അഹരോൻ പുരോഹിതനായി പ്രതിഷ്ഠിക്കപ്പെടുന്നു

പൗരോഹിത്യം സ്ഥാപിക്കപ്പെടുന്നു: അഹരോൻ പ്രതിഷ്ഠിക്കപ്പെടുകയും അദ്ദേഹത്തിന്റെ വഴിപാട് സ്വീകരിക്കപ്പെടുകയും ചെയ്യുന്നു.

ക്രി.മു. 1490

Biblica® Open Malayalam Contemporary Version™ (OMCV)

ലേവ്യ 8–9

1 യഹോവ മോശയോട് അരുളിച്ചെയ്തു: 2 “അഹരോനെയും പുത്രന്മാരെയും അവരോടുകൂടെ വസ്ത്രം, അഭിഷേകതൈലം, പാപശുദ്ധീകരണയാഗത്തിനുള്ള കാള, രണ്ട് ആട്ടുകൊറ്റന്മാർ, കുട്ടയിൽ പുളിപ്പില്ലാത്ത അപ്പം എന്നിവയും കൊണ്ടുവരിക; 3 മുഴുസഭയെയും സമാഗമകൂടാരത്തിന്റെ കവാടത്തിൽ കൂട്ടുക.” 4 യഹോവ കൽപ്പിച്ചതുപോലെ മോശ ചെയ്തു, സഭ സമാഗമകൂടാരത്തിന്റെ കവാടത്തിൽ വന്നുകൂടി.

5 മോശ സഭയോടു പറഞ്ഞു: “യഹോവ ചെയ്യണമെന്ന് അരുളിച്ചെയ്തത് ഇതാണ്.” 6 പിന്നെ മോശ അഹരോനെയും പുത്രന്മാരെയും മുന്നോട്ടുകൊണ്ടുവന്ന് അവരെ വെള്ളത്തിൽ കഴുകി. 7 അദ്ദേഹം അഹരോനെ കുപ്പായം ധരിപ്പിച്ചു, അരക്കച്ച ചുറ്റിക്കെട്ടി, മേലങ്കി അണിയിച്ചു. ഏഫോദ് ധരിപ്പിച്ചു. വിദഗ്ധമായി നെയ്ത അതിന്റെ അരക്കച്ചകൊണ്ട് അദ്ദേഹം ഏഫോദ് ചേർത്തുകെട്ടി. 8 അദ്ദേഹത്തെ നിർണയപ്പതക്കം അണിയിച്ചു. നിർണയപ്പതക്കത്തിൽ ഊറീമും തുമ്മീമും വെച്ചു. 9 ഇതിനുശേഷം യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം അഹരോന്റെ തലയിൽ തലപ്പാവുവെച്ച് അതിന്റെ മുന്നിലായി വിശുദ്ധകിരീടമായ തങ്കംകൊണ്ടുള്ള നെറ്റിപ്പട്ടം വെച്ചു.

10 പിന്നെ മോശ അഭിഷേകതൈലം എടുത്തു സമാഗമകൂടാരവും അതിനകത്തുള്ള സകലതും അഭിഷേകംചെയ്തു വിശുദ്ധീകരിച്ചു. 11 അദ്ദേഹം കുറെ തൈലം പീഠത്തിന്മേൽ ഏഴുപ്രാവശ്യം തളിച്ചു, യാഗപീഠവും അതിലെ എല്ലാ ഉപകരണങ്ങളും തൊട്ടിയും അതിന്റെ കാലുകളും അഭിഷേകംചെയ്തു ശുദ്ധീകരിച്ചു. 12 അദ്ദേഹം അഹരോന്റെ തലയിൽ അഭിഷേകതൈലം ഒഴിച്ച് അദ്ദേഹത്തെ അഭിഷേകംചെയ്തു വിശുദ്ധീകരിച്ചു. 13 യഹോവ മോശയോടു കൽപ്പിച്ചതുപോലെ, പിന്നീട് അദ്ദേഹം അഹരോന്റെ പുത്രന്മാരെ മുമ്പോട്ടുകൊണ്ടുവന്ന് അവരെ കുപ്പായം ധരിപ്പിച്ചു. അരക്കച്ച കെട്ടി, ശിരോവസ്ത്രവും വെച്ചു.

14 ഇതിനുശേഷം മോശ പാപശുദ്ധീകരണയാഗത്തിനുള്ള കാളയെ കൊണ്ടുവന്നു, അഹരോനും പുത്രന്മാരും അവരുടെ കൈകൾ അതിന്റെ തലയിൽ വെച്ചു. 15 മോശ കാളയെ അറത്ത്, രക്തം കുറെ എടുത്ത് അദ്ദേഹത്തിന്റെ വിരൽകൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, യാഗപീഠത്തെ ശുദ്ധീകരിച്ചു. ശേഷിച്ചരക്തം അദ്ദേഹം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു. അങ്ങനെ പ്രായശ്ചിത്തം അർപ്പിക്കാൻ അദ്ദേഹം യാഗപീഠത്തെ ശുദ്ധീകരിച്ചു. 16 മോശ, ആന്തരികാവയവങ്ങൾക്കു ചുറ്റുമുള്ള എല്ലാ മേദസ്സും കരളിന്മേലുള്ള കൊഴുപ്പും രണ്ടുവൃക്കയും അവയുടെ മേദസ്സും എടുത്ത് യാഗപീഠത്തിൽ ദഹിപ്പിച്ചു. 17 എന്നാൽ യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം കാളയെ അതിന്റെ തുകൽ, മാംസം, ചാണകം എന്നിവയോടുകൂടെ പാളയത്തിനുപുറത്തു ദഹിപ്പിച്ചുകളഞ്ഞു.

18 പിന്നെ അദ്ദേഹം ഹോമയാഗത്തിനുള്ള ആട്ടുകൊറ്റനെ കൊണ്ടുവന്നു. അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ അവരുടെ കൈകൾ വെച്ചു. 19 പിന്നെ മോശ ആട്ടുകൊറ്റനെ അറത്തു രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു. 20 അദ്ദേഹം ആട്ടുകൊറ്റനെ കഷണങ്ങളായി മുറിച്ച് തലയും കഷണങ്ങളും മേദസ്സും ദഹിപ്പിച്ചു. 21 യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം ആന്തരികാവയവങ്ങളും കാലുകളും വെള്ളത്തിൽ കഴുകി ആട്ടുകൊറ്റനെ മുഴുവനുമായി യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; ഇതു യഹോവയ്ക്ക് അർപ്പിക്കുന്ന ഹോമയാഗം; യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗംതന്നെ.

22 പിന്നെ അദ്ദേഹം പ്രതിഷ്ഠയ്ക്കുള്ള രണ്ടാമത്തെ ആട്ടുകൊറ്റനെ കൊണ്ടുവന്നു. അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈകൾ വെച്ചു. 23 മോശ ആട്ടുകൊറ്റനെ അറത്ത് അതിന്റെ കുറെ രക്തമെടുത്ത് അഹരോന്റെ വലതുചെവിയുടെ അറ്റത്തും വലതുകൈയുടെ പെരുവിരലിലും വലതുകാലിന്റെ പെരുവിരലിലും പുരട്ടി. 24 അഹരോന്റെ പുത്രന്മാരെയും മുന്നോട്ടുകൊണ്ടുവന്ന്, മോശ അവരുടെ വലതുചെവിയുടെ അറ്റത്തും വലതുകൈയുടെ പെരുവിരലിലും വലതുകാലിന്റെ പെരുവിരലിലും രക്തം പുരട്ടി. പിന്നെ അദ്ദേഹം യാഗപീഠത്തിന്മേൽ ചുറ്റും രക്തം തളിച്ചു. 25 ഇതിനുശേഷം അദ്ദേഹം മേദസ്സും തടിച്ച വാലും ആന്തരികാവയവങ്ങളിലുള്ള മേദസ്സും കരളിന്മേലുള്ള കൊഴുപ്പും വൃക്ക രണ്ടും അവയുടെ മേദസ്സും വലതുതുടയും എടുത്തു. 26 പിന്നെ യഹോവയുടെ സന്നിധിയിൽ പുളിപ്പില്ലാത്ത അപ്പം വെച്ചിരുന്ന കുട്ടയിൽനിന്ന് അദ്ദേഹം ഒരു വടയും ഒലിവെണ്ണചേർത്തുണ്ടാക്കിയ ഒരു അടയും ഒരു ദോശയും എടുത്ത്, മേദസ്സിന്മേലും വലതുതുടയിന്മേലും വെച്ചു. 27 അദ്ദേഹം ഇവയെല്ലാം എടുത്ത് അഹരോന്റെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും കൈയിലും വെച്ച്, യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിച്ചു. 28 അതിനുശേഷം മോശ അവരുടെ കൈയിൽനിന്ന് അവ എടുത്ത് യാഗപീഠത്തിലുള്ള ഹോമയാഗത്തിന്മേൽ ദഹിപ്പിച്ചു; ഇത് ഹൃദ്യസുഗന്ധമായ പ്രതിഷ്ഠായാഗം; യഹോവയുടെ സന്നിധിയിൽ അർപ്പിക്കുന്ന ദഹനയാഗംതന്നെ. 29 പ്രതിഷ്ഠായാഗത്തിനുള്ള ആട്ടുകൊറ്റനിൽ മോശയുടെ ഓഹരിയായ നെഞ്ച് എടുത്തു യഹോവ മോശയോടു കൽപ്പിച്ചതുപോലെ യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിച്ചു.

30 പിന്നെ മോശ കുറച്ച് അഭിഷേകതൈലവും യാഗപീഠത്തിൽനിന്ന് കുറച്ച് രക്തവും എടുത്ത് അഹരോന്റെയും അദ്ദേഹത്തിന്റെ വസ്ത്രങ്ങളുടെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും അവരുടെ വസ്ത്രങ്ങളുടെയുംമേൽ തളിച്ചു. അങ്ങനെ അദ്ദേഹം അഹരോനെയും അദ്ദേഹത്തിന്റെ വസ്ത്രങ്ങളും അദ്ദേഹത്തിന്റെ പുത്രന്മാരെയും അവരുടെ വസ്ത്രങ്ങളും വിശുദ്ധീകരിച്ചു.

31 ഇതിനുശേഷം മോശ അഹരോനോടും പുത്രന്മാരോടും പറഞ്ഞു: “ ‘അഹരോനും പുത്രന്മാരും അതു ഭക്ഷിക്കണം’ എന്നു ഞാൻ കൽപ്പിച്ചതുപോലെ, സമാഗമകൂടാരവാതിലിൽ മാംസം പാകംചെയ്ത്, പ്രതിഷ്ഠായാഗത്തിനുള്ള കുട്ടയിലെ അപ്പത്തോടുകൂടെ അതു ഭക്ഷിക്കണം. 32 ശേഷിക്കുന്ന മാംസവും അപ്പവും ദഹിപ്പിക്കണം. 33 നിങ്ങളുടെ പ്രതിഷ്ഠാശുശ്രൂഷ ഏഴുദിവസമാണ്. അതു കഴിയുന്നതുവരെ, ഏഴുദിവസത്തേക്ക് സമാഗമകൂടാരത്തിന്റെ കവാടംവിട്ട് പുറത്തുപോകരുത്. 34 യഹോവ കൽപ്പിച്ചതനുസരിച്ചു നിങ്ങൾക്കുവേണ്ടിയുള്ള പ്രായശ്ചിത്തമാണ് ഇന്നു ചെയ്തത്. 35 നിങ്ങൾ മരിക്കാതിരിക്കേണ്ടതിന് ഏഴു രാവും ഏഴു പകലും യഹോവ ആവശ്യപ്പെടുന്നതെന്തും ചെയ്തുകൊണ്ട് സമാഗമകൂടാരവാതിലിൽ താമസിക്കണം; അങ്ങനെയാണ് എന്നോടു കൽപ്പിച്ചിരിക്കുന്നത്.”

36 അങ്ങനെ യഹോവ മോശമുഖാന്തരം കൽപ്പിച്ചതെല്ലാം അഹരോനും പുത്രന്മാരും ചെയ്തു.

9:1 പ്രതിഷ്ഠാശുശ്രൂഷയ്ക്കുശേഷം, എട്ടാംദിവസം മോശ അഹരോനെയും പുത്രന്മാരെയും ഇസ്രായേലിലെ ഗോത്രത്തലവന്മാരെയും വിളിച്ചു. 2 അദ്ദേഹം അഹരോനോടു പറഞ്ഞത്, “നിങ്ങളുടെ പാപശുദ്ധീകരണയാഗത്തിനായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെയും നിങ്ങളുടെ ഹോമയാഗത്തിനായി ഒരു ആട്ടുകൊറ്റനെയും യഹോവയുടെമുമ്പാകെ സമർപ്പിക്കണം. 3 എന്നിട്ട് ഇസ്രായേല്യരോടു പറയണം: ‘പാപശുദ്ധീകരണയാഗത്തിനായി ഒരു ആൺകോലാടിനെയും ഹോമയാഗത്തിനായി ഊനമില്ലാത്തതും ഒരുവയസ്സു പ്രായമുള്ളതുമായ ഒരു കാളക്കിടാവിനെയും ഒരു ആട്ടിൻകുട്ടിയെയും 4 സമാധാനയാഗത്തിനായി ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും ഒലിവെണ്ണയിൽ കുഴച്ച ഭോജനയാഗത്തോടൊപ്പം യഹോവയുടെമുമ്പാകെ യാഗം കഴിക്കാൻ എടുക്കണം. കാരണം, യഹോവ ഇന്നു നിങ്ങൾക്കു പ്രത്യക്ഷനാകും.’ ”

5 മോശ കൽപ്പിച്ചതെല്ലാം സമാഗമകൂടാരത്തിനുമുമ്പാകെ കൊണ്ടുവന്നു, സഭ മുഴുവൻ അടുത്തുവന്നു യഹോവയുടെമുമ്പിൽനിന്നു. 6 പിന്നെ മോശ പറഞ്ഞു: “യഹോവയുടെ തേജസ്സ് നിങ്ങൾക്കു പ്രത്യക്ഷമാകുന്നതുകൊണ്ട്, നിങ്ങൾ ചെയ്യണമെന്നു യഹോവ കൽപ്പിച്ചത് ഇതാണ്.”

7 മോശ അഹരോനോടു പറഞ്ഞു: “യഹോവ കൽപ്പിച്ചതുപോലെ യാഗപീഠത്തിലേക്കു വന്നു നിങ്ങൾ പാപശുദ്ധീകരണയാഗവും ഹോമയാഗവും അർപ്പിച്ച് നിനക്കും ജനത്തിനുംവേണ്ടി പ്രായശ്ചിത്തം ചെയ്യുക; ജനത്തിനുവേണ്ടിയുള്ള വഴിപാടും യാഗവും കഴിച്ചു ജനത്തിന്നു പ്രായശ്ചിത്തം ചെയ്യുക.”

8 അങ്ങനെ അഹരോൻ യാഗപീഠത്തിലേക്കു വന്നു കാളക്കിടാവിനെ തനിക്കുവേണ്ടി പാപശുദ്ധീകരണയാഗമായി അറത്തു. 9 അദ്ദേഹത്തിന്റെ പുത്രന്മാർ രക്തം തന്റെ അടുക്കൽ കൊണ്ടുവന്നു. അദ്ദേഹം രക്തത്തിൽ വിരൽ മുക്കി യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി. ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു. 10 യഹോവ മോശയോടു കൽപ്പിച്ചതുപോലെ, അദ്ദേഹം പാപശുദ്ധീകരണയാഗത്തിൽനിന്ന് മേദസ്സും വൃക്കകളും കരളിന്മേലുള്ള കൊഴുപ്പും യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു. 11 മാംസവും തുകലും പാളയത്തിനു വെളിയിൽ ദഹിപ്പിച്ചു.

12 പിന്നെ അഹരോൻ ഹോമയാഗമൃഗത്തെ അറത്തു. അദ്ദേഹത്തിന്റെ പുത്രന്മാർ രക്തം അദ്ദേഹത്തിന്റെ കൈയിൽ കൊടുക്കുകയും അദ്ദേഹം അതു യാഗപീഠത്തിന്മേൽ ചുറ്റും തളിക്കുകയും ചെയ്തു. 13 അവർ ഹോമയാഗമൃഗത്തെ തലയുൾപ്പെടെ കഷണംകഷണമായി അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തു. അദ്ദേഹം അതു യാഗപീഠത്തിൽ ദഹിപ്പിച്ചു. 14 അദ്ദേഹം ആന്തരികാവയവങ്ങളും കാലുകളും കഴുകി അവയെ യാഗപീഠത്തിൽ ഹോമയാഗത്തിനുമീതേ ദഹിപ്പിച്ചു.

15 അഹരോൻ പിന്നീടു ജനത്തിനുവേണ്ടിയുള്ള വഴിപാടുകൊണ്ടുവന്നു. അദ്ദേഹം ജനത്തിന്റെ പാപശുദ്ധീകരണയാഗത്തിനുള്ള കോലാടിനെ എടുത്ത് അതിനെ അറത്ത് ആദ്യത്തേതിനെ ചെയ്തതുപോലെ പാപശുദ്ധീകരണയാഗമായി അർപ്പിച്ചു.

16 അദ്ദേഹം ഹോമയാഗം കൊണ്ടുവന്നു നിർദിഷ്ടരീതിയിൽ അതിനെ അർപ്പിച്ചു. 17 അദ്ദേഹം രാവിലത്തെ ഹോമയാഗത്തിനുപുറമേ ഭോജനയാഗവും കൊണ്ടുവന്ന് അതിൽനിന്ന് ഒരുപിടിധാന്യം എടുത്തു യാഗപീഠത്തിൽ ദഹിപ്പിച്ചു.

18 അദ്ദേഹം കാളയെയും ആട്ടുകൊറ്റനെയും ജനത്തിനുവേണ്ടിയുള്ള സമാധാനയാഗമായി അറത്തു. അഹരോന്റെ പുത്രന്മാർ രക്തം അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തു. അദ്ദേഹം അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു. 19 എന്നാൽ അവർ കാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സ്, തടിച്ചവാൽ, ആന്തരികാവയവങ്ങൾ പൊതിഞ്ഞിരിക്കുന്ന മേദസ്സ്, വൃക്കകൾ, കരളിന്മേലുള്ള കൊഴുപ്പ് 20 എന്നിവ നെഞ്ചിന്മേൽവെച്ചു. എന്നിട്ട് അഹരോൻ മേദസ്സു യാഗപീഠത്തിൽ ദഹിപ്പിച്ചു. 21 മോശ കൽപ്പിച്ചതുപോലെ അഹരോൻ നെഞ്ചും വലതുതുടയും യഹോവയുടെമുമ്പാകെ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിച്ചു.

22 പിന്നെ അഹരോൻ കൈകൾ ഉയർത്തി ജനത്തിനുനേരേ അവരെ അനുഗ്രഹിച്ചു. പാപശുദ്ധീകരണയാഗവും ഹോമയാഗവും സമാധാനയാഗവും അർപ്പിച്ചിട്ട് അദ്ദേഹം താഴേക്കിറങ്ങി.

23 മോശയും അഹരോനും പിന്നെ സമാഗമകൂടാരത്തിനകത്തുപോയി. അവർ പുറത്തുവന്ന് ജനത്തെ ആശീർവദിച്ചു; യഹോവയുടെ തേജസ്സ് സകലജനത്തിനും പ്രത്യക്ഷമായി. 24 യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ടു ഹോമയാഗമൃഗത്തെയും യാഗപീഠത്തിന്മേലിരുന്ന മേദസ്സിനെയും ദഹിപ്പിച്ചു. അതുകണ്ടപ്പോൾ ജനമെല്ലാം ആനന്ദത്താൽ ആർത്തു സാഷ്ടാംഗം വീണു.