അബ്ശാലോമിന്റെ കലാപം (continued)
ക്രി.മു. 1027
Biblica® Open Malayalam Contemporary Version™ (OMCV)
1 അതിനുശേഷം അഹീഥോഫെൽ അബ്ശാലോമിനോടു പറഞ്ഞു: “ഞാൻ പന്തീരായിരം പടയാളികളെ തെരഞ്ഞെടുത്ത് അവരുമായി ഇന്നുരാത്രിതന്നെ ദാവീദിനെ പിൻതുടർന്ന് പുറപ്പെടാം. 2 അദ്ദേഹം ക്ഷീണിതനും ബലഹീനനുമായിരിക്കുന്ന തക്കത്തിന് ഞാൻ അവരെ ആക്രമിച്ച് ഭയപ്പെടുത്തും. അപ്പോൾ കൂടെയുള്ളവർ ഓടിപ്പോകും. ഞാൻ രാജാവിനെമാത്രം വെട്ടിക്കളയും, 3 അങ്ങനെ ജനത്തെ മുഴുവൻ ഞാൻ അങ്ങയുടെ അടുത്തേക്കു മടക്കിക്കൊണ്ടുവരികയും ചെയ്യാം. അങ്ങ് തെരയുന്ന മനുഷ്യന്റെ മരണം, എല്ലാവരും ഹാനിയൊന്നുംകൂടാതെ തിരിച്ചുവരാൻ കാരണമാകുമല്ലോ.” 4 ഈ ഉപദേശം അബ്ശാലോമിനും സകല ഇസ്രായേൽ ഗോത്രത്തലവന്മാർക്കും ബോധിച്ചു.
5 “അർഖ്യനായ ഹൂശായിയെയും വിളിക്കുക; അവൻ എന്തുപറയുന്നു എന്നു നമുക്കു കേൾക്കാമല്ലോ,” എന്ന് അബ്ശാലോം പറഞ്ഞു. 6 ഹൂശായി വന്നെത്തിയപ്പോൾ അബ്ശാലോം അയാളോടു പറഞ്ഞു: “അഹീഥോഫെൽ ഈ വിധം ഉപദേശിക്കുന്നു; അയാൾ പറഞ്ഞതുപോലെയല്ലേ നാം ചെയ്യേണ്ടത്? അതല്ലെങ്കിൽ താങ്കളുടെ ഉപദേശം എന്താണ്?”
7 ഹൂശായി അബ്ശാലോമിനോടു മറുപടി പറഞ്ഞു: “അഹീഥോഫെൽ നൽകിയിരിക്കുന്ന ഉപദേശം ഈ അവസരത്തിനു പറ്റിയതല്ല. 8 അങ്ങയുടെ പിതാവിനെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും അങ്ങേക്ക് അറിയാമല്ലോ! അവർ യോദ്ധാക്കളാണ്; കുട്ടികൾ അപഹരിക്കപ്പെട്ട കാട്ടുകരടിയെപ്പോലെ അവർ അതിഭീഷണരുമാണ്. അതും കൂടാതെ, അങ്ങയുടെ പിതാവ് ഒരു യുദ്ധവിദഗ്ദ്ധനാണ്; അദ്ദേഹം പടയാളികളോടൊപ്പം രാത്രി കഴിക്കുകയില്ല. 9 ഇപ്പോൾത്തന്നെ അദ്ദേഹം ഒരു ഗുഹയിലോ മറ്റെവിടെയെങ്കിലുമോ ഒളിച്ചിരിക്കുകയാകും. ഒരുപക്ഷേ, ആദ്യത്തെ അക്രമത്തിൽത്തന്നെ അദ്ദേഹം ഇവരുടെമേൽ ചാടിവീണാൽ കേൾക്കുന്നവരെല്ലാം, ‘അബ്ശാലോമിനെ അനുഗമിച്ച പടയാളികളിൽ ഒരുകൂട്ടക്കൊല നടന്നിരിക്കുന്നു’ എന്നു പറയും. 10 അപ്പോൾ സിംഹത്തെപ്പോലെ ഹൃദയമുള്ള ധീരരായ ഭടന്മാർപോലും ഭയത്താൽ ഉരുകിപ്പോകും; കാരണം, അങ്ങയുടെ പിതാവ് ഒരു വീരനും അദ്ദേഹത്തോടുകൂടെയുള്ളവർ ശൂരന്മാരുമാണെന്ന് എല്ലാ ഇസ്രായേലിനും അറിയാമല്ലോ.
11 “അതിനാൽ എന്റെ ഉപദേശം ഇതാണ്: ദാൻമുതൽ ബേർ-ശേബാവരെയുള്ള—കടൽക്കരയിലെ മണൽപോലെ അസംഖ്യമായുള്ള—ഇസ്രായേലെല്ലാം അങ്ങയുടെ അടുത്തു കൂടിവരട്ടെ! അങ്ങുതന്നെ അവരെ യുദ്ധത്തിനു നയിക്കണം. 12 അപ്പോൾ ദാവീദിനെ എവിടെവെച്ച് കണ്ടാലും, മഞ്ഞു ഭൂമിയിൽ പൊഴിക്കുന്നതുപോലെ, നമുക്ക് അദ്ദേഹത്തിന്റെമേൽ ചെന്നുവീഴാം. അദ്ദേഹമോ അദ്ദേഹത്തിന്റെ കൂടെയുള്ള ആരെങ്കിലുമോ ജീവനോടെ ശേഷിക്കുകയുമില്ല. 13 ഇനിയും, ഒരുപക്ഷേ, അവർ ഏതെങ്കിലും നഗരത്തിലേക്കു പിൻവാങ്ങുകയാണെങ്കിൽ സകല ഇസ്രായേലുംചേർന്ന് ആ നഗരത്തെ കയറുകെട്ടിവലിച്ച് അതിന്റെ ഒരു ചെറുകഷണംപോലും കാണാതാകുന്നതുവരെ അതിനെ നദിയിൽ വലിച്ചിട്ടു കളയാം.”
14 “അഹീഥോഫെലിന്റെ ഉപദേശത്തെക്കാൾ അർഖ്യനായ ഹൂശായിയുടെ ഉപദേശം കൊള്ളാം,” എന്ന് അബ്ശാലോമും സകല ഇസ്രായേലും പറഞ്ഞു. അഹീഥോഫെലിന്റെ നല്ല ആലോചന നിഷ്ഫലമാക്കാനും അങ്ങനെ അബ്ശാലോമിനു സർവനാശം വരുത്താനും യഹോവ നിർണയിച്ചിരുന്നു.
15 അതിനുശേഷം ഹൂശായി പുരോഹിതന്മാരായ സാദോക്കിന്റെയും അബ്യാഥാരിന്റെയും അടുക്കൽ ചെന്നു. “അബ്ശാലോമിനും ഇസ്രായേൽ ഗോത്രത്തലവന്മാർക്കും അഹീഥോഫെൽ ഇന്നപ്രകാരം ഉപദേശം നൽകി; എന്നാൽ ഞാനാകട്ടെ, ഇങ്ങനെയെല്ലാമാണ് ഉപദേശിച്ചത്,” എന്ന് അവരോടു പറഞ്ഞു. 16 അദ്ദേഹം തുടർന്നു: “ഇപ്പോൾത്തന്നെ വേഗത്തിൽ സന്ദേശമയച്ച് ദാവീദിനോടു പറയിക്കുക. ‘മരുഭൂമിയിലെ കടവിങ്കൽ രാത്രി കഴിച്ചുകൂട്ടരുത്, പെട്ടെന്ന് നദികടന്നു പോകുക; വീഴ്ചവരുത്തരുത്. അല്ലെങ്കിൽ രാജാവും അദ്ദേഹത്തോടുകൂടെയുള്ള സകലജനവും സംഹരിക്കപ്പെടും.’ ”
17 യോനാഥാനും അഹീമാസിനും പട്ടണത്തിൽ പ്രവേശിച്ചിട്ട് പുറത്തുപോകുക സാധ്യമായിരുന്നില്ല. അതിനാൽ അവർ ഏൻ-രോഗേലിനരികെ കാത്തുനിൽക്കുകയായിരുന്നു. ഒരു വേലക്കാരി ചെന്ന് അവരോടു വിവരം പറയുകയും അവർ ചെന്നു ദാവീദ് രാജാവിനെ അറിയിക്കുകയും ചെയ്യുന്നതിനായി ക്രമീകരണം നടത്തിയിരുന്നു. 18 എന്നാൽ ഈ പ്രാവശ്യം ഒരു ചെറുപ്പക്കാരൻ അവരെ കാണുകയും അബ്ശാലോമിനെ വിവരം അറിയിക്കുകയും ചെയ്തു. അതിനാൽ അവരിരുവരും വേഗം ബഹൂരീമിൽ ഒരുവന്റെ വീട്ടിൽച്ചെന്നു കയറി. അയാളുടെ മുറ്റത്ത് ഒരു കിണർ ഉണ്ടായിരുന്നു. അവർ അതിൽ ഇറങ്ങിയിരുന്നു. 19 അയാളുടെ ഭാര്യ ഒരു മൂടുവിരിയെടുത്ത് കിണറിന്റെ വായ് മൂടിയശേഷം അതിന്മേൽ ധാന്യം ഉണക്കാനായി നിരത്തി. സംഗതികളെപ്പറ്റി ആർക്കും യാതൊരറിവും ലഭിച്ചിരുന്നില്ല.
20 അബ്ശാലോമിന്റെ ഭൃത്യന്മാർ ആ വീട്ടിൽ വന്ന്, “അഹീമാസും യോനാഥാനും എവിടെ?” എന്നു സ്ത്രീയോടു ചോദിച്ചു.
“അവർ തോടു കടന്നുപോയി,” എന്നു സ്ത്രീ മറുപടി പറഞ്ഞു. ആ ഭൃത്യന്മാർ പിറകേ ചെന്നു തെരഞ്ഞെങ്കിലും ആരെയും കാണായ്കയാൽ ജെറുശലേമിലേക്കു മടങ്ങിപ്പോയി.
21 ആ ഭൃത്യന്മാർ പോയിക്കഴിഞ്ഞപ്പോൾ അഹീമാസും യോനാഥാനും കിണറ്റിൽനിന്നു കയറി; ദാവീദുരാജാവിനെ വിവരം അറിയിക്കാനായി പോകുകയും ചെയ്തു. അവർ അദ്ദേഹത്തോടു പറഞ്ഞു: “ഉടനടി പുറപ്പെട്ട് നദികടന്നു പോയാലും! അഹീഥോഫെൽ ഇന്നയിന്നവിധത്തിൽ അങ്ങേക്കെതിരായി ഉപദേശം കൊടുത്തിരിക്കുന്നു.” 22 അതിനാൽ ദാവീദും അദ്ദേഹത്തോടുകൂടെയുള്ള സകലജനവും രാത്രിയിൽത്തന്നെ യോർദാൻ കടന്നു. നേരം പുലരുമ്പോൾ യോർദാൻ കടക്കാത്ത യാതൊരുവനും ഉണ്ടായിരുന്നില്ല.
23 തന്റെ ഉപദേശം അവർ സ്വീകരിച്ചില്ല എന്നുകണ്ടപ്പോൾ അഹീഥോഫെൽ തന്റെ കഴുതയ്ക്ക് കോപ്പിട്ട് സ്വന്തം നഗരത്തിലുള്ള വീട്ടിലേക്കു പോയി. അവിടെച്ചെന്ന് തന്റെ ഗൃഹകാര്യങ്ങളെല്ലാം ക്രമപ്പെടുത്തിയശേഷം അയാൾ തൂങ്ങിമരിച്ചു. അയാളുടെ പിതാവിന്റെ കല്ലറയിൽ അയാളെ അടക്കംചെയ്തു.
24 ദാവീദ് മഹനയീമിലേക്കുപോയി. അബ്ശാലോം ഇസ്രായേലിന്റെ സകലസൈന്യങ്ങളുമായി യോർദാൻ കടന്നു. 25 യോവാബിനു പകരം അമാസയെ അബ്ശാലോം സൈന്യാധിപനായി അവരോധിച്ചിരുന്നു. അമാസ നാഹാശിന്റെ മകളും യോവാബിന്റെ അമ്മ സെരൂയയുടെ സഹോദരിയുമായ അബീഗയിലിനെ യേഥെർ എന്ന യിശ്മായേല്യൻ വിവാഹംചെയ്തിട്ട് ഉണ്ടായ മകനായിരുന്നു. 26 ഇസ്രായേല്യരും അബ്ശാലോമും ഗിലെയാദ് ദേശത്തു താവളമടിച്ചു.
27 ദാവീദ് മഹനയീമിൽ എത്തിയപ്പോൾ അമ്മോന്യരുടെ രബ്ബയിൽനിന്ന് നാഹാശിന്റെ മകനായ ശോബിയും ലോ-ദേബാരിൽനിന്ന് അമ്മീയേലിന്റെ മകനായ മാഖീറും രോഗെലീമിൽനിന്ന് ഗിലെയാദ്യനായ ബർസില്ലായിയും 28 കിടക്കകളും തളികകളും മൺപാത്രങ്ങളും കൊണ്ടുവന്നു. ദാവീദിനും കൂടെയുള്ള ജനത്തിനും ഭക്ഷിക്കുന്നതിനായി അവർ ഗോതമ്പ്, യവം, ധാന്യമാവ്, മലർ, അമരക്കായ്, പയർ, 29 തേൻ, തൈര്, ആട്, പശുവിൻ പാൽക്കട്ടി എന്നിവകൂടി കൊണ്ടുവന്നിരുന്നു. “ജനം മരുഭൂമിയിൽ വിശന്നും ദാഹിച്ചും ക്ഷീണിച്ചും ഇരിക്കുന്നല്ലോ,” എന്ന് അവർ പറഞ്ഞു.
കോരഹ് പുത്രന്മാരുടെ ഒരു ധ്യാനസങ്കീർത്തനം.
1 നീർച്ചാലുകൾക്കായി കൊതിക്കുന്ന പേടമാനിനെപ്പോലെ,
എന്റെ ദൈവമേ, എന്റെ പ്രാണൻ അങ്ങേക്കായി കൊതിക്കുന്നു.
2 ഞാൻ ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായിത്തന്നെ ദാഹിക്കുന്നു.
എപ്പോഴാണെനിക്കു തിരുസന്നിധിയിലെത്തി ദൈവത്തെ ദർശിക്കാനാകുന്നത്?
3 രാവും പകലും
കണ്ണുനീർ എന്റെ ഭക്ഷണമായി മാറിയിരിക്കുന്നു,
“നിന്റെ ദൈവം എവിടെ?”
എന്ന് എന്റെ ശത്രുക്കൾ നിരന്തരം ചോദിക്കുകയും ചെയ്യുന്നു.
4 ഞാൻ എന്റെ ആത്മാവിനെ തിരുസന്നിധിയിൽ പകരുമ്പോൾ,
ഉത്സവമാചരിക്കുന്ന ജനസഞ്ചയത്തിന്റെ മുന്നിൽ ഞാൻ നടന്നതും
ആഹ്ലാദത്തിമിർപ്പോടും സ്തോത്രഗീതങ്ങളോടുംകൂടെ
ദൈവാലയത്തിലേക്കു ഞാൻ
ഘോഷയാത്രയായി പോയതുമെല്ലാംതന്നെ!
എന്റെ സ്മൃതിപഥത്തിൽ ഓടിയെത്തുന്നു.
5 എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു?
നീ അന്തരംഗത്തിൽ എന്തിന് അസ്വസ്ഥനായിക്കഴിയുന്നു?
ദൈവത്തിൽ പ്രത്യാശയർപ്പിക്കുക,
എന്റെ രക്ഷകനും എന്റെ ദൈവവുമേ,
ഞാൻ ഇനിയും അവിടത്തെ വാഴ്ത്തും.
6 എന്റെ ദൈവമേ, ഞാൻ വിഷാദിച്ചിരിക്കുന്നു,
അതുകൊണ്ട് ഞാൻ അങ്ങയെ ഓർക്കുന്നു;
യോർദാൻ ദേശത്തുനിന്നും
ഹെർമോൻ ഗിരികളിലും—മിസാർ മലയിലുംവെച്ചുതന്നെ.
7 ജലപാതകളുടെ ഗർജനത്താൽ
ആഴി ആഴിയെ വിളിക്കുന്നു;
നിന്റെ എല്ലാ തിരമാലകളും ഓളങ്ങളും
എന്റെമീതേ കവിഞ്ഞൊഴുകുന്നു.
8 പകൽസമയത്ത് യഹോവ അവിടത്തെ അചഞ്ചലസ്നേഹം എന്നിൽ ചൊരിയുന്നു,
രാത്രിയിൽ അവിടത്തെ ഗാനം എന്നോടൊപ്പമുണ്ട്—
എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർഥനതന്നെ.
9 എന്റെ പാറയായ ദൈവത്തോട് ഞാൻ നിലവിളിക്കുന്നു,
“അങ്ങ് എന്നെ മറന്നതെന്തിന്?
ശത്രുവിന്റെ പീഡനം സഹിച്ച്
ഞാൻ വിലപിച്ചുഴലേണ്ടിവരുന്നത് എന്തിന്?”
10 “നിന്റെ ദൈവം എവിടെ?”
എന്നു ദിവസംമുഴുവനും എന്നോടു ചോദിച്ചുകൊണ്ട്,
എന്റെ എതിരാളികൾ എന്നെ അധിക്ഷേപിക്കുമ്പോൾ
എന്റെ അസ്ഥികൾ മരണവേദന അനുഭവിക്കുന്നു.
11 എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു?
നീ അന്തരംഗത്തിൽ എന്തിന് അസ്വസ്ഥനായിക്കഴിയുന്നു?
ദൈവത്തിൽ പ്രത്യാശയർപ്പിക്കുക,
എന്റെ രക്ഷകനും എന്റെ ദൈവവുമേ,
ഞാൻ ഇനിയും അവിടത്തെ വാഴ്ത്തും.
43:1 എന്റെ ദൈവമേ, എനിക്കു ന്യായംപാലിച്ചുതരണമേ,
ഭക്തിഹീനരായ ഒരു ജനതയ്ക്കെതിരേ
എനിക്കുവേണ്ടി അവിടന്നു വാദിക്കണമേ.
വഞ്ചകരും ദുഷ്ടരുമായവരിൽനിന്ന്
എന്നെ മോചിപ്പിക്കണമേ.
2 അവിടന്ന് ദൈവമാകുന്നു, എന്റെ ഉറപ്പുള്ളകോട്ട.
അവിടന്ന് എന്നെ ഉപേക്ഷിച്ചത് എന്തിന്?
ശത്രുവിന്റെ പീഡനം സഹിച്ച്
ഞാൻ വിലപിച്ച് ഉഴലേണ്ടിവരുന്നത് എന്തിന്?
3 അവിടത്തെ പ്രകാശവും സത്യവും അയയ്ക്കണമേ,
അവ എന്നെ നയിക്കട്ടെ;
അവിടത്തെ വിശുദ്ധപർവതത്തിലേക്ക് അവയെന്നെ ആനയിക്കട്ടെ,
അങ്ങയുടെ തിരുനിവാസസ്ഥാനത്തേക്കും.
4 അപ്പോൾ ഞാൻ ദൈവത്തിന്റെ യാഗപീഠത്തിലേക്ക്,
എന്റെ ആനന്ദവും പ്രമോദവുമായിരിക്കുന്ന ദൈവത്തിലേക്കു ഞാൻ ചെല്ലും.
ഓ ദൈവമേ, എന്റെ ദൈവമേ,
വീണ മീട്ടി ഞാൻ അങ്ങയെ സ്തുതിക്കും.
5 എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു?
നീ അന്തരംഗത്തിൽ എന്തിന് അസ്വസ്ഥനായിക്കഴിയുന്നു?
ദൈവത്തിൽ പ്രത്യാശയർപ്പിക്കുക,
എന്റെ രക്ഷകനും എന്റെ ദൈവവുമേ,
ഞാൻ ഇനിയും അവിടത്തെ വാഴ്ത്തും.
സംഗീതസംവിധായകന്.