ഭാഗം 2: ഭക്തരായ യെഹൂദേതരരോട് സുവിശേഷം പ്രസംഗിക്കുന്നു

ജെറുശലേമിലും യെഹൂദ്യായിലും ശമര്യയിലും പ്രവിശ്യകളിലുമുള്ള യെഹൂദരോട് ഇപ്പോൾ സുവിശേഷം പ്രസംഗിക്കപ്പെട്ടിരിക്കുന്നു. ഭക്തരായ യെഹൂദേതരർ, അഥവാ കവാടത്തിലെ മതപരിവർത്തിതർ, വിശ്വാസം സ്വീകരിക്കാനുള്ള സമയം വന്നെത്തുന്നു.

ഒരു ദർശനം പത്രോസിനെ ഒരു യെഹൂദേതരന്റെ അടുക്കലേക്ക് അയയ്ക്കുന്നു

പത്രോസിനെ ആളയച്ചു വിളിക്കാൻ അത്ഭുതകരമായി നിർദേശം ലഭിച്ച ഒരു യെഹൂദേതരനെ സന്ദർശിക്കാൻ കൽപ്പന ലഭിക്കുന്ന ഒരു ദർശനം പത്രോസ് കാണുന്നു.

ഏകദേശം ക്രി.പി. 40

Biblica® Open Malayalam Contemporary Version™ (OMCV)

അപ്പൊ.പ്രവൃത്തികൾ 10:1–16

1 കൈസര്യയിൽ കൊർന്നേല്യൊസ് എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അയാൾ “ഇറ്റാലിയൻ വ്യൂഹം” എന്നറിയപ്പെട്ടിരുന്ന സൈനികവിഭാഗത്തിൽ ശതാധിപനായിരുന്നു. 2 അദ്ദേഹവും കുടുംബാംഗങ്ങൾ എല്ലാവരും ഭക്തിയും ദൈവഭയവും ഉള്ളവരായിരുന്നു; അദ്ദേഹം ഉദാരമനസ്സോടെ ദാനധർമം ചെയ്യുകയും പതിവായി ദൈവത്തോടു പ്രാർഥിക്കുകയും ചെയ്തുവന്നു. 3 ഒരു ദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടടുത്ത് ഒരു ദൈവദൂതൻ വന്ന്, “കൊർന്നേല്യൊസേ” എന്നു വിളിക്കുന്നത് ഒരു ദർശനത്തിൽ അദ്ദേഹം വ്യക്തമായിക്കണ്ടു.

4 കൊർന്നേല്യൊസ് ഭയചകിതനായി ആ ദൂതനെ ഉറ്റുനോക്കി. “കർത്താവേ, എന്താണ്?” അദ്ദേഹം ചോദിച്ചു.

അതിനു ദൂതൻ, “നിന്റെ പ്രാർഥനകളും ദാനധർമങ്ങളും ഒരനുസ്മരണയാഗമായി ദൈവസന്നിധിയിൽ എത്തിയിരിക്കുന്നു. 5 ഇപ്പോൾത്തന്നെ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിച്ചിരുന്ന ശിമോൻ എന്നയാളെ വരുത്തുക. 6 അയാൾ തുകൽപ്പണിക്കാരനായ ശിമോനോടുകൂടെ താമസിക്കുന്നു. അവന്റെ വീട് കടൽത്തീരത്തിനടുത്താണ്” എന്നു പറഞ്ഞു.

7 തന്നോടു സംസാരിച്ച ദൂതൻ പോയശേഷം കൊർന്നേല്യൊസ് തന്റെ വേലക്കാരിൽ രണ്ടുപേരെയും പടയാളികളിൽ ഭക്തനായ ഒരു അംഗരക്ഷകനെയും വിളിച്ചു. 8 സംഭവിച്ചതെല്ലാം അദ്ദേഹം അവരോടു വിവരിച്ചിട്ട് അവരെ യോപ്പയിലേക്കയച്ചു.

9 അവർ യാത്രചെയ്ത് പിറ്റേന്ന് ഉച്ചസമയത്തോടെ യോപ്പാനഗരത്തിനടുത്തെത്തി. അതേസമയംതന്നെ പത്രോസ് പ്രാർഥിക്കാനായി വീടിന്റെ മുകൾനിലയിൽ കയറിയിരിക്കുകയായിരുന്നു. 10 വിശന്നതിനാൽ എന്തെങ്കിലും ഭക്ഷിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. വീട്ടിൽ ഭക്ഷണം തയ്യാറായിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹം ആത്മവിവശനായി. 11 സ്വർഗം തുറന്നിരിക്കുന്നതും നാലുകോണും കെട്ടിയ വലിയ വിരിപോലെയുള്ള ഒരു പാത്രം ഭൂമിയിലേക്ക് ഇറങ്ങിവരുന്നതും അദ്ദേഹം കണ്ടു. 12 അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലികളും ഇഴജന്തുക്കളും ആകാശത്തിലെ പക്ഷികളും ഉണ്ടായിരുന്നു. 13 ഒരു അശരീരി അദ്ദേഹത്തോടു പറഞ്ഞത്, “പത്രോസേ, എഴുന്നേറ്റ് കൊന്നുതിന്നുക.”

14 “എനിക്കതിനു കഴിയില്ല കർത്താവേ, അശുദ്ധമോ മലിനമോ ആയ യാതൊന്നും ഞാൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ലല്ലോ,” പത്രോസ് മറുപടി പറഞ്ഞു.

15 “ദൈവം ശുദ്ധീകരിച്ചതൊന്നും അശുദ്ധമെന്നു കരുതരുത്” ആ അശരീരി രണ്ടാമതും ഉണ്ടായി.

16 മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. ഉടൻതന്നെ ആ പാത്രം സ്വർഗത്തിലേക്കു തിരികെ എടുക്കപ്പെട്ടു.

പത്രോസ് റോമൻ ശതാധിപനായ കൊർന്നേല്യൊസിനെ സന്ദർശിക്കുന്നു

അപ്പൊ.പ്രവൃത്തികൾ 10:17–33

17 എന്തായിരിക്കും ഈ ദർശനത്തിന്റെ അർഥമെന്ന് പത്രോസ് ചിന്തിച്ചു കുഴങ്ങുമ്പോൾ കൊർന്നേല്യൊസ് അയച്ചിരുന്ന പുരുഷന്മാർ ശിമോന്റെ വീട് തേടിത്തേടി ഒടുവിൽ വീടിന്റെ പടിവാതിൽക്കലെത്തി. 18 “പത്രോസ് എന്നറിയപ്പെടുന്ന ശിമോൻ ഇവിടെയാണോ താമസിക്കുന്നത്?” എന്ന് അവർ വിളിച്ചുചോദിച്ചു.

19 പത്രോസ് ദർശനത്തെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മാവ് അദ്ദേഹത്തോട്, “ശിമോനേ, മൂന്നുപേർ നിന്നെ അന്വേഷിക്കുന്നു. 20 എഴുന്നേറ്റ് ഇറങ്ങിച്ചെല്ലുക. അവരോടുകൂടെ പോകാൻ മടിക്കേണ്ടാ; ഞാനാണ് അവരെ അയച്ചിരിക്കുന്നത്” എന്നു പറഞ്ഞു.

21 അദ്ദേഹം താഴേക്കുചെന്ന് അവരോടു ചോദിച്ചു, “നിങ്ങൾ അന്വേഷിക്കുന്ന ആൾ ഞാൻതന്നെ. നിങ്ങൾ വന്ന കാര്യം എന്ത്?”

22 “ശതാധിപനായ കൊർന്നേല്യൊസിന്റെ അടുക്കൽനിന്നാണു ഞങ്ങൾ വരുന്നത്. അദ്ദേഹം നീതിനിഷ്ഠനും ദൈവഭക്തനും എല്ലാ യെഹൂദരാലും ബഹുമാനിക്കപ്പെടുന്നവനുമാണ്. അങ്ങയുടെസന്ദേശം കേൾക്കാൻ അങ്ങയെ അദ്ദേഹത്തിന്റെ വീട്ടിലേക്കു വരുത്തണമെന്ന്, ഒരു വിശുദ്ധദൂതനിൽനിന്ന് അദ്ദേഹത്തിന് അരുളപ്പാടുണ്ടായി,” എന്നു പറഞ്ഞു. 23 അപ്പോൾ പത്രോസ് അവരെ വീടിനുള്ളിലേക്കു ക്ഷണിച്ച് അന്ന് അവിടെ താമസിപ്പിച്ചു.

പിറ്റേദിവസം പത്രോസ് അവരോടുകൂടെ കൊർന്നേല്യൊസിന്റെ ഭവനത്തിലേക്ക് യാത്രപുറപ്പെട്ടു. യോപ്പയിലെ ഏതാനും സഹോദരന്മാരും അദ്ദേഹത്തോടൊപ്പം യാത്രയായി. 24 അടുത്തദിവസം അവർ കൈസര്യയിലെത്തി. കൊർന്നേല്യൊസ് അവരെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു; ബന്ധുക്കളെയും ഉറ്റസുഹൃത്തുക്കളെയും അദ്ദേഹം അവിടെ വിളിച്ചുകൂട്ടിയിരുന്നു. 25 പത്രോസ് ഭവനത്തിൽ പ്രവേശിച്ചപ്പോൾ കൊർന്നേല്യൊസ് അദ്ദേഹത്തെ കണ്ട് ആദരപൂർവം കാൽക്കൽവീണു വന്ദിച്ചു. 26 പത്രോസ് അദ്ദേഹത്തെ എഴുന്നേൽപ്പിച്ചുകൊണ്ട്, “എഴുന്നേൽക്കുക, ഞാനും ഒരു മനുഷ്യനാണ്” എന്നു പറഞ്ഞു.

27 കൊർന്നേല്യൊസിനോട് സംസാരിച്ചുകൊണ്ടു പത്രോസ് അകത്തേക്കു ചെന്നു. അവിടെ ഒരു വലിയ ജനക്കൂട്ടം സന്നിഹിതരായിരുന്നു. 28 അദ്ദേഹം അവരോടു പറഞ്ഞു: “ഒരു യെഹൂദൻ യെഹൂദേതരനായ ഒരാളോടു സഹകരിക്കുകയോ അവനെ സന്ദർശിക്കുകയോ ചെയ്യുന്നതു ഞങ്ങളുടെ ന്യായപ്രമാണത്തിനു വിരുദ്ധമാണെന്നു നിങ്ങൾക്കറിയാമല്ലോ! എന്നാൽ ഒരാളെപ്പോലും അശുദ്ധരെന്നോ മലിനരെന്നോ വിളിക്കരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു. 29 അതുകൊണ്ടാണ് എനിക്കായി ആളയച്ചപ്പോൾ യാതൊരു എതിർപ്പും പറയാതെ ഞാൻ വന്നത്. ഇനി പറയുക, നിങ്ങൾ എന്തിനാണ് എന്നെ വിളിപ്പിച്ചത്?”

30 കൊർന്നേല്യൊസ് ഇങ്ങനെ മറുപടി പറഞ്ഞു: “നാലു ദിവസംമുമ്പ് ഉച്ചയ്ക്ക്, ഏകദേശം മൂന്നുമണിക്ക് ഞാൻ എന്റെ വീട്ടിൽ പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന്, മിന്നുന്ന വസ്ത്രം ധരിച്ച ഒരു മനുഷ്യൻ എന്റെ മുമ്പിൽനിന്നുകൊണ്ട്, 31 ‘കൊർന്നേല്യൊസേ, ദൈവം നിന്റെ പ്രാർഥന കേൾക്കുകയും നിന്റെ ദാനധർമങ്ങൾ ഓർക്കുകയും ചെയ്തിരിക്കുന്നു. 32 ഇപ്പോൾ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിച്ചുവരുന്ന ശിമോനെ വരുത്തുക. അദ്ദേഹം കടലോരത്ത് തുകൽപ്പണിക്കാരനായ ശിമോന്റെ വീട്ടിൽ അതിഥിയായി താമസിക്കുന്നു’ എന്ന് എന്നോടു പറഞ്ഞു. 33 ഉടനെതന്നെ ഞാൻ അങ്ങേക്കായി ആളെ അയച്ചു. അങ്ങു വന്നതു വലിയ ഉപകാരം. ഞങ്ങളോടു പറയുന്നതിനായി കർത്താവ് അങ്ങയോടു കൽപ്പിച്ചിട്ടുള്ളസന്ദേശം കേൾക്കാൻ ഞങ്ങൾ ഇതാ ദൈവസന്നിധിയിൽ കൂടിയിരിക്കുന്നു.”