അബ്രാഹാം കെതൂറായെ വിവാഹം കഴിക്കുന്നു

ക്രി.മു. 1856

Biblica® Open Malayalam Contemporary Version™ (OMCV)

ഉൽപ്പത്തി 25:1–6

1 അബ്രാഹാം മറ്റൊരു ഭാര്യയെ സ്വീകരിച്ചു; അവളുടെ പേരു കെതൂറാ എന്നായിരുന്നു. 2 അവൾ അബ്രാഹാമിനു സിമ്രാൻ, യൊക്ശാൻ, മെദാൻ, മിദ്യാൻ, യിശ്ബാക്ക്, ശൂവഹ് എന്നിവരെ പ്രസവിച്ചു. 3 ശേബയും ദെദാനും യൊക്ശയുടെ മക്കളായിരുന്നു. ദേദാന്റെ പിൻഗാമികളാണ് അശ്ശൂരീം, ലെത്തൂശീം, ലെയുമ്മീം എന്നിവർ. 4 മിദ്യാന്റെ പുത്രന്മാർ ഏഫാ, ഏഫെർ, ഹാനോക്ക്, അബീദാ, എൽദായാ എന്നിവരാണ്. ഇവരെല്ലാം കെതൂറായിലൂടെ ലഭിച്ച പിൻഗാമികളായിരുന്നു.

5 അബ്രാഹാം തനിക്കുള്ളതെല്ലാം യിസ്ഹാക്കിനു വിട്ടുകൊടുത്തു. 6 അദ്ദേഹം, ജീവിച്ചിരിക്കുമ്പോൾത്തന്നെ വെപ്പാട്ടികളുടെ പുത്രന്മാർക്കു ദാനങ്ങൾ നൽകി. അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കൽനിന്ന് ദൂരെ കിഴക്കൻ പ്രദേശത്തേക്കയച്ചു.

ഏശാവിന്റെയും യാക്കോബിന്റെയും ജനനം ക്രി.മു. 1836

ഉൽപ്പത്തി 25:19–28

19 അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിനെ സംബന്ധിച്ച വിവരണം:

യിസ്ഹാക്ക് അബ്രാഹാമിന്റെ മകൻ. 20 യിസ്ഹാക്കിനു നാൽപ്പതു വയസ്സായപ്പോൾ അദ്ദേഹം പദ്ദൻ-അരാമിൽ നിന്നുള്ള ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബേക്കയെ വിവാഹംചെയ്തു.

21 യിസ്ഹാക്കിന്റെ ഭാര്യ വന്ധ്യയായിരുന്നതുകൊണ്ട് അദ്ദേഹം അവൾക്കുവേണ്ടി യഹോവയോടു പ്രാർഥിച്ചു. യഹോവ അദ്ദേഹത്തിന്റെ പ്രാർഥന കേട്ടു; യിസ്ഹാക്കിന്റെ ഭാര്യയായ റിബേക്കാ ഗർഭവതിയായി. 22 അവളുടെ ഉള്ളിൽ കുട്ടികൾതമ്മിൽ തിക്കി. അപ്പോൾ അവൾ, “എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്?” എന്നു പറഞ്ഞുകൊണ്ട് യഹോവയോടു ചോദിക്കാൻ പോയി.

23 യഹോവ അവളോട്:

“നിന്റെ ഉദരത്തിൽ രണ്ടു ജനതകളാണുള്ളത്.

നിന്റെ ഉള്ളിൽനിന്നുതന്നെ രണ്ടു ജനസമൂഹങ്ങൾ വേർതിരിക്കപ്പെടും;

ഒരു ജനസമൂഹം മറ്റതിനെക്കാൾ പ്രബലമായിരിക്കും.

മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് അരുളിച്ചെയ്തു.

24 അവളുടെ പ്രസവകാലം സമീപിച്ചു. അവളുടെ ഉദരത്തിൽ ഇരട്ട ആൺകുട്ടികൾ ഉണ്ടായിരുന്നു. 25 ആദ്യം പിറന്നവൻ ചെമപ്പു നിറമുള്ളവനായിരുന്നു. അവന്റെ ദേഹം രോമക്കുപ്പായംപോലെ ആയിരുന്നു; അതുകൊണ്ട്, അവർ അവന് ഏശാവ് എന്നു പേരിട്ടു. 26 അതിന്റെശേഷം അവന്റെ സഹോദരൻ പിറന്നു; അവൻ ഏശാവിന്റെ കുതികാലിൽ പിടിച്ചുകൊണ്ടാണു പുറത്തുവന്നത്. അതുകൊണ്ട് അവന് യാക്കോബ് എന്നു പേരിട്ടു. റിബേക്ക ഇവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന് അറുപതു വയസ്സായിരുന്നു.

27 ബാലന്മാർ വളർന്നു; ഏശാവ് വെളിമ്പ്രദേശങ്ങളിൽ ജീവിക്കുന്നവനും സമർഥനായൊരു നായാട്ടുകാരനും ആയിത്തീർന്നു. യാക്കോബാകട്ടെ, കൂടാരങ്ങളിൽ പാർക്കുന്നവനും ശാന്തനും ആയിരുന്നു. 28 നായാട്ടുമാംസത്തിലുള്ള രുചിമൂലം യിസ്ഹാക്ക് ഏശാവിനെ സ്നേഹിച്ചു; റിബേക്കയോ, യാക്കോബിനെ സ്നേഹിച്ചു.

അബ്രാഹാമിന്റെ മരണം ക്രി.മു. 1821

ഉൽപ്പത്തി 25:7–10

7 അബ്രാഹാം നൂറ്റിയെഴുപത്തഞ്ചു വർഷം ജീവിച്ചിരുന്നു. 8 വയോധികനും കാലസമ്പൂർണനുമായിത്തീർന്ന അബ്രാഹാം തികഞ്ഞ വാർധക്യത്തിൽ മരിച്ചു തന്റെ ജനത്തോടു ചേർന്നു. 9 അദ്ദേഹത്തിന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലുംകൂടി, ഹിത്യനായ സോഹരിന്റെ മകനായ എഫ്രോന്റെ പുരയിടത്തിൽ മമ്രേയ്ക്കു സമീപമുള്ള മക്പേലാഗുഹയിൽ അദ്ദേഹത്തെ അടക്കംചെയ്തു. 10 ഈ ശ്മശാനഭൂമി അബ്രാഹാം ഹിത്യരോടു വിലയ്ക്കു വാങ്ങിയതായിരുന്നു. അവിടെ അബ്രാഹാം തന്റെ ഭാര്യയായ സാറയോടൊപ്പം അടക്കംചെയ്യപ്പെട്ടു.