച്ചുകൊണ്ടുപോരുമായിരുന്നു. എല്ലാംകഴിഞ്ഞ് അദ്ദേഹം ആഖീശിന്റെ അടുത്ത് തിരിച്ചെത്തുകയും ചെയ്തിരുന്നു.

10 “നിങ്ങളിന്ന് എവിടെയാണ് ആക്രമണത്തിനു പോയത്,” എന്ന് ആഖീശ് ചോദിച്ചാൽ, “യെഹൂദയ്ക്കും തെക്ക്, യരഹ്മേല്യർക്കും തെക്ക്, കേന്യർക്കും തെക്ക്” എന്നിങ്ങനെ ദാവീദ് മറുപടി പറയുമായിരുന്നു. 11 ഗത്തിൽ വിവരം അറിയിക്കാൻ തക്കവണ്ണം പുരുഷനെയാകട്ടെ, സ്ത്രീയെയാകട്ടെ, ഒരുത്തനെയും ദാവീദ് ജീവനോടെ അവശേഷിപ്പിച്ചില്ല. മറിച്ചായാൽ, “ ‘ദാവീദ് ഞങ്ങളോട് ഈ വിധത്തിൽ പ്രവർത്തിച്ചു,’ എന്ന് അവർ പറയുമല്ലോ” എന്നു ദാവീദ് ചിന്തിച്ചിരുന്നു. ഫെലിസ്ത്യരുടെ ദേശത്തു താമസിച്ചിരുന്ന കാലമെല്ലാം ദാവീദിന്റെ പതിവ് ഇതായിരുന്നു. 12 ആഖീശ് ദാവീദിനെ വിശ്വസിച്ചു. “അവൻ ഇസ്രായേല്യർക്ക് അത്യന്തം നിന്ദ്യനായി തീർന്നിരിക്കുകയാൽ എക്കാലവും എന്റെ സേവകനായിരിക്കും,” എന്ന് അയാൾ വിചാരിച്ചു.

ശൗലിന്റെ മരണം ക്രി.മു. 1055

1 ശമുവേൽ 28

1 അക്കാലത്ത് ഫെലിസ്ത്യർ ഇസ്രായേലിനോടു പൊരുതുന്നതിനു തങ്ങളുടെ സൈന്യത്തെ സജ്ജമാക്കി. ആഖീശ് ദാവീദിനോട്: “പടയിൽ നീയും നിന്റെ ആളുകളും എന്നോടുകൂടെ പോരേണ്ടതാണ് എന്നു നീ അറിയണം” എന്നു പറഞ്ഞു.

2 “കൊള്ളാം; അങ്ങയുടെ ഈ ദാസന് എന്തുചെയ്യാൻ കഴിയുമെന്ന് അങ്ങേക്കു നേരിട്ടു കാണാം,” എന്നു ദാവീദ് മറുപടി പറഞ്ഞു.

ആഖീശ് വീണ്ടും: “വളരെ നന്ന്. ഞാൻ നിന്നെ ആയുഷ്പര്യന്തം എന്റെ അംഗരക്ഷകനായി നിയോഗിക്കും” എന്ന് ഉത്തരം പറഞ്ഞു.

3 ശമുവേൽ മരിച്ചുപോയിരുന്നു. ഇസ്രായേലെല്ലാം അദ്ദേഹത്തെ ഓർത്തു വിലപിക്കുകയും അദ്ദേഹത്തെ രാമായിൽ—സ്വന്തം പട്ടണത്തിൽത്തന്നെ—സംസ്കരിക്കുകയും ചെയ്തിരുന്നു. ശൗൽ വെളിച്ചപ്പാടുകളെയും ഭൂതസേവക്കാരെയും നാട്ടിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

4 ഫെലിസ്ത്യർ ഒരുമിച്ചുകൂടിവന്ന് ശൂനേമിൽ പാളയമിറങ്ങി. ശൗൽ എല്ലാ ഇസ്രായേല്യരെയും കൂട്ടിവരുത്തി ഗിൽബോവയിൽ പാളയമിറങ്ങി. 5 ഫെലിസ്ത്യസൈന്യത്തെ കണ്ടപ്പോൾ ശൗൽ പരിഭ്രാന്തനായി; അദ്ദേഹത്തിന്റെ ഹൃദയം ഭയംകൊണ്ടു നിറഞ്ഞു. 6 അദ്ദേഹം യഹോവയോട് ആലോചന ചോദിച്ചു; എന്നാൽ യഹോവ സ്വപ്നത്താലോ ഊറീംകൊണ്ടോ പ്രവാചകന്മാരിലൂടെയോ മറുപടി നൽകിയില്ല. 7 “ഞാൻ ചെന്ന് അഭിപ്രായം ആരായേണ്ടതിന് ഒരു വെളിച്ചപ്പാടത്തിയെ കണ്ടുപിടിക്കുക,” എന്നു ശൗൽ തന്റെ ഭൃത്യന്മാരോട് ആജ്ഞാപിച്ചു.

“എൻ-ദോരിൽ അങ്ങനെ ഒരുവളുണ്ട്,” അവർ പറഞ്ഞു.

8 അതിനാൽ ശൗൽ വേഷംമാറി, വേറെ വസ്ത്രംധരിച്ച്, രണ്ടുപേരെയുംകൂട്ടി, യാത്രയായി. അവർ രാത്രിയിൽത്തന്നെ ആ സ്ത്രീയുടെ അടുത്തെത്തി. അദ്ദേഹം അവളോടു പറഞ്ഞു: “ഒരു പ്രേതാത്മാവിന്റെ സഹായത്തോടെ നീ എനിക്കുവേണ്ടി മരിച്ചുപോയ ഒരാളോടു സംസാരിക്കണം; ഞാൻ പറയുന്ന ആളുടെ ആത്മാവിനെ എനിക്കുവേണ്ടി വരുത്തിത്തരണം.”

9 എന്നാൽ ആ സ്ത്രീ അയാളോട്: “ശൗൽ ചെയ്തതെന്താണെന്ന് തീർച്ചയായും അങ്ങേക്ക് അറിയാമല്ലോ! അദ്ദേഹം വെളിച്ചപ്പാടുകളെയും ഭൂതസേവക്കാരെയും ദേശത്തുനിന്നു ഛേദിച്ചുകളഞ്ഞുവല്ലോ! എനിക്കു മരണം വരുത്താൻ എന്റെ ജീവനുവേണ്ടി അങ്ങ് കെണി വെക്കുന്നതെന്തിന്?” എന്നു ചോദിച്ചു.

10 “ജീവനുള്ള യഹോവയാണെ, ഇതിന്റെപേരിൽ നീ ശിക്ഷിക്കപ്പെടുകയില്ല,” എന്നു ശൗൽ യഹോവയുടെ നാമത്തിൽ അവളോടു ശപഥംചെയ്തു.

11 “അങ്ങേക്കുവേണ്ടി ഞാൻ ആരെയാണു വരുത്തിത്തരേണ്ടത്?” എന്നു സ്ത്രീ ചോദിച്ചു.

“ശമുവേലിനെ വരുത്തിത്തരണം,” എന്ന് ശൗൽ മറുപടി പറഞ്ഞു.

12 ആ സ്ത്രീ ശമുവേലിനെക്കണ്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് ശൗലിനോടു ചോദിച്ചു: “അങ്ങെന്നെ ചതിച്ചതെന്തിന്? അങ്ങു ശൗലാകുന്നുവല്ലോ!” എന്നു പറഞ്ഞു.

13 രാജാവ് അവളോട്: “ഭയപ്പെടേണ്ട, പറയുക. നീ എന്താണു കാണുന്നത്?” എന്നു ചോദിച്ചു.

“ഒരു ദേവൻ ഭൂമിയിൽനിന്നു കയറിവരുന്നതു ഞാൻ കാണുന്നു,” എന്ന് സ്ത്രീ ശൗലിനോടു മറുപടി പറഞ്ഞു.

14 “അവൻ ഏതുപോലെയിരിക്കുന്നു,” എന്ന് അദ്ദേഹം ചോദിച്ചു.

“ഒരു വൃദ്ധൻ, നിലയങ്കിധരിച്ച് കയറിവരുന്നു,” എന്നു സ്ത്രീ പറഞ്ഞു.

അതു ശമുവേലാണെന്ന് അപ്പോൾ ശൗലിനു മനസ്സിലായി. അയാൾ സാഷ്ടാംഗം വീണു നമസ്കരിച്ചു.

15 “നീ എന്നെ വിളിച്ച് എന്റെ സ്വസ്ഥതയ്ക്കു ഭംഗം വരുത്തിയതെന്തിന്?” ശമുവേൽ ചോദിച്ചു.

അപ്പോൾ ശൗൽ: “പിതാവേ, ഞാനേറ്റവും കഷ്ടത്തിലായിരിക്കുന്നു. ഫെലിസ്ത്യർ എന്നോടു പൊരുതുന്നു; ദൈവം എന്നെ വിട്ടകന്നുമിരിക്കുന്നു. പ്രവാചകന്മാർമുഖേനയോ സ്വപ്നത്തിലൂടെയോ അവിടന്ന് എനിക്കു മറുപടി അരുളുന്നില്ല. ഞാനെന്തു ചെയ്യണം എന്നു പറഞ്ഞുതരുന്നതിനായി അങ്ങയെ വിളിച്ചതാകുന്നു” എന്നു പറഞ്ഞു.

16 ശമുവേൽ പറഞ്ഞു: “യഹോവ നിന്നെ ഇപ്പോൾ കൈവിട്ടിരിക്കുന്നു. അവിടന്ന് നിന്റെ ശത്രുവായിത്തീർന്നിരിക്കുന്നു. ആ നിലയ്ക്ക് നീ എന്നോട് ആലോചിക്കുന്നതെന്തിന്? 17 യഹോവ എന്നിലൂടെ മുൻകൂട്ടി അരുളിച്ചെയ്തതുപോലെ ഇപ്പോൾ ചെയ്തിരിക്കുന്നു. യഹോവ രാജത്വം നിന്റെ കൈയിൽനിന്നു പറിച്ചെടുത്ത് നിന്റെ അയൽക്കാരിൽ ഒരുവനു— ദാവീദിനുതന്നെ—കൊടുത്തിരിക്കുന്നു. 18 നീ യഹോവയെ അനുസരിക്കാതിരുന്നതിനാലും അമാലേക്യരുടെനേരേ അവിടത്തെ ഉഗ്രകോപം നടത്താതിരുന്നതിനാലും യഹോവ നിന്നോട് ഇന്ന് ഇപ്രകാരം ചെയ്തിരിക്കുന്നു. 19 യഹോവ നിന്നെയും ഇസ്രായേലിനെയും ഫെലിസ്ത്യരുടെ കരങ്ങളിൽ ഏൽപ്പിച്ചുകൊടുക്കും. നാളെ നീയും നിന്റെ പുത്രന്മാരും എന്നോടുകൂടെയായിരിക്കും. ഇസ്രായേൽസൈന്യത്തെയും യഹോവ ഫെലിസ്ത്യരുടെ കരങ്ങളിൽ ഏൽപ്പിച്ചുകൊടുക്കും.”

20 ശമുവേലിന്റെ ഈ വാക്കുകേട്ടു, ഭയന്ന്, ശൗൽ പെട്ടെന്ന് നെടുനീളത്തിൽ നിലത്തുവീണു. അദ്ദേഹത്തിന്റെ ബലം പൊയ്പ്പോയിരുന്നു. അന്നു പകലും രാവും അദ്ദേഹം യാതൊന്നും ഭക്ഷിച്ചിരുന്നതുമില്ല.

21 ആ സ്ത്രീ ശൗലിന്റെ അടുത്തുവന്നപ്പോൾ അയാൾ ഏറ്റവും പരിഭ്രാന്തനായിരിക്കുന്നതു കണ്ടു. അവൾ പറഞ്ഞു: “ഇതാ, അങ്ങയുടെ ഈ ദാസി അങ്ങയെ അനുസരിച്ചിരിക്കുന്നു. ഞാനെന്റെ ജീവൻ പണയപ്പെടുത്തി അങ്ങു കൽപ്പിച്ചതുപോലെ ചെയ്തിരിക്കുന്നു! 22 ഇപ്പോൾ അടിയന്റെ വാക്കുകൾ ദയവായി ചെവിക്കൊള്ളണമേ. അടിയൻ അങ്ങേക്ക് അൽപ്പം ഭക്ഷണം തരട്ടെ. തിന്നു ബലം പ്രാപിച്ചിട്ട് അങ്ങേക്കു സ്വന്തം വഴിക്കു പോകാമല്ലോ!”

23 ശൗൽ അതു നിരസിച്ചു. “ഇല്ല, ഞാൻ തിന്നുകയില്ല” എന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ ശൗലിന്റെ അനുയായികളും ആ സ്ത്രീയോടുചേർന്ന് അയാളെ നിർബന്ധിച്ചു. അപ്പോൾ ശൗൽ അവരുടെ വാക്കുകൾ കേട്ട് നിലത്തുനിന്ന് എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു.

24 ആ സ്ത്രീക്ക്, തന്റെ വീട്ടിൽ തടിച്ചുകൊഴുത്ത ഒരു പശുക്കിടാവുണ്ടായിരുന്നു. അവൾ അതിനെ വേഗം അറത്തു പാകംചെയ്തു. അവൾ മാവും എടുത്തു കുഴച്ച് പുളിപ്പില്ലാത്ത അപ്പമുണ്ടാക്കി. 25 അവൾ ആ ഭക്ഷണം ശൗലിന്റെയും അനുയായികളുടെയും മുമ്പിൽ വിളമ്പി. അവർ അതു ഭക്ഷിച്ചു. അന്നുരാത്രിതന്നെ എഴുന്നേറ്റു മടങ്ങിപ്പോകുകയും ചെയ്തു.